Sunday, October 6, 2013

മഴക്കിനാവ്‌

കവിത
മൈനാഗപ്പള്ളി ശ്രീരംഗൻ











കൊടിയ വേനൽക്കെടുതികളാറ്റുവാൻ
കുളിരുപെയ്തുകൊണ്ടെത്തുന്നു പൂമഴ
മധുരനൊമ്പര സ്വപ്നാനുഭൂതിതൻ
ഹൃദയതാളമായ്‌ പെയ്യുന്നു തേൻമഴ!!
അകലെ മാനം കറുത്തിരുണ്ടങ്ങനെ
ഇടിമുഴക്കം തുടങ്ങീ പൊടുന്നനെ
അരികിലെത്തുന്നകം നിറഞ്ഞിങ്ങനെ
അമൃതവർഷിണീ വർഷം നനുനനെ!!

മഴയെനിക്കിന്നു ബാല്യകാലസ്മൃതി
തഴുകിയോമനിച്ചീടുന്ന നിർവൃതി
മഴയെനിക്ക്‌ ഗൃഹാതുരത്വങ്ങളിൽ
ഒഴുകിനീന്തും കടലാസുവഞ്ചികൾ!!

മഴയൊരുത്സവാഹ്ലാദത്തിമിർപ്പുമായ്‌
മതിവരാതെന്നിൽ മോഹം പകർന്നുവോ?
വരികെ വാരിപ്പുണരട്ടെ നിന്നെ ഞാൻ
മഴയിൽ മുങ്ങിക്കുളിക്കട്ടെ ഇന്നു ഞാൻ
തുരുതുരെപ്പെയ്തു തുള്ളട്ടെ പൂമഴ
തുടിയടിച്ചു തുളുമ്പട്ടെ തേൻമഴ!!
പരിഭവം പെയ്തിറങ്ങുന്ന നിൻമിഴി
പകരമെൻ മഹാമൗനം മറുമൊഴി
ഒരു മഴക്കാല സന്ധ്യതന്നോർമ്മയും
വിരഹവും വിരുന്നുണ്ണുന്നുവോ മനം?
മലർവനങ്ങൾക്ക്‌ മഞ്ഞിൻപുതപ്പുമായ്‌
മഴനിലാവിൽ തളിർക്കുന്ന രാവുകൾ!!

മദമിളകിപ്പുളയ്ക്കും തരുണികൾ
മലയിറങ്ങിക്കുതിക്കുന്നരുവികൾ
കരവിഴുങ്ങും മഴക്കലി പൂണ്ടവർ
പ്രളയസാഗരമാക്കുമോ നാടിനെ?
തെരുതെരെ പെയ്തു കേറും പെരുമഴ
ഉടലുമുള്ളും വിറയ്ക്കുന്ന പേമഴ!!
പുളകബാഷ്പമണിഞ്ഞ പുൽനാമ്പുകൾ
ഹരിതകഞ്ചുകം ചൂടുന്ന നെൽവയൽ
തുയിലുണർത്തും കിളിപ്പാട്ടുശീലുകൾ
മഴ നനഞ്ഞു തുവർത്തും പുലരികൾ
ശലഭനർത്തനം മാരിവിൽ തുമ്പികൾ
പ്രണയനിർമ്മലം ഗ്രാമീണഭംഗികൾ!!

മഴവരുന്നതും കാത്തുകാത്തെത്രനാൾ
മലമുഴക്കിയായ്‌ മാനത്തുനോക്കിയായ്‌
മരണശയ്യവലംബിയായ്‌ ഭൂമിതൻ
മനസ്സിനാശ്വാസമേകട്ടെയീമഴ
തുരുതുരെ പെയ്തു തുള്ളട്ടെ പൂമഴ
തുടിയടിച്ചു തുളുമ്പട്ടെ തേൻമഴ!!

O


PHONE : 0476 2848860


No comments:

Post a Comment

Leave your comment