സംസ്കാരജാലകം - 21
ഡോ.ആർ.ഭദ്രൻ
ദളിതനായിരിക്കുന്നത് സിനിമയിൽ ഒരു കുറ്റമാണ്
ഡോ.ബിജുവുമായി പ്രിജിത്ത് രാജ് നടത്തിയ അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 2014 മെയ് 18 ലക്കത്തിൽ വന്നിട്ടുണ്ട്. അത് ഒരു ജേർണലിസ്റ്റിക് സ്റ്റൈലിൽ ഉള്ള ഇന്റർവ്യൂ ആണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കുറേക്കാലമായുള്ള അജണ്ടകളാൽ അത് നിയന്ത്രിതവുമാണ്. ബിജുവിന്റെ സിനിമകളുടെ കലാപരമായ മഹിമയും മാധ്യമശക്തിയുമൊന്നും ആ ഇന്റർവ്യൂവിൽ പ്രതിഫലിക്കുന്നില്ല. ഇതൊരു വല്ലാത്ത ചതിയാണ്. ബിജുവിന്റെ സിനിമകളെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ള ഒരു ഇന്റർവ്യൂ മറ്റാരെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
മാതൃഭാഷയെക്കുറിച്ചുള്ള പുതിയ സുപ്രീം കോടതി വിധി
മാതൃഭാഷയെക്കുറിച്ചുള്ള പുതിയ വിധിയുടെ പശ്ചാത്തലത്തിലുള്ള മൂന്നു ലേഖനങ്ങൾ മാതൃഭൂമി ദിനപത്രത്തിൽ (2014 മെയ് 15) വന്നിട്ടുണ്ട്.
1. വിധി ഭീഷണിയല്ല. (പി.പവിത്രൻ)
2. വിധി വിനാശകരം (കെ.പി.രാമനുണ്ണി)
3. ഭാഷാമൗലികവാദം വേണോ (ഡോ.ഇഫ്തിഖാർ അഹമ്മദ്.ബി)
ഇതിൽ ഡോ.ഇഫ്തിഖാർ അഹമ്മദ്.ബി എഴുതിയ ലേഖനം ആശയപരമായി നിലനിൽക്കുന്നതല്ല. പുതിയകാലത്തിലെ മൗലിക പ്രശ്നങ്ങളെക്കുറിച്ചും തലശ്ശേരി ബ്രണ്ണൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ ഈ അധ്യാപകൻ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. ഒരു ഉദാഹരണം നോക്കിക്കൊള്ളുക.
"ഒരു മനുഷ്യന് അവന്റെ അമ്മയുടെ അമൃതതുല്യമായ മുലപ്പാലിലൂടെ ചുരന്നുകിട്ടുന്ന അതിപ്രധാന വരപ്രസാദങ്ങളിലൊന്നാണ് അവന്റെ ഭാഷ എന്ന വാദഗതിക്ക് ന്യൂജനറേഷൻ സമൂഹങ്ങളിൽ വലിയ പ്രസക്തിയൊനുമില്ല."
നമ്മുടെ സാമൂഹികജീവിതത്തിൽ ന്യൂ ജനറേഷൻ നിർമ്മിക്കുന്ന ആദർശാത്മകതകൾ ആർക്കാണ് വേണ്ടത്?
ആർട്ടിസ്റ്റ്; ശ്യാമപ്രസാദ്
മലയാള സിനിമയിലെ അസുലഭ അഭിനയ മുഹൂർത്തങ്ങൾക്ക് ആർട്ടിസ്റ്റ് എന്ന സിനിമയിൽ നാം സാക്ഷിയാവുകയാണ്. ഫഹദ് ഫാസിൽ, ആൻ അഗസ്റ്റിൻ എന്നിവർ നടനത്തിന്റെ അപൂർവ്വനിമിഷങ്ങൾ കാഴ്ചവെച്ചു കൊണ്ട് ഈ സിനിമയെ അനശ്വരമാക്കുകയായിരുന്നു. സ്ക്രീൻപ്ലേയുടെ ശക്തിയും ശ്യാമപ്രസാദിന്റെ സംവിധായകമികവും സിനിമയ്ക്ക് അനുഗ്രഹമായിട്ടുണ്ട്. ചില്ലറ പോരായ്മകൾ ചൂണ്ടിക്കാണിക്കാമെങ്കിലും ഈ സിനിമ പ്രമേയത്തിന്റെ ശക്തികൊണ്ടും അപൂർവ്വത കൊണ്ടും മാറുന്ന മലയാളസിനിമയ്ക്ക് ഒരു കൈയ്യൊപ്പ് ചാർത്തുകയാണ്.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയം
2006 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഇടതുപക്ഷം പരാജയപ്പെടുന്നത് ഇന്നൊരു ചർച്ചാവിഷയമായിരിക്കുകയാണ്. തൊഴിലാളിവർഗ്ഗരാഷ്ട്രീയം കൈയാളുന്ന ഇടതുപക്ഷത്തിന് ഉത്തരാധുനികകാലത്ത് നിലനിൽപ്പും അതിജീവനവും പ്രയാസമുള്ളതായിരിക്കും എന്ന് വിവേചനത്തോടുകൂടി മനസ്സിലാക്കുക. ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനത്തെ പുനർനിർവ്വചിക്കാൻ ഇനിയെങ്കിലും നേതൃത്വം തയ്യാറാവണം. സാംസ്കാരിക പ്രവർത്തനങ്ങളെ ശാക്തീകരിച്ചു കൊണ്ടു മാത്രമേ ഉത്തരാധുനിക കാലത്ത് തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തെ തിരിച്ചുപിടിക്കാൻ കഴിയൂ എന്ന യാഥാർത്ഥ്യം ഇന്ത്യൻ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് ബുദ്ധിജീവികൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്?
എം.വി.ദേവൻ
എം.വി.ദേവനെക്കുറിച്ച് എം.ജി.എസ്.നാരായണൻ എഴുതിയ ലേഖനം സമയോചിതമായിരിക്കുന്നു (ഉരുക്കി വാർത്തെടുത്ത ഒരു സമരശിൽപം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2014 മെയ് 18). ലേഖനത്തിന്റെ ടൈറ്റിൽ തന്നെ സമുജ്ജ്വലം. എം.വി.ദേവന്റെ സംഭാവനകൾ സമഗ്രമായിത്തന്നെ ലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂട്ടത്തിൽ ഒരു നിരീക്ഷണം എത്ര നിശിതമായിരിക്കുന്നു! 'തീർച്ചയായും ദേവൻ വലിയ കഴിവുകൾ ഉള്ള മനുഷ്യനായിരുന്നു. എന്നാൽ ജീവിച്ചിരുന്ന കാലത്ത് കമ്മാളരെ (കർമകാരന്മാരെ) വെറും കൂലിപ്പണിക്കാരായി മാത്രം കണ്ടു പരിചരിച്ചിരുന്ന സമൂഹം ദേവനെയും ഒതുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.'
ജെ.ബി.ജംഗ്ഷൻ
രഞ്ജിനി ഹരിദാസിനെ ജെ.ബി.ജംഗ്ഷന്റെ കസേരയിലിരുത്തിക്കൊണ്ട് ജോൺ ബ്രിട്ടാസ് മറ്റൊരു മാധ്യമ ജീർണ്ണത കൂടി ആഘോഷിച്ചു കഴിഞ്ഞു. ലജ്ജാവഹം! സ്ത്രീയെക്കുറിച്ചുള്ള ആദർശാത്മകവും, ഉജ്ജ്വലവും, മൂല്യവത്തുമായ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുക എന്നത് മുതലാളിത്ത നിയന്ത്രിത മാധ്യമ അജണ്ടയിലുണ്ട്. ഇതാണ് ബ്രിട്ടാസ് നിർവ്വഹിക്കുന്നത്. രഞ്ജിനി ഹരിദാസിനെപ്പോലെയുള്ള പാവങ്ങളും മിടുക്കികളുമായ പെൺകുട്ടികളും കാഴ്ചക്കാരോടൊപ്പം ഇവിടെ ഇരയായിത്തീരുന്നു എന്നത് ജോൺ ബ്രിട്ടാസിനെപ്പോലെയുള്ളവരുടെ സാമൂഹികദ്രോഹത്തെ ഇരട്ടിപ്പിക്കുകയാണ്.
സാഹിത്യം രാഷ്ട്രീയപ്രവർത്തനമാകുമ്പോൾ
സാഹിത്യം എന്നത് ഒരു രാഷ്ട്രീയപ്രവർത്തനമായിരുന്നു. വർഗ്ഗരാഷ്ട്രീയത്തെ മാധ്യമങ്ങൾ ചൂഷകരുടെ ദല്ലാളുമാരായി നിന്നുകൊണ്ട് നിഷ്പ്രഭമാക്കുകയാണ്. ഇത് വർഗ്ഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങൾ പോലും വേണ്ടത്ര പ്രാധാന്യത്തോടെ മനസ്സിലാക്കുന്നില്ല. അതുകൊണ്ട് ഇത് ഫലപ്രദമായി നിറവേറ്റുന്നത് മലയാളത്തിലെ പുതുസാഹിത്യമാണ്. മലയാളത്തിലെ ഉത്തരാധുനിക കഥകൾ അതിന് നല്ല മാതൃകകളാണ്. വത്സലൻ വാതുശേരിയുടെ 'ബേണിംഗ് ഇന്ത്യ', ചന്ദ്രമതിയുടെ 'പ്രായോജകരെയും കാത്ത്', ഇ.പി.ശ്രീകുമാറിന്റെ 'പരസ്യശരീരം', പി.സുരേന്ദ്രന്റെ 'കോടീശ്വരൻ', എം.ജി.ബാബുവിന്റെ 'ആൽപ്രയോജികയാം ഹേതു'. ഇങ്ങനെയുള്ള എഴുത്തുകാരെ ഇന്നത്തെ കാലം വേണ്ടത്ര ആദരവോടെയും ആരാധനയോടെയും കണ്ടെത്തുന്നില്ല എന്നത് സങ്കടകരമായ കാര്യമാണ്. എന്നാൽ ഇത് തിരിച്ചറിയപ്പെടുന്ന ഒരു കാലം വരും. സ്ഥൂലരാഷ്ട്രീയത്തെ സാഹിത്യം ആദേശം ചെയ്യുന്ന ഒരു കാഴ്ചയാണ് പുതുസാഹിത്യം. അങ്ങനെ അത് സൂക്ഷ്മ രാഷ്ട്രീയപ്രവർത്തനമായി ചരിത്രത്തിൽ അടയാളപ്പെടുകയും ചെയ്യുന്നു.
ദയാഭായി
നമ്മുടെ ഇടയിൽ ദയാഭായിയെപ്പോലുള്ള ഒരു സ്ത്രീരത്നം ഉണ്ടായതിൽ മലയാളികൾക്ക് അഭിമാനിക്കാം. ദയാഭായിയുമായി ഗോപിനാഥ് മഠത്തിൽ (മാതൃഭൂമി വാരാന്തപ്പതിപ്പ്) നടത്തിയ ദീർഘസംഭാഷണം വളരെ പ്രസക്തമാണ്. പല പത്രങ്ങളിലേയും വാരാന്തപ്പതിപ്പ് തിരിഞ്ഞുനോക്കാൻ കൊള്ളാത്ത തരത്തിൽ ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന കാലയളവിലാണ് മാതൃഭൂമി ദിനപത്രം ഈ നല്ല കാൽവെയ്പ്പ് നടത്തിയിരിക്കുന്നത്. കേരളത്തിലെ എല്ലാ സ്ത്രീകളും - മാധ്യമങ്ങളാൽ തെറ്റായ കർതൃത്വങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളവർ- ഈ ദീർഘസംഭാഷണം വായിച്ചിരിക്കേണ്ടതാണ്. കേരളത്തിലെ സ്ത്രീകളെക്കുറിച്ച് ഈ ദീർഘസംഭാഷണത്തിൽ അവർ നല്ലൊരു നിരീക്ഷണവും നടത്തിയിട്ടുണ്ട്. അത് ഇങ്ങനെ: "കേരളത്തിലെ മുഖ്യധാരാ സമൂഹത്തിലെ സ്ത്രീകളെപ്പറ്റി എനിക്ക് സഹതാപമാണ്. അവർ അവരുടെ ജീവിതമല്ല ജീവിച്ചു തീർക്കുന്നത്. എന്റെ ജീവിതത്തിൽ 'ബട്ട്' എന്ന വാക്കില്ല. എന്റെ ഉള്ള് നിറയെ കരുത്തും ശക്തിയും ദൃഢനിശ്ചയവുമാണ്. പിന്നെ ഒരു ഹയർ പവറിന്റെ സഹായവുമുണ്ട്. നമ്മുടെ സ്ത്രീകൾ ഇതൊക്കെ ആർജ്ജിക്കേണ്ടിയിരിക്കുന്നു."
ദേശാഭിമാനി
2013 ലെ ജ്ഞാനപീഠപുരസ്കാരം ഹിന്ദി കവി 'കേദാർനാഥ് സിംഗിന് ലഭിച്ചു. ഈ വാർത്ത എല്ലാ പത്രങ്ങളും മുൻപേജിൽത്തന്നെ കൊടുത്തപ്പോൾ ദേശാഭിമാനി ദിനപത്രം (2014 ജൂൺ 22) ഉൾപേജിൽ ചെറിയൊരു വാർത്തയായിട്ടാണ് കൊടുത്തത്. സാഹിത്യത്തെ പൊതുവ്യവഹാര മണ്ഡലത്തിൽ നിന്ന് പുറത്താക്കുവാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുമ്പോൾ അതിനെ ചെറുക്കാൻ ബാധ്യതപ്പെട്ട പത്രമാണ് ദേശാഭിമാനി. അതുകൊണ്ടുതന്നെ ദേശാഭിമാനിയുടെ ഈ നടപടി അതിക്രൂരമായിപ്പോയി; മാപ്പില്ലാത്തൊരു തെറ്റ്.
ഭയങ്കരാമുടി
അൽപമെങ്കിലും ചിന്താജീവിതമുള്ള കേരളത്തിലെ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട നോവലാണ് രവിവർമ തമ്പുരാന്റെ 'ഭയങ്കരാമുടി'. സാഹിത്യപ്രവർത്തകസഹകരണ സംഘമാണ് പുസ്തകത്തിന്റെ പ്രസാധകർ. കേരളത്തിലെ ജാതിമതങ്ങളെ കേന്ദ്രീകരിച്ചുള്ള ഭീകരവാദങ്ങളുടെ അർത്ഥശൂന്യത ഈ നോവൽ മറനീക്കി കാണിക്കുന്നു. കേരളത്തിലെ വിഭിന്നമതങ്ങൾ രൂപപ്പെട്ടുവന്ന ചരിത്രസാഹചര്യം അറിയാവുന്നവർ മതമൗലികവാദം ഉപേക്ഷിക്കുകയും 'ഒരു മതം മനുഷ്യന്' എന്ന വലിയ ചിന്തയിൽ അണിചേരുകയും ചെയ്യും. ഒരു നോവലിന്റെ കലാലോകത്തുവെച്ച് രവിവർമ ഇത് നിറവേറ്റിയിരിക്കുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷപ്രാധാന്യം. ഈ നോവലിനെക്കുറിച്ച് ശ്രീ.ഇഞ്ചക്കാട് ബാലചന്ദ്രൻ (ലോകമലയാളം), ശ്രീ.ശ്രീശൈലം ഉണ്ണികൃഷ്ണൻ (സമകാലിക മലയാളം) എന്നിവർ എഴുതിയ പഠനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
ലോകകപ്പ് ജയിക്കേണ്ടവർ ജയിച്ചു
പതിനാറാമത് ലോകകപ്പ് ബ്രസീലിലെ മാരക്കാനയിൽ ഫൈനൽ കളിച്ചു തീർന്നപ്പോൾ ഒരു കാര്യം വ്യക്തമായി. ജയിക്കേണ്ടവർ ജയിച്ചു. ഒരു ടീമെന്ന നിലയിൽ ജർമ്മനിയുടെ ടീം എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്. ഇത് ഒരു കാണേണ്ട കാഴ്ചയായിരുന്നു. ജർമ്മനി ജയിച്ചില്ലായിരുന്നുവെങ്കിൽ അർഹതയ്ക്ക് അംഗീകാരം ലഭിക്കാത്ത ഒരു കളിക്കളമായി മാരക്കാന മാറുമായിരുന്നു. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളെക്കുറിച്ച് വിവിധ പ്രസിദ്ധീകരണങ്ങളിൽ വന്ന സ്പോർട്ട്സ് ജേർണ്ണലിസവും ടൂർണ്ണമെന്റ് പോലെ തന്നെ ആവേശകരമായിരുന്നു. ഫുട്‌ബോൾ കളിയുടെ ആഖ്യാനത്തെപ്പോലും നിഷ്പ്രഭമാക്കുന്ന ആഖ്യാനഭാഷയാണ് ആനുകാലികങ്ങളിൽ നാം മുഖാമുഖം കണ്ടത്.
O
PHONE : 9895734218
No comments:
Post a Comment
Leave your comment