നാടകം
ടി.പി.അജയൻ
ടി.പി.അജയൻ |
(80-90 കളിൽ നാടകമത്സരവേദികളിലെ സജീവസാന്നിധ്യമായിരുന്നു ടി.പി.അജയൻ. നാടകത്തിന്റെ പുതുവഴികളിലൂടെ സഞ്ചരിക്കുന്നതിനിടയിൽ അകാലത്തിൽ ജീവൻ പൊലിഞ്ഞ ടി.പി.അജയന്റെ ഓർമ പുതുക്കുന്നതിനായി കേളികൊട്ട് കൂട്ടായ്മ അദ്ദേഹത്തിന്റെ നാടകങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുന്നു. സത്യപാലൻ കൊല്ലപ്പെട്ടു, നന്ദിഗ്രാമത്തിന്റെ പ്രജാപതി, പ്രകാശാത്മന്റെ വർത്തമാനം. ഏകാകിയുടെ പുരാവൃത്തം തുടങ്ങിയ നാടകങ്ങളിലൂടെ 80-90 കളിൽ മലയാള നാടകവേദിക്ക് പുത്തൻ ദിശാബോധവും ഉണർവ്വും പകരാൻ അജയന്റെ നാടകങ്ങൾ നിമിത്തമായി. ഇതോടെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. ചിറ്റുമല യുവകലാവേദിക്കു വേണ്ടി മൂവായിരത്തിലധികം വേദികളിൽ അജയൻ നാടകങ്ങൾ അവതരിപ്പിച്ചു. അക്കാലത്ത് സ്കൂൾ-കോളേജ് വേദികൾ അജയന്റെ നാടകങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. കേണൽ ഗോദവർമ അവാർഡ്, സഫ്ദർ ഹഷ്മി അവാർഡ്, മംഗളം സാഹിത്യവേദി പുരസ്കാരം എന്നിവ നേടിയ അദ്ദേഹം 2004 ആത്മഹത്യ ചെയ്യുകയായിരുന്നു. പലയിടങ്ങളിൽ നിന്നും കണ്ടത്തിയ അദ്ദേഹത്തിന്റെ രചനകൾ കേളികൊട്ട് കൂട്ടായ്മ സമാഹരിക്കുന്നു. അജയന്റെ രചനകൾ കൈവശമുള്ളവർ ബന്ധപ്പെടുക. അജിത്.കെ.സി - 9387177377)
സത്യപാലൻ കൊല്ലപ്പെട്ടു
കർട്ടൺ ഉയരുമ്പോൾ രംഗം ശൂന്യം. സദസ്യരുടെ ഇടയിൽ നിന്നും സത്യപാലനെ രണ്ടു ചെന്നായ്ക്കൾ ഓടിച്ചു കൊണ്ടുവരുന്നു. അവർ സ്റ്റേജിലെത്തുമ്പോൾ സ്റ്റേജിന്റെ ഇരുവശത്തു നിന്നും രണ്ട് ചെന്നായ്ക്കൾ കടന്നുവരുന്നു. അവർ നാലുപേരും കൂടി സത്യപാലനെ ആക്രമിച്ചു കൊല്ലുന്നു. അപ്പോൾ അണിയറയിൽ നിന്നും വന്യമായ വായ്ത്താരി ഉയരുന്നു.
ചെന്നായ്ക്കൾ ചെന്നായ്ക്കൾ തിന്നുന്നു.
മനുഷ്യന്റെ സിദ്ധികൾ ചെന്നായ്ക്കൾ തിന്നുന്നു.
മനുഷ്യന്റെ മണ്ടകൾ മണ്ടകൾ
ചെന്നായ്ക്കൾ ചെന്നായ്ക്കൾ തിന്നുന്നു
മനുഷ്യന്റെ നാഭികൾ നാഭികൾ
ചെന്നായ്ക്കൾ ഓരിയിടുന്നത് കേൾക്കാം.
(വെളിച്ചം തെളിയുമ്പോൾ വ്യാഖ്യാതാവ് കടന്നുവരുന്നു.)
വ്യാഖ്യാതാവ് - എന്താ ഇവിടൊരു ജനക്കൂട്ടം? ഓ, എല്ലാവരും സത്യപാലന്റെ മരണവാർത്ത അറിഞ്ഞു വന്നതായിരിക്കും... അല്ലാ എന്താ അവിടൊരു സംശയം? ഓ..സത്യപാലൻ ആരെന്നായിരിക്കും. പറയാം... ഞാൻ എല്ലാം പറയാം. നിങ്ങൾ എന്നോടൊപ്പം ഇവിടെ നിന്നും അരനാഴിക നടന്നാൽ നമുക്ക് സത്യപാലന്റെ വീടെത്താം.
(വ്യാഖ്യാതാവ് രംഗഭൂമിയിൽ നിശ്ചലനാകുന്നു. കോറസ് സത്യപാലന്റെ വീടാകുന്നു)
വ്യാഖ്യാതാവ് - നാഥൻ നഷ്ടപ്പെട്ട വീട്. ആരാണീ സത്യപാലൻ?
(വീടായി നിന്നവർ ആരാണ് സത്യപാലൻ, ആരാണ് സത്യപാലൻ എന്നു ചോദിച്ചുകൊണ്ട് മറയുന്നു.)
വ്യാഖ്യാതാവ് - നിങ്ങളിലാരെങ്കിലുമായിരിക്കും. ജനസഹസ്രങ്ങളിൽ മുഖമില്ലാത്ത ഒരുവൻ. ഒരിക്കൽ തെരുവിലൂടെ അലഞ്ഞുനടന്ന സത്യപാലനെ രാജകിങ്കരന്മാർ പിടിച്ചുകെട്ടി. തടവറയിലാക്കി.
(കോറസ് തടവറയാകുന്നു. സത്യപാലനെ പിടിച്ചുകെട്ടി തടവറയിലാക്കുന്നു)
വ്യാഖ്യാതാവ് - സത്യപാലന്റെ യൗവനം തടവറയിൽ ഹോമിക്കപ്പെട്ടു. പീഢനങ്ങളുടെ അന്ത്യത്തിലവൻ, (ദൃശ്യവത്കരിക്കുന്നു) സത്യപാലൻ തടവു ചാടുന്നു. തടവു ചാടിയ സത്യപാലനെ അന്വേഷിച്ച് രാജകിങ്കരന്മാർ ജനപഥങ്ങളിലേക്ക് പാഞ്ഞു. (കോറസ് രാജകിങ്കരന്മാരായി മാറുന്നു.)
സത്യപാലനെ അരങ്ങിൽ കൊണ്ടുവരുന്നു.
കോറസ് - നീയാണോടാ സത്യപാലൻ?
സത്യപാലൻ - അല്ല ഞാൻ കബീറാണ്.
(പീഢനത്തിന്റെ ദൃശ്യങ്ങൾ - കബീർ പിടയുന്നു.)
വ്യാഖ്യാതാവ് - നീ കബീറോ അതോ സത്യപാലനോ?
സത്യപാലൻ - പറയാം ഞാൻ എല്ലാം പറയാം.
(കോറസ് പിറയും നക്ഷത്രവും ആകുന്നു)
സത്യപാലൻ - ഈ പിറയും നക്ഷത്രവും തൊട്ട് ഞാൻ സത്യം ചെയ്യുന്നു. ഞാൻ കബീറാണ് - കബീർ.
വ്യാഖ്യാതാവ്- എന്താണ് കബീർ നിനക്കീ നക്ഷത്രത്തോടും പിറയോടും ഇത്ര സ്നേഹവും വിധേയത്വവും..?
സത്യപാലൻ - കണ്ടില്ലേ ആ നക്ഷത്രത്തിന്റെ തിളക്കം. ആ പിറയുടെ വെളിച്ചം.
വ്യാഖ്യാതാവ് - നോക്കൂ കബീർ. തിളക്കം നഷ്ടപ്പെട്ട നക്ഷത്രം. വെളിച്ചം നഷ്ടപ്പെട്ട പിറ. നീ അവയിലേക്ക് അടുക്കും തോറും അവ അകന്ന് പൊയ്ക്കൊണ്ടിരിക്കും. ഒടുവിൽ നീ അറിയും അതില്ലായെന്ന്.
(അകലുന്ന പിറയും നക്ഷത്രവും. തക്ബീർ ഒഴുകുന്നു.)
സത്യപാലൻ - ഈ അന്ധകാരം എന്നെ വേട്ടയാടുന്നു. (ആവർത്തിക്കുന്നു. മറയുന്നു.)
(ഒരു പ്രകാശവൃത്തത്തിൽ നിന്നു കൊണ്ട്)
വ്യാഖ്യാതാവ് - ഇരുട്ടിൽ തപ്പിത്തടഞ്ഞ കബീർ ഒടുവിൽ ചെന്നെത്തിയതോ. ഇതാ ഇവിടെ. ഇവിടെ.
(വ്യാഖ്യാതാവ് മറയുന്നു. കോറസ് ഒരു ശൂലം ആകുന്നു. അമ്പലത്തിലെ അനുഷ്ഠാനത്തിന്റെ കോമിക് ദൃശ്യങ്ങൾ. പൂജാരിയും പരികർമ്മിയും കടന്നു വരുന്നു. തുള്ളൽ ആരംഭിക്കുന്നു.)
ശൂലം;കപാലം; രുദ്രാക്ഷം
കടുന്തുടി രുദ്രാക്ഷം.
ശൂലം കാ...
പാലം കാ..
സ്വാഹ... സ്വാഹാ.
തുള്ളൽ ആരംഭിക്കുന്നു.
സത്യപാലൻ - ഈ അന്ധകാരം എന്നെ വേട്ടയാടുന്നു.
പൂജാരി - ഉണ്ണീ നിനക്കെന്ത് വരമാണ് വേണ്ടത്?
സത്യപാലൻ - എന്റെ അന്ധത അങ്ങ് കാണുന്നില്ലേ?
പൂജാരി - ഉണ്ണീ ഗൗതമാ. മകനേ കണ്ണു തുറക്കൂ.
(സത്യപാലൻ തുള്ളലിൽ പങ്കുചേരുന്നു. തുള്ളൽ പുരോഗമിക്കുന്നു. ശൂലം പരികർമിയെ കൊല്ലുന്നു. ഹിംസാത്മകരംഗങ്ങൾ. നിശ്ചലത.)
പൂജാരി - കർമ്മശുദ്ധി.... പാപശുദ്ധി.
സത്യപാലൻ - രക്ഷകൻ തന്നെ ശിക്ഷകൻ. രക്ഷകൻ തന്നെ ശിക്ഷകൻ
(ശൂലം കയറിട്ട് പിടിക്കുന്നു. സത്യപാലൻ പൊട്ടിച്ചുകൊണ്ട് മറയുന്നു. വെളിച്ചം പൊലിയുന്നു.)
വ്യാഖ്യാതാവ് - അങ്ങനെ രക്ഷപ്പെട്ട ഗൗതമൻ ഒടുവിൽ ചെന്നത്തിയതോ, ഇതാ ഇവിടെ.
(കുരിശ് ദൃശ്യമാകുന്നു. അലഞ്ഞ് സത്യപാലൻ കുരിശിന്റെ മുന്നിലെത്തുന്നു.)
സത്യപാലൻ - എന്റെ നിസ്സഹായത അവിടുന്ന് കാണുന്നില്ലേ?
കോറസ് - (കുരിശ്) തീർച്ചയായും.
സത്യപാലൻ - എങ്കിൽ അങ്ങയുടെ മുന്നിൽ മുട്ടുകുത്തി കേഴുന്ന എനിക്ക് ഇത്തിരി അഭയം തരൂ.
കോറസ് - ആരാണ് നീ..?
സത്യപാലൻ - ഭാവിയെക്കുറിച്ച് പ്രവചിക്കാൻ കഴിയുന്ന അങ്ങേയ്ക്ക് ഞാനാരാണെന്ന് അറിയില്ലേ?
കോറസ് - ഓ ക്രിസ്തുദാസ്, നിനക്കായി ഇതാ രക്ഷയുടെ വാതായനം തുറക്കുന്നു.
(കുരിശ് പിളർന്ന് മാറുന്നു. അതിന് ഉള്ളിലേക്ക് പ്രവേശിക്കുന്നു.)
വ്യാഖ്യാതാവ് - കുരിശുനുള്ളിൽ കടന്നിട്ടാണത്രേ അവൻ അറിയുന്നത്. ഒന്ന് മറ്റൊന്നിനെ ആക്രമിക്കുന്ന കഥ. കുരിശുകൾ കുരിശുകളെ പ്രസവിക്കുന്ന കാലമോ, ഒന്ന് മറ്റൊന്നിനെ ആക്രമിക്കുന്ന കഥ.
(കുരിശുകൾ മത്സരിച്ച് ഏറ്റുമുട്ടുന്നതിന് തുടങ്ങുമ്പോൾ വ്യാഖ്യാതാവ് മറയുന്നു.)
(രംഗാരംഭത്തിലേപ്പോലെ ചെന്നായ്ക്കൾ സത്യപാലനെ ആക്രമിച്ചു കൊല്ലുന്നു. ദീപം പൊലിയുന്നു.)
വെളിച്ചം തെളിയുമ്പോൾ കോറസ് കുഴിമാടമായി ഇരിക്കുന്നു.
വ്യാഖ്യാതാവ് - കുഴിമാടം. സത്യപാലന്റെ കുഴിമാടം. ജാതി-മത ഹിംസ്രജന്തുക്കൾ കടിച്ചു തിന്നുന്നു. സത്യപാലന്റെ കുഴിമാടം നിങ്ങളൊന്ന് കാതോർത്തു നോക്ക്. നിങ്ങൾ കേൾക്കുന്നില്ലേ ചീവീടുകളുടെ ചിലമ്പിച്ച നാദം.
അതൊരു വായ്ത്താരിയായി. പുതിയൊരു മാറ്റത്തിന്റെ കാഹളമായി.
കോറസ് - തക തക തിമിതോം. തക തക തിമിതോം.
കുഴിമാടത്തിൽ നിന്നും സത്യപാലൻ ഉയിർത്തെഴുന്നേൽക്കുന്നു. നഗ്നത മറയ്ക്കുന്ന ദേശീയ പതാകയുമായി നിൽക്കുമ്പോൾ.
വിഭിന്ന ജാതി മതസ്ഥരായ്
ഛിന്നഭിന്നമകന്ന് നിൽപ്പോർ
ഉണർന്നെണീക്കുക ഉഷസ് പോലെ
മനുഷ്യചേതന തൊട്ടുണർത്തുക
ജാതിക്കോട്ടകൾ തച്ചുടയ്ക്കുക
ജാതിക്കോമര കുരുന്ന് നുള്ളുക
ജാതി വേണ്ട മതം വേണ്ട
മഹിയിൽ മർത്ത്യർ ഒന്നു മാത്രം.
എല്ലാം നിശ്ചലം. പിന്നെ ബ്യൂഗിളിന്റെ ശബ്ദം. ഒരു മാർച്ചിംഗ് പോലെ ഗാനം ഉയരുന്നു. പിന്നരങ്ങിൽ ചെങ്കൊടിയുമേന്തി മാർച്ച് ചെയ്യുന്ന സംഘം.
ഉണരുവിൻ പട്ടിണിയുടെ
തടവുകാരേ നിങ്ങൾ
ഉണരുവിൻ ഭൂമിയിലെ
പീഢിതരേ നിങ്ങൾ
ഇടിമുഴക്കിയലറി നിൽപ്പൂ
നീതിയന്ത്യശാസനം
പിറവി കൊൾകയായ്
രമ്യനവ്യലോകമൊന്നിതാ
പഴമ തൻ വിലങ്ങ് പൂട്ടി
യിടുകയില്ല നമ്മളെ
നമ്മൾ നുകം വലിച്ചെറിഞ്ഞ്
ഉണർന്നെണീക്കനാം
ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്ത് നിൽക്കനാം
നമ്മൾ എന്തുചെയ്യണം
നമ്മൾ നിശ്ചയിക്കണം
നമ്മൾ നിശ്ചയിച്ചുറച്ച്
നല്ല പോലെ ചെയ്യണം
വേണ്ട വേണ്ട മുകളിൽ
നിന്നിറങ്ങി വന്ന രക്ഷകൻ
ധനികനില്ല കടമകൾ നിയമം
അവശനൊരു കണി.
വേണ്ടാ രാജ്യസഭയിൽ നിന്നു
നമ്മളെ ഭരിക്കുവോർ
തൊഴിലെടുക്കുവോർക്ക് വേണ്ട
അവർ എറിഞ്ഞ തുട്ടുകൾ
കള്ളനെ പിടിച്ച് കളവു
മുതൽ തിരിച്ചുവാങ്ങുവാൻ
നമ്മൾ എന്തു ചെയ്യണം
നമ്മൾ നിശ്ചയിക്കണം
നമ്മൾ നിശ്ചയിച്ചുറച്ച്
നല്ല പോലെ ചെയ്യണം
ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്ത് നിൽക്കനാം
അഖിലലോക ഗാനമിത്
മനുഷ്യവംശമാം.
O
No comments:
Post a Comment
Leave your comment