Sunday, July 13, 2014

അനിശ്ചിതത്വങ്ങളുടെ ജീവിതക്കളങ്ങളിൽ ഒരാൾ

 സിനിമ
 സുദേവൻ പുത്തൻചിറ











ബ്ലാക്ക്‌ മാറ്റർ സിനിമയുടെ ബാനറിൽ ജി. ബിജു സംവിധാനം ചെയ്ത 'കളം' എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച്‌




      സ്വന്തം ഭൂതകാലത്തിലേക്ക്‌ തിരികെ നടക്കുകയോ ജീവിതം കരുപ്പിടിപ്പിക്കുന്നതിന്‌ തെരഞ്ഞെടുത്ത വഴികളെ തിരുത്തുകയോ അസാധ്യമാണെന്നതിനാൽ കൈവന്ന നിയോഗത്തിൽ കഴിഞ്ഞുകൂടാൻ നിർബന്ധിതരായവരാണ്‌ അധികംപേരും. പിറകോട്ടുള്ള ജീവിതത്തിന്റെ ആഖ്യാനം സാധ്യമാക്കുന്ന സിനിമ പോലെയുള്ള ഒരു മാധ്യമത്തിന്റെ അന്വേഷണസാധ്യതയും ഒരുപക്ഷേ, ഈ നഷ്ടജീവിതത്തിന്റെ പരിക്കുകളിൽ നിന്ന് സാധ്യമായ മറ്റൊരു ജീവിതാഖ്യാനത്തിന്‌ 'കള'മൊരുക്കുക എന്നതാണ്‌. ഒരുപക്ഷെ നാമോരോരുത്തരും ഈ കളിക്കളങ്ങളിൽ നമ്മളെത്തന്നെ എതിരാളികളായി അഭിമുഖീകരിച്ചിട്ടുണ്ട്‌. അനിശ്ചിതത്വങ്ങളുടെ ഈ കളങ്ങളാണ്‌ കടന്നുപോന്ന ജീവിതത്തിന്റെ ബാക്കിപത്രങ്ങളും. ജീവിതം അവനവനോടു തന്നെയുള്ള പോരാട്ടത്തിന്റെ കളിക്കളമാണെന്ന ഉൾക്കാഴ്ചയിലേക്ക്‌ പ്രേക്ഷകമനസ്സിനെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ്‌ ബ്ലാക്ക്‌ മാറ്റർ സിനിമയുടെ 'കളം' എന്ന ഹ്രസ്വചിത്രം.

 ജീവിതവ്യഥകളുടെ ഏതൊരു ചെറുരൂപകത്തെയും ദാർശനികാനുഭവമാക്കുന്ന ബൃഹദ്‌മാനങ്ങളിലേക്ക്‌ പൊലിപ്പിച്ചെടുക്കാനുള്ള ചെറുചലച്ചിത്രങ്ങളുടെ സാധ്യത ശരിയായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു, ഈ ചിത്രത്തിൽ. ക്യാമറയെന്നത്‌ ദൃശ്യങ്ങളെ പകർത്താനുള്ളത്‌ മാത്രമല്ല,സൂക്ഷ്മാംശങ്ങളെ സ്തൂലാവിഷ്കരണങ്ങളാക്കാനുള്ള ഒരു സംവേദന സാധ്യത കൂടിയാണെന്ന് നവസിനിമ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.




ഒരു ചെറുകഥയുടെ സൂക്ഷ്മസംവേദനം പോലെ ആഴമുള്ളതും ഉള്ളിൽ തട്ടുന്നതുമായ ദൃശ്യവിന്യാസങ്ങളോടെ കാലാനുഭവത്തിന്റെ ഒരു കുഞ്ഞു തണൽ പകർന്നു തരുന്നു ഈ ചെറുചിത്രം. പള്ളിയിലെ കുഴിവെട്ടുകാരൻ ലോറൻസിന്റെ മകൻ സോളമനെന്ന യുവാവിന്റെ ജീവിതം അയാൾ നിശ്ചയിച്ചുറപ്പിച്ചെടുത്തു നിന്നും വഴുതി വീഴുന്നതും ആകസ്മികമായ പിതാവിന്റെ മരണം പരമ്പരാഗതമായ ആ തൊഴിലിൽ അയാളെ തളച്ചിടുന്നതുമാണ്‌ ഇതിവൃത്തമെങ്കിലും വിഭിന്ന മാനങ്ങളിലൂടെയുള്ള ദൃശ്യ സംവേദനത്തിലൂടെ മനുഷ്യാസ്തിത്വത്തിന്റെ അനിശ്ചിതത്വങ്ങളിലേക്കും അവയിൽ സ്വയം കരുക്കളായി മാറിക്കൊണ്ട്‌ പോരടിക്കുന്നവന്റെ സ്വത്വസംഘർഷങ്ങളിലേക്കും ഈ ചിത്രം കൺമിഴിക്കുന്നു.




പകിടകളിയുടെ നീക്കങ്ങൾ ആമുഖമായുള്ള നാലു രാഗങ്ങളുടെ വിപരീതദിശയിലുള്ള വിന്യാസമാണ്‌ കളത്തിന്റെ ദൃശ്യഭാഷയുടെ പ്രത്യേകത. അമ്മാമനൊപ്പം മില്ലിൽ പണിക്കു പോകുന്ന സോളമന്റെ സ്വപ്നാടകനെപ്പോലെയുള്ള തിരിച്ചുവരവിൽ അയാൾ നേരിടുന്നത്‌ അനിശ്ചിതത്വങ്ങളും ആകസ്മികതകളും നിറഞ്ഞ കുടുംബാന്തരീക്ഷമാണ്‌. കഥാപുസ്തകത്തിലെ പദപ്രശ്നത്തിലെ പൂരിപ്പിക്കേണ്ട കളങ്ങൾക്കു മുൻപിൽ മിഴിച്ചു നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ നിസ്സംഗനാണയാൾ. ജീവിതത്തിന്റെ പദപ്രശ്നമെന്നത്‌ അയാൾക്കു മുൻപിൽ ഒഴിഞ്ഞ പകിടക്കളം പോലെ പൂരിപ്പിക്കാതെ കിടക്കുന്നു. അന്നയെന്ന അമ്മയുടെ പ്രത്യാശകൾക്കു മുകളിൽ വന്നു വീഴുന്നത്‌ ലോറൻസിന്റെ ധിക്കരിക്കാനാകാത്ത ആജ്ഞകളും. മറ്റൊരു തൊഴിലിലേക്ക്‌ സ്വയം പറിച്ചു നടാനാകാതെ സോളമൻ തന്നെ കാത്തിരിക്കുന്ന സ്വാഭാവികമായ വിധിക്ക്‌ മുമ്പിൽ കീഴടങ്ങേണ്ടി വരികയാണ്‌. രഘു എന്ന സുഹൃത്തിന്റെ മുൻവിധികളില്ലാത്തെ ജീവിതത്തിന്റെ ആഘോഷത്തിമിർപ്പുകളെ നിസംഗമായി നോക്കിക്കാണാനേ സോളമന്‌ കഴിയുന്നുള്ളൂ. പകിടയുടെ നാലു കരുക്കളെപ്പോലെ ഒടുവിൽ മരണത്തിന്റെ നീലത്തിരശ്ശീല വന്നുവീഴുന്നത്‌ അനിവാര്യമായ ആ വിധിയിലേക്ക്‌ തന്നെയാണ്‌. പിതാവിന്റെ കുഴി വെട്ടുന്ന സോളമൻ തന്റെ തന്നെ പ്രത്യാശകളെക്കൂടിയാണ്‌ കുഴിച്ചുമൂടുന്നത്‌. ഒരാൾ തന്നെ സ്വയം കളിയിൽ ഇരുപുറവുമായിരുന്ന് ഏറ്റുമുട്ടേണ്ടിവരുന്ന, ജയാപരാജയങ്ങൾ സ്വയം നിശ്ചയിക്കാൻ കഴിയുന്ന, കളിക്കളമായി നമുക്കു മുമ്പിൽ നിഴൽ വിരിക്കുന്ന ജീവിതത്തെ തന്നെയാണ്‌ സോളമൻ കാട്ടിത്തരുന്നത്‌. സ്വപ്നങ്ങളും പ്രത്യാശകളും അടച്ചുവെച്ച മനസ്സിന്റെ താക്കോൽ സൂക്ഷിപ്പുകാർ മറ്റാരുമല്ല. അവരവർ തന്നെയാണെന്ന ഓർമ്മപ്പെടുത്തലാണ്‌ കളം.


ജി. ബിജു

ദൃശ്യവിതാനങ്ങളിൽ ഫീച്ചർ ഫിലിമുകളുടെ നിലവാരത്തോട്‌ കിടപിടിക്കുംവിധമാണ്‌ സിനിമയുടെ പരിചരണം. പച്ചയിൽ നൃത്തം വെക്കുന്ന ഗ്രാമദൃശ്യങ്ങൾക്ക്‌ ജീവൻ തുടിക്കുന്ന ശബ്ദസന്നിവേശവും അകമ്പടിയാകുന്നുണ്ട്‌. അസ്വാഭാവികത ഏറെയില്ലാത്ത കുടുംബാന്തരീക്ഷവും കഥാപാത്രങ്ങളുടെ അന്തർസംഘർഷങ്ങളും പകർത്തുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതത്തിന്റെ മിതത്വം ചിലയിടങ്ങളിൽ ദൃശ്യഭാഷയെ ഘനമുള്ളതാക്കാൻ സഹായിച്ചിട്ടുണ്ട്‌. സിനിമ സംവിധായകന്റെ കല മാത്രമല്ല, എഡിറ്ററുടേതു കൂടിയാണെന്ന അഭിപ്രായം അർത്ഥവത്താക്കുന്നതാണ്‌ കളത്തിന്റെ ചിത്രസംയോജനം. ഏറെ അഭിനയസാധ്യതയുള്ള പാത്രഘടനയില്ലെങ്കിലും സോളമനും ലോറൻസും രഘുവുമായി അഭിനയിച്ചവർ ഏറെ മികവു പുലർത്തുന്നു. ബ്ലാക്ക്‌ മാറ്റർ സിനിമയ്ക്ക്‌ വേണ്ടി ജി. ബിജു സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം ഏഷ്യാനെറ്റിൽ പ്രദർശനം കഴിഞ്ഞ്‌ വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു.

O




No comments:

Post a Comment

Leave your comment