Saturday, July 21, 2012

തിരുവനന്തപുരത്തെ ഇരുട്ട്‌

കഥ
വിനോദ്‌ ഇളകൊള്ളൂർ











      നേരം സന്ധ്യയോടടുക്കുന്നു. കുമാരന്റെ ചായക്കടയിൽ നാലഞ്ചുപേരുണ്ട്‌. കുമാരൻ അവർക്കുള്ള ചായ വീശി പാകമാക്കുന്നു. കുമാരന്റെ ഭാര്യ മീനാക്ഷി അടുക്കളയിൽ നാളെ കാലത്തേക്ക്‌ ദോശയ്ക്കുള്ള ഉഴുന്ന് വെള്ളത്തിലിടുന്നു. എല്ലാ വൈകുന്നേരവും കുമാരന്റെ ചായക്കടയിൽ കാണപ്പെടാറുള്ള ഇത്തരം പതിവുദൃശ്യങ്ങൾ മുറതെറ്റാതെ ഈ വൈകുന്നേരവും സംഭവിച്ചു കൊണ്ടിരിക്കുന്നു.

പണ്ടെങ്ങോ പഴങ്ങളുണ്ടായിരുന്നതിന്റെ ഗൃഹാതുരത അയവെട്ടി വാഴക്കുലകളുടെ ഉണങ്ങിക്കരിഞ്ഞ കാളാമുണ്ടങ്ങൾ മച്ചിലെ കയറിൽ ചുരുണ്ടുകിടന്നു. എണ്ണമയത്തിൽ നിത്യവും കുതിരുന്ന അലമാര വെള്ളെഴുത്തു വീണ ചില്ലുകളിലൂടെ വടയും ബോണ്ടയും തന്നാലാവും വിധം പ്രദർശിപ്പിച്ചുകൊണ്ടിരുന്നു. ചെളിപുരണ്ട കറുത്ത ഡെസ്കുകളും ബഞ്ചുകളും നാണത്തോടെ നടുവളച്ചു കിടന്നു. പട്ടയമില്ലാതെ കാലങ്ങളായി തങ്ങൾ അനുഭവിച്ചു പോരുന്ന എലുകകളിലൂടെ ഉറുമ്പുകളുടെ നീണ്ടനിര തിരക്കിട്ടു നീങ്ങുന്നു. ചെളിവെള്ളം കെട്ടികിടക്കുന്ന അടുക്കളമുറ്റത്ത്‌ കാക്കകളുമായി പോരിന്‌ തുനിയുന്ന കൊടിച്ചിപ്പട്ടിക്ക്‌ നേരെ മീനാക്ഷി വിറകുകൊള്ളി എറിയുന്നു. എല്ലാം ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകൾ തന്നെ.

കുമാരൻ ചായ അടിച്ചു കഴിഞ്ഞിരുന്നു. തിരിച്ചും മറിച്ചും മറിച്ചും തിരിച്ചുമുള്ള ശക്തമായ അടികളേറ്റ്‌ നീരുവന്നു വിങ്ങിയതു പോലെ പതഞ്ഞുനേണ ചായയിലേക്ക്‌ വിരലുകൾ വീഴ്ത്തി ഗ്ലാസുകളെടുത്ത്‌ കുമാരൻ ഡസ്കിന്മേൽ ഉച്ചത്തിൽ വെച്ചു. വർത്തമാനം പറഞ്ഞുകൊണ്ടിരുന്നവർ ഗ്ലാസെടുത്ത്‌ ചുണ്ടോടു ചേർക്കുമ്പോൾ കടയ്ക്കു മുന്നിൽ വലിയൊരു ഒച്ച കേട്ടു.

ഓടിക്കിതച്ചുവന്ന ഒരു കാർ കലുങ്കിൽ തട്ടി പാടത്തേക്ക്‌ തലകുത്തനെ വീണതിന്റെ ഒച്ചയായിരുന്നു അത്‌. കുമാരനും കടയിലും പരിസരത്തും ഉണ്ടായിരുന്നവരും പരിഭ്രാന്തിയോടെ അങ്ങോട്ടോടി. തകർന്നു തരിപ്പണമായ കാറിൽ നിന്ന് അവർ ഒരു ചെറുപ്പക്കാരനെ പുറത്തെടുത്തു. ചോരവാർന്ന് ബോധം കെട്ടുകിടക്കുന്ന അയാളെ  ഇനിയെന്തു ചെയ്യണമെന്നറിയാതെ അവർ പരസ്പരം നോക്കി നിൽക്കേ, കാഴ്ച കാണാൻ ബ്രേക്കിട്ട ഓട്ടോ ഡ്രൈവർ രാജേന്ദ്രനോട്‌ കുമാരൻ പറഞ്ഞു - "വണ്ടി തിരിക്കെടാ, ആശുപത്രീലോട്ട്‌ പോണം."

ചോരയിൽ കുതിർന്ന ചെറുപ്പക്കാരന്റെ മൃതപ്രായമായ ശരീരം കുമാരൻ കോരിയെടുത്തു കൊണ്ടുവരുന്നത്‌ കണ്ട്‌ രാജേന്ദ്രൻ അസ്വസ്ഥതയോടെ പറഞ്ഞു- "കുമാരേട്ടാ, പോലീസിലറിയിക്കുന്നതാ ബുദ്ധി ..."

ചെറുപ്പക്കാരനെ ഓട്ടോയിലേക്ക്‌ കിടത്തി കുമാരൻ വെറുളിയെടുത്തു- "മനുഷ്യൻ ചാവാൻ കിടക്കുമ്പോഴാ, പോലീസും പട്ടാളോം."

ഓട്ടോറിക്ഷയിലേക്ക്‌ കയറി ചെറുപ്പക്കാരന്റെ  തല മടിയിലേക്ക്‌ എടുത്തുവെച്ച്‌ കുമാരൻ പുറത്തേക്ക്‌ നോക്കി വിളിച്ചു ചോദിച്ചു - "ആരെങ്കിലും വരുന്നുണ്ടോ?"

എല്ലാവരും പരസ്പരം നോക്കി ആ ചോദ്യം നിശ്ശബ്ദം ആവർത്തിക്കേ, അയാൾ രാജേന്ദ്രനോട്‌ നിർദ്ദേശിച്ചു- "നീ ആശുപത്രീലോട്ട്‌ വിട്‌"

ലൈറ്റിട്ട്‌ ഹോൺ മുഴക്കി ഓട്ടോറിക്ഷ പായാൻ തുടങ്ങുമ്പോൾ കടയിലേക്ക്‌ നോക്കി കുമാരൻ വിളിച്ചു പറഞ്ഞു- "മീനാക്ഷിയേ, ഞാൻ കൊറച്ച്‌ താമസിക്കും..."

ഓട്ടോറിക്ഷയുടെ പറക്കലിൽ, സീറ്റിൽ നിന്ന് വേച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ ശരീരത്തെ കുമാരൻ കുറേക്കൂടി ഇറുകെപ്പിടിച്ചു.


2


നേരം രാത്രിയോടടുത്തു.
പത്തനാപുരം ഗവൺമെന്റ്‌ ആശുപത്രിയുടെ മുറ്റത്തെ രോഗാതുരമായ അന്തരീക്ഷത്തിലേക്ക്‌ രാജേന്ദ്രന്റെ ഓട്ടോറിക്ഷ മരണവെപ്രാളത്തോടെ പാഞ്ഞെത്തി നിന്നു. കുമാരൻ ചാടിയിറങ്ങി വിളിച്ചു പറഞ്ഞു- "വണ്ടി മറിഞ്ഞതാ.."

അറ്റൻഡർമാർ തിടുക്കപ്പെട്ട്‌ ചെറുപ്പക്കാരനെ സ്ട്രെച്ചറിൽ കിടത്തി അത്യാഹിതവിഭാഗത്തിലേക്ക്‌ ഓടി. അവർക്ക്‌ പിന്നാലെ പുറപ്പെട്ട കുമാരനെ തോണ്ടി വിളിച്ച്‌ മാറ്റി നിർത്തി രാജേന്ദ്രൻ പറഞ്ഞു - "നമുക്ക്‌ പോയേക്കാം കൊച്ചാട്ടാ. പുലിവാല്‌ പിടിക്കുന്ന കേസാ. ഇനി ആശുപത്രിക്കാര്‌ നോക്കിക്കോളും."

കുമാരൻ പൊട്ടിത്തെറിച്ചു-"പോടാ കഴുവേറടമോനേ. നിനക്ക്‌ ഇത്ര മനുഷ്യത്വമില്ലാതായല്ലോ. നിന്നേപ്പോലൊരു ചെറുപ്പക്കാരനല്ലിയോ അതും. നിനക്കുമുണ്ടല്ലോ വണ്ടീം വള്ളവുമൊക്കെ. ഒന്നു കണ്ണുതെറ്റിയാ ഇതാ ഗതിയെന്നോർത്തോണം ... "

രാജേന്ദ്രൻ പരുങ്ങിപ്പറഞ്ഞു- "അതല്ല കൊച്ചാട്ടാ. തൊന്തരവ്‌ പിടിച്ച കേസാ. കൊച്ചാട്ടൻ പറഞ്ഞതുകൊണ്ടാ ഞാനിത്‌ വണ്ടിയേൽ കയറ്റിയത്‌."

"നിനക്ക്‌ വയ്യെങ്കി നീ നിന്റെ പാട്ടിന്‌ പോടാ..." എന്നു പറഞ്ഞ്‌ കുമാരൻ അത്യാഹിത വിഭാഗത്തിലേക്ക്‌ ഓടി.

ഒരു നിമിഷം ആലോചിച്ച്‌ നിന്ന ശേഷം രാജേന്ദ്രൻ വണ്ടി തിരികെ വിട്ടു.

അത്യാഹിതവിഭാഗത്തിലെ തിരക്കിലൂടെ ഊളിയിട്ട്‌ നടക്കുന്ന കുമാരനെ അറ്റൻഡർ തോണ്ടി വിളിച്ചു. "താനല്ലേ ആ പയ്യനെയും കൊണ്ടുവന്നത്‌ ..."

"എങ്ങനൊണ്ട്‌ സാറേ. ചോര കൊറേപ്പോയതാ ..." കുമാരൻ ചോദിച്ചു.

"സ്വൽപം സീരിയസാ. മെഡിക്കൽ കോളേജിലോട്ട്‌ റഫറ്‌ ചെയ്തിട്ടുണ്ട്‌..."

കുമാരൻ വല്ലാതെ കലങ്ങിപ്പോയി. നെഞ്ചത്ത്‌ തൊട്ട്‌ അയാൾ പതം പറഞ്ഞു - "കഷ്ടമായല്ലോ ഭഗവാനേ. ആദ്യമായിട്ടാ എന്റെ കടയ്ക്കു മുന്നിൽ ഇങ്ങനൊരു സംഭവം. അതും ചോരേം നീരുമുള്ള ചെറുപ്പക്കാരൻ ..."

"ആംബുലൻസുണ്ട്‌. താൻ വാ..." അറ്റൻഡർ നടന്നു. വെപ്രാളത്തോടെ കുമാരൻ പിന്നാലെ പുറപ്പെട്ടു.


3


വൈകിയ രാത്രിനേരത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ മുകളിൽ സൂര്യൻ അസ്തമിച്ചിട്ടില്ലല്ലോയെന്ന് കുമാരൻ വിസ്മയിച്ചു. വെളിച്ചത്തിന്‌ ഇങ്ങനെയും ഇരുട്ടിനെ തിന്നു തീർക്കാൻ കഴിയുമോ എന്നായിരുന്നു അയാൾ സംശയിച്ചത്‌. തന്റെ ചായക്കടയ്ക്ക്‌ മുന്നിലെ വഴിവിളക്ക്‌ അതിന്‌ ആകാവുന്ന മഞ്ഞവെളിച്ചം മുഴുവൻ വീഴ്ത്തിയിട്ടും ആ ചെറുവട്ടത്തിനപ്പുറം ഇരുട്ട്‌ പതുങ്ങി നിൽക്കാറുണ്ടല്ലോയെന്ന് കുമാരൻ ഓർത്തു. ഓപ്പറേഷൻ തീയേറ്ററിന്‌ പുറത്തെ നീളൻവരാന്തയുടെ മൂലയിലിരുന്ന് കുമാരൻ കോട്ടപ്പാറയപ്പൂപ്പന്‌ മൂന്നാമതും ഒരു കോഴിയെ നേർന്നു. അകത്തേക്ക്‌ കൊണ്ടുപോയ ചെറുപ്പക്കാരനെ നേരം ഏറെ കഴിഞ്ഞിട്ടും പുറത്തുകണ്ടില്ല. ഉറക്കം കണ്ണുകളിൽ തൂങ്ങിയാടാൻ തുടങ്ങിയപ്പോൾ രക്തക്കറ പുരണ്ട തോർത്ത്‌ വരാന്തയിൽ വിരിച്ച്‌ കുമാരൻ കിടന്നു. ഇടയ്ക്കൊന്ന് ഞെട്ടിയുണർന്ന് അയാൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. മുന്നിലൂടെ തിരക്കിട്ടുപോകുന്നവർക്കിടയിൽ നിന്ന് നേരത്തേ കണ്ട ഒരു നഴ്സിനോട്‌ അയാൾ ചോദിച്ചു - "പത്തനാപുരത്തൂന്ന് കൊണ്ടുവന്ന ആ പയ്യന്‌ എങ്ങനൊണ്ട്‌ സാറേ "

"വാർഡിലോട്ട്‌ മാറ്റി. അയാളുടെ ബന്ധുക്കളൊക്കെ വന്നിട്ടുണ്ട്‌..." നഴ്സ്‌ ചൂണ്ടിക്കാട്ടിയ മുറിയിലേക്ക്‌ കുമാരൻ നടന്നു. പാതി ചാരിയിരുന്ന വാതിലിലൂടെ എത്തിനോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്ന ചെറുപ്പക്കാരനെ ഭാഗികമായി കാണാമായിരുന്നു. അവൻ ആരോടോ സംസാരിക്കുകയായിരുന്നു.

"എന്റെ കോട്ടപ്പാറ അപ്പൂപ്പാ" എന്ന് നിശ്വസിച്ച്‌ കുമാരൻ പുറത്തേക്ക്‌ നടന്നു.


4


കെ.എസ്‌.ആർ.ടി.സി ബസിന്റെ പിൻസീറ്റിൽ ചാരിയിരുന്ന് ഉറങ്ങുകയായിരുന്ന കുമാരനെ തട്ടിവിളിച്ച്‌ കണ്ടക്ടർ ചോദിച്ചു - "എങ്ങോട്ടാ, ടിക്കറ്റെടുത്താട്ടെ..."

കുമാരൻ ഉറക്കത്തിൽ നിന്നുണർന്ന് ചുറ്റും നോക്കി. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. മെഡിക്കൽ കോളേജിനു മുന്നിലൂടെ വന്ന ബസിൽ പത്തനാപുരം എന്ന ബോർഡ്‌ കണ്ട്‌ ഓടിക്കയറിയതും ഇരുന്നപാടെ ഉറങ്ങിപ്പോയതും അയാൾക്ക്‌ ഓർമ്മ വന്നു.

"ടിക്കറ്റ്‌ പറഞ്ഞാട്ടെ..." എന്ന് കണ്ടക്ടർ പിന്നെയും ധൃതി കൂട്ടി. കുമാരൻ കൈലിമുണ്ടിന്റെ തെറുത്തുവെച്ച മടി പരതി. അവിടം ശൂന്യമായിരുന്നു. അയാൾ കണ്ടക്ടറെ നോക്കി മഞ്ഞളിച്ചു ചിരിച്ചു. അപ്പോഴാണ്‌ കണ്ടക്ടർ ചോര ഉണങ്ങിയ പാടുകളുള്ള കുമാരന്റെ വേഷം ശ്രദ്ധിച്ചത്‌.

"താൻ ആരെയെങ്കിലും കൊന്നിട്ടു വരുവാന്നോടോ?" എന്ന ചോദ്യത്തിനു പിന്നാലെ യാത്രക്കാർ ഒന്നടങ്കം കുമാരനെ തുറിച്ചു നോക്കാൻ തുടങ്ങി.

കുമാരൻ ഒരു വിശദീകരണത്തിന്‌ തുനിയുന്നതിന്‌ മുമ്പ്‌ കണ്ടക്ടർ ബെല്ലടിച്ചു. തൊട്ടുപിന്നാലെ യാത്രക്കാരുടെ പിറുപിറുപ്പ്‌ ഉച്ചത്തിലായി.

തനിക്ക്‌ മുന്നിലെ കൊടുംവളവിലേക്ക്‌ അപ്രത്യക്ഷമായ ബസിന്റെ വെളിച്ചം അറ്റതോടെ കുമാരൻ ഇരുട്ടിന്റെ കാട്ടുപൊന്തയിൽ തനിച്ചായി. കണ്ണുകൾ ആകാവുന്നത്ര തുറിപ്പിച്ചിട്ടും അയാൾക്ക്‌ ഒന്നും വ്യക്തമായില്ല. ഏതു നട്ടപ്പാതിരയ്ക്കും കണ്ണുകളിങ്ങനെ തുറിപ്പിച്ച്‌ വഴി കണ്ടെത്തി താൻ നാട്ടിലൂടെ എത്രയോ തവണ നടന്നിട്ടുണ്ടെന്ന് അയാൾ ഓർത്തു.

ഓരോ നാട്ടിലും ഇരുളും വെളിച്ചവും ഓരോ തരത്തിലായിരിക്കുമെന്ന് അയാൾ വിചാരിച്ചു.


O


PHONE : 9447779152



7 comments:

  1. വഴി അറിയാവുന്ന ഒരാളും വഴി തെറ്റിക്കുന്ന പലരും ..കഥ ഇഷ്ടപ്പെട്ടു .

    ReplyDelete
  2. മനുഷ്യനായി ജീവിക്കാൻ വല്യ പാടാണു...

    നന്നായ്പ്പറഞ്ഞു

    ReplyDelete
  3. അതെ. ഉപകാരം ചെയ്താലും ഉപദ്രവം ആയിട്ട് കാണുന്നവരുടെ ലോകം.

    ReplyDelete
  4. ഇരുളും വെലിച്ചവും ആപേക്ഷികമാണ്. പലയിടത്തും ,പല തരത്തിൽ.........

    നല്ലൊരു കഥ വായിച്ചു......

    ReplyDelete
  5. മനുഷ്യത്വം മരിച്ചിട്ടില്ലാ എന്നോര്മപ്പെടുത്തുന്നു. ഒരു നല്ല കഥ...നന്നായി എഴുതി...ആശംസകള്‍...

    ReplyDelete
  6. അതെ നല്ല കഥ.കുമാരന്മാര്‍ക്ക് നില നില്‍പ്പില്ലാത്ത ലോകം .

    ReplyDelete
  7. ഓരോ നാട്ടിലും ഇരുളും വെളിച്ചവും ഓരോ തരത്തിലാണ്... സത്യം.. അഭിനന്ദനങ്ങള്

    ReplyDelete

Leave your comment