കവിത
വി.ജയദേവ്
മേഘങ്ങളിലൂടൂർന്നിറങ്ങി
വരികയായിരുന്നു.
മറ്റൊരു ഒച്ചയുമില്ലായിരുന്നു.
ഊർച്ചയുടേതല്ലാതെ.
അന്നേരമാണ് രണ്ട്
കുഞ്ഞു കാറ്റുകുട്ടികൾ
പരസ്പരമെന്തോ പറഞ്ഞത്.
വ്യക്തമായും കേട്ടു.
നിങ്ങൾ വിശ്വസിക്കില്ല,
അതെന്നെപ്പറ്റിയായിരുന്നു.
കൈയും കാലും വെച്ച
ഒരു കൊടുങ്കാറ്റ് വരുന്നെന്ന്.
എന്നാൽ, അതു നിങ്ങളെ
മനസിലാക്കിക്കാൻ
എന്റെ ഭാഷ തികയില്ല.
പാതാളത്തിൽ നിന്നുയർന്ന്
പൊങ്ങുകയായിരുന്നു.
മറ്റൊന്നും നീന്തുന്നുണ്ടായിരുന്നില്ല.
പിടിക്കപ്പെട്ട ചില മീനുകൾ
ഉപേക്ഷിച്ചുപോയവയല്ലാതെ.
അന്നേരമാണ് രണ്ട് കുമിളകൾ
പരസ്പരമുമ്മവെച്ചത്.
സീൽക്കാരം വ്യക്തമായും കേട്ടു.
ഒരിക്കലുമാരും വിശ്വസിക്കില്ല,
അതെന്നെപ്പറ്റിയായിരുന്നു.
തങ്ങളുടെ ഉമ്മ പെറ്റുരുണ്ണി
ഇതാ ഇപ്പോൾ പിറന്നെന്ന്.
എന്നാൽ, അതു നിങ്ങളെ
മനസിലാക്കിക്കാൻ
എന്റെ ഉപമ തികയില്ല.
ഒരു സ്വപ്നത്തിൽ നടക്കുകയായിരുന്നു.
മറ്റൊന്നും തന്നെ അനങ്ങുന്നില്ല.
സ്വപ്നത്തിന്റെ സൗണ്ട് ട്രാക്കല്ലാതെ.
അന്നേരമാണ് രണ്ടു നിമിഷങ്ങൾ
പരസ്പരം പിണഞ്ഞു പോയത്.
ആലിംഗനം വ്യക്തമായും കേട്ടു.
ആരുമൊട്ടും വിശ്വസിക്കില്ല.
അതെന്നെപ്പറ്റിയായിരുന്നു.
എന്നാൽ, അതു നിങ്ങളെ
മനസിലാക്കിക്കാൻ
എന്റെ കവിത തികയില്ല.
O
No comments:
Post a Comment
Leave your comment