Sunday, March 11, 2012

നഷ്ടസ്വപ്നങ്ങൾ

കഥ
ജോസെലെറ്റ്‌.എം.ജോസഫ്‌










          ചന്ദ്രന്‍ എനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ്. "മിത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ തെളിയുന്നത് അവന്‍റെ മുഖമാണ്. രാവിലെ എണീറ്റ്‌ ടൂത്ത്‌ ബ്രഷുമായി വീടിന്‍റെ വേലി കടന്നാല്‍ പിന്നെ അവനോടൊപ്പമുള്ള ഒരു ദിവസം തുടങ്ങുകയായി. എന്നും സ്കൂളില്‍ പോകുന്നതിനു മുന്‍പുള്ള കുളി കഴിഞ്ഞു തോട്ടില്‍ നിന്നു കയറണമെങ്കില്‍ വീട്ടില്‍ നിന്നാരെങ്കിലും ചൂരലുമായി വരണം.

"കന്നു വെള്ളത്തിലിറങ്ങിയാല്‍പോലും ഇത്രയും കലങ്ങില്ലല്ലോടാ, കുറുന്തൈര് പോലായി വെള്ളം. കേറിവാ ഇങ്ങോട്ട് !"

നിത്യവും കേട്ടുപതിഞ്ഞ ശകാരം! എങ്കിലും ഒരു മാറ്റവുമില്ല. കുളി ഒരാഘോഷമാണ്. ചന്ദ്രന്‍ ഓട്ടത്തില്‍ കേമനായതുകൊണ്ട് മഷിയിട്ടു നോക്കിയാല്‍ പോലും പിന്നെ അവനെ കാണില്ല. അടുത്ത കടവിലേക്ക് മുങ്ങാംകുഴിയിട്ടു മറുകരയില്‍ നിക്കറുപേക്ഷിച്ച് അവന്‍ ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല. നനഞ്ഞ കാലില്‍ വന്നു വീഴുന്നത്‌ വള്ളുന്ന ചൂരലോ പേരക്കമ്പോ അതോ കൊന്നപ്പത്തലോ എന്നു നോക്കാനാവും മുന്‍പ് കണ്ണില്‍ നിന്നു പൊന്നീച്ച പറന്നിരിക്കും. കരഞ്ഞു കാറിക്കൊണ്ട് ഞാന്‍ ഓടുമ്പോള്‍ കൈത മറവില്‍ പതുങ്ങിയിരിക്കുന്ന അവനെ കണ്ണീരാല്‍ മങ്ങിയ എന്‍റെ ഇമകള്‍ തിരയാറുണ്ട്. 


ഇനി സ്കൂളിലേക്കുള്ള യാത്രയാണ്‌. ആഞ്ഞു നടന്നാല്‍ നാല്പത്തഞ്ചു മിനിട്ടുണ്ട് ദൂരം. അതാതു ദിവസത്തെ കുളിയുടെ സമയമാണ് നടപ്പിന്‍റെ വേഗത നിശ്ചയിക്കുന്നത്. എന്‍റെ പുസ്തകവും ചോറ്റുപാത്രവും ചെറിയ അലുമിനിയംപെട്ടിയിലാണ്. ചന്ദ്രന്‍റെ സാമഗ്രികള്‍ തോളിലെ തുണി സഞ്ചിയിലും. കാക്കത്തെറ്റാലി, കല്ലുവട്ട്, റബര്‍പന്ത്‌, കണ്ണിമാങ്ങ എന്നുവേണ്ട അതിലില്ലാത്ത സാധനങ്ങളില്ല. അച്ഛന്‍ ചായക്കട നടത്തുന്നതുകൊണ്ട് ആ വിഭവങ്ങള്‍ ഒക്കെ തന്നെയാണ് അവന്‍റെ തൂക്കുപാത്രത്തിലും. വീട്ടിലെ കറികളെക്കാളും എനിക്കിഷ്ടം അവന്‍റെ പാത്രത്തിലെ രുചികളാണ്.


ചായക്കടയും പരിസരവും എപ്പോഴും മുതിര്‍ന്നവരുടെ വിഹാരകേന്ദ്രമായതിനാല്‍ കുട്ടികള്‍ തെല്ലകന്നേ നില്‍ക്കൂ. ചന്ദ്രന്‍റെ അച്ഛന്‍ കമ്യുണിസ്റ്റാണ്. പരപരാ വെളുപ്പിനെ ദോശയുടെ അരിമാവിനൊപ്പം പത്രം അരച്ചു കലക്കി, അന്നത്തേക്കു  വിളമ്പാന്‍ ഉള്ളില്‍ ആശയം സ്വരൂപിച്ചുവച്ച് അദ്ദേഹത്തിന്‍റെ മുഖം തെല്ലു ഗൗരവപ്രകൃതമായിപ്പോയി.  "ഇവിടെ രാഷ്ട്രിയം പറയരുത് " എന്ന് കരിപിടിച്ച ഭിത്തിയില്‍ വെളുത്ത ചോക്കുകൊണ്ട് എഴുതിവെച്ചിട്ടുണ്ടെങ്കിലും വെറുമൊരു ചായ കുടിക്കാന്‍ വരുന്നവരെ ബ്രേക്ക്ഫാസ്റ്റിലേക്കും പിന്നെ പത്തുമണിക്കുള്ള 'ചെറുകടി'യിലേക്കും വരെ പിടിച്ചിരുത്താന്‍ തക്ക ഒരു ചര്‍ച്ചക്കുള്ള രസകൂട്ടുകളില്‍ ആദ്യ ചേരുവ ചേര്‍ക്കുന്നത് ഉടമസ്ഥന്‍ തന്നെയാണ്. കോണ്‍ഗ്രസുകാരെയും കമ്മൂണിസ്റ്റുകളെയും കൂടാതെ നിഷ്‌പക്ഷവും ചൂടുചായക്കൊപ്പം ആവിപറക്കുന്ന ആ വാഗ്വാദങ്ങള്‍ ആസ്വദിക്കാറുണ്ട്. എങ്കിലും പിന്നീടുള്ള ചീട്ടുകളിയില്‍ ഒരു കയ്യായിരിക്കാനോ എതിര്‍പാര്‍ട്ടിക്കാരന്‍റെ കയ്യില്‍നിന്നും ഈര്‍ക്കിലില്‍ കോര്‍ത്ത വെള്ളക്കാകുണുക്ക്‌ വാങ്ങി അണിയാനോ അവര്‍ വൈമുഖ്യം കാട്ടാറില്ല. ഇതെല്ലാം കണ്ടു വൃത്തികെട്ട ചുമരില്‍ പതിഞ്ഞ എ.കെ.ജി. യും, വി.പി.സിംഗും, ഇ.എം.എസ്. നമ്പൂതിരിപ്പാടും ചിരിച്ചിരുന്നു.


ചന്ദ്രനെപ്പോലെ ഞാനും അവന്‍റെ അച്ഛന് പ്രിയപ്പെട്ടവനാണെങ്കിലും ഒരു കോൺഗ്രസ്‌ അനുഭാവ കര്‍ഷകമുതലാളിയോടുള്ള "പെറ്റി ബൂര്‍ഷാ" മനോഭാവം അയാള്‍ക്കുണ്ട് എന്ന് എന്‍റെ അപ്പന്‍ സംശയിച്ചിരുന്നു. പാടത്തു പണിയാളര്‍ക്ക് വൈകിട്ട് വേല അവസാനിപ്പിക്കാനുള്ള സൈറൺ, ആകാശവാണി ചലച്ചിത്രഗാനങ്ങള്‍ക്കു ശേഷമുള്ള മൂന്നുമണിയുടെ "ഓള്‍ ഇന്ത്യാ റേഡിയോ" ഇംഗ്ലീഷ് വാര്‍ത്ത ഉച്ചത്തില്‍ കേള്‍പ്പിക്കുന്നത് അയാളാണ് എന്ന് അപ്പന്‍ വീട്ടിലിരുന്നു പരിതപിക്കാറുണ്ട്. പത്താള്‍ പത്തു മിനിറ്റ് കൂടുതല്‍ പണിതാല്‍ ഏകദേശം രണ്ടുമണിക്കൂര്‍ കൂലി വെറുതെ ലാഭിക്കാം എന്ന അപ്പന്‍റെ വ്യാമോഹമാണ് ആ കമ്യുണിസ്റ്റ്‌ തകർത്തുകളയുന്നത്.


രാഷ്ട്രീയ വൈപരീത്യമോ വിഭിന്ന മതവിശ്വാസമോ ഒന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേയല്ല.  ചന്ദ്രനെ കൂടാതെ ഒരു ദിവസം എനിക്കും, മറിച്ച് അവനുമില്ല. ശ്രീകൃഷ്ണജയന്തിദിനത്തിലെ ഘോഷയാത്രയില്‍ ഒത്തിരി ഉണ്ണിക്കണ്ണന്മാരോടൊപ്പം അവനും ഞാനും കൃഷ്ണവേഷം കെട്ടി. പള്ളിയിലെ കരോളിലും പെരുന്നാള്‍ നാടകത്തിലും ഞങ്ങള്‍ ആട്ടിടയനും മാലാഖയുമായി. ബാല്യം കടന്നു കൗമാരത്തിലും ഞങ്ങള്‍ വേര്‍പിരിയാത്ത കൂട്ടുകാരായി. സ്കൂളിലും, കളിസ്ഥലത്തും, പള്ളിയിലും, അമ്പലത്തിലും എല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്‍റെ ചേച്ചിയുടെ വിവാഹസദ്യക്ക് അമ്പലത്തിലെ ഊട്ടുപുരയില്‍ ഞങ്ങള്‍ ഒന്നിച്ചാണ് സദ്യ വിളമ്പിയത്. പക്ഷേ എന്നുമുതലാണ് ആ മതില്‍ ഉയര്‍ന്നു തുടങ്ങിയത്? പിന്നീടിന്നോളം ചാടിക്കടക്കാനാവാത്തവിധം തങ്ങള്‍ക്കിടയിലൂടെ അറിയാതെ പൊങ്ങി ഇരുവര്‍ക്കുമിടയിലെ കാഴ്ച മറച്ചത്? എന്നാണ് വളര്‍ന്നത്‌? വാക്കുകള്‍ക്ക് അർത്ഥം വച്ചുതുടങ്ങിയത് എപ്പോളാണ്? കൃത്യമായി ഓര്‍മ്മയില്ല. ചെറുപ്പം മുതലിങ്ങോട്ട് ഞങ്ങള്‍ കാട്ടിക്കൂട്ടുന്നതും കളിപറയുന്നതും കൗതുകത്തോടെ കണ്ടിരുന്ന ആളുകള്‍ പെട്ടെന്നൊരു ദിവസം വരികള്‍ക്കിടയില്‍ അര്‍ത്ഥം ചികയാന്‍ തുടങ്ങി. ആ ദിവസത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്നുമുതല്‍ ? ഏതു സമയത്തും ഞങ്ങളെ ഒന്നിച്ചിരുത്തി ഭക്ഷണം വിളമ്പിയിരുന്ന അമ്മ അന്നുമുതലാണോ ആദ്യമായി "ഉച്ചയൂണിനു സമയമായില്ലേ വീട്ടില്‍ പോണില്ലേ?" എന്ന് ചന്ദ്രനോട്‌ ചോദിച്ചുതുടങ്ങിയത്? എന്‍റെ വീട്ടിലെത്തുന്ന ബന്ധുക്കള്‍ "നമ്മുടെ പിള്ളേര്‍ ആരുമില്ലെടാ നിനക്ക് കൂട്ടിന്"? എന്നുചോദിച്ചതിന്‍റെ അര്‍ത്ഥം മനസിലാകാന്‍ അന്ന് അമ്പലത്തില്‍ ഊട്ടുപുരയില്‍  ഊണു വിളമ്പാനെത്തിയപ്പോള്‍ അതുവരെ കാണാത്ത മറ്റുള്ളവരുടെ മുറുമുറുപ്പും ആക്ഷേപവും സഹിച്ച് പിന്‍വാങ്ങിയ നാള്‍വരെ വേണ്ടിവന്നു. പള്ളിപരിപാടികളില്‍ ചന്ദ്രനെ കൂട്ടാന്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ "ഇല്ല അവന്‍ വരുന്നില്ല. കുഞ്ഞു പോയ്ക്കോളു" എന്നു പറഞ്ഞു അവന്‍റെ അമ്മ തന്നെ നിരാശനാക്കി തിരിച്ചയച്ചത് ആദ്യമായി അന്നുമുതലാണ്. അതുവരെ നിഴലായി നടന്നവര്‍ പതിയെ അകന്നകന്നു പോയി. അല്ല! അകറ്റപ്പെട്ടു എന്നതാണ് സത്യം! ഒരുനാള്‍വരെ എന്തും വിളിച്ചു കൂവാമായിരുന്നു.  പെട്ടെന്നൊരു ദിവസം നാവിന് കടിഞ്ഞാണ്‍ വീണു. ഇനി സൂക്ഷിച്ചു സംസാരിക്കണം, പ്രവര്‍ത്തിക്കണം. ബാല്യത്തിന്‍റെ, കൗമാരത്തിന്‍റെ, രസകരമായ നാളുകള്‍ അവസാനിച്ചിരിക്കുന്നു. ചുറ്റുമുള്ള സമൂഹം തന്നെ യുവാവായി അംഗീകരിച്ചത് അന്നുമുതലാണോ? അറിയില്ല.


കാലക്രമേണ വിദ്യ തേടി, പിന്നെ ജോലി തേടി നാടുവിട്ടപ്പോഴും അവന്‍ എന്‍റെയുള്ളിലെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. ചന്ദ്രന് മിലിട്ടറി ഇന്റർവ്വ്യൂകൾ ആവേശമായിരുന്നു. വേണ്ടുന്ന കായികക്ഷമത  ഉണ്ടായിരുന്നിട്ടും അവനതു വിദൂരമായ സ്വപ്നമായി അവശേഷിച്ചു. പിന്നെ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി, രക്തത്തിലലിഞ്ഞുചേര്‍ന്ന പ്രത്യയശാസ്ത്രങ്ങളാല്‍ വളര്‍ന്നു ട്രേഡ് യൂണിയൻ നേതാവായി. കാലം വഴിതെറ്റിയപ്പോഴും, കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ അപ്രത്യക്ഷമായപ്പോഴും, കൂടെനിന്നവര്‍ നോക്കുകൂലിയാല്‍ വിയര്‍പ്പറിയാത്ത അന്നം ആസ്വദിച്ചപ്പോഴും അവര്‍ക്കിടയില്‍ വേറിട്ടുനിന്നു തലയുയര്‍ത്തിപ്പിടിച്ച് അവന്‍ കറകളഞ്ഞ കമ്യുണിസ്റ്റായി. ആദ്യമായി വിദേശത്തുനിന്നും നാട്ടിലെത്തിയപ്പോള്‍ അവനായി കരുതിവെച്ചിരുന്നവയൊന്നും നല്‍കുവാന്‍ കവലയിലെ കോളാമ്പി മൈക്കില്‍ നിന്നും ഉയര്‍ന്നുകേട്ട അവന്‍റെ പ്രസംഗം തന്നെ അനുവദിച്ചില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സില്‍ പഴങ്കഥപോലെ ചായക്കടക്കാരനും കര്‍ഷകമുതലാളിയും തെളിഞ്ഞു നിന്നു. അവരുടെ മക്കള്‍ ഒരുകാലത്ത് മിത്രങ്ങളായിരുന്നെന്നും, ഇപ്പോള്‍ വിരുദ്ധചേരിയില്‍ സഞ്ചരിക്കുന്നവരാണെന്നും, അവന്‍റെയുള്ളില്‍ ഇന്നു താന്‍ അപ്പനെപ്പോലെ ഒരു പെറ്റിബൂര്‍ഷ മുതലാളിയാണെന്നതും തന്‍റെ തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് അവന്‍ തന്നെ ഗൗനിക്കാതെ നടന്നകന്നത്?


ചില നിമിഷങ്ങളില്‍ ഏകാന്തത അനുഗ്രഹമാകാറുണ്ട്. അതോ ഉള്ളു പൊള്ളയായ പുതിയ സ്വാര്‍ത്ഥ സൗഹൃദങ്ങളില്‍ തോന്നിയ നഷ്ടബോധമോ എന്തോ, പഴയ കൂട്ടുകാരനിലേക്ക് മനസ് ഓടിയെത്തിയതും ഈ അവധിക്ക് അവനെ കാണണമെന്നും അതിയായി ആഗ്രഹിച്ചതും. പക്ഷേ എല്ലാത്തവണയും സംഭവിക്കുന്ന പോലെ, നാട്ടിലെത്തി ആദ്യ തിരക്കുകള്‍ തീര്‍ത്തു അവനിലേക്കൊടിയെത്താന്‍ താന്‍ വൈകിപ്പോയിരുന്നു. ജോലിയോടുള്ള ചന്ദ്രന്‍റെ ആത്മാര്‍ത്ഥത തനിക്ക് പണ്ടേ അറിവുള്ളതാണ്, അന്നും സംഭവിച്ചതതായിരിക്കാം. കൊയ്ത്തുകാലങ്ങളിലെ നെല്‍ ചുമടെടുപ്പില്‍ ത്രാസില്‍ 100 കിലോ തൂങ്ങുന്ന "കിന്റൽ" ചാക്കുകള്‍ കണ്ടു പകച്ച് മറ്റു തൊഴിലാളികള്‍ മാറിനില്‍ക്കുമ്പോള്‍ , വെല്ലുവിളിയായി കണ്ട്‌ അതെല്ലാം തലയിലേറ്റുന്ന അവനെ "കിന്റൽ ചന്ദ്രന്‍" എന്നാണ് വിളിച്ചിരുന്നത്‌. അന്ന് സായാഹ്നം എണ്ണത്തില്‍ കൂടുതല്‍ ചുമടെടുത്ത്, ജോലി തീര്‍ത്ത്, പുഴയില്‍ കുളിച്ച്, ഇളം കാറ്റുകൊണ്ടു കല്‍ക്കെട്ടില്‍ കിടന്നുറങ്ങിയ അവന്‍ പിന്നീടുണര്‍ന്നില്ല. ആരോ പറഞ്ഞു വീട്ടില്‍നിന്നും ഞാന്‍ ഓടിയെത്തുമ്പോള്‍ അവനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുകയായിരുന്നു. വായില്‍നിന്നും ചോര വാര്‍ന്നിരുന്നെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആളുകള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു. ആറുമാസം പ്രായമായ ഒരു കുഞ്ഞ് ആരുടേയോ കയ്യിലിരുന്നു എന്നെനോക്കി ചിരിക്കുമ്പോള്‍ അത് ചന്ദ്രന്‍റെ മകനാണെന്ന് ഒരാള്‍ തന്‍റെ ചെവിയില്‍ പിറുപിത്തു. അധികനേരം അവിടെ നില്‍ക്കാന്‍ കഴിയാതെ തിരിഞ്ഞുനടക്കുമ്പോള്‍ ഒരുപാട്‌ ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞു.


ഇന്നും പുഴയരികില്‍ നില്‍ക്കുമ്പോള്‍ .........സ്കൂള്‍വഴിയില്‍ കുട്ടികളെ കാണുമ്പോള്‍ ......... ആത്മാര്‍ത്ഥതയില്ലാത്ത പൊയ്‌മുഖങ്ങള്‍ കാണുമ്പോള്‍ .......... അവനെന്‍റെ തോളില്‍ ഒന്നു കയ്യിട്ട്‌ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.


O



Saturday, March 10, 2012

മലിംഗൻ പന്തുകൾ തീവിതയ്ക്കുന്നു


കഥ
സതീഷ്കുമാർ.കെ








        




             ക്രിക്കറ്റ് കളി ആലസ്യത്തിലേക്ക് നയിക്കുമെങ്കിൽ വൈകുന്നേരങ്ങളിലെ ടെലിവിഷന്‍ സീരിയലുകൾ മരണത്തിലേയ്ക്കുള്ള ഇടവഴികളാണ് എന്ന ചിന്ത മാധവനുണ്ടായിരുന്നു. ടി.വിയിൽ ഇന്ത്യൻ  ടീമിന്‍റെ ക്രിക്കറ്റ്കളി ഉള്ളപ്പോഴൊക്കെ അയാൾ സ്കൂളില്‍നിന്നും അവധി എടുത്ത് കളി കാണാറുണ്ടായിരുന്നു.ആ സമയങ്ങളിൽ ഹാളിൽ വെറും നിലത്തുകിടക്കാറുള്ള മാധവന്‍, തന്‍റെ ശിരസ്സിനു സമീപം കാഷ്ഠമിടുന്ന കോഴികളെയോ കറങ്ങുന്ന ഫാനിനു ചുവട്ടിൽ സോഫയിലുറങ്ങുന്ന പൂച്ചയെയോ അലക്കാത്ത വസ്ത്രങ്ങളോ കുട്ടികളുടെ ബഹളങ്ങളോ ഒന്നും തന്നെ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. ആലസ്യം ആവേശത്തിലേക്ക് എത്തുന്ന അത്തരം ദിവസങ്ങള്‍ക്കൊടുവിലാണ് തന്‍റെ ജീവിതത്തിൽ അവിസ്മരണീയമായ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് അയാൾ ഓര്‍ത്തു.


ടി.വിയ്ക്ക്‌ മുന്നിൽ പായ പോലും വിരിക്കാതെ റിമോട്ട്‌ ഉപയോഗിച്ച് സ്പോര്‍ട്സ്‌ ചാനലുകൾ മാറ്റിക്കൊണ്ട് ഗ്രാനൈറ്റ്‌ തറയിൽ കിടന്നിരുന്ന മാധവൻ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കളി വൈകുന്നതിൽ മുഷിഞ്ഞ്‌, ക്ഷീണം അകറ്റാൻ ചായയ്ക്കായി അടുക്കളയിലെത്തി. കപ്ബോര്‍ഡ് തുറന്ന്, അതിനുള്ളില്‍നിന്നും ചായ നിറച്ച ഫ്ലാസ്ക് എടുക്കുന്നതിനിടയിൽ ബാറ്റ്സ്മാന്‍റെ സ്റ്റംപ് എറിഞ്ഞിട്ടു ഇളിഭ്യച്ചിരി കാട്ടുന്ന ലങ്കന്‍താരം ലസിത്‌ മലിംഗയെ പോലെ കപ്ബോര്‍ഡുകൾ അയാളെ നോക്കി ഗോഷ്ടി കാട്ടി ചിരിച്ചു. അത് പണി ചെയ്ത ശിവനാചാരി മാധവന്‍റെ മുന്നിൽ നിറഞ്ഞു.


ചീലാന്തിതടി അറുത്ത്‌ പലകയാക്കിയപ്പോഴും കപ്ബോര്‍ഡിന്റെ അളവുകൾ എടുത്തപ്പോഴും ശിവൻ ഉണ്ടായിരുന്നില്ല. ഗണേശനാചാരിയാണ് അതൊക്കെ ചെയ്തത്. ചാണകഗന്ധം തളിച്ച കോളനി വഴികളിലൂടെ പലതവണ ഗണേശനാചാരിയുടെ വീട്ടിലെത്തി പണി ചെയ്യുവാനായി ക്ഷണിക്കുമ്പോൾ ഉടന്‍ തുടങ്ങാമെന്നുള്ള സ്ഥിരം മറുപടികൾ മാധവന്‍റെ കാതിൽ പതിനാറുവിശേഷവും നാല്‍പ്പത്തിയൊന്നാം ചരമദിനവും ആചരിച്ചു കഴിഞ്ഞിരുന്നു . മാധവന്‍ പിന്നീട് ഗണേശനെ കാണുമ്പോൾ മൗനത്തിന്റെ തപസ്‌ കാട്ടി ഒഴിഞ്ഞുമാറിയിരുന്നു.


ദക്ഷിണാഫ്രിക്ക ഇന്ത്യാ ഏകദിനമത്സരം തുടങ്ങിയ ദിവസമായിരുന്നു പണി തുടങ്ങാനായി ഗണേശനാചാരി പ്രത്യക്ഷപ്പെട്ടത്. അന്നും മാധവന്‍ അവധിയിലായിരുന്നു. ചുരുണ്ട മുടിയുടെ പിന്‍ഭാഗം നീട്ടിവളര്‍ത്തിയ ശിവൻ ലങ്കയുടെ ലസിത്‌ മലിംഗയെ അനുസ്മരിപ്പിച്ചു. തൊഴുത്തിന്റെ ഉള്ളിൽ പ്ലാസ്റ്റിക്ചാക്ക്‌ നീളത്തില്‍കീറി മൂടിയിട്ടിരുന്ന ചീലാന്തിപ്പലകകൾ ശിവന്റെ തലോടലിൽ ഉണര്‍ന്നു വളരെവേഗം കപ്ബോര്‍ഡ് ഫ്രെയിമുകൾ ആകുന്ന കാഴ്ച, ടി.വിയിലെ കളിയിലെ ഓവറുകള്‍ക്കിടയിലുള്ള പരസ്യവേളകളിൽ മാധവന്‍ കണ്ടുകൊണ്ടിരുന്നു. കളിയുടെ ആരവം ഉയരുമ്പോൾ ശിവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ ടി.വിയുടെ മുന്നിലേയ്ക്ക് ഓടുമായിരുന്നു.


ഇന്ത്യ 210 റണ്‍സിന് ഓള്‍ഔട്ട്‌ ആയപ്പോൾ മാധവനു നിരാശയായി. അയാൾ അപ്പോൾ ശിവനെ പരിചയപ്പെട്ടു. ഗണേശനാചാരിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ്‌. എട്ടും ആറും വയസ്സുള്ള രണ്ട്‌ പെണ്‍കുട്ടികൾ. വാടകയ്ക്ക് താമസം. ഭാര്യ മാളവിക.

അവളെക്കുറിച്ച് സംസാരിച്ചപ്പോൾ ശിവൻ വാചാലനായി.

“ഞങ്ങൾ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചവരാണ്. ഒട്ടേറെ സമാനതകൾ അന്ന് ഞങ്ങളുടെ ഇഷ്ടങ്ങള്‍ക്ക്‌ തമ്മിലുണ്ടായിരുന്നു. വിവാഹത്തിന് മുന്‍പ്‌ കാണാറുള്ളപ്പോഴൊക്കെ തമിഴന്‍റെ ചായക്കടയിലെ രസവടയും മുറുക്കും സ്ഥിരമായി വാങ്ങി കൊടുക്കുമായിരുന്നു.ആ ശീലം ഇന്നും തുടരുന്നു. അന്നവൾ പകരം തന്നിരുന്ന ചുംബനത്തിന്‍റെ അടയാളം ഇപ്പോഴും എന്‍റെ കവിളിലുണ്ട്....”
 
മാധവന്‍റെയും ശിവന്റെയും കുശലഭാഷണങ്ങളെ രഹസ്യമാക്കി വെച്ച ചിരിയിലൂടെയും മൂളിപ്പാട്ടിന്റെ  പതറുന്ന ശീലുകളിലൂടെയും ശ്രദ്ധിച്ചു കൊണ്ടിരുന്ന ഗണേശന്റെ പണിയുടെ താളത്തിന്റെ വേഗത, അയാളുടെ ഇടതു മുടന്തുകാലിന്‍റെ ചലനത്തിനു സമാനമായിരുന്നു.... ചെണ്ടമേളം പഠിക്കുന്ന കുട്ടിയെപ്പോലെ....... എന്നാൽ ശിവനെയാകട്ടെ പൂരപ്പറമ്പിലെ മേളക്കാരുടെ ചടുലത വന്ന രാജാവായിട്ടാണ് മാധവൻ കണ്ടത്‌.

“എന്‍റെ മാളവിക ഇതിനേക്കാൾ എത്രയോ നന്നായി ചായയുണ്ടാക്കും. പാചകകലയിൽ അവൾ ഇന്ദ്രജാലക്കാരിയാണ്‌” തലേരാത്രിയിൽ തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചു കാളിയുടെ ചുടലനൃത്തമാടി വീടിനു പുറത്തേയ്ക്ക്‌ തള്ളിവിട്ട മാളവികയെ ചായ കുടിക്കുന്നതിനിടയിൽ ശിവൻ വാഴ്ത്തി. ഗാലറികളെ നിശബ്ദമാക്കികൊണ്ട് എട്ടു വിക്കറ്റിനു ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ മാധവനു എല്ലാവരോടും അരിശം തോന്നി. 

എങ്കിലും അയാൾ ശിവനെ അഭിനന്ദിക്കാതിരുന്നില്ല. കൊത്തുപണിരൂപങ്ങൾ തയ്യാറാക്കുന്നതിലാണ് തനിക്ക്‌ താല്‍പ്പര്യം എന്ന് പറഞ്ഞു കൊണ്ടു ശിവൻ പണി നിര്‍ത്തി ആയുധസഞ്ചി വീടിനുള്ളിൽ വെച്ചു നടന്നു നീങ്ങി.

അടുത്ത ദിവസം ശിവനെയും കൂട്ടി വിജാഗിരിയും സ്ക്രുവും പണിയ്ക്കുള്ള മറ്റ് സാധനങ്ങളും വാങ്ങാൻ കടയിലെത്തിയ മാധവനോട് കടയുടമ പറഞ്ഞു 

“മിടുക്കനാണ്. കിട്ടാന്‍ പ്രയാസം. എപ്പോഴാണ് ഒളിച്ചോട്ടം എന്ന് പറയാന്‍ പറ്റില്ല.”

“ഒളിച്ചോട്ടമോ ...?”

കടയുടമയുടെ മറുപടി പുഞ്ചിരിയായിരുന്നു.

മാധവന്‍ ഫ്ലാസ്കിൽ നിന്നും ചായ എടുത്ത് നുണഞ്ഞു കൊണ്ട് കപ്ബോര്‍ഡ്‌ അടച്ച്‌, ടി.വിയിലെ ഗാലറിയിലേക്ക്‌ ചെന്നു. ടോസ്സിലൂടെ ഇന്ത്യ ബാറ്റുമേന്തി ഗ്രൗണ്ടിലിറങ്ങിയപ്പോൾ ആര്‍പ്പുവിളികളോടെ മാധവന്‍ അവരെ സ്വാഗതം ചെയ്തു. പന്തുകൾ തുടരെ അതിര്‍ത്തിവരയിൽ എത്തുന്നതിനിടയിൽ വൈദ്യുതി നിലച്ചു. മാധവൻ പെട്ടെന്നു തന്നെ സ്റ്റേഡിയത്തിൽ നിന്നും പുറത്തായി.

“നശിച്ച പവര്‍കട്ട് പകല്‍സമയത്തുമോ?” മാധവന്‍ അരിശത്തോടെ പിറുപിറുത്തു.

ഒഴിഞ്ഞ ഗ്ലാസ്‌ കപ്പ്‌ബോര്‍ഡിൽ വെക്കുവാൻ അടുക്കളയിലെത്തിയ മാധവന്‍റെ മുന്നിൽ പലകകള്‍ക്കിടയിലൂടെ ശിവൻ വീണ്ടും കടന്നുവന്നു പണി തുടര്‍ന്നു.

അന്നേദിവസം അതിരാവിലെ തന്നെ എത്തിയ ശിവൻ, മറന്നുപോയ ഡ്രില്ലിംഗ്പിറ്റ് എടുക്കാനായി അനുവാദം ചോദിച്ച്‌, മാധവന്‍റെ ബൈക്കുമായി പോയി. പത്തു മണിയ്ക്ക്‌ തിരിച്ചെത്തി, ക്ഷമ ചോദിച്ചുകൊണ്ട് വണ്ടിയുടെ ബോക്സിൽ നിന്നും ബ്രാണ്ടിക്കുപ്പി പൊക്കിയെടുത്തു.

“ഇതു വാങ്ങാന്‍ പോയതായിരുന്നോ ? ഇതിവിടെ പറ്റില്ല. ഇന്ന് പണി വേണ്ട.” മാധവന്‍റെ രോഷം ഹിമാലയം കയറിയിരുന്നു.

ആദ്യ പീരിയഡിൽ അധ്യാപകന്‍റെ അസാന്നിദ്ധ്യത്തിന്‍റെ ആവേശത്തിൽ ക്ലാസ്സിൽ കോലാഹലം കൂട്ടുന്ന കുട്ടികളേയും കടന്തല്‍കുത്തൽ ഏറ്റതുപോലെ മുഖം ചുവപ്പിക്കാറുള്ള പ്രധാന അധ്യാപികയെയും ചിന്തിച്ചു ബൈക്കിൽ പറന്നപ്പോൾ പരാജയത്തിലേക്ക് നീങ്ങുമ്പോഴുള്ള ഇന്ത്യന്‍ടീമിന്‍റെ ദൈന്യത അയാളുടെ ഉള്ളിൽ നിറഞ്ഞിരുന്നു.

അന്ന്, അമ്മ കാണാതെ മദ്യമകത്താക്കിയ ശിവൻ, കുഴഞ്ഞ ശബ്ദത്തിൽ ഗണപതിയെയും കൃഷ്ണനെയും കുറിച്ച് ദൈവവിശ്വാസിയായ അമ്മയോട് വാചാലനായി തര്‍ക്കിച്ചു. ഗണപതിയ്ക്ക് ഭക്ഷണത്തോടും കൃഷ്ണനു പെണ്ണിനോടും അഭിനിവേശമാണെന്നും തന്‍റെ മാളവികയുടെ കൃഷ്ണൻ എപ്പോഴും താന്‍ തന്നെയാണെന്നും പറഞ്ഞുകൊണ്ട് അയാൾ മടങ്ങി.

വൃശ്ചികത്തിലെ കുളിരിനെ കുളിപ്പിക്കാനെത്തിയ മഴയിലൂടെ കാലന്‍കുട ചൂടി അടുത്തദിവസം സൂര്യനേക്കാൾ മുന്‍പേ വീടുണര്‍ത്തി കോളിംഗ്ബെൽ മുഴക്കിയ ശിവൻ, പാതിമയക്കത്തിൽ വാതില്‍തുറന്ന മാധവന്‍റെ മുന്‍പിൽ മദ്യഗന്ധം തുപ്പി ആയിരം രൂപ കടമായി ചോദിച്ചു. അഞ്ഞൂറ് രൂപ നല്‍കി ശിവനെ മടക്കിയയച്ചു.

അന്നു വൈകുന്നേരവും ഉറയ്ക്കാത്ത കാലുകൾ വിറപ്പിച്ച് ആടിവന്ന ശിവൻ അടുത്തദിവസം വരാമെന്നു മാധവനു ഉറപ്പ്‌ കൊടുത്തു.

പിന്നീട്‌ ശിവനെ കണ്ടതേയില്ല. കടയുടമ പറഞ്ഞ ശിവന്‍റെ ഒളിച്ചോട്ടമായിരുന്നു അത്.

തൊഴുത്തിനോട് ചേര്‍ന്നു വെളിയിൽ കിടന്നിരുന്ന ശിവന്‍റെ പണിയായുധങ്ങൾ ദിവസങ്ങൾ കഴിഞ്ഞു മാധവന്‍ എടുത്ത് വീടിനുള്ളിൽ വെച്ചു. കപ്പ്‌ബോര്‍ഡിന്‍റെ പണി ഒറ്റയ്ക്ക്‌ പൂര്‍ത്തിയാക്കിയ ദിവസം ഗണേശനാണ്‌ അവ എടുത്തു കൊണ്ടുപോയത്‌.

കറങ്ങുന്നഫാനിന്‍റെ കാറ്റ്‌ തലയിൽ തട്ടിയപ്പോൾ ഓർമ്മകളിൽ നിന്നുണർന്ന്, മാധവന്‍ ടി.വിയ്ക്ക്‌ മുന്നിലെത്തി കാണികളുടെ ആരവങ്ങളിലേക്ക് ചേര്‍ന്നു. സര്‍വസംഹാരിയായ ലസിത്‌ മലിംഗയുടെ പന്തുകള്‍ക്ക്‌ ഇപ്പോൾ തീഷ്ണത കുറവാണോ എന്നു മാധവൻ സംശയിച്ചു. ഫീല്‍ഡിലെ അയാളുടെ പദചലനങ്ങള്‍ക്ക് ലക്ഷ്യബോധമില്ലായിരുന്നു. മൂന്നു നിസ്സാര ക്യാച്ചുകൾ കളഞ്ഞു  മലിംഗ  67 റണ്‍സ് കൊടുത്ത് ഇന്ത്യയ്ക്കു 305 സ്കോർ വെച്ചുനീട്ടി. ആവേശകരമായ മത്സരം അവസാന ഓവർ വരെ നീണ്ടു. ജയം കൈയ്യെത്തിപ്പിടിക്കാവുന്ന ഒരു ഘട്ടത്തിൽ അവസാന പോരാളിയായ മലിംഗയുടെ ബാറ്റിനിടയിലൂടെ  നുഴഞ്ഞുചെന്ന പന്ത്‌ ആ സാധ്യതയുടെ ബെയിൽസ്‌ തെറിപ്പിച്ചു. ഗാലറിയിൽ ആഘോഷത്തിമിർപ്പ്‌ !

 
കളിയുടെ ഊർജ്ജമേറ്റുവാങ്ങി നടക്കാനിറങ്ങിയ മാധവൻ വൈകുന്നേരം അഞ്ചു മണിയുടെ തിരക്കുള്ള കവലയിലേക്ക് ഊര്‍ന്നു കയറിയപ്പോഴാണ് മലിംഗയുടെ രൂപത്തിൽ ശിവൻ വീണ്ടും പ്രത്യക്ഷപ്പെട്ടത്. മീൻചന്തയോട് ചേര്‍ന്നു നിരപ്പായ സ്ഥലത്തുവിരിച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ഷീറ്റിൽ , ചതുരപ്പലകകള്‍ക്കിടയിൽ, ആള്‍ക്കൂട്ടത്തിന്‍റെ വേലിക്കെട്ടിനുള്ളിലിരുന്നു ശിവന്‍ കൊത്തുപണി നടത്തുന്നു. താടിയും മുടിയും കുറേക്കൂടി നീണ്ടിരിക്കുന്നു. ചതുരപ്പലകയിൽ അണക്കെട്ടിന്‍റെ രൂപം മെനയുന്ന ശിവന്‍റെ ഉളിയുടെ ചലനങ്ങളിൽ ഫീല്‍ഡിലെ മലിംഗയെ മാധവൻ ദര്‍ശിച്ചു.


“ഹ ഹ ഹ” പിറുപിറുത്തുകൊണ്ടിരുന്ന ജനക്കൂട്ടം ശിവന്‍റെ പൊട്ടിച്ചിരിയിൽ നിശബ്ദമായി. അനേകം കണ്ണുകൾ ഒരേ സമയം ആ പലകയിലേക്ക് കേന്ദ്രീകരിക്കാൻ തിരക്ക്‌ കൂട്ടിയ ശ്രമത്തിനിടയിൽ മാധവന്‍ സ്വയമറിയാതെ മുന്നോട്ടാഞ്ഞു ശിവന്‍റെ തോളിൽ കൈ വെച്ചു. ഉയർന്നുവന്ന മുഖത്ത്‌ ആദ്യം അമ്പരപ്പും പിന്നീട് അപരിചിതത്വവും തെളിഞ്ഞ്‌, ഒടുവിൽ തിരിച്ചറിവായി.


ശിവന്‍ എഴുന്നേറ്റു.

“സാറോ....?”

“എന്താ ശിവാ ഇത്.......?”

കളിക്കളത്തിൽ പിഴവുകൾ സംഭവിക്കുമ്പോഴുള്ള മലിംഗയുടെ ഭാവം മാധവൻ ശിവനിൽ അപ്പോൾ കണ്ടു.

ചന്തയുടെ കോണിൽ വിരിച്ചിരുന്ന നീല പ്ലാസ്റ്റിക്‌ഷീറ്റിനു മുകളിൽ ശിവന്‍റെ കൈത്തലോടലേറ്റ അനേകം ബിംബങ്ങളും അയാളുടെ ചീതുളിയും നിശബ്ദമായിരുന്നു. അതിനു ചുറ്റുമുള്ള പാദചലനങ്ങൾ പെരുമഴപ്പെരുക്കത്തിൽ നിന്നും ചാറ്റലിലേയ്ക്ക്‌ എത്തിയിരുന്നു. അതിനുമപ്പുറത്തെ മീന്‍കച്ചവടക്കാരും പച്ചക്കറിവില്‍പ്പനക്കാരും തിരക്കിലായി.


 “എന്‍റെ ചീതുളിക്ക് ഒത്തിരി രൂപം കൊത്താനുണ്ട്. അങ്ങനെ ഞാന്‍ ഈ തെരുവിലെത്തി. ഇവിടെ ഉടമസ്ഥനും പണിക്കാരനും ഞാൻ തന്നെയാണ്.” ശിവന്‍ പറഞ്ഞു.

ഒരു അണക്കെട്ടിനു ചുറ്റും നിലവിളിയ്ക്കുന്ന ജനങ്ങളെ ആലേഖനം ചെയ്ത കൊത്തുപണി മാധവനെ കാട്ടിക്കൊണ്ട് നിന്നിരുന്ന ശിവന്‍റെ കണ്ണുകൾ അല്‍പ്പമകലെ അപ്പോൾ വന്നുനിന്ന പോലീസ്ജീപ്പിൽ ചെന്നു തറഞ്ഞു. 

അയാൾ മലിംഗയുടെ പന്തുകളുടെ വേഗത ആവാഹിച്ച് കൊത്തുപണിരൂപങ്ങൾ അടുക്കി വെക്കാൻ തുടങ്ങി.......എല്ലാ കൊത്തുപണിരൂപങ്ങളിലും അന്ത്യചുംബനം നല്‍കി.


“സാറ്‌ സംശയിക്കണ്ട. അവർ വരുന്നത്‌ എന്നെ കൊണ്ടുപോകാനാണ്‌. ഞാനും കൊത്തുപണിയും എന്റെ മാളവികയും....ഇതിൽ ഒന്നില്ലെങ്കിൽ മറ്റൊന്നും ഇല്ല. ഒന്നു തീർന്നു കഴിഞ്ഞു. ഇനി ബാക്കിയുള്ളത്‌ ഞാനിതാ തീർക്കുന്നു”.  പെട്രോളിന്‍റെ ജാർ കൊത്തുപണിരൂപങ്ങള്‍ക്ക്‌ മേലെ തുറന്നുകൊണ്ട് ശിവൻ പറഞ്ഞു.


മലിംഗൻ പന്തുകളുടെ ആവേശം നൊടിയിടയിൽ ഉണരുന്നതു കണ്ടുകൊണ്ടു നിന്ന മാധവന്റെ മുന്നിലൂടെ കാക്കിയുടെ കാഴ്ച വന്നെത്തുന്നതിനു തൊട്ടുമുമ്പാണ്‌ കൊത്തുപണിരൂപങ്ങളെയും ഉടലാകെയും നക്കിയെടുത്തുകൊണ്ട്‌ തീപ്പന്തുകൾ തുടരെ പതിച്ചത്.


  O



 PHONE : 9037577265






എനിക്കും നിനക്കും ഒരേ മണം

കവിത
കൃഷ്ണ ദീപക്‌




എനിക്കും നിനക്കും
ഒരേ മണമെന്നു പറഞ്ഞ്
ഇരുട്ടുമുറിയിൽ എന്നെ അടച്ചിട്ടത്
തികട്ടി വന്ന നിന്റെ മണത്തെ
തെക്കേ പറമ്പിൽ ഓക്കാനിച്ചപ്പോഴാണ്. 

 തിരത്തള്ളലിന്റെ ആവേഗത്തെ
മൂന്നാം ദിവസം ചുവപ്പിൽ കുളിപ്പിച്ച്
മുറുക്കിത്തുപ്പി പണിക്കത്തി
പാടവരമ്പത്ത് ചിതറിച്ച
നിന്റെ ചോരത്തുള്ളികളെ
അത്താഴ പാത്രത്തിലേക്കും പകർന്ന്
അച്ഛനും ആങ്ങളമാരും ഉറഞ്ഞുതുള്ളി.

ഇരുട്ടിന്റെ മറപറ്റിയെത്തിയ
അമ്മയുടെ കൈകളെന്നെ
നിന്റെ വീട്ടുപടിക്കലേക്ക് തള്ളിവീഴ്ത്തി.
നിനക്കറിയുമോ..?
മറവിയുടെ ആലസ്യത്തിലേക്ക്
നീ.. എത്രമാത്രം
കൂപ്പുകുത്തിയെന്നറിഞ്ഞപ്പോഴാണ്
മരുന്നു മണക്കുന്ന നിന്റെ മുറിയുടെ
ഇടനാഴിയിൽ നിന്നും
ചിത്താശുപത്രിയിലേക്കുള്ള
ദൂരം ഞാൻ അളന്നത്.

പാട കെട്ടുന്ന നിന്റെ ഓർമകളിലേക്ക്
ഇടയ്ക്കിടെ മരണത്തിന്റെ
മത്തുപിടിപ്പിക്കുന്ന മണം
പതുങ്ങി എത്തിയിരുന്നത്
തീർത്തും വെളിച്ചം കടക്കാത്ത
എന്റെ മുറിയുടെ
എനിക്ക് അജ്ഞാതമായ
വിടവിലുടെ ആയിരുന്നു. 

ഒരുനാൾ ....
നീലച്ച ഞരമ്പുകളിൽ
കൊളുത്തി വലിച്ച്
എനിക്ക് ചുറ്റും വലയം തീർത്ത്‌
ഇരുട്ടുമുറിയുടെ
ഇടുങ്ങിയ വിടവിലുടെ
നിന്നെയും വലിച്ചുകൊണ്ട്
നമ്മളെ ഒന്നിച്ചു ചേർത്ത്‌ ...
 ഇപ്പോൾ എനിക്കും നിനക്കും
ഒരേ മണം.

O


Illustration - AJITH.K.C