Saturday, August 30, 2014

ബൊഹീമിയൻ

കഥ
അബിൻ ജോസഫ്‌











    'പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയെ നഗ്നയായി കാണുക എന്നത്‌ എന്റെ വലിയ ഒരാഗ്രഹമായിരുന്നു'. പ്രണയത്തിന്റെ പരേതാത്മാക്കൾ അലഞ്ഞുനടക്കുന്ന കണ്ണുകൾ പാതിയടച്ച്‌ അയാൾ പറഞ്ഞു.' എന്നാൽ ഉദരത്തിൽ പൂർണ്ണചന്ദ്രനെ വഹിക്കുന്ന ഒരു പെൺശരീരവും എനിക്കു മുന്നിൽ നഗ്നമാക്കപ്പെട്ടില്ല. പിളർന്ന ഗർഭപാത്രത്തിൽ നിന്ന് ശിരസ്സ്‌ നീട്ടുന്ന ശിശുവിന്റേതടക്കം ബീഭത്സമായ കാഴ്ചകളാണ്‌ ഗർഭിണികൾ എനിക്ക്‌ സമ്മാനിച്ചത്‌.'

ക്രൂരമായ ഒരാനന്ദത്തിന്റെ പ്രകാശം അയാളുടെ ചിരിയുടെ മൂർച്ചയിൽ തട്ടിത്തിളങ്ങി. മുൻപിലിരുന്ന ഹവ്വാ മേരി ഐ.പി.എസ്‌ അപ്പോൾ തെല്ലൊന്നസ്വസ്ഥയായി. അയാൾ തുടർന്നു: 'നിങ്ങൾ ഗർഭിണികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ എപ്പോഴും ഒരുതരം അവശത ഭാവിക്കും'.

ആരെയോ ഓർത്തെന്ന പോലെ ഒരുനിമിഷം അയാൾ നിശബ്ദനായി. പിന്നെ ഹവ്വാ മേരി ഐ.പി.എസിന്റെ കാർക്കശ്യം കനത്ത മുഖം തെല്ലും ഗൗനിക്കാതെ പറഞ്ഞു: 'കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷയുടെ ആനന്ദവും വരാനിരിക്കുന്ന വേദനയുടെ ഭയവും ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം.'

ഏഴ്‌ ഗർഭിണികളെ കൊന്ന കുറ്റത്തിനാണ്‌ പോലീസ്‌ അയാളെ അറസ്റ്റ്‌ ചെയ്തത്‌. ബെഞ്ചമിൻ ഡി.സഖറിയാസ്‌ എന്ന് രജിസ്റ്ററിൽ അയാളുടെ പേര്‌ രേഖപ്പെടുത്തിയപ്പോൾ തന്റെ അടിവയറ്റിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുപോയതുപോലെ ഹവ്വാ മേരി ഐ.പി.എസിനു തോന്നി. ചോദ്യം ചെയ്യാൻ മുന്നിലിരുന്നപ്പോൾ, തലച്ചോറിൽ നിന്നിറങ്ങിയ ചുവന്ന ഞരമ്പുകൾ പടർന്നു കിടക്കുന്ന അയാളുടെ കണ്ണുകളിൽ നിന്ന് തീപ്പൊരി ചിതറുന്നത്‌, മങ്ങിയ പ്രകാശത്തിലും അവൾ കണ്ടു.

'കൃത്യസമയത്താണ്‌ നിങ്ങൾ എന്നെ പിടികൂടിയത്‌. ' അയാൾ പറഞ്ഞു. 'ലോകത്തുള്ള എല്ലാ ഗർഭിണികളെയും കൊല്ലുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അതൊരിക്കലും സാധ്യമാവില്ല എന്നു ബോധ്യപ്പെട്ട ദിവസംതന്നെ ഞാൻ അറസ്റ്റിലായി.'

ഒരു ദീർഘനിശ്വാസത്തോടെ അയാൾ തലകുനിച്ചപ്പോൾ ചുണ്ടിന്റെ കോണിൽ സ്വയം പരിഹസിക്കുന്ന ഒരു ചിരി പ്രത്യക്ഷപ്പെട്ടു.

'ഏതെങ്കിലും ഗർഭിണിയെ കൊല്ലുക എന്ന ലക്ഷ്യത്തോടെ, പുച്ഛം നിറഞ്ഞ ചെറുചിരിയുമായി ഫാത്തിമ ഹോസ്പിറ്റലിലേക്ക്‌ വരുമ്പോൾ നിറവയറും താങ്ങി നിൽക്കുന്ന മൂന്നോ നാലോ പേരേ മാത്രമേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളൂ. ഇക്കാലത്തിനിടയ്ക്ക്‌ ഒരിക്കൽപ്പോലും ചതിക്കാതിരുന്ന എന്റെ പ്രത്യാശ ഇന്നാദ്യമായി എന്നെ കൈവിട്ടു.'

അപ്രതീക്ഷിതമായ ഒരാഘാതത്തിന്‌ ഇരായായവനെപ്പോലെ അയാൾ മുഖം ചുളിച്ചു.

'വെള്ളസാരിക്കുള്ളിൽ ഫുട്‌ബോൾ വലിപ്പത്തിൽ നിറഞ്ഞ വയർ ഇടതുകൈകൊണ്ട്‌ ചേർത്തു പിടിച്ചു നിൽക്കുന്ന നഴ്സിനെ റിസപ്ഷൻ കൗണ്ടറിൽ കണ്ടപ്പോൾ ഞാൻ സന്തോഷിച്ചു. ഗൂഢമായൊരു ചിരിയോടെ ഗൈനക്കോളജിസ്റ്റിന്റെ മുറിയന്വേഷിച്ച ശേഷം ഞാനവരുടെ വയറിലേക്ക്‌ രൂക്ഷമായി നോക്കി. അതുകണ്ടനിമിഷം, ഞെളിപിരികൊണ്ട നഴ്സ്‌, സാരിത്തലപ്പു കൊണ്ട്‌ വയർ മറച്ചുപിടിച്ച്‌ അകത്തെ മുറിയിലേക്ക്‌ പോയി.'

ആശുപത്രിവരാന്തയിലൂടെ ഗൈനക്കോളജി വിഭാഗത്തിലേക്ക്‌ പോകുമ്പോൾ അനുഭവിച്ച ആനന്ദം മുഴുവൻ അയാളുടെ മുഖത്ത്‌ നിറഞ്ഞു. അത്‌ കണ്ടപ്പോൾ ഹവ്വാ മേരി ഐ.പി.എസിന്‌ വല്ലാത്ത വിമ്മിട്ടം തോന്നി. അയാൾ തുടർന്നു:

'രണ്ടാംനിലയിലെ ഗൈനക്കോളജി ഡോക്ടറുടെ മുറിയിലേക്കുള്ള വരാന്തയിൽ നിറയെ ഗർഭിണികൾ നിൽക്കുന്നുണ്ടായിരുന്നു. ഭർത്താക്കന്മാരുടെ കൈയിൽത്തൂങ്ങിയും തോളിൽ ചാരിയും ചില കന്നിക്കാരികൾ; വീട്ടിൽ ഇരുത്തിയിട്ടുവന്ന മൂത്തകുട്ടിയെക്കുറിച്ചുള്ള ഓർമയിൽ വ്യാകുലപ്പെടുന്ന മധ്യവയസ്കകൾ; കൈയിലെ കുഞ്ഞുപേഴ്സിലും ഭർത്താവിന്റെ കീശയിലും നോക്കി, ഒരു ഗർഭത്തിന്റെ ചിലവ്‌ കൂട്ടിയും കിഴിച്ചും വ്യസനിക്കുന്ന ചിലർ. ഒരുവൾ മാത്രം ഒറ്റയ്ക്ക്‌ മാറിനിൽക്കുന്നുണ്ടായിരുന്നു. മുഷിഞ്ഞ സാരിയുടെ കോന്തല കൈവിരലിൽ ചുറ്റി, ക്ഷീണം പിടിച്ച നിൽപ്പ്‌. ഞാനവളുടെ വയറിലേക്ക്‌ നോക്കി. അവഗണിക്കപ്പെട്ട ഒരു ദയനീയ ഗർഭമാണതെന്ന് എനിക്കു തോന്നി. സാരിയുടെ ഞൊറിവുകൾക്കിടയിലൂടെ അവളുടെ പൊക്കിൾ പുറത്തു കാണുന്നുണ്ടായിരുന്നു. ഉള്ളിലുള്ള കുഞ്ഞ്‌ പുറംലോകം കാണാനുള്ള വ്യഗ്രതയിൽ അതിലൂടെ നോക്കുന്നുണ്ടാവുമെന്ന് ഞാനോർത്തു. മുഖം കുനിച്ചുപിടിച്ച്‌ ഡോക്ടറുടെ മുറിയിലേക്ക്‌ ഒരത്യാവശ്യക്കാരനെപ്പോലെ ഞാൻ തിടുക്കപ്പെട്ടു കയറി. അപ്പോൾ, എന്തിനാണ്‌ ഞാൻ ഒരു ഗൈനക്കോളജിസ്റ്റിനെ തേടി വന്നതെന്ന ഉത്തരം കിട്ടാത്ത ചോദ്യം എന്നെ കുഴക്കി. ഒരു ഗർഭപാത്രത്തിന്റെ ആകൃതിയുള്ള കസേരയിൽ വീർത്ത വയറിനുമേൽ കൈവെച്ച്‌ ചെറുപ്പക്കാരിയായ ഡോക്ടർ ഇരിക്കുന്നുണ്ടായിരുന്നു. ഈ ലോകത്തിന്റെ തന്നെ ഗർഭപാത്രമായ ആശുപത്രിയും ആശുപത്രിയുടെ ഗർഭത്തിലെ മുറിയും അതിന്റെ ഗർഭത്തിലെ കസേരയും അതിലെ ഡോക്ടറും ഡോക്ടറുടെ ഗർഭപാത്രത്തിൽ തലകീഴായിക്കിടക്കുന്ന കുഞ്ഞും എന്റെ ചിന്തയിൽ നിറഞ്ഞു. അതിനിടയിൽ എവിടെയോ ഒരധികപറ്റായി കടന്നുകൂടിയിരിക്കുന്ന എന്നെ, ആരോ കത്രിക കൊണ്ട്‌ നുറുക്കി പുറത്തേക്കിടുന്ന പോലെ തോന്നി. അനേകം ഗർഭിണികളുടെ ആലസ്യം തൂങ്ങിയ നോട്ടങ്ങൾക്കിടയിലൂടെ, ആദ്യമായി പുറംലോകം കാണാനെന്ന പോലെ ഞാൻ തിരിച്ചു നടന്നു.'

ബെഞ്ചമിൻ പറഞ്ഞു നിർത്തി. ഹവ്വാ മേരി ഒരു ദീർഘനിശ്വാസം വിട്ടു. അയാൾ ഹവ്വാ മേരിയുടെ മുന്നിലിരുന്ന കടലാസും പേനയുമെടുത്ത്‌ അതിൽ ഇങ്ങനെയഴുതി: 'അത്രമേൽ ഭയങ്കരനായ ഒരു കുറ്റവാളിക്കു പോലും കൊന്നുതീർക്കാൻ കഴിയാത്ത അത്രയും ഗർഭിണികൾ ഈ ഭൂമിയിലുണ്ട്‌.'

കിടപ്പുമുറിയിൽ ബെഡ്‌ലാമ്പിന്റെ നീലപ്രകാശം പുതച്ചു കിടക്കുമ്പോഴാണ്‌ ഹവ്വാ മേരി, ബെഞ്ചമിൻ ഡി.സഖറിയാസിനെക്കുറിച്ച്‌ ഭർത്താവിനോട്‌ പറഞ്ഞത്‌. അഗതാ ക്രിസ്റ്റിയുടെ ഒരു കുറ്റാന്വേഷണ നോവൽ വായിച്ച ശേഷം അക്രമാസക്തമായ ചില ആലോചനകളിൽ മുഴുകിക്കിടക്കുകയായിരുന്നു, അയാൾ.

ജോഷീ, ഒരു പ്രമുഖ ദിനപത്രത്തിന്റെ സീനിയർ റിപ്പോർട്ടറായ അയാളെ തൊട്ടുവിളിച്ചുകൊണ്ട്‌ ഹവ്വാ മേരി പറഞ്ഞു: 'നിനക്ക്‌ ഒരു പരമ്പര തന്നെ എഴുതാനുള്ള വകുപ്പ്‌ കിട്ടുമെന്നാ എനിക്കു തോന്നുന്നത്‌. ശരിക്കും ഒരു ഭീകരസാധനം. ഉഗ്രൻ കുറ്റവാളി.'

കുറ്റാന്വേഷകർക്ക്‌ മാത്രമുള്ള ഒരു പ്രത്യേകഭാവം അവളുടെ കണ്ണുകളിൽ തിളങ്ങുന്നത്‌ ജോഷി സാമുവൽ കണ്ടു.

'ഹോസ്പിറ്റലിൽ വെച്ച്‌ കസ്റ്റഡിയിൽ എടുത്തപ്പഴോ ചോദ്യം ചെയ്തപ്പഴോ കുഴപ്പങ്ങളൊന്നും കാണിച്ചില്ല. കഥ പറയുന്ന പോലെ കുറേ കാര്യങ്ങൾ പറഞ്ഞു. സത്യത്തിൽ എനിക്കൊന്നും ചോദിക്കേണ്ടിവന്നില്ല.'

ജോഷി സാമുവൽ ഒരു കൊച്ചു വോളിബോൾ കോർട്ടിന്റെ വലിപ്പമുള്ള കട്ടിലിൽ എഴുന്നേറ്റിരുന്ന്, ബെഡ്‌ലാമ്പിനരികെ ഊരിവെച്ചിരുന്ന കണ്ണടയെടുത്തു. അയാളെ കണ്ടാൽ ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ തോന്നുമെന്ന് ഹവ്വാ മേരി ഓർത്തു. കൃത്യമായി വെട്ടിയൊതുക്കിയ ഫ്രഞ്ചുതാടിയിൽ തടവിക്കൊണ്ട്‌ അയാൾ കണ്ണടച്ചിരുന്നു. ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു: 'കൊലപാതകങ്ങളെക്കുറിച്ച്‌ ഇന്നലെ അയാളൊന്നും പറഞ്ഞില്ല. ഞാൻ ചോദിക്കാനും നിന്നില്ല. എനിക്കു തോന്നുന്നത്‌, വിശുദ്ധമായ ഒരു ബലിയർപ്പണം പോലെയായിരിക്കും അയാൾ ഏഴ്‌ കൊലകളും നടത്തിയിരിക്കുക' എന്നാണ്‌. ജോഷി സാമുവലിന്റെ കൈയിൽ പതുക്കെ പിടിച്ചുകൊണ്ട്‌ അവൾ കൂട്ടിച്ചേർത്തു: 'അല്ലെങ്കിൽ ചെയ്ത കൃത്യങ്ങളെക്കുറിച്ച്‌ അയാൾ അങ്ങനെയായിരിക്കും വിവരിക്കുക'.

ഹവ്വാ മേരി ലൈറ്റണച്ചു. കട്ടിലിന്‌ എതിർവശത്തെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അവളുടെ പോലീസ്‌ യൂണിഫോമിലെ നക്ഷത്രം ഏതോ നേർത്ത പ്രകാശത്തിൽ തിളങ്ങിയത്‌, ജോഷി സാമുവലിന്റെ കണ്ണിൽ തറച്ചു. അയാൾ ചെറിയ ഭയപ്പാടോടെ ഭാര്യയോട്‌ ചേർന്നുകിടന്നു. കൊലപാതകങ്ങളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള നൂറുനൂറു ചിന്തകൾ അയാളെ കുഴക്കി. ഹവ്വാ മേരിയുടേ ശരീരത്തിൽ നിന്നും മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു തരംഗം പ്രവഹിക്കുന്നതായി അയാൾ സംശയിച്ചു. പത്രപ്രവർത്തകനായ താനും പോലീസ്‌ ഉദ്യോഗസ്ഥയായ ഹവ്വാ മേരിയും കുറ്റവാളിയായ ബെഞ്ചമിൻ ഡി.സഖറിയാസും ഒരു വലിയ കുറ്റാന്വേഷണ നോവലിലെ കഥാപാത്രങ്ങളാണെന്ന്, അർദ്ധബോധത്തിൽ അയാൾ സങ്കൽപ്പിച്ചു. പിന്നെ ബെഞ്ചമിൻ ഡി.സഖറിയാസിനെക്കുറിച്ച്‌ ഒരു വാചകം മനസ്സിൽ കുറിച്ചിട്ടു: ഗർഭിണികളെ മാത്രം കൊലപ്പെടുത്തുന്നവൻ;അപാരമായ മൗലികതയുള്ള കുറ്റവാളി.

'ഓഗസ്റ്റ്‌ മാസത്തെ നെടുകെ പിളർത്തിക്കൊണ്ട്‌ ഇന്ത്യ സ്വാതന്ത്ര്യക്കൊടി നാട്ടിയതിന്റെ അൻപത്തിമൂന്നാം വാർഷികത്തിൽ, ഞാൻ ആദ്യത്തെ കൊലപാതകം നടത്തി'. ഹവ്വാ മേരിക്കു മുന്നിൽ നിർവ്വികാരതയോടെ തലതാഴ്ത്തിയിരുന്ന് ബെഞ്ചമിൻ പറഞ്ഞു: 'സഹസ്രാബ്ദത്തിലെ ആദ്യ സ്വാതന്ത്ര്യദിനത്തിൽ, പതിനാലുകാരിയായ പെങ്ങളുടെ ഗർഭം, ഒളിച്ചിരിക്കാനുള്ള എല്ലാ സാധ്യതയും അവസാനിച്ചതിനാൽ എനിക്കുമുന്നിൽ വെളിപ്പെട്ടു. വേദനയും കണ്ണീരും ഞങ്ങൾക്കിടയിൽ ശ്വാസംമുട്ടി നിന്നു. അപ്പോൾ, വീട്‌ ഒരു കോൺസൻട്രേഷൻ ക്യാമ്പാണെന്ന് എനിക്കു തോന്നി'.

അടക്കം ചെയ്ത ശവം മണ്ണുമാന്തിപ്പുറത്തെടുക്കാൻ വന്ന ഒരാളുടെ ഭാവം ഹവ്വാ മേരിയിൽ നിറഞ്ഞു. അവളുടെ കണ്ണിൽത്തന്നെ നോക്കി ബെഞ്ചമിൻ പറഞ്ഞു: 'അന്നു വൈകുന്നേരം, വ്യഭിചാരത്തിനു പിടിക്കപ്പെട്ടവളെപ്പോലെ വെളിച്ചം ഭൂമിയുടെ പരിയമ്പുറത്തെവിടെയോ ഒളിച്ചിരുന്ന സമയം ഞാൻ കഠാരയെടുത്തു. വീടാകെ ഇരുട്ടു നിറഞ്ഞിരുന്നു. ആൾമറയില്ലാത്ത കിണറ്റിനരികെ ആരോ വെട്ടിയിട്ട പാഴ്ച്ചെടി പോലെ പെങ്ങൾ കിടന്നു.'

അനവസരത്തിൽ ചാടിവന്ന അലങ്കാരങ്ങൾ ബെഞ്ചമിനെ നോക്കി പല്ലിളിക്കുന്നത്‌ ഹവ്വാ മേരി കണ്ടു.

'കഠാരയിലും ഇരുളിൽ അവ്യക്തമായിപ്പോയ പെങ്ങളുടെ മുഖത്തും മാറിമാറി നോക്കിയപ്പോൾ എനിക്കു ഭീകരമായ ഏകാന്തത അനുഭവപ്പെട്ടു. ഇരുമ്പിന്റെ മൂർച്ചയെ ഒരു കൊച്ചു ഗ്ലോബിന്റെ വലിപ്പത്തിൽ നിറഞ്ഞ അവളുടെ വയറ്റിലേക്ക്‌ ഞാൻ ആഴത്തിൽ താഴ്ത്തി. കഠാരയുടെ ഖനനത്തിൽ ഉൾക്കാമ്പ്‌ മുറിഞ്ഞപ്പോൾ രക്തം ലാവ പോലെ പ്രവഹിച്ചു. നുറുങ്ങിയ മാംസക്കഷ്ണങ്ങൾ പുറത്തുവന്നു. കുഞ്ഞുകുടൽമാലയും ഉറയ്ക്കാത്ത തലച്ചോറും വലിച്ചൂരിയ കഠാരയ്ക്കൊപ്പം നിലത്തുവീണു.'

പറഞ്ഞു നിർത്തിയപ്പോൾ ബെഞ്ചമിന്റെ കണ്ണുനിറഞ്ഞു. ഈ ഭൂമി മുഴുവൻ തന്റെ തലയിൽ വന്നു പതിച്ചതുപോലെ അയാൾക്കു തോന്നി. ഒരു രക്തസ്രാവക്കാരിയെപ്പോലെ വിളർത്തുപോയ ഹവ്വാ മേരിയെ നോക്കി അയാൾ മുരടനക്കി: 'ഗർഭപാത്രം ബന്ധങ്ങളുടെ അഴിക്കുള്ളിൽ ജീവിതം തളച്ചിടുന്ന ഒരു തടവറ മാത്രമാണ്‌. അതിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ള വിപ്ലവമായിരുന്നു, എന്റെ കഠാര. വ്യവസ്ഥകളുടെ വിലങ്ങിട്ട്‌ നിങ്ങൾ അത്‌ പരാജയപ്പെടുത്തിക്കളഞ്ഞു'.     

ബംഗ്ലാവിൽ, സ്വിമ്മിംഗ്‌ പൂളിനരികിലെ പുൽത്തകിടിയിൽ ഭർത്താവിനൊപ്പം കിടക്കുമ്പോൾ ഹവ്വാ മേരി മനസ്സിൽ പറഞ്ഞു: 'ഗർഭമാണ്‌ ഈ ഭൂമിയിലെ ഏറ്റവും വലിയ സത്യം; ഗർഭപാത്രം അതിന്റെ ഒരേയൊരു സാക്ഷിയും.'

അവൾ ജോഷി സാമുവലിനെ നോക്കി. അയാളപ്പോൾ ബെഞ്ചമിൻ ഡി.സഖറിയാസിനെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു. പെങ്ങളുടെ അവിഹിതഗർഭത്തെ അലങ്കാരങ്ങളുടെ മൂർച്ചയിൽ കോർത്തെടുത്ത പ്രതിഭാശാലിയായ കുറ്റവാളിയെ അയാൾ സങ്കൽപ്പിച്ചു.

ബെഞ്ചമിൻ ഡി.സഖറിയാസിനെ കാണുകയാണെങ്കിൽ, ജോഷി പറഞ്ഞു: 'അയാളുടെ കൈകളിൽ എനിക്ക്‌ ചുംബിക്കണം.'

അപായസൂചകമായ ഒരു കറുത്ത ഫലിതം കേട്ടപോലെ ഹവ്വാ മേരി മുഖം ചുളിച്ചു. ജോഷി സാമുവൽ എഴുന്നേറ്റു നിന്ന് അവളെ നോക്കി. നിലാവെളിച്ചത്തിൽ, ഒരു ഇരുണ്ട നിഴൽ മാത്രമായി മുൻപിൽ നിൽക്കുന്ന ഭർത്താവ്‌ അപരിചിതനായ ഏതോ കുറ്റവാളിയാണെന്ന് അവൾക്ക്‌ തോന്നി.

കൊലപാതകമാണെങ്കിലും ജോഷി പറഞ്ഞു: 'അപാരമായ ചാരുതയോടെയായിരിക്കും അയാളത്‌ ചെയ്തത്‌. ഒരു ഉത്തമമായ കലാസൃഷ്ടി പോലെ മനോഹരമായ ഒരു കൊലപാതകം.'

ജോഷി സാമുവൽ ഒരു ഡ്രാക്കുളയാണെന്ന് ഹവ്വാ മേരി സംശയിച്ച നിമിഷം അയാൾ ഒരു ദീർഘചുംബനം നൽകി. ഉടലാകെ പൊള്ളിയതുപോലെ അവൾക്ക്‌ തോന്നി.

'ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കു ബെഞ്ചമിനാകണം'. ഹവ്വാ മേരിയുടെ കണ്ണുകളിലേക്ക്‌ നോക്കിക്കൊണ്ട്‌ ജോഷി പറഞ്ഞു: 'എന്നിട്ട്‌, ഗർഭപാത്രത്തിന്റെ ആഴങ്ങളിൽ ഉന്മാദത്തിന്റെ ബിംബങ്ങൾ കൊണ്ട്‌ കവിത രചിക്കണം; രക്തം ഒരു ശിശുവിന്റെ രൂപത്തിൽ ഭൂമിയിൽ പതിക്കുന്ന കവിത.'

ഭർത്താവിന്റെ വാക്കുകളിൽ രക്തവും തുരുമ്പും കലർന്ന ഒരവ്യക്തഗന്ധം ഒളിഞ്ഞിരുപ്പുണ്ടെന്ന് ഹവ്വാ മേരിക്ക്‌ തോന്നി. അവൾ എഴുന്നേറ്റ്‌ കിടപ്പറയിലേക്ക്‌ പോയി. അപ്പോൾ, വർഷങ്ങൾക്ക്‌ മുമ്പ്‌ തറവാട്ടുവീടിന്റെ നടുത്തളത്തിൽ ഉത്തരത്തിൽ കെട്ടിത്തൂങ്ങി മരിച്ച ഇളയപെങ്ങളെക്കുറിച്ചുള്ള ഓർമ ജോഷി സാമുവലിനെ അസ്വസ്ഥനാക്കി. ഒരു വൈകുന്നേരം കോളേജിൽ നിന്നും മടങ്ങുന്ന വഴിക്കാണ്‌ പെങ്ങളുടെ വയറ്റിൽ ആരുടേതെന്നറിയാത്ത ഒരു കുഞ്ഞ്‌ മുളയിട്ടു കഴിഞ്ഞ വിവരം ജോഷി അറിയുന്നത്‌. വഞ്ചനയുടെ കയ്പുനീർ ഉള്ളിലാകെ നിറഞ്ഞപ്പോൾ, ഭൂമി പിളർന്ന് അതിലേക്ക്‌ പതിച്ചിരുന്നെങ്കിലെന്ന് ആത്മാവുകൊണ്ട്‌ അയാൾ നിലവിളിച്ചു. തന്റെ ജന്മത്തെത്തന്നെ പെങ്ങൾ പരാജയപ്പെടുത്തിക്കളഞ്ഞെന്ന് ജോഷിക്ക്‌ തോന്നി. നെഞ്ചിൽ കടുത്ത ക്ഷോഭത്തിന്റെ തീജ്വാലകൾ വിങ്ങിയപ്പോൾ, അപമാനത്തിന്റെ വിഴുപ്പിനെ എന്നെന്നേക്കുമായി ഒഴിവാക്കണം എന്ന് അയാൾ പല്ലിറുമ്മി. എന്നാൽ പെങ്ങളെ കൊന്ന് കെട്ടിത്തൂക്കാൻ മനസിലുറപ്പിച്ച്‌ വീടിന്റെ പടികയറിയ കൗമാരക്കാരന്റെ സകല പ്രതികാരചിന്തകളെയും പരിഹസിച്ചുകൊണ്ട്‌, പിന്നീട്‌ നാട്ടിൽ പ്രചരിക്കപ്പെട്ട അശ്ലീലം കലർന്ന അനേകം അപസർപ്പകകഥകളിൽ ഒന്നുമാത്രമായി അവൾ മാറി. അന്ന് തനിക്ക്‌ കഴിയാതെ പോയ പകവീട്ടൽ ബെഞ്ചമിൻ ഡി.സഖറിയാസ്‌ ജീവിതം കൊണ്ട്‌ നടപ്പാക്കിയത്‌ ജോഷിയെ ആഹ്ലാദിപ്പിച്ചു. അപ്പോൾ താനും ബെഞ്ചമിനും സത്യത്തിൽ ഒരാളാണെന്ന് ജോഷിക്ക്‌ തോന്നി.

അന്നേരം സ്വിമ്മിംഗ്‌ പൂളിനരികിൽ ഒറ്റയ്ക്ക്‌ നിന്ന ജോഷി സാമുവലിനെ ഇരുട്ടിൽ മുക്കി, നിലാവെളിച്ചം ഒരു രാത്രിമേഘത്തിനുള്ളിൽ കുടുങ്ങി.

പിറ്റേന്ന്, കാലത്തു കഴിച്ച ഭക്ഷണം വാഷ്‌ ബേസിനിലേക്ക്‌ ഒഴുക്കിക്കൊണ്ട്‌, കടിഞ്ഞൂൽ ഗർഭം ഹവ്വാ മേരിയുടെ ഉദരത്തിൽ കൊരുത്തു.

'ശവക്കല്ലറ മനുഷ്യന്റെ രണ്ടാമത്തെ ഗർഭപാത്രമാണ്‌; ഓർമയോ ചിന്തകളോ ഇല്ലാത്ത നിശബ്ദസമാധിയുടെ തൊട്ടിൽ. ഇന്ന്, വീണ്ടുമൊരു ശിശുവായി മാറി ആയുസ്സിന്റെ ഋതു ഞാൻ പൂർത്തിയാക്കുന്നു.'

രക്തംകൊണ്ട്‌ ജയിൽമുറിയുടെ ഭിത്തിയിൽ എഴുതിവെച്ച വാക്കുകൾക്കിടയിൽ ബെഞ്ചമിൻ ഡി.സഖറിയാസ്‌ മരിച്ചുകിടന്നു. ഒരു കുഞ്ഞുകഷ്ണം പിച്ചാത്തി അയാളുടെ വയർപിളർന്ന ക്ഷീണത്താൽ ചോര തുപ്പിക്കിടപ്പുണ്ടായിരുന്നു.

കുറ്റകൃത്യങ്ങളുടെ കഥയിൽ നിന്നും ആരോ ഉപേക്ഷിച്ചു കളഞ്ഞ അത്രമേൽ ദുർഗ്രാഹ്യമായ ഒരലങ്കാരം പോലെ അയാൾ കിടക്കുന്നതു കണ്ടപ്പോൾ ഹവ്വാ മേരിക്ക്‌ സഹതാപം തോന്നി. ചുരുങ്ങിയ കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇങ്ങനെയൊരാളെ കണ്ടുമുട്ടിയിട്ടില്ലെന്ന് അവളോർത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന്‌ വിട്ടുകൊടുത്ത ശേഷം ബെഞ്ചമിനെക്കുറിച്ചുള്ള ഫയലുകൾക്കിടയിൽ തികഞ്ഞ അലസതയിലിരിക്കുമ്പോൾ കീഴുദ്യോഗസ്ഥരിലൊരാൾ ഹവ്വാ മേരിയോട്‌ പറഞ്ഞു: 'ബെഞ്ചമിൻ ഡി.സഖറിയാസിന്റെ ജീവിതം അലസിപ്പോയൊരു ഗർഭം പോലെ തോന്നുന്നു.'

ഭയവും പരിഹാസവും കലർന്ന ഭാവത്തിൽ ഹവ്വാ മേരി അതിനു മറുപടി പറഞ്ഞു: 'അയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കിട്ടുമ്പോൾ അതൊന്ന് സൂക്ഷിച്ചു വായിക്കണം. ചിലപ്പോൾ ബെഞ്ചമിന്റെ ഉദരത്തിൽ ഒരു ഗർഭപാത്രം ഒളിഞ്ഞിരിപ്പുണ്ടാകും.'

അതുകേട്ടപ്പോൾ കീഴുദ്യോഗസ്ഥൻ തന്റെ ഭീമാകാരമായ ശരീരം മുഴുവനിളക്കി ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചു.

അപ്പോൾ ഹവ്വാ മേരിക്ക്‌ വീണ്ടും മനംപിരട്ടലുണ്ടായി.

ബെഞ്ചമിൻ ഡി.സഖറിയാസിന്റെ ആത്മഹത്യ,  ചാനലുകൾ ആഘോഷിക്കുന്നതും നോക്കിയിരിക്കുമ്പോൾ ജോഷി സാമുവലിനു അപ്രതീക്ഷിതമായി സന്തോഷം തോന്നി. ഐസ്‌ ക്യൂബുകൾ ചത്തുമലച്ചു കിടക്കുന്ന ഗ്ലാസ്സിൽ നിന്നും വിസ്കി നുണഞ്ഞുകൊണ്ട്‌ അയാൾ മനസിലോർത്തു: 'കർമ്മപരമ്പരയിലെ തന്റെ ഭാഗം അയാൾ പൂർത്തിയാക്കി.'

ഒരു ആലിലയോളം മാത്രം വലിപ്പമുള്ള പിഞ്ഞാണത്തിൽ പരന്നുകിടന്ന അച്ചാറിൽ അയാൾ വിരൽ മുക്കിയപ്പോൾ, ആ ഭാഗം ഏതോ മാദകനടിയുടെ പൊക്കിൾക്കുഴി പോലെ ശൂന്യമായി.

പക്ഷേ, ബെഞ്ചമിൻ ഡി. സഖറിയാസ്‌ ഒരു ഇരയായിരുന്നു. മദ്യം സിരകളിൽ പടരുന്നത്‌ നന്നായി ആസ്വദിച്ചുകൊണ്ട്‌ ജോഷി സാമുവൽ ആരോടെന്നില്ലാതെ പറഞ്ഞു: 'ഭൂമിയിൽ ചെയ്തു തീർക്കാൻ നിശ്ചയിക്കപ്പെട്ടിരുന്ന ദൗത്യത്തിലേക്ക്‌ വന്നു ചാടിയവൻ; വെറും മനുഷ്യൻ'.

ജോഷി വീണ്ടും ഗ്ലാസുയർത്തി. ഇനിയും അലിഞ്ഞു തീരാത്ത ഐസ്‌ ക്യൂബുകൾ ബാക്കിയാക്കി, 90 മില്ലി ലിറ്റർ മദ്യം അയാളിലേക്ക്‌ നിഷ്ക്രമിച്ചു.

ചരിത്രത്തിൽ എനിക്കും ബെഞ്ചമിൻ ഡി.സഖറിയാസിനും ഇടയിലുള്ള ദൂരം എത്ര കൂടുതലാണ്‌. ഞാൻ കഴിഞ്ഞുപോയ സംഭവങ്ങൾ മാത്രം എഴുതി ജീവിക്കുന്നവൻ. അവനോ തികച്ചും മൗലികമായ കൃത്യങ്ങൾ കൊണ്ട്‌ ജീവിതം കോർത്തെടുത്തവൻ. എനിക്കിനി ചെയ്യാനുള്ളത്‌...

വാക്യം പൂർത്തിയാക്കും മുൻപ്‌ ഹവ്വാ മേരി കടന്നുവന്നു. അവൾ ഗർഭാലസ്യത്തിൽ തെല്ലു വാടിയിരുന്നു. മദ്യക്കുപ്പിയിലേക്ക്‌ അമർഷത്തോടെ നോക്കിക്കൊണ്ടു നിൽക്കുമ്പോൾ, ഹവ്വാ മേരിയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞ്‌ അവളെ ആഞ്ഞുതൊഴിച്ചു. സുഖകരമായ ഒരു വേദന തന്റെ ഉള്ളിലാകെ നിറയുന്നത്‌, അവളറിഞ്ഞു.

ചുവന്നുകലങ്ങിയ കണ്ണുകൾ അവളുടെ ഉദരത്തിലേക്ക്‌ പായിച്ചുകൊണ്ട്‌ ജോഷി എഴുന്നേറ്റു. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന മദ്യം അയാൾ വാഷ്‌ബേസനിലേക്ക്‌ ഒഴുക്കിക്കളഞ്ഞു.

ബെഞ്ചമിൻ ഡി.സഖറിയാസ്‌, വലിയ പുസ്തകത്തിലെ ഒരദ്ധ്യായം മാത്രമായിരുന്നു, കാലിയായ കുപ്പി മണത്തുകൊണ്ട്‌ അയാൾ പറഞ്ഞു.

'ഞാനും നീയും ചേർന്ന് പൂരിപ്പിക്കേണ്ട ഭാഗങ്ങൾ ഇനിയും ബാക്കിയാണ്‌.'

ഹവ്വാ മേരി അവിശ്വാസത്തോടെ അയാളെ നോക്കി. വിചിത്രമായ ഒരു കഥയിലെ ദുരന്തകഥാപാത്രത്തിന്റെ മുഖഛായ അയാളിൽ പതിഞ്ഞുകിടക്കുന്നത്‌ അവൾ കണ്ടു. പെട്ടെന്ന് കറന്റ്‌ പോയി. ഇരുട്ട്‌ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഈ ഗ്യാലക്സിയിൽ താനും ഭർത്താവും മാത്രം ഉണർന്നിരിക്കുന്നത്‌, നിഗൂഢമായ ഒരു കൃത്യത്തിന്റെ ഇരകളാകാൻ വേണ്ടി മാത്രമാണെന്ന് അവൾക്ക്‌ തോന്നി.

ജോഷി സാമുവൽ കൈയിലിരുന്ന കുപ്പി വാഷ്‌ബേസനിൽ ആഞ്ഞടിച്ചു. ചില്ലുകഷ്ണങ്ങൾ ചിതറിത്തെറിച്ച ശബ്ദത്തിൽ ഹവ്വാ മേരിയുടെ ഗർഭപാത്രം ഞടുങ്ങിവിറച്ചു. കുപ്പിച്ചില്ലിന്റെ മൂർച്ചയിൽ വിരലോടിച്ചുകൊണ്ട്‌ ജോഷി ഉറക്കെച്ചിരിച്ചപ്പോൾ, താൻ ജീവനോടെ കുഴിച്ചു മൂടപ്പെട്ട ഒരാളാണെന്ന് ഹവ്വാ മേരിക്ക്‌ തോന്നി.

ഉന്മാദത്തിന്റെ മൂർച്ഛയിൽ, ക്രൂരമായിത്തിളങ്ങുന്ന കുപ്പിച്ചില്ലുമായി അയാൾ ഹവ്വാ മേരിയുടെ ഗർഭപാത്രത്തിനു നേരേ പാഞ്ഞടുത്തു.

അപ്പോൾ, ഭൂമി ഒരു ശിശുവിനെപ്പോലെ ഞെളിപിരി കൊണ്ടു.  

O

(2013 ലെ അങ്കണം അവാർഡ്‌ നേടിയ കഥ)

5 comments:

  1. പുസ്തകത്തില്‍ വായിച്ചിരുന്നു.. ഇപ്പോള്‍ ഇവിടെയും.. മികച്ച രചന..

    ReplyDelete
  2. നിഗൂഡമായ കൃത്യത്തിന്റെ ഇരകള്‍.

    ReplyDelete

Leave your comment