( എ.അയ്യപ്പന് )
![]() |
ഇടക്കുളങ്ങര ഗോപന്‍ |
മഴമേഘങ്ങളേ, കണ്ടുവോ,
ജാലകപ്പഴുതിലൂടാരോ തിരയുവതെപ്പോഴും?
വഴിവിളക്കെല്ലാം തെളിയിച്ച സന്ധ്യയില്‍;
ഒരു നിഴല്‍മാറ്റത്തിന്‍ പദസ്വനം കേട്ടുവോ?
മുടിയിഴകള്‍ കോതിയൊതുക്കാതെ,
രാത്രികളിലൊന്നുമുറങ്ങാതെ,
കാലത്തിന്‍റെ നാല്‍ക്കവലയില്‍-
വന്നു നില്‍ക്കുന്നൊരാള്‍.
അവനിലൊരു ക്രൂശിതന്‍,
കാരുണ്യമെവിടെയെന്നാരോടെന്നില്ലാതെ
ചിരിച്ചു ചോദിക്കുന്നു.
ഹൃദയം പിളര്‍ക്കുന്ന വാക്കായ്,
വചന ഘോഷങ്ങളില്‍ നിന്നു ജ്വലിക്കുന്നു.
ഇടയിലൊരു കാല്‍ തളര്‍ന്നാടുമായെത്തി,
വിരക്തരോടാരാഞ്ഞു.
" എവിടെ സ്നേഹത്തിന്‍റെ സങ്കീര്‍ത്തനങ്ങള്‍?"
തിരക്കിട്ടു പെയ്യുന്ന വാഹനപ്പെരുക്കത്തില്‍,
ഒതുക്കത്തിലക്കരെയെത്തുവാന്‍
കീറിത്തുടങ്ങിയ മുണ്ടില്‍ പിടിച്ചവന്‍
ചാരെ,നില്‍ക്കുന്നു; നഗരമധ്യത്തിലായ്
കരള്‍ കവര്‍ന്നെടുത്ത കുറഞ്ഞ മദ്യത്തിന്‍റെ-
ലഹരിയിലാണ്
ഒരിറക്കുകൂടിയെന്നാരോടോ പുലഭ്യം; ചെറു ചിരി-
ഇവിടെ കാപട്യത്തിന്‍റെ കവികള്‍,
കറുത്ത വസ്ത്രം മൂടി നടക്കുന്നു.
കാലമേ, ഇവനു നീ മാത്രം കാവലാളാവുക.
നട്ടുച്ച നേരത്തു പത്രാധിപനോടു
പത്തു രൂപാ നീ കടം വാങ്ങി.
മുറ്റത്തു നിന്നു വിറയ്ക്കാതെ,
തൊട്ടടുത്തുള്ള കടയിലെ ദ്രാവകം
മൊത്തിക്കുടിച്ചു വിയര്‍ത്തു നില്‍ക്കുമ്പോഴും
കത്തിക്കയറും കവിതയെ-
ചുറ്റിപ്പിടിച്ചു പുണര്‍ന്നു നില്‍ക്കുന്നുവോ?
പൊട്ടിക്കരയാതെ വാക്കുകള്‍ക്കുള്ളില്‍
മുറിവുണക്കാതെ നീ
വ്രണിത ബോധത്തിന്‍റെ സങ്കടപ്പെരുമയിലേക്കു-
വരച്ചു ചേര്‍ക്കുന്നുവോ?
O
( ഡോ.കെ.ദാമോദരന്‍ സ്മാരക കവിതാപുരസ്ക്കാരം നേടിയ 'കണ്ണാടി നോക്കുമ്പോള്‍' എന്ന കവിതാസമാഹാരത്തില്‍ നിന്ന് )
Phone - 9447479905