Friday, September 9, 2011

മാലൊഴിഞ്ഞ മഹോൽസവംമാമ്പള്ളി.ജീ.ആർ
'ഓണമോയെന്റെയുള്ളിന്റെയുള്ളിലെ
മാലൊഴിഞ്ഞ മഹോൽസവമാണല്ലൊ
വേണമെല്ലാരുമാഹ്ലാദപൂർണ്ണമീ
യോണമാഘോഷമാഘോഷിച്ചിടുവാൻ'എന്നു പാടി കേട്ടിട്ടുള്ള ഈ കാലത്ത്‌ ഓണത്തെക്കുറിച്ച്‌ വിചിന്തനം ചെയ്യുന്നത്‌ നന്നായിരിക്കും. കേരളീയരുടെ ദേശീയോൽസവമായ ഓണം സമൃദ്ധിയുടെ ഉത്സവമാണ്‌. ശ്രാവണമാസത്തിൽ പൂർണ്ണചന്ദ്രൻ ശ്രവണനക്ഷത്രത്തിൽ നിൽക്കുന്ന സുദിനം. നല്ല കാലത്തെയും ഐശ്വര്യത്തെയും ഇത്‌ സൂചിപ്പിക്കുന്നു. ആ ഓർമ്മയെ പുതുക്കാൻ വേണ്ടി നമ്മൾ പാടാറുണ്ട്‌.മാവേലി നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനുംഓണത്തെക്കുറിച്ച്‌ അനവധി ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും മഹാബലിയുടെയും വാമനന്റെയും കഥയാണ്‌ പ്രചുരപ്രചാരം. ചിങ്ങമാസത്തിലെ തിരുവോണനാളിൽ മഹാബലിയും വാമനനും നമ്മെക്കാണാൻ വരുന്നു എന്നാണ്‌ വിശ്വാസം. ബുദ്ധമതവിശ്വാസിയായിരുന്ന ഏതോ ഒരു കേരളരാജാവിനെ ബഹിഷ്കരിച്ച്‌ ആര്യമതം സ്ഥാപിച്ചതിന്റെ ഓർമ്മ കേരളത്തിന്റെ വിളവെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുകയാണെന്ന അഭിപ്രായവുമുണ്ട്‌. പരശുരാമനോ മഹാവിഷ്ണുവോ തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്ന് ജനങ്ങൾ വിശ്വസിക്കുന്ന ദിവസം കൂടിയാണിത്‌. ഗുജറാത്തികൾ ദീപാവലി ആഘോഷത്തിലൂടെ മഹാബലിയെ സ്മരിക്കുന്നു എന്നും പറയപ്പെടുന്നു.കന്യകമാരുടെ പൂക്കളമൊരുക്കലും സ്ത്രീകളുടെ തിരുവാതിരക്കളിയും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും എല്ലാമെല്ലാം സന്തോഷാധിരേകത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. പെരുവണ്ണാന്മാർ ഓണത്തിന്‌ തെയ്യം കെട്ടുന്നു. വടക്കേ അമേരിക്കയിലെ ആദിമ ഇന്ത്യാക്കാരുടെ ഭാഷയിൽ 'ഓണൻ ഡാഗാ' എന്ന വാക്കിന്റെ അർത്ഥം മലമുകളിൽ എന്നാണ്‌. അപ്പോൾ മാമലകൾക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത മലയാളക്കരയുടെ മാഹത്മ്യം എവിടം വരെ ചെന്നെത്തുന്നു എന്ന് നമുക്ക്‌ ഊഹിക്കാം. എങ്കിലും അസ്സീറിയക്കാരുടെ സിഗ്ഗുറാത്ത്‌ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രങ്ങളുടെ ശിൽപമാതൃകയാണ്‌ പിരമിഡ്‌ രൂപത്തിൽ ഉണ്ടാക്കുന്ന തൃക്കാക്കരയപ്പൻ എന്ന് ഡോ.കൃഷ്ണവാരിയർ പറയുന്നു. മാങ്കുടി മരുതനാർ എന്ന സംഘകവി 'മതുരൈ കാഞ്ചി' എന്ന ഗ്രന്ഥത്തിൽ തമിഴ്‌നാട്ടിലും തിരുവോണം ആഘോഷിച്ചിരുന്നതായി പ്രസ്താവിക്കുന്നു. തൃക്കാക്കരയ്ക്കും മാവേലിക്കരയ്ക്കും ഓച്ചിറയ്ക്കും ഉത്തരകേരളത്തിനും പാണ്ടിപ്രദേശങ്ങൾക്കും ഓണാഘോഷങ്ങളിൽ പണ്ടുമുതലേ പങ്കുള്ളതായി ഗ്രന്ഥങ്ങളിൽ നിന്നും നമുക്ക്‌ മനസ്സിലാക്കാം.ഐതിഹ്യങ്ങൾ ഇവയൊക്കെയാണെങ്കിലും ജനനന്മ ഉദ്ദേശിച്ച്‌ പല ചരിത്ര സംഭവങ്ങളും ഓണാഘോഷത്തോട്‌ കൂട്ടിയോജിപ്പിക്കാൻ പണ്ഡിതന്മാർ ശ്രമിച്ചിട്ടുണ്ടാകാം. മഹാബലി ഒരു കേരള ചക്രവർത്തിയുടെ സ്ഥാനപ്പേരാണെന്നും അദ്ദേഹത്തിന്‌ മാവേലിക്കരയോടും ഓണാടിനോടും ബന്ധമുണ്ടായിരുന്നെന്നും വരാം.അസുരചക്രവർത്തിയായിരുന്നിട്ടും മഹാബലിയുടെ ഭരണകാലം സ്വർഗ്ഗതുല്യമായിരുന്നു എന്ന് വേണം കരുതാൻ. നന്മയുടെ പ്രതീകമായിരുന്ന അദ്ദേഹത്തിന്‌ ലഭിച്ച ഭഗവൽപ്രാപ്തിയെയാണ്‌ വാമനന്റെ മിലനുവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്‌. പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള മഹാബലി കേരളീയനാണോ ? അദ്ദേഹത്തിന്റെ പുത്രനായ ബാണൻ വാണിരുന്നത്‌ ഇന്നത്തെ അസമിൽ ആയിരുന്നു. ഏതിനും, സൽഭരണം നടത്തിയിരുന്ന അസുരചക്രവർത്തിക്ക്‌ ലഭിച്ച മോക്ഷമാണ്‌ കഥാസാരം.ചക്രവർത്തിക്ക്‌ ജീവിതാവസാനം ഉണ്ടായ ഈശ്വരചിന്തയാണ്‌ വാമനരൂപത്തിൽ രംഗപ്രവേശം ചെയ്തിട്ടുള്ളത്‌. മനനശീലരായ മനുഷ്യർക്കും ഉണ്ടാകേണ്ടത്‌ അതുതന്നെയാണ്‌. മനനമേ വാ എന്നതായിരിക്കാം വാമനൻ ആയത്‌. മൂന്നുലോകവും നിറഞ്ഞത്‌ മനനമാണ്‌ ഈശ്വരീയചിന്തയിൽ മുഴുകിയ അവസ്ഥ. വാമനന്‌ ത്രിവിക്രമൻ എന്നും പേരുണ്ട്‌. മനനശീലം തുടക്കത്തിൽ വളരെ ചെറുതായി വന്നു കയറുന്നു. ഇഷ്ടപ്പെട്ട ഒരു വിഷയത്തെക്കുറിച്ച്‌ ചിന്തിക്കാൻ തുടങ്ങുന്ന ആൾ കൂടുതൽ കൂടുതൽ അതിൽത്തന്നെ മുഴുകി ജാഗ്രത്‌ സ്വപ്ന സുഷുപ്തിയിലും ഈശ്വരീയ ചിന്ത തന്നെയായിത്തീരുന്നു. ( അതാണ്‌ മൂന്നു ലോകം മുട്ടെ വളർന്ന വാമനൻ). അങ്ങനെ സൽഭരണം നടത്തിയിരുന്ന ആസുരീയ ചക്രവർത്തി മോക്ഷപ്രാപ്തനായിത്തീരുന്നു. മൂന്നുലോകവും മുട്ടെ വളർന്ന വാമനനോട്‌ പാദം ശിരസ്സിൽ വെച്ച്‌ മൂന്നമത്തെ ചുവട്‌ അളന്നെടുക്കാൻ അഭ്യർത്ഥിക്കുന്നു.മഹാബലി സർവ്വതും ഈശ്വരാർപ്പണമായി സമർപ്പിച്ചു എന്നാണ്‌ അർത്ഥമാക്കേണ്ടത്‌.അങ്ങനെ അദ്ദേഹം മഹാബലി എന്ന പേരിന്‌ തികച്ചും അർഹനായി തീർന്നു. മറ്റു പല കഥകളോടും ബന്ധപ്പെടുത്തിയാണ്‌ ഈ സത്യം ഇന്ന് ഓണക്കഥകളായി നാം കാണുന്നത്‌.ഗീതയിൽ സർവ്വധർമ്മവും പരിത്യജിച്ച്‌ എന്നെ ശരണം പ്രാപിക്കാൻ പരമാത്മാവ്‌ അരുളി ചെയ്ത കാര്യം പറയുന്നുണ്ടല്ലോ. സത്ഗുരുവായ ഒരാൾ പ്രജകളുടെ നമയും തിന്മയും എല്ലാം ഉൾക്കൊള്ളുന്നു. ഭരണ കർത്താക്കളും പൗരന്മാരും ഇത്തരം ഗുണങ്ങളും വിശേഷതകളും ഉള്ളവരായി മാറിയാൽ വീണ്ടും ലോകം സ്വർഗ്ഗമാകും. എന്നും ഓണമാഘോഷിക്കാം.' പോയൊരു നാളുകളോണമാ-
യോടിയെത്തുന്നു ആനന്ദമോടവേ
പുഞ്ചിരിച്ചെന്റെ കൂട്ടുകാർക്കൊക്കെയും
പൊന്നിൻ പൊന്നോണനാളുകൾ നേരുന്നു.'


O

PHONE : 9388318660


1 comment:

  1. onathe kurichulla aa naaluvari...
    valare nannayittundu...

    ReplyDelete

Leave your comment