സംസ്കാരജാലകം-33
സൈബർ ഫെമിനിസം:സാംസ്കാരിക സംവാദം
വിജ്ഞാനകൈരളി ജനുവരി 1, 2018 ൽ വന്ന ഡോ.സുജാറാണി മാത്യുവിന്റെ ‘സൈബർ ഫെമിനിസം: ഒരു സാംസ്കാരിക സംവാദം’ എന്ന ലേഖനം പുതിയ അറിവുകളുടെ ഒരു കലവറയാണ്. ഫെമിനിസം, എക്കോ ഫെമിനിസത്തിൽ നിന്നും സൈബർ ഫെമിനിസത്തിലേക്ക് വളർന്നുവെന്ന് ഈ ലേഖനം നമ്മെ അറിയിക്കുന്നു. സ്ത്രീ പ്രകൃതിയാണ് എന്ന അറിവ് മാറി സ്ത്രീ സാങ്കേതികതയാണ് എന്ന പുതിയ അറിവിലേക്ക് നമ്മെ വളർത്തുവാൻ ഈ ലേഖനം സഹായിക്കുന്നു. സ്ത്രീ മുന്നേറ്റങ്ങളുടെ ഒരു പുതിയ വഴിയാണിത്. സൈബർ ഫെമിനിസത്തിലേക്ക് നാം വളരുമ്പോഴും സ്ത്രീ ഒരു രാഷ്ട്രീയ പ്രയോഗമാണ് എന്ന വലിയ അറിവിന് ഉലച്ചിൽ സംഭവിക്കുന്നില്ല എന്ന കാര്യം എല്ലാ ഫെമിനിസ്റ്റുകളും തിരിച്ചറിയേണ്ടതാണ്.
ഗവൺമെന്റ് റേഡിയോയെ ഫലപ്രദമായി ഉപയോഗിക്കണം.
റേഡിയോ ഇന്നും ഒരു നിറംകെട്ട മാധ്യമമായി തുടരുകയാണ്. ശ്രാവ്യമാധ്യമായതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. ഗവൺമെന്റ് ആത്മാർത്ഥമായി വിചാരിച്ചാൽ റേഡിയോയെ ഫലപ്രദമായ ഒരു മാധ്യമമാക്കാൻ കഴിയും ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിന് ഗവൺമെന്റ് റേഡിയോയെ ശ്രദ്ധയോടെ ഉപയോഗിക്കാൻ ഇനിയെങ്കിലും ശ്രമിക്കണം. ഇതിൽ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്.
ജോസഫ് പുലിക്കുന്നേൽ
മലയാള മനോരമയിൽ
(29.12.2017) സക്കറിയ എഴുതിയ ‘കലർപ്പില്ലാത്ത കലാപം’ എന്ന ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചുള്ള
ലേഖനം യാഥാർത്ഥ്യബോധം തുളുമ്പുന്ന ഒന്നായിരുന്നു. അതുകൊണ്ടു തന്നെ അത് ഗംഭീരമായിരുന്നു.
സക്കറിയ സൂചിപ്പിച്ചതു പോലെ അദ്ദേഹം നിർഭയനായ പോരാളിയായിരുന്നു. സമൂഹത്തിലെ പല ദുർചെയ്തികൾക്കെതിരെയും
പുലിക്കുന്നേൽ നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കത്തോലിക്ക
സഭയുടെ സൈദ്ധാന്തിക വിമർശകൻ എന്ന നിലയിൽ പുലിക്കുന്നേൽ എന്നും ഓർമിക്കപ്പെടും. പുലിക്കുന്നേലിന്റെ
നേതൃത്വത്തിൽ നടന്ന മലയാള ബൈബിൾ വിവർത്തനവും ശ്രദ്ധേയമായ കാൽവെയ്പ്പായിരുന്നു. അദ്ദേഹം
ആരംഭിച്ച ‘ഓശാന’ മാസിക സമാനതകളില്ലാത്ത മറ്റൊരു നേട്ടമായിരുന്നു. ഞാൻ കോട്ടയം ബസേലിയോസ്
കോളേജിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് ആതിഥ്യം അരുളാൻ സാധിച്ചത് ഇപ്പോൾ അഭിമാനത്തോടെ
ഓർക്കുന്നു.
കെ.എസ്.ആർ.ടി.സി പെൻഷൻ ഉടൻ കൊടുത്തുതീർക്കുക.
കെ.എസ്.ആർ.ടി.സി പെൻഷൻ കൊടുത്തു തീർക്കാതിരിക്കുക വഴി കേരള ഗവൺമെന്റ് ഒരു പ്രാകൃത സംവിധാനമായി അധ:പതിക്കുകയാണ്. നമ്മുടെ പൊതു മനസാക്ഷി കെ.എസ്.ആർ.ടി.സി പെൻഷൻകാരോടൊപ്പം ഉണ്ട്. പെൻഷൻ ജന്മാവകാശമാണ്. അതിന് ആരുടെയും ഔദാര്യം ആവശ്യമില്ല. ഇക്കാര്യം കേരള ഗവൺമെന്റ് മനസ്സിലാക്കണം. കെ.എസ്.ആർ.ടി.സി ക്കാരുടെ നീറുന്ന പ്രശ്നങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്ന കാര്യത്തിൽ നമ്മുടെ പ്രിന്റ്-ദൃശ്യ മാധ്യമങ്ങൾ കാണിക്കുന്ന അലംഭാവം അവരെക്കാലവും തുടരുന്ന കപടമുഖത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ശെൽവമണിയുടെ കഥാവിമർശനങ്ങൾ
കെ.ബി.ശെൽവമണി എന്ന യുവവിമർശകൻ
പല ആനുകലികങ്ങളിലായി എഴുതിയിട്ടുള്ള കഥാവിമർശനങ്ങൾ നമ്മുടെ കഥാവിമർശനശാഖയുടെ മുതൽക്കൂട്ടുകളാണ്.
പ്രമോദ് രാമനുമായി ‘പ്രസാധകൻ’ മാസികയിൽ ഡോ.ശെൽവമണി നടത്തിയ ദീഘസംഭാഷണവും അതേ മാസികയിൽ
എബ്രഹാം മാത്യൂ, ശിഹാബുദ്ദീൻ പൊയ്ത്തും കടവ് എന്നിവരുമായും ‘ഭാഷാപോഷിണി 2017 ഓണപ്പതിപ്പി’ൽ
സന്തോഷ് എച്ചിക്കാനത്തിന്റെ കഥകളെക്കുറിച്ചെഴുതിയ ലേഖനവും മലയാള കഥാവിമർശനത്തിന്റെ
നേട്ടങ്ങൾ ആണ്. കൂട്ടത്തിൽ എച്ചിക്കാനവുമായി നടത്തിയ സംഭാഷണമാണ് മലയാള കഥാവിമർശനത്തിന്
ഏറെ ആഴം നൽകിയത്. ‘എഴുത്തിൽ ജനാധിപത്യം’ എന്ന പേരിലുള്ള ഈ വിമർശനം മലയാളത്തിലെ ശ്രദ്ധേയനായ
കഥാകാരൻ സന്തോഷ് എച്ചിക്കാനത്തെ അദ്ദേഹം ഉൾക്കൊള്ളുന്ന മഹത്വത്തോടുകൂടി മനസ്സിലാക്കാൻ
നമ്മെ സഹായിക്കുന്നു.
വാർത്തകളും ചാനലുകളും
നമുക്ക് അനവധി ചാനലുകൾ
ഉണ്ടെങ്കിലും പക്ഷപാതരഹിതമായും സംതൃപ്തിയോടെയും വാർത്തകൾ കാണാൻ കഴിയുന്ന ഒന്നുമില്ല.
എല്ലാ ചാനലുകളും വർത്തമാനപത്രങ്ങളെപ്പോലെ ചില അജണ്ടകളോടുകൂടിയാണ് പ്രവർത്തിക്കുന്നത്.
ജനങ്ങളുടേതായ ഒരു ചാനൽ ഇനി എന്നാണ് ഉണ്ടാവുക?
സീതാറാം യെച്ചൂരിയും പ്രകാശ്
കാരാട്ടും
ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച രണ്ട് നേതാക്കന്മാരാണ് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും. ഇവർ രണ്ടുപേരും ഇന്ത്യൻ പാർലമെന്റിൽ വരേണ്ടവരുമാണ്. പുതിയ ഇന്ത്യൻ സാഹചര്യങ്ങൾ ഇവരെ എവിടെക്കൊണ്ടെത്തിക്കുമെന്ന് പറയാറായിട്ടില്ല. ജനങ്ങൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ്.
ചാനലുകളിലെ സീരിയലുകൾ
നമ്മുടെ ചാനലുകളിൽ ജനപ്രിയമായി തീർന്നിട്ടുള്ള ‘കറുത്തമുത്ത്’, ‘വാനമ്പാടി’, ‘പരസ്പരം’, ‘ഭാര്യ’ തുടങ്ങിയ സീരിയലുകൾ എല്ലാം അന്ത:സാരശൂന്യങ്ങളാണ്. കലയുടെ മഹത്തായ ലക്ഷ്യവുമായി പുലബന്ധം പോലും അതിനില്ല. ഈ സീരിയലുകളിലെ ചില നടീനടന്മാരുടെ അഭിനയം പരാമർശയോഗ്യമാണ്. ഉദാഹരണമായി കറുത്തമുത്തിലെ ഗായത്രി, വാനമ്പാടിയിലെ മോഹൻ സർ, ചന്ദ്രേട്ടൻ, നിർമ്മല, പദ്മിനി, രുക്മിണി, തംബുരുമോൾ, അനുമോൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാർ നല്ല അഭിനയശേഷിയാണ് കാഴ്ചവെക്കുന്നത്.
അബിക്ക് അന്ത്യാഞ്ജലി
കേരളത്തിലെ മിമിക്രി വേദികളിലെ സൂപ്പർതാരമായിരുന്ന അബി യാത്രയായി. മിമിക്രി വേദികളിലൂടെയും ആക്ഷേപഹാസ്യ കാസറ്റുകളിലൂടെയും അദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനായി. അമ്പതോളം ചലച്ചിത്രങ്ങളിലും അബി അഭിനയിച്ചിട്ടുണ്ട്. യുവനടന്മാരിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം അബിയുടെ മകനാണ്. മിമിക്രി കലയ്ക്ക് പുതിയ മാനം കൊടുത്ത അബിക്ക് അന്ത്യാഞ്ജലി.
O
No comments:
Post a Comment
Leave your comment