Sunday, January 27, 2013

കീഴ്‌വഴക്കം


കഥ
നിധീഷ്‌.ജി










      ക്യാബിനിലേക്ക്‌ കയറി, ബ്രീഫ്കേസ്‌ മേശപ്പുറത്തുവെച്ച്‌ കസേരയിലമർന്നിരിക്കുമ്പോൾ കപിലേശൻ മുകളിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിലേക്ക്‌ കണ്ണുകളയച്ചു. ഇനി അധികനേരം ഇത്‌ പ്രവർത്തിക്കാനിടയില്ലെന്നും അടുത്തിടെയായി പകൽസമയം വൈദ്യുതി കിട്ടുക ഒരു ഭാഗ്യമായിത്തീർന്നിരിക്കുന്നല്ലോ എന്നും ആത്മഗതം ചെയ്തു.

കീഴ്ജീവനക്കാരായ സഹജീവികളാരും തന്നെ വന്നിട്ടില്ല. കാനന റെയിൽവേയുടെ പുതിയ 'മെമു' സർവ്വീസ്‌ തുടങ്ങിയതിൽപ്പിന്നെ ടി.കക്ഷികളെത്തുമ്പോൾ പതിനൊന്നുമണിയാകും. നാലുമണിക്ക്‌ അതേ വണ്ടിയിൽ തിരികെപ്പോകാനുള്ള ധൃതിക്കിടയിൽ ആപ്പീസുകാര്യങ്ങൾ പതിവുപോലെ നടന്നുപോകുന്ന കാര്യമോർത്ത്‌ കപിലേശൻ മാത്രം ആശ്ചര്യപ്പെടാറുണ്ട്‌. മൃഗസ്നേഹിയായ അദ്ദേഹം എല്ലാം കണ്ണടച്ചങ്ങു വിടും.

ചോലവനപ്രവിശ്യയുടെ അധിപനായ മൃഗരാജന്റെ ചേംബർ മീറ്റിംഗിൽ കപിലേശൻ ഇന്നലെ ചില കാര്യങ്ങൾ തുറന്നടിച്ചത്‌ കുഴപ്പമായി. കപിലേശനുമായി വ്യക്തിപരമായി അടുപ്പമുള്ളതുകൊണ്ട്‌ രാജൻ സ്വകാര്യമായി വിളിച്ചുപദേശിച്ചു. നാവിനെ സൂക്ഷിച്ചില്ലെങ്കിൽ പണി പലഭാഗത്തുനിന്നും വരുമെന്ന മുന്നറിയിപ്പ്‌ കൊടുത്തെങ്കിലും, ആ തിളപ്പ്‌ ഇപ്പോഴും അടങ്ങിയിട്ടില്ല. പ്ലാസ്റ്റിക്‌ നിരോധനമേഖലയായ ചോലവനപ്രദേശത്ത്‌, ഭരണനേട്ടങ്ങളുടെ പട്ടികയും ക്ലോസപ്പ്‌ ചിരിയുമായി ഫ്ലക്സ്‌ ബോർഡുകൾ സ്ഥാപിക്കുന്നതിന്‌ ഒരു നിയന്ത്രണവുമില്ല. അത്‌ ചൂണ്ടിക്കാട്ടിയപ്പോൾ, അച്ചടക്കലംഘനമായി. പ്രോട്ടോക്കോൾ ഭേദിക്കലായി. 

തൂവാലയെടുത്ത്‌ മുഖമമർത്തിത്തുടച്ചുകൊണ്ട്‌ അദ്ദേഹം ഇരിപ്പിടത്തിനു മുന്നിലെ ഷെൽഫിലേക്ക്‌ നോക്കി. അതിൽ അർത്ഥശാസ്ത്രം മുതലിങ്ങോട്ട്‌ ഭരണയന്ത്രത്തിന്റെ സുഗമചലനത്തിനുതകുന്നതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങൾ വിരൽപ്പാടു പോലുമേൽക്കാതെ കാലങ്ങളായി ഞെങ്ങിഞെരുങ്ങിയിരിക്കുന്ന കാഴ്ചയിൽ വേപഥു കൊണ്ടു.

അപ്പോൾ ഫോൺ ശബ്ദിച്ചു.

"ഹലോ"

"ങാ.. ഞാൻ നരിമാൻ സാറിന്റെ ഓഫീസിൽ നിന്നാണ്‌ !"

"ഏത്‌ നരിമാൻ?"

"അതുകൊള്ളാം, വകുപ്പു കയ്യാളുന്നവരുടെ പേരറിയാത്തവനാണോ ആപ്പീസറുടെ കസേരയിൽ കേറിയിരിക്കുന്നത്‌ ?"

ഇന്നലെ മുതലുള്ള അടങ്ങാത്ത കലി പൊട്ടിയൊഴുകാതെ സൂക്ഷിച്ചുകൊണ്ട്‌ കപിലേശൻ വാൽമാക്രിയോട്‌ മന:പൂർവ്വം സൗമ്യനാകാൻ ശ്രമിച്ചു.

"കൂടുതൽ പ്രസംഗിക്കാതെ കാര്യമെന്താന്നുവെച്ചാൽ പറയൂ.”
 
"ഉംഅവിടെ പാസ്പോർട്ട്‌ കേന്ദ്രത്തിന്റെ പ്രവർത്തനമൊക്കെ എന്തോ പരിഷ്കരിച്ചെന്നുകേട്ടു. എന്താണത്‌ ?"

ബ്യൂറോക്രസിയെന്ന കാൽപ്പന്തുകളിയിൽ കിട്ടുന്ന, മികച്ച അവസരവും സാധ്യതയുമായ കോർണർ കിക്കെടുത്തുകൊണ്ട്‌ കപിലേശൻ വിശദീകരണം ചൊരിഞ്ഞു; ചോലവന പാസ്പ്പോർട്ട്‌ സെല്ലിന്റെ പ്രാഥമിക പ്രവർത്തനങ്ങളെല്ലാം തന്നെ കേന്ദ്രനിർദ്ദേശപ്രകാരം സ്വകാര്യസ്ഥാപനത്തിനു കൈമാറിയെന്നും പ്രസ്തുത കമ്പനിയുടെ സ്ട്രാറ്റെജി അനുസരിച്ച്‌ എല്ലാം തന്നെ കമ്പ്യൂട്ടർവത്ക്കരിക്കപ്പെട്ടുവെന്നും ഇപ്പോൾ അതുമായി ബന്ധപ്പെട്ട സകലപ്രവർത്തനങ്ങളും ഇന്റർനെറ്റുവഴി സുഗമവും സുതാര്യവുമായി തീർന്നെന്നും വിളമ്പി.

എല്ലാം കേട്ടുമനസ്സിലാക്കി, ഉം.. ശരി..ശരി.. നമുക്ക്‌ പിന്നെ കാണാം എന്നിരുത്തിപ്പറഞ്ഞുകൊണ്ട്‌ വാൽമാക്രി ഫോൺ വെച്ചു.

നാശമായിപ്പോകാൻ തുടങ്ങുന്ന ദിവസത്തെക്കുറിച്ച്‌ വെറുതെ ഒരു നിശ്വാസമുതിർത്തുകൊണ്ട്‌ കപിലേശൻ പിന്നിലേക്ക്‌ ചാരിയിരുന്നപ്പോൾ ബുക്ക്‌ ഷെൽഫിൽ നിന്ന് ഒരു പല്ലിയിറങ്ങി വന്ന് അദ്ദേഹത്തെ നോക്കി പുഛ്ഛത്തോടെ ഒന്നു ചിരിച്ചിട്ട്‌ അകത്തേക്ക്‌ കയറിപ്പോയി.

ആ സമയം, ‘മെമു’വിലേറി വന്ന പരിവാരങ്ങൾ നിരനിരയായി വന്ന്‌ ഇരിപ്പിടങ്ങൾ നിറച്ചു. കോൺഫറൻസുകളോ മറ്റു പുറംജോലികളോ ഇല്ലാതിരുന്ന ദിവസമായതിനാൽ കപിലേശൻ തനിക്ക്‌ കിട്ടിയ ഒന്നുരണ്ട്‌ മെമ്മോകൾക്കുള്ള മറുപടി എഴുതി തയ്യാറാക്കി. വലുതായ ശല്യങ്ങളൊന്നും അദ്ദേഹത്തെ അതിനിടയ്ക്ക്‌ അലോസരപ്പെടുത്തിയതുമില്ല.

ഉച്ചയൂണിനായി പുറത്തിറങ്ങിയപ്പോഴാണ്‌ ചോലവന ഭരണസിരാകേന്ദ്രത്തിന്റെ പല പല ഭാഗങ്ങളിലായി പൊടുന്നനെ പ്രത്യക്ഷപ്പെട്ട വമ്പൻ ഫ്ലക്സ്‌ബോർഡുകൾ കപിലേശന്റെ ശ്രദ്ധയിൽപ്പെട്ടത്‌.

"ചോലവനത്തിലെ സകലമാനജീവികൾക്കും പാസ്പ്പോർട്ട്‌ ലഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും വനപാസ്പ്പോർട്ട്‌ സെല്ലിനെ അർഹതപ്പെട്ട പുതിയ ഏജൻസിക്ക്‌ കൈമാറിക്കൊണ്ട്‌ നവീകരിക്കുകയും കമ്പ്യൂട്ടർവൽക്കരിക്കുകയും ചെയ്ത ബഹു. ചോലവന പുംഗവൻ നരിമാൻ കുറ്റിക്കാടന്‌ അഭിവാദ്യങ്ങൾ !"

കപിലേശൻ, സാമ്പാർ കോരിയൊഴിച്ച ചൂടുചോറ്‌ വിഴുങ്ങി, ഒരേമ്പക്കവും വിട്ടു. ഹൊ !

O

PHONE : 9446110023



7 comments:

  1. "പ്ലാസ്റ്റിക്‌ നിരോധനമേഖലയായ ചോലവനപ്രദേശത്ത്‌, ഭരണനേട്ടങ്ങളുടെ പട്ടികയും ക്ലോസപ്പ്‌ ചിരിയുമായി ഫ്ലക്സ്‌ ബോർഡുകൾ സ്ഥാപിക്കുന്നതിന്‌ ഒരു നിയന്ത്രണവുമില്ല. അത്‌ ചൂണ്ടിക്കാട്ടിയപ്പോൾ, അച്ചടക്കലംഘനമായി. പ്രോട്ടോക്കോൾ ഭേദിക്കലായി".....



    ReplyDelete
  2. അമ്മായി അമ്മക്ക് അടുപ്പിലും ആവാം എന്ന് പറയുന്ന ഭരണ മേലാള വര്‍ഗത്തോടുള്ള പരിഹാസം ആണ് ഈ വായന
    ആശംസകള്‍

    ReplyDelete
  3. ചോലവനമേഖല പ്ലാസ്റ്റിക് മുക്തമാക്കണമെന്ന പേരിൽ നമുക്കൊരു ഫ്ലക്സ് വെച്ചാലോ?

    ReplyDelete
  4. വസ്തു വാങ്ങിയപ്പോഴേ ഉള്ള കുഴല്‍കിണറിന് ഒരു പമ്പ് വാങ്ങിവച്ചിട്ട്
    പുതിയ കിണര്‍ കുഴിച്ച ബില്‍ എഴുതിയെടുത്ത ചിലരെ ഓര്‍മ്മവന്നു,
    ഇത് വായിച്ചപ്പോള്‍.

    ReplyDelete
  5. Hathu kollaam.. kalakki..
    prashnangal kaattilekkum kayattu mathi cheyyaan thudangi alle?

    Mrugangalodum veno ee kroo(ooooo)ratha?

    ReplyDelete
  6. ബ്യൂറോക്രസിക്ക് ചില സ്വഭാവസവിശേഷതകളുണ്ട്.
    അതൊരിക്കലും മാറാൻ പോവുന്നില്ല.
    സങ്കൽപ്പസൃഷ്ടിയായ മൃഗരാജ്യത്തെ ബ്യൂറോക്രസിയും തഥൈവ

    നിധീഷിന്റെ മറ്റു ചില കഥകളിൽ എന്നെ ആകർഷിച്ച വാക്കുകൾകൊണ്ടുള്ള ഇന്ദ്രജാലം ഇവിടെ എന്തോ അനുഭവിക്കാനാവാതെപോയി.

    ReplyDelete
  7. പ്രതിഭയുള്ള ഒരു തുടക്കക്കാരന്‍ കഥ എഴുതിയതുപോലെ തോന്നി നിധീഷ്.

    പ്രതിഭയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും മിഴിവില്ലാത്ത കഥ

    ReplyDelete

Leave your comment