Saturday, July 14, 2012

e-ലകളുടെ ഗന്ധങ്ങൾ


പുസ്തകം
ഇടക്കുളങ്ങര ഗോപൻജ്ഞാനപീഠജേതാവ്‌ തകഴി ശിവശങ്കരപ്പിള്ളയുടെ 'കീറപ്പഴന്തുണി' എന്നൊരു കഥയുണ്ട്‌. രാജസദസ്സിലേക്ക്‌ എവിടെ നിന്നോ പറന്നുവീഴുന്ന കീറപ്പഴന്തുണിയാണ്‌ കഥയിലെ വിഷയം. കാലമാകുന്ന കാറ്റ്‌ ഒരു കീറപ്പഴന്തുണി രാജസദസ്സിലേക്ക്‌ കൊണ്ടിടുകയായിരുന്നു, ഒരോർമ്മപ്പെടുത്തൽ പോലെ. രാജാവും അനുചരന്മാരും മാത്രമല്ല, ഒരു കീറപ്പഴന്തുണിക്കും രാജ്യത്തു പ്രസക്തിയുണ്ടെന്നുള്ള ഓർമ്മപ്പെടുത്തലായിരുന്നു, അത്‌. 


ഇതോർക്കാൻ കാരണം 'പൂക്കളേക്കാൾ മണമുള്ള e-ലകൾ' എന്ന കഥാസമാഹാരമാണ്‌. പൂക്കൾക്ക്‌ മാത്രമല്ല മണമുള്ളത്‌, പൂക്കളേക്കാൾ മണമുള്ള ഇലകളും കൂടിയുണ്ടെന്ന് ഈ സമാഹാരത്തിലെ കഥകൾ ഓർമ്മപ്പെടുത്തുകയാണ്‌. ഇതൊരു പ്രതിരോധമാണ്‌. കാലഹരണപ്പെട്ട പ്രതിരോധസാഹിത്യം  ഉയിർത്തെഴുന്നേൽക്കുന്നതിന്റെ പെരുമ്പറയാണ്‌ ഈ കഥാസമാഹാരം. ബ്ലോഗുകളിലും സോ‍ഷ്യൽ നെറ്റ്‌വർക്കുകളിലുമായി പ്രകാശിപ്പിക്കപ്പെട്ട പതിനാലു കഥകളുടെ സമാഹാരമാണ്‌ 'പൂക്കളേക്കാൾ മണമുള്ള e-ലകൾ'.


ഓരോരുത്തരും ഭൂമിയിൽ വരുന്നത്‌ ചില രേഖകൾ വരച്ചു പോകാനാണ്‌. ഇതിലെ 14 കഥാകൃത്തുക്കൾ അവർ ഭൂമിയിൽ വന്നതിന്റെ അടയാളപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു, ഈ സമാഹാരത്തിൽ. ഓരോ അടയാളങ്ങളും വ്യത്യസ്തമാണ്‌. ചിലത്‌ പെട്ടെന്ന് മാഞ്ഞുപോകും. മറ്റു ചിലത്‌ തെളിഞ്ഞു തെളിഞ്ഞു കത്തും. പെട്ടെന്ന് മായുന്ന കഥകളും തെളിഞ്ഞു കത്താവുന്ന കഥകളും ഇതിലുണ്ട്‌. ആരെയും ഇകഴ്ത്താനോ പുകഴ്ത്താനോ മുതിരാതെ കഥകളിലൂടെ നടത്തിയ യാത്ര മാത്രമാണിത്‌. ഈ യാത്രയിൽ 14 കഥാകൃത്തുക്കളുടെയും ഒളിമിന്നലുകൾ കാണാനാകും.


മനസ്സിലെ ക്ഷോഭത്തിന്റെ തീവ്രസാധ്യതകളാൽ വൈകാരികതയുടെ കൊടികളുയർത്തുകയാണ്‌ മനോജ്‌ വെങ്ങോലയുടെ 'നോവൽ സാഹിത്യം' എന്ന കഥ. പരീക്ഷാകാലത്തെ കവച്ചുവെച്ച്‌ പ്രണയിനിയുടെ സാമീപ്യമണഞ്ഞ ശിവൻ പിറക്കാട്ടിന്റെ ജീവിതത്തെ വിശ്രുതരായ കഥാകൃത്തുകളുടെ ഇടവഴിയിലൂടെ ആട്ടിത്തെളിക്കുമ്പോൾ ഒരിക്കലും കൂടണയാത്ത ജീവിതത്തിന്റെ കഥാസാരം ആശുപത്രിവരാന്തയിലെ നിഴൽരൂപങ്ങളായി കഥനം ചെയ്യുകയാണ്‌. ജീവിതവും ജീവിതസമരവും തീഷ്ണനൊമ്പരത്തിന്റെ മൂടുപടമിട്ട്‌ സഹനത്തിന്റെ ജ്ഞാനസ്നാനത്തിൽ ഒരുക്കുകയാണിവിടെ. പ്രമേയപരമായും ആഖ്യാനപരമായും നൂതനമായ സങ്കേതമാണ്‌ ഈ കഥയിൽ കാണാനാവുന്നത്‌. ബാല്യത്തിൽ ശിവൻ പിറക്കാടിനെ വിട്ടെറിഞ്ഞു പോയ അമ്മയുടെ കുട്ടിക്കൂറ പൗഡർമണം കഥാകൃത്ത്‌ നമ്മെയും അനുഭവിപ്പിക്കുകയാണ്‌.

പ്രതീകാത്മകതയുടെ ആവിഷ്കാരസാദ്ധ്യതകളാൽ ജീവസാന്നിധ്യമറിയിക്കുന്ന ജന്തുശാസ്ത്ര പാഠങ്ങളാണ്‌ നിധീഷ്‌.ജി യുടെ ‘ഹൈഡ്ര’യിൽ. മനസ്സിൽ, ഉറയിൽ നിന്നുമൂരിയെടുത്ത ശൗര്യത്തിന്റെ വാൽത്തല മിന്നിക്കുകയാണ്‌ - ഒൻപതു തലകളും നീണ്ടകൈകാലുകളുമുള്ള 'ഹൈഡ്ര' എന്ന തികച്ചും പ്രതീകാത്മക കഥാപാത്രത്തിലൂടെ! പച്ചോല കൊണ്ട്‌ മെടഞ്ഞെടുത്ത 'ഒടഞ്ചി' സാമൂഹികജീവിതത്തിൽ മുളച്ചുപൊന്തിവരുന്ന ദുർവാസനകളുടെ കെണിയാണ്‌. കാർക്കിനസിനെ മുൻനിർത്തിയുള്ള യുദ്ധപ്രഖ്യാപനം പരാജയപ്പെടുമ്പോൾ ആത്മരോഷത്തിന്റെ പടി കയറാനാകാതെ പാതിവഴിയിൽ ശൗര്യം നഷ്ടപ്പെട്ട യോദ്ധാവാകുകയാണ്‌ മനുഷ്യനെന്ന്, ഒളിയമ്പു തൊടുക്കുകയാണ്‌  'ഹൈഡ്ര'യിലൂടെ ശ്രീ.നിധീഷ്‌.ജി.

പുതിയകാലത്തിന്റെ പ്രത്യേകതകൾ അടയാളപ്പെടുത്തിയതാണ്‌ ഉബൈദിന്റെ 'സ്പെസിഫിക്‌ ഗ്രാവിറ്റി'. ആജ്ഞാനുവർത്തികളായ പ്രവാസികളുടെ ജീവിതഭാരവും തിടുക്കവും ഈ കഥയിൽ കാണാം. അഭ്യസ്തവിദ്യരുടെ ജീവിതത്തെക്കുറിച്ചുള്ള ആകുലതകളും തീക്ഷ്ണമായ കാലത്തിന്റെ തിടമ്പെടുപ്പുകളും കഥയുടെ ഹൈലൈറ്റാണ്‌. വലിയവരുടെ നിസ്സാരതകളിൽ ചെറിയവരുടെ ജീവിതം താങ്ങുനൽകുന്നതിന്റെ ചിത്രം. വേവിച്ച മാംസം കഴിക്കുന്നതുകൊണ്ടു മാത്രം ചോരയുടെ ഗന്ധം അറിയാതെ വളരുന്ന മൃഗതുല്യരായ ഒരു തലമുറയുടെ നേർചിത്രം കൂടിയാണ്‌ ഈ കഥ. 

അഴിമതിയും സ്വജനപക്ഷപാതവും മൂടിവെക്കാനും സുഖലോലുപതയ്ക്കായി തനിക്ക്‌ കീഴുലുള്ളവരെ ഉപയോഗിക്കുന്നതും സ്ഥാനവും സൽപ്പേരും നിലനിർത്താനായി കീഴ്ജീവനക്കാരികളെ ഉന്നതർക്കായി കാഴ്ചവെക്കുകയും ചെയ്യുന്ന പ്രാദേശിക ഉദ്യോഗസ്ഥമേധാവിയുടെ ജീവിതത്തിന്റെ അനാവരണമാണ്‌ പ്രദീപ്‌ കുമാറിന്റെ 'ഖരമാലിന്യങ്ങൾ' എന്ന കഥ. പുതിയകാലത്തിലെ, എന്തിനും വഴങ്ങുന്നവരുടെ പ്രതിനിധീകരണമാണ്‌ കഥയിലെ കേന്ദ്രകഥാപാത്രം. എല്ലാ ദുഷ്‌കർമ്മങ്ങൾക്കും കൂട്ടുനിന്ന് കൂട്ടുനിന്ന് താനൊരു ഖരമാലിന്യമാകുന്നതായും ഇങ്ങനെയുള്ള ഏതൊരാളിന്റെയും ജീവിതം അവൻ ആരായാൽ തന്നെയും വെറുമൊരു ഖരമാലിന്യമാണെന്ന സന്ദേശമാണ്‌ ഈ കഥയുടെ സത്ത. 

മാനസികനില തെറ്റിയ സ്ത്രീയുമായി ആദ്യമായി അബദ്ധത്തിൽ സംഭവിച്ച ലൈംഗിക ബന്ധത്തിന്റെ കഥയാണ്‌ മനോജ്‌.വി.ഡി യുടെ 'ആദ്യമഴ'. കൗമാരകാലത്തിന്റെ ജഢശൈത്യത്തിൽ നനഞ്ഞു പോയവന്റെ ആത്മനൊമ്പരത്തിന്റെ സുഖാലസ്യ വിവരണത്തിൽ ഒരു ചേരിയിലെ ജീവിതവഴി കൂടി തുറന്നിടുന്നു. പ്രമേയപരമായി പഴയതെങ്കിലും ആഖ്യാനരീതി വായനാസുഖം പകരുന്നു.

ഗൃഹാതുരതയുടെ ആത്മബലിയാണ്‌ സുജയുടെ 'ഗന്ധങ്ങളുടെ താരതമ്യപഠനം'. കണ്ണുകളിൽ കാരുണ്യം തിരയുന്ന ഏകാകിയുടെ വേദന ആരെയും നൊമ്പരപ്പെടുത്തുകയാണ്‌, ഈ കഥയിൽ. തിരിച്ചറിയപ്പെടാത്ത സ്വന്തം ഗന്ധം തിരക്കുമ്പോൾ എവിടെയോ പ്രണയത്തിന്റെ അത്തറുമണം ഉയരുന്നതായി വായനക്കാരനും ബോധ്യമാകുന്നു.

പുതിയ നൂറ്റാണ്ടിലെ ബന്ധങ്ങളുടെ ആഴം, സമുദ്രതീരത്തുനിന്നും പറ്റിപ്പിടിച്ച മണൽ പോലെയാണെന്ന സന്ദേശമാണ്‌ സിയഫ്‌ അബ്ദുൾഖാദിറിന്റെ 'കാസിനോ' എന്ന കഥയിൽ. ശരീരത്തിൽ, കടൽത്തീരത്തുനിന്നും പറ്റിപ്പിടിച്ച മണൽ തട്ടിക്കളയുമ്പോൾ മണലുപേക്ഷിച്ച ശരീരം പോലെയാണ്‌ ഓരോ ബന്ധവും. പണത്തിനു മാത്രം വില കൽപ്പിക്കുന്ന ലോകത്ത്‌ ഓരോ ബന്ധവും അസ്ഥിരമായ ഓളങ്ങളാകുന്നത്‌ കഥയിലൂടെ കാട്ടിത്തരുന്നു.

ആക്ഷേപഹാസ്യത്തിന്റെ ശരങ്ങൾകൊണ്ട്‌ ചരിത്രത്തെ വളച്ചൊടിക്കുന്ന ചരിത്രകാരനെയും നിഷ്പക്ഷ പത്രപ്രവർത്തനം നടത്തിയ പത്രലേഖകനെയും 'സിദ്ധൻ' എന്ന കഥയിലൂടെ ആരിഫ്‌ സൈൻ അവതരിപ്പിച്ചിരിക്കുന്നു.

മനുഷ്യന്റെ ദുരയുടെ നേർക്കാഴ്ചയാണ്‌ ഷീലാ ടോമിയുടെ 'മെൽക്വിയാഡിസിന്റെ പ്രളയപുസ്തക'ത്തിൽ. ഇസബെല്ലയെന്ന യുവ എഞ്ചിനീയറുടെ കാഴ്ചപ്പാടുകളിലൂടെ, സ്വപ്നത്തിലൂടെ, ജീവിതവ്യഥകളിലൂടെയുള്ള യാത്ര - ആകുലതകളും ആധിയും  ദുരന്തഭീതിയും വളരുമ്പോൾ ഒന്നുമറിയാത്തവരെപ്പോലെ ചിരിച്ചുല്ലസിക്കുന്നവരുടെ ലോകത്ത്‌ ഏകാകിയാകുന്നതിന്റെ ചിത്രമാണ്‌  ഈ കഥ. വരുംകാലത്തിലേക്ക്‌ സൂക്ഷിച്ചു നോക്കാൻ ഒരു മുത്തശ്ശി സമ്മാനിച്ച ദൂരദർശിനിയെ കഥാകാരി ഉയർത്തിക്കാട്ടിയിരിക്കുന്നു.

ഒരു ഫുട്‌ബോൾ കമന്ററി പോലെ ത്രസിപ്പിക്കുന്നതാണ്‌ ബിജു ഡേവിസിന്റെ 'കുരിയപ്പൻ അലിയാസ്‌ മറഡോണ' എന്ന കഥ. ഗ്രാമത്തിൽ നിന്നും ബിരുദം പൂർത്തിയാക്കിയ യുവാവിന്റെ മാനസികാവസ്ഥയുടെ നേർചിത്രണം. കുരിയപ്പന്റെ നിലവാരത്തിലുള്ള ചോദ്യങ്ങൾ പി.എസ്‌.സി പരീക്ഷയിൽ ഉൾക്കൊള്ളിക്കുവാൻ കഴിയാത്തതിനാൽ സർക്കാരിലും ബാങ്കിലും സേവനം വിട്ടുകൊടുക്കാനാകാത്ത ചെറുപ്പക്കാരനെയാണ്‌ കഥയിൽ അവതരിപ്പിച്ചിട്ടുള്ളത്‌. താനൊരു ഫുട്‌ബോളറാണെന്ന പൊങ്ങച്ചം വൃഥാവിലാകുന്നതോടെ വിവാഹമോചനത്തിന്‌ നോട്ടീസ്‌ ലഭിക്കുന്നതായാണ്‌ കഥാന്ത്യം.

ദിശയും ലക്ഷ്യവുമില്ലാത്ത ജനങ്ങളുടെ പ്രതിനിധികളായ മൂന്നുപേർ പഴനിക്ക്‌ പോകാൻ പുറപ്പെട്ട കഥയാണ്‌ ജയേഷ്‌.എസ്‌ ന്റെ 'മൂന്നു തെലുങ്കന്മാർ പഴനിക്ക്‌ പോയ കഥ'യിൽ. സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലാണ്‌ അവരുടെ പഴനി. ഓരോ ശ്രമവും പിഴയ്ക്കുമ്പോൾ ലക്ഷ്യത്തിലെത്താനുള്ള ദിശാബോധം നഷ്ടപ്പെട്ട്‌ തെരുവിൽ അവരെ ആരൊക്കെയോ ആട്ടിത്തെളിക്കുകയാണ്‌. വഴികൾ തെറ്റുമ്പോഴും പാഠം പഠിക്കാത്ത രണ്ടുപേർ മറ്റുവഴികൾ തേടി. പാഠം പഠിച്ചവൻ ലക്ഷ്യത്തിലെത്തുന്നു.

കുടുംബത്തിലെ പ്രശ്നസാധ്യതകളിലേക്ക്‌ സ്ത്രീപക്ഷത്തു നിന്നുള്ള തെളിഞ്ഞു നോട്ടമാണ്‌ സേതുലക്ഷ്മിയുടെ 'അനന്തരം' എന്ന കഥയിൽ. പാഴ്‌ത്തുണി പോലെയോ തേപ്പുമേശ പോലെയോ മാത്രം വീട്ടിലൊതുങ്ങുന്ന വീട്ടമ്മയുടെ മൗനനൊമ്പരങ്ങൾ കഥയിൽ കേൾക്കാനാകും. ബാത്ത്‌റൂമിൽ തുറന്നുവിട്ട പൈപ്പിന്റെ ഒച്ചയിൽ പുറത്തു കേൾക്കാതെ ഉറക്കെക്കരയാൻ മാത്രമാണ്‌ അവൾക്ക്‌ കഴിയുന്നത്‌. ഇടയ്ക്കെപ്പൊഴോ വന്നുപെട്ട പ്രണയം അവളിൽ ആശ്വാസത്തിന്റെ വെളിത്തുരുത്തുകൾ കണ്ടെത്തുന്നു. ഒടുവിൽ അതുമൊരു മിഥ്യയായിരുന്നുവെന്ന് തിരിച്ചറിയുമ്പോൾ ചില്ലുകൂടാരം പോലെ അവൾ തകർന്നു വീഴുന്നു.

ഇരകളാകുന്ന പെൺകുട്ടികളുടെ തീവ്രനൊമ്പരങ്ങളുടെ കഥയാണ്‌ റോസിലി ജോയിയുടെ 'പിരാനകൾ'. ചാരുലത എന്ന കേന്ദ്രകഥാപാത്രമുൾപ്പെടുന്ന പെൺകുട്ടികളെ തേടിയെത്തുന്ന മാംസഭോജികളാണ്‌ പിരാനകൾ. മാറിടം തുരന്ന് ഹൃദയത്തെ ഭക്ഷിക്കുന്നതോടെ മാംസഭോജികൾ ദൗത്യം പൂർത്തീകരിക്കുന്നു. പീഢനത്തിനിരയാകുന്ന പെൺകുട്ടിയെ ചാരുലതയെന്ന കഥാപാത്രത്തിലൂടെ വരച്ചിടുമ്പോൾ, പ്രണയത്തിന്റെ കടലിൽ മുങ്ങവേ ഹൃദയം മാത്രം കാർന്നു തിന്നുന്ന പിരാനയെ അവൾ ഒടുവിൽ കാണുന്നു. ഹൃദയത്തിലെ തുടിപ്പോ സ്വപ്നങ്ങളോ കാണാത്ത, തന്റെ നിലനിൽപ്പിനായി മാത്രം നിലകൊള്ളുന്ന അവസാനത്തെ പിരാന.

കച്ചവടകാലം പൊതുസമൂഹത്തെ ബാധിക്കുന്നതിന്റെ സരസവിവരണമാണ്‌ വി.ജയദേവിന്റെ 'ധനസഹായം ബാർ' എന്ന കഥ. വിലനിലവാരത്തിന്റെ ഉയർച്ച, ഭീഷണിയുയർത്തിയ കാലത്ത്‌ മദ്യപിക്കാനുള്ള ധനസഹായങ്ങളെക്കുറിച്ചാണ്‌ ഈ കഥയെങ്കിലും, കഥയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാമൂഹികവിമർശനം ശക്തമാണ്‌. മറ്റാരുടെയോ ആജ്ഞാനുവർത്തികളാകുന്ന നിരാലംബരുടെ സ്വപ്നങ്ങളും വേദനയും ചെറിയ സന്തോഷങ്ങളും പങ്കുവെക്കുകയാണ്‌ ഈ കഥയിൽ.

പതിനാലു കഥകളും പതിനാലു വഴികളിലൂടെയുള്ള യാത്രയാണ്‌. യാത്രയ്ക്കൊടുവിൽ സായാഹ്നം വെയിൽപ്പായ വിരിക്കവേ, വാടിത്തളർന്ന പൂക്കളോട്‌ ഇലകൾ ചോദിച്ചു; 'എവിടെപ്പോയി നിങ്ങളുടെ സുഗന്ധങ്ങൾ?' പൂക്കൾ ലജ്ജിച്ചു തലകൂമ്പി. അച്ചടിമാധ്യമ ലാവണ്യസുഗന്ധങ്ങൾക്കിടയിൽ സൈബർ ഇടങ്ങളിലെ ഇലകൾ പുഷ്പമാകുകയാണ്‌, സുഗന്ധം പരത്താൻ !


 ('പൂക്കളേക്കാൾ മണമുള്ള e-ലകൾ' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചുള്ള പുസ്തകാവതരണത്തിനായി തയ്യാറാക്കിയ കുറിപ്പ്‌.)

 O

PHONE : 944747990519 comments:

 1. പുസ്തകത്തിന് എല്ലാ ആശംസകളും..
  പുസ്തകത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 2. നല്ല രചനകൾ. മിക്കതും വായിച്ച നല്ല കഥകൾ. പുസ്തകം ഒരു പാട് പേരിലേക്കെത്തട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 3. മണവും ഗുണവുമുള്ള ഈ പതിനാലു കഥകളെ കുറിച്ചും
  വളരെ മികച്ചതും സംക്ഷിപ്തമായ വിലയിരുത്തലായി ഇത്....
  ഇത് കണ്ടപ്പോഴാണ് വിശദമായ കഥാ അവലോകനം ആ പ്രകാശനചടങ്ങില്‍ നഷ്ടമായതിന്റെ കുറവ് തീര്‍ത്തും ബോധ്യപ്പെടുന്നത്..... :-(
  ഇടക്കുളങ്ങര ഗോപൻ ഗോപന്‍ സാറിന് അഭിനന്ദനങ്ങള്‍ .....

  ReplyDelete
 4. പുസ്തകം വായിച്ച് കൊണ്ടിരിക്കുന്നു. ആദ്യ കഥ മനോഹരം. മറ്റു ചില കഥകള്‍ നേരത്തെ വായിച്ചുള്ളവയാണ്. ബാക്കിയുള്ളവ കൂടെ വായിച്ചിട്ട് വിശദമായി അഭിപ്രായപ്രകടനമാവാം..

  ReplyDelete
 5. പുസ്തകത്തെ നന്നായി വായിച്ചുള്ള വിലയിരുത്തലാണ് ഗോപൻ സാർ നടത്തിയത്. ഈ വിലയിരുത്തൽ അന്നെത്തെ ചടങ്ങിൽ അവതരിപ്പിക്കാനാവാതെ പോയത് വലിയ നഷ്ടമാണ്., സാറിനു നന്ദി പറയുന്നു

  ReplyDelete
 6. പുസ്തകത്തെ കുറിച്ച് ഇടക്കുളങ്ങര ഗോപന്‍ സാര്‍ തയ്യാറാക്കിയ ഈ ലേഖനം അന്ന് വായിച്ചപ്പോള്‍ തന്നെ വല്ലാത്ത നഷ്ടബോധം തോന്നിയിരുന്നു .എന്തായാലും ബ്ലോഗിലൂടെ ഈ ലേഖനം പ്രകാശിപ്പിച്ചതില്‍ നിധിഷിനും ഗോപന്‍ സാറിനും നന്ദി .

  ReplyDelete
 7. സന്തോഷം നല്ല ഈ വിലയിരുത്തലിന്

  ReplyDelete
 8. പ്രിയ സുഹൃത്തുക്കളുടെ രചനകള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. പുസ്തകം കൂടുതല്‍ പേരിലേയ്ക്ക് എത്തപ്പെടട്ടെ.
  നല്ല അവലോകനത്തിന് അഭിനന്ദനങ്ങള്‍

  ReplyDelete
 9. സന്തോഷം.നല്ല ശ്രമമാണിത്.കഥകളെ കൂടുതല്‍ നല്ല വായനക്കാരിലെത്തിക്കാന്‍ ഇതിലൂടെ കഴിയട്ടെ.
  ആസംസകള്‍ .

  ReplyDelete
 10. മനസ്സ് നിറഞ്ഞ് സന്തോഷം....ഹൃദയം നിറഞ്ഞ നന്ദി.
  നേരിട്ട് കേള്‍ക്കണമെന്ന് ആഗ്രഹിച്ച വാക്കുകള്‍........ ....
  കേളികൊട്ടിലൂടെ ഈ ലേഖനം വായിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം.

  സുജ

  ReplyDelete
 11. നല്ല സംരംഭം!
  ഈ വിലയിരുത്തൽ പ്രതീക്ഷ നൽകുന്നു.
  എഴുത്തുകാർക്കും, പ്രസാധകർക്കും എല്ലാ ഭാവുകങ്ങളും!

  ReplyDelete
 12. പുസ്തകത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 13. എഴുത്തുകാർക്കും, പ്രസാധകർക്കും എല്ലാ ഭാവുകങ്ങളും!

  ReplyDelete
 14. ഇഷ്ടം കുറിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.
  -Idakulangara Gopan

  ReplyDelete
 15. എല്ലാവിധ ആശംസകളും/......

  ReplyDelete
 16. asamsakal.aksharangal iniyum padaratte

  ReplyDelete

Leave your comment