Wednesday, December 15, 2010

RIGHT ANGLE

അനന്യമായ വീക്ഷണകോണില്‍ നിന്നും കാഴ്ചകളിലേക്കുള്ള ഫോക്കസ് 

തുറയില്‍ക്കടവ്
 
 
                      ശാബ്ദങ്ങള്‍ക്കപ്പുറം, ജലമാര്‍ഗമുള്ള വ്യാപാരം സമ്പന്നമാക്കിയിരുന്ന കടവിന് ഇന്ന് തിരുശേഷിപ്പുകളൊന്നുമില്ല. ആല്‍മരത്തിനു താഴെ,ഓടുമേഞ്ഞ ചെറുപീടികകള്‍ പലകക്കണ്ണുകള്‍ തുറന്ന് ആലസ്യത്തോടെ കിടന്നിരുന്ന തുറയില്‍ക്കടവില്‍ ഇന്ന് തിരക്കുണ്ട്‌.സുനാമി-പുനരധിവാസം, കടവിനെ ഏറെക്കുറെ ശബ്ദായമാനമാക്കിയെങ്കിലും ഓര്‍മകളുടെ പുരാതനമായ ഒരു കാറ്റ് ഇവിടെ വീശുന്നുണ്ട്. തൊണ്ടഴുകിയ ഗന്ധവും കയറുപിരിറാട്ടുകളുടെ താളാത്മകമായ ശബ്ദവും സന്ധ്യയാകുമ്പോള്‍ കണ്ണുതുറക്കുന്ന ചീനവലകളും... ഒന്നും ഇപ്പോഴില്ല.ഒരോണക്കാലത്ത് 'ഉത്രാടരാവേ വരുമോ നീ' എന്ന് ഗാനഗന്ധര്‍വന്‍ പെയ്തുകൊണ്ടിരുന്ന രാവില്‍,കടത്ത് കടന്നു അക്കരെയുള്ള കൃഷ്ണനമ്പലത്തില്‍ പോയി 'കര്‍ണ്ണശപഥം' കണ്ടത് ഇരുപതുവര്‍ഷം മുമ്പെയാണ്. കാലം മാറ്റങ്ങള്‍  വരുത്താത്തത് ഇവിടുത്തെ കാറ്റിന് മാത്രം.കായലിന് അക്കരയിക്കരെ പന്തയം വെച്ച് നീന്തിയതും, മത്സരിച്ചു കക്കവാരിയതും, നക്ഷത്രങ്ങള്‍ കണ്ണുചിമ്മിക്കൊണ്ടിരുന്ന ഒരു രാത്രിയില്‍ കല്‍ത്തിട്ടയിലിരുന്ന് ആദ്യമായി ലഹരി നുകര്‍ന്നതും,കുട്ടപ്പന്‍ സാറിന്‍റെ നാടന്‍പാട്ടുകള്‍ പാടിയതും,'ജെസ്സിയും', 'കുറത്തിയും','യാത്രാമൊഴിയും' ഉറക്കെ ചൊല്ലിയതും, സ്വന്തമായി ഒരു ഉപഗ്രഹം വാങ്ങണമെന്ന സ്നേഹിതന്‍റെ സ്വപ്നത്തിനുമേല്‍ കലക്കവെള്ളം കോരിയൊഴിച്ചതും, പുല്‍ത്തലപ്പുകളില്‍ പറ്റിയിരുന്ന ആകാശത്തിന്‍റെ തുള്ളികളില്‍ കവിത കണ്ടുപിടിച്ചതും, ഷേണായിയുടെ കടത്തുവഞ്ചിയില്‍ കയറി കായലില്‍ ചുറ്റിയടിച്ചതും, ഓളങ്ങള്‍ മറിഞ്ഞതും....

പഴയ ഓടിവള്ളം സൂക്ഷിച്ചിരിക്കുന്ന  ചെറുവള്ളപ്പുരക്കടുത്തുള്ള തകര്‍ന്നു വീഴാറായ എട്ടുകെട്ട്,അധികാരമുദ്രകള്‍ മണ്ണിലാഴ്ത്തി നില്‍ക്കുന്നു. മുറ്റത്ത് അടര്‍ന്നുവീഴുന്ന പുളിപെറുക്കാന്‍ ഇന്ന്  ചെറുബാല്യങ്ങളൊന്നും വരാറില്ല. തൊടി നിറയെ 'കമ്മ്യുണിസ്റ്റ്പച്ച' വളര്‍ന്നുനില്‍ക്കുന്ന ഈ വീട്ടില്‍ ഒരു കാലത്ത് കേരളത്തിലെ ആദ്യകാല പോലീസ്മേധാവിയും സ്വന്തം തലമുറയിലെ വിപ്ലവകാരിയും തീര്‍ത്ത ചില ചരിത്രങ്ങള്‍ പൊടിയണിഞ്ഞുകിടക്കുന്നുണ്ട്.കായലിനോട് ചേര്‍ന്നുകിടക്കുന്ന തെങ്ങുംപറമ്പിന് നടുവിലായി 'ധര്‍മ്മക്ഷേത്ര'യുടെ ബാക്കിപത്രം,മേല്‍ക്കൂര തകരാന്‍ വെമ്പിനില്‍ക്കുന്നു. ഏറെക്കാലം മുമ്പൊന്നുമല്ല, രക്തചംക്രമണത്തിന്‍റെ സഞ്ചാരപഥങ്ങള്‍ വരച്ചിട്ടിരിക്കുന്ന തളത്തിന് നടുവിലിരുന്ന് ഗ്രാമത്തിലെ യുവത്വം,വ്യക്ത്വിതവികസനത്തെക്കുറിച്ചും എന്റര്‍പ്രണര്‍ഷിപ്പ്-സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്തത്.റിലാക്സേക്ഷന്‍തെറാപ്പിയും ഹോളിസ്റ്റിക്ക് ചികിത്സയും പരീക്ഷിച്ചത് ...
നാടകക്യാമ്പുകള്‍ നടത്തുകയും ചന്ദ്രനമസ്കാരം ചെയ്യുകയും ചെയ്തത് ....
വ്യതിരിക്തമായ ആശയങ്ങളുടെ തമ്പുരാനായ ഒരു കൊച്ചുമനുഷ്യന്‍ ആവിഷ്കാര സമന്വയത്തില്‍ പരാജയമേറ്റു വാങ്ങുകയും ഗ്രാമത്തില്‍ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്തത് ആ കാലയളവിലാണ്.

ആയിരംതെങ്ങില്‍ പുതിയ ഹാര്‍ബര്‍ വന്നതോടുകൂടി, കായലിന്‍റെ പ്രശാന്തതയിലേക്ക്   നങ്കൂരമെറിഞ്ഞുകൊണ്ട് മത്സ്യബന്ധനബോട്ടുകള്‍ വിശ്രമത്തിനായി കടവിന്‍റെ ഓരങ്ങളിലേക്കെത്തിത്തുടങ്ങിയിട്ടുണ്ട്. ആകാശം മുട്ടി നില്‍ക്കുന്ന ആശ്രമമന്ദിരങ്ങളുടെ ചുവട്ടിലേക്ക്‌ കൈകളെത്തിച്ചുനില്‍ക്കുന്ന 'അമൃതസേതു'വിന്‍റെ അകലെനിന്നുള്ള ദൃശ്യം പുതിയതാണ്.   
             എല്ലാ കാഴ്ചകള്‍ക്കും മീതെ,കായലോളങ്ങളിലൂടെ തെന്നിവരുന്ന മേളപ്പദത്തിന്‍റെ കയറ്റിറക്കങ്ങളില്‍,കാല്‍വിരല്‍ കൊണ്ട് ഒന്നു തൊട്ടുനോക്കാന്‍ തോന്നുന്നെങ്കില്‍ സ്വയം വിലക്കരുത്. ഉള്ളില്‍ നിലാവ് പരക്കുന്നതും ആലിലകളില്‍ കാറ്റുപിടിക്കുന്നതും കാണാം.

                                                                                                             O
  PHOTOS TAKEN &
  CONCEIVED BY
NIDHISH.G6 comments:

 1. "ormakal odiyethi unartheedunnu"orunimisham ente balyakalam orthupoyi nan. thank u so much

  ReplyDelete
 2. मुबारक हो यार॰,मुबारक्॰!!

  ReplyDelete
 3. NidheeshJi I read this. very fine.I felt nostalgic while watching that photos and reading the script.you are surely an odd man in our department.

  ReplyDelete
 4. ഒരു നല്ല ലേഖനം .....................ആശംസകള്‍ ...............നിധിഷ്

  ReplyDelete
 5. ഒന്നും കൂടുതൽ പറയാനില്ല. ഒരാഗ്രഹം മാത്രം....ആ പറമ്പ് വാങ്ങി ഒരു ചെറിയ പുൽ കുടിലും കെട്ടി
  പിന്നെ ‘കേണലുകളും’ ‘പയ്പ്പേഴ്സും’ ‘പീറ്റെഴ്സും’ മൊക്കെയായി കുട്ടും കൂടി കുറച്ചു രാവുകൾ........

  ReplyDelete

Leave your comment