കവിത
സുലോജ് മഴുവന്നിക്കാവ്
എന്റെ കവിതയിൽ നിന്നും
അനാഥന്റെ കരച്ചിൽ നീ കേൾക്കുന്നുവെങ്കിൽ
വാതിലുകൾ കുറ്റിയിട്ട്,
അകമുറികളുടെ
ഭിത്തിയിൽ പതിക്കാതെ പോയ
എന്റെ ചിത്രത്തിൽ
നിന്റെ
തേങ്ങൽ അലങ്കരിച്ചു വെക്കുക.
കൺവെട്ടത്ത് ഒറ്റപ്പെടാതെ അത് നിലകൊള്ളട്ടെ.
എന്റെ കവിതയിൽ നിന്നും
ഭ്രാന്ത് കുടിച്ചവന്റെ
അട്ടഹാസം കേൾക്കുന്നുവെങ്കിൽ
നീയൊരു വേദനയുടെ
തുടലാകുക.
അവസാന അലർച്ചയിലും
നീ തന്ന വേദനയാണ് എന്നറിയാതെ
കിതച്ചൊടുങ്ങട്ടെ അത്.
അത്രയെങ്കിലും നീ തിരികെ നൽകുക.
എന്റെ കവിതയിൽ നിന്നും
സർക്കാർ ആശുപത്രിയുടെ
മണം വമിക്കുന്നുവെങ്കിൽ
ഓർക്കുക
സമസ്തരോഗങ്ങളുടെയും
തടവുകാരൻ
അവിടെ ഒരു വിഷസൂചിയെ
സ്വപ്നം കാണുന്നുണ്ട് എന്ന്.
നിന്റെ കണ്ണുകൾ അടച്ചുകൊള്ളുക.
എന്റെ കവിതയിൽ
നിന്നും
കുരുന്നുകളുടെ പ്രാർത്ഥന
കേൾക്കുന്നുണ്ടെങ്കിൽ
അകലെയെവിടെയോ മരങ്ങളിൽ
മൗനം സ്വയം
തൂങ്ങിക്കിടക്കുന്നുവെന്ന്...
ആർക്കും ആരും പകരമല്ലെന്നു
പിന്നെയും പറയുക.
എന്റെ കവിതയിൽ നിന്നും
മരങ്ങൾ വളർന്നു വന്ന്
ചില്ലകൾ കൊണ്ട് നിങ്ങളെ
തൊട്ടാൽ
ഒരു മൂർച്ചയുടെ പീഡനം
അടിത്തട്ടിൽ
ഒളിപ്പിച്ചിട്ടുണ്ടെന്ന്
അറിയുക.
ഒറ്റനോട്ടത്തിൽ കാണുന്ന കാഴ്ചയ്ക്ക്
കാഴ്ചയില്ലെന്നറിയുക.
എന്റെ കവിതയിൽ നിന്നും
അടിത്തട്ടു കാണാത്ത ഒരു നദി
ഒഴുകുന്നുണ്ടെങ്കിൽ
അടിത്തട്ടിലെത്താൻ
മാത്രം ആഴമില്ലെന്ന് നിനയ്ക്കുക.
ആഴമെന്നത് ഒരു മിത്താണ്, തിരിച്ചറിയുക.
എന്റെ കവിതയിൽ നിന്നും
അവിശ്വസനീയമായി
നിശ്ശബ്ദത
ഇറങ്ങിവന്നാൽ
തീരുമാനിക്കുക
ഒരു കവിതയുടെയും
കടമില്ലാതെ
ഒരു ചിറകൊച്ച
പരിഭവങ്ങൾ പൊഴിച്ചിട്ടു
തിരിച്ചുപോയെന്ന്..
സമാധാനം നിങ്ങളുടെ കൂടെ ..!
O
ishtam.
ReplyDeleteസന്തോഷം ..സ്നേഹം ....
ReplyDeleteസുലോ...നല്ല കവിത. അനുവാചകന്റെ കവിത .അവന്‍ വായിച്ചോട്ടെ...
ReplyDelete