ചിരിപ്പൊട്ടുകൾ
സോക്രട്ടീസ്.കെ.വാലത്ത്
ഓരോരോ വീഴ്ചകൾ
കാലം എൺപതു-കൾ. മദ്ധ്യകേരളത്തിലെ ഒരു സുകുമാര കലാകേന്ദ്രം. സമസ്ഥകലകളുടെയും വിശിഷ്യാ ചിത്രകലയുടെയും ഉദ്ധാരണത്തിനായി ഉണ്ടാക്കപ്പെട്ട പ്രസ്ഥാനം. അക്കാലത്ത് ഇതൊരു ഭേദപ്പെട്ട ബുദ്ധിജീവി ഉൾപ്പാദനകേന്ദ്രം കൂടിയായിരുന്നു. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, ചോളമണ്ഡലം, ഹംപി, കൊൽക്കത്ത, ദില്ലി തുടങ്ങിയ ബൗദ്ധികകേന്ദ്രങ്ങളിലേക്ക് ബൾക്കായി ബുദ്ധിജീവികളെ കയറ്റിയയച്ചിരുന്നത് ഇവിടുന്നത്രേ. പെയിന്റിംഗ് എക്സിബിഷൻ, കാവ്യസന്ധ്യ, സിനിമാ ചർച്ച, തെയ്യം, തുള്ളൽ, തനതുനാടകം തുടങ്ങി അവിടെ നടമാടാത്തതായി യാതൊന്നുമില്ലാത്ത ആ നാളുകളിൽ ഒരു ദിവസം-
ബുദ്ധിജീവികളുടെ ഗുരുവും വഴികാട്ടിയുമായ ഒരു പ്രശസ്ത കവി സ്വന്തം കവിത അവതരിപ്പിക്കുന്നു. സകലമാന ബുദ്ധിജീവികളും അവിടേയ്ക്ക് ഇരമ്പിയെത്തുന്നു. ബുദ്ധന്മാർ തിങ്ങി നിറഞ്ഞ് മുട്ടിയുരുമ്മി വീർപ്പുമുട്ടിയപ്പോൾ തനതു ചാക്കുജുബ്ബകളിൽ നിന്നും, വെള്ളം കാണാത്ത പഷ്ണിത്താടികളിൽ നിന്നും ഉയർന്ന സുഗന്ധം എറണാകുളം- കലൂർ മാർക്കറ്റുകളിലെ ഈച്ച-കാക്ക-പരുന്തുകളെയൊക്കെ സംയുക്തമായി ടി.സ്ഥലത്തേക്ക് അതിവേഗം അടുപ്പിച്ചുകൊണ്ടിരിക്കുന്നു.
കവി തന്റെ ഹിറ്റ് ഐറ്റം നീട്ടി ചൊല്ലാൻ തുടങ്ങി. മൊത്തം സൈലൻസ്. കവിമുഖത്തു നട്ട കണ്ണുകളുമായി കൊത്തിവെച്ച പോലിരിക്കുന്നു ബുദ്ധിജീവികൾ. ഒരു ബുദ്ധിയുടെ വാ പൊളിഞ്ഞിരിക്കുന്നു. വിസ്മയം കൊണ്ടല്ല. അറിയാതെ വന്നു കയറിയൊരു കോട്ടുവാ അതേപടി പിടിച്ചു നിർത്തിയതാണ്. മറ്റൊരു ബുദ്ധൻ ചുണ്ടത്തു വെച്ച ദിനേശനെ കത്തിക്കാൻ മറന്ന് തീപ്പെട്ടിയും പിടിച്ചിരിക്കുന്നു. വേറൊരു ബുദ്ധികൾ സിദ്ധി കൂടിയ മട്ടിൽ കണ്ണുകൾ കൂമ്പിയടച്ചിരിക്കുന്നു.
പോസുകളങ്ങനെ പലത്.
കൂട്ടത്തിൽ മികച്ച നടനുള്ള ഭരത് കിട്ടാൻ യോഗ്യതയുള്ള പീസാണ് മുൻനിരയിൽ ഹാജർ കൊടുത്തിട്ടുള്ള നമ്മുടെ കഥാനായകൻ. ആളുപദ്രവം ഇല്ലാത്ത ഒരു അരക്കവിയായിട്ടാണ് അതുവരെ കരുതപ്പെട്ടിരുന്നത്. ഉള്ളുകൊണ്ട് മൂപ്പർ ഒരു കാൽ-പനികനും ആയിരുന്നു.
ഊശാന്താടിയിൽ ഊന്നിയ കൈയ്യും മൂക്കിലേക്ക് വീണിറങ്ങിയ ഗാന്ധികണ്ണടയുമായി കക്ഷി, മഹാ-കവിയുടെ വായിൽ നിന്നു കുതിച്ചു ചാടുന്ന കവിതയുടെ ഗതിവിഗതികളിൽ സ്വയം നഷ്ടപ്പെട്ട് വശായിരിക്കുകയാണ്. ഈ ആസ്വാദക മുഖത്തു നിന്നു പകർന്നു കിട്ടിയ ഊർജ്ജത്താലാവണം കവിയങ്ങു കേറി കൊളുത്തി. കൊളുത്തി കൊളുത്തി ഒടുക്കം കവിത തീർന്ന പാടേ നമ്മുടെ അരക്കവി വേദിക്കും ഓഡിയൻസിനും നടുവിലെ ഗ്യാപ്പിലേക്ക് വെട്ടിയിട്ട തടി പോലെ ഒറ്റവീഴ്ച.
സഹബുദ്ധികൾ ഓടിയെത്തി വാരിയെടുത്തു. അനക്കമില്ല. അദ്ദിവസം വരെ ഉണ്ടെന്നു പൊതുവേ കരുതപ്പെട്ടിരുന്ന അൽപം ബോധവും- നഷ്ടമായിരിക്കുന്നു. കഷ്ടം. ഗുരുവരനായ കവി അമ്പരാസ്ഡ്! ആൾ തട്ടിപ്പോയിരിക്കുന്നു. കാരണമായിരിക്കുന്നത് തന്റെ കവിതയാകുന്നു. ഐ.പി.എസ് സെക്ഷൻ..? എത്രയെങ്കിലുമാട്ടെ, മുങ്ങുക തന്നെ.
- ഭാഗ്യം അരക്കവി കണ്ണു തുറന്നു. എഴുന്നേറ്റ് ഗുരുകവിയുടെ കൈകളിൽ പിടിച്ച് ഭക്തിയോടെയും മറ്റുള്ളവരോടായി അഭിമാനത്തോടെയും കാച്ചി:
"ഹൊ. മാഷിന്റെ കവിതേടെ ഫീലിംഗിൽ ഞാനാകെ ഓഫായിപ്പോയി..."
ഗുരുകവിക്ക് കോൾമയിർ. അദ്യം അവനെ കെട്ടിപ്പിടിക്കുന്നു. അടിമുടി വെഞ്ചരിക്കുന്നു.
-ഛെടാ- ഗുരുപൂജയിൽ അവൻ തങ്ങളെ കടത്തി വെട്ടിയതിന്റെ അരിശത്തോടെ ഇതര ബുദ്ധിജീവികൾ പരസ്പരം നോക്കി. വാശിക്ക്, അന്നിമിഷം തന്നെ ചാർത്തിക്കൊടുത്തു ഒരു ഇരട്ടപ്പേര് - 'വീണകവി'.
O
This comment has been removed by the author.
ReplyDeleteകൃത്യമായി വേദിക്കും ഓഡിയൻസിനും നടുവിലെ ഗ്യാപ്പിലേക്ക് തന്നെ വീഴുക അല്പം ശ്രമകരമാണ്, പ്രത്യേകിച്ചു പരിക്കുകള്‍ ഒന്നും ഇല്ലാതെ . വീണകവി has made my day :-)
ReplyDeleteKOLLAAM....KOLLAAM.....
ReplyDelete.........തേടെ ഫീലിംഗിൽ ഞാനാകെ ഓഫായിപ്പോയി..."
ReplyDelete'വീണകവി' നന്നായിട്ടുണ്ട് ട്ടോ... :)
ReplyDelete:)
ReplyDelete