Saturday, December 4, 2010

ചുവപ്പാണ് സുന്ദരം

ശ്രീജിത്ത്‌ മുതുകുളം















ടലില്‍ സ്ഫടികമുടഞ്ഞ് ചിതറിയ
നിന്‍റെ സ്വപ്നഭൂമിയില്‍
ട്രാഫിക് ഐലന്റുകള്‍ ഉണ്ടാകും.
പക്ഷെ വലത്തേക്കുള്ള വഴി
കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലേക്കാവില്ല.
സുരക്ഷിതമെന്ന് പറഞ്ഞ്
വഴിമുറിച്ചു കടക്കാന്‍ പ്രേരിപ്പിക്കുന്ന
പച്ചവിളക്കിനാല്‍ വഞ്ചിതയാകാതിരിക്കുക!
ചുവപ്പാണ് സുന്ദരം.


ആര്‍ക്കും എന്നെ അറിയില്ല.
ന്‍റെ വാക്കും വര്‍ണ്ണവും വഴിയും.
പക്ഷെ നിന്‍റെ ഫ്ലാറ്റിന്‍റെ കോലായില്‍
കൂട് കൂട്ടിയിരിക്കുന്ന തൂക്കണാംകുരുവി,
ഉറങ്ങാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നത്
എന്റെ കഥയാണ്.
ന്‍റെ ഞരമ്പ് ചീകിയാണ്
അവള്‍ കൂടുകെട്ടിയിരിക്കുന്നത്.
അതിനാല്‍ നമ്മള്‍ തമ്മിലുള്ള ദൂരം
ഒരു കുരുവിച്ചിറകിനോളം മാത്രം.


നിനക്ക് നന്ദി പറയുക എന്നത്
സ്വന്തം നിഴലളക്കുന്നതുപോലെ.
ഒരേ വേഗതയിലോടിയ
രണ്ടു തീവണ്ടികളിലെ സഹയാത്രികര്‍.
ഒരുപാട് കഥ.
ആപേക്ഷികതാസിദ്ധാന്തത്തിനു നന്ദി.
ഞാന്‍ നിനക്ക് പറഞ്ഞുതന്ന
കാലത്തിന്‍റെ കഥയും
നീ എനിക്കു പറഞ്ഞുതന്ന
ദൂരത്തിന്‍റെ കഥയും
സ്പേസിന്‍റെ അതിരുകളില്‍
സന്ധിക്കും  പോലും !


നിന്‍റെ സ്പെക്ട്രല്‍ ലൈബ്രറികളിലെല്ലാം
പരതിനോക്കിയിട്ടും കിട്ടാതായ
ന്‍റെ പൊളിമെറൈസ് ചെയ്യാത്ത
ചിന്തകളെ നോക്കി നീ വിളിച്ചു പറഞ്ഞു;
"ഡാ .. നിനക്ക് വട്ടാണ് "!
 ഓര്‍മ്മകളുടെ നിറം എന്താണെന്നെനിക്കറിയില്ല.
നീ തോട്ടുപുളി തിന്നിട്ടുണ്ടോ എന്നുമെനിക്കറിയില്ല.
ന്‍റെ ഓര്‍മ്മകളില്‍,
മഞ്ഞള്‍രാകിയ നിന്‍റെ പല്ലുകളും
സ്നേഹത്തിന്‍റെ നിറങ്ങളില്ലാത്ത ചിരിയുമുണ്ടാകും.
മഞ്ഞ മരണത്തിന്‍റെ നിറമാകുന്നു.


നീ നിന്‍റെ കൂട്ടുകാരനോട് രാത്രിയുടെ
അന്ത്യനിമിഷങ്ങളില്‍ പറയുക..
നിനക്ക് നഗ്നനായ ഒരു സുഹൃത്തുണ്ടായിരുന്നെന്ന്...
ചെകുത്താന്‍റെ കൈകളാല്‍
ജ്ഞാനസ്നാനം ചെയ്തവന്‍ !
                                          O
ഫോണ്‍ - 9400473938

1 comment:

  1. എനിക്ക് ഒരുപാടിഷ്ടപ്പെട്ടു..........ഇനിയും എഴുതുക..........

    ReplyDelete

Leave your comment