Friday, May 25, 2018

സംസ്കാരജാലകം-35

സംസ്കാരജാലകം-35
ഡോ.ആർ.ഭദ്രൻ
ഗ്രീഷ്മപാഠംജോൺ ചീക്കനാലിന്റെ ‘ഗ്രീഷ്മപാഠം' എന്ന കവിത ഇങ്ങനെ വായിക്കാം.
“ആകാശത്തിനോട്
ഒരു കവിത കടം ചോദിച്ചു.
മേഘങ്ങൾ അമ്ളമഴകൾ തൻ
വജ്രാക്ഷരങ്ങൾ
ഹൃദയത്തിന്റെ താളുകളിൽ
കോറിയിട്ടു.
സൗരവെളിച്ചത്തിൽ വായിക്കാതെ
ഉന്മാദത്തിന്റെ നട്ടുച്ചകളിൽ
വായിക്കണമെന്ന് പറഞ്ഞേൽപ്പിച്ചു.
വായനയ്ക്ക് ശേഷം-
വേനലുകളിൽ ഒരു മരംകൊത്തി
എന്നെ കൊത്തിത്തുളയ്ക്കുന്നു:
ബോധത്തിന്റെ മരംകൊത്തി.”


ഈ കവിത ’കേരള കവിത-2008‘ ൽ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളതാണ്‌. ജോൺ ചീക്കനാൽ കവിതയുടെ ലോകത്ത് നേരത്തേ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ വേണ്ടത്ര സജീവമായി കാണാത്തതിനാൽ കാവ്യസ്നേഹികൾ സങ്കടപ്പെടുന്നു. ഒതുക്കത്തോടെ, ഭാഷയുടെ മേൽ നിയന്ത്രണം പാലിച്ച് കവിത എഴുതാനുള്ള ചീക്കനാലിന്റെ ’കാലിബറി‘ന്‌ മികച്ച ഉദാഹരണമാണീ കവിത.

പൃഥ്വിരാജ് പലിശക്കമ്പനികൾക്ക് വേണ്ടി പരസ്യം പറയരുത്പൃഥ്വിരാജ് അന്തസ്സുള്ള നടനാണ്‌. ചാനലുകളിലെ പൃഥ്വിരാജിന്റെ പല പരസ്യങ്ങളും നിലവാരമുള്ളതുമായിരുന്നു. ആഗോളവത്കരണകാലത്ത് സിനിമാനടന്മാരെ കച്ചവടക്കാർ വേണ്ടതിലധികം ദുരുപയോഗം ചെയ്യും. ഇത് തിരിച്ചറിയാൻ സിനിമാനടന്മാർക്ക് ചരിത്രബോധവും രാഷ്ട്രീയബോധവും വേണം. കേരളത്തിലെ ഒരു പ്രമുഖ പലിശക്കമ്പനിക്ക് വേണ്ടി പൃഥ്വിരാജ് ചെയ്ത് പരസ്യം ചാനലുകളിൽ കാണുമ്പോൾ വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു. ഇത് പല സിനിമാനടന്മാർക്കും ബാധകമായ കാര്യം കൂടിയാണ്‌.

ഗോർക്കിയൻ ദർശനം ‘ചരിത്രഗാഥ’യിൽ

മാർച്ച് 2018 ‘കേരള പ്രൈവറ്റ് കോളേജ് ടീച്ചർ’ മാഗസിനിൽ വന്ന ഡോ.രേഖ ആറിന്റെ ഈ ലേഖനം കാലോചിതമായിട്ടുണ്ട്. എം.സുകുമാരന്റെ ‘ചരിത്രഗാഥ’ എന്ന നോവലിന്റെ സൈദ്ധാന്തിക പഠനമാണ്‌ ഈ ലേഖനം. ഗോർക്കിയൻ ദർശനത്തെ നോവൽ പഠനത്തിൽ കൃത്യമായി ഉപയോഗിക്കാൻ രേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമകാലിക സംഭവങ്ങളോടും സാഹിത്യത്തോടും സർഗ്ഗാത്മകമായി പ്രതികരിക്കുമ്പോൾ മാത്രമേ ഒരു കോളേജ് പ്രൊഫസറുടെ ജീവിതം അർത്ഥപൂർണ്ണമായി തീരുകയുള്ളു. ഈ യാഥാർഥ്യം ഉൾക്കൊള്ളുന്ന പല പ്രൊഫസർ നമുക്കുണ്ടായിട്ടുണ്ട്. ഇതിന്‌ വിരുദ്ധമായി നിലപാടെടുത്തവരും നമുക്കൊരുപാടുണ്ടായിരുന്നു. ഇവരാണ്‌ നമ്മുടെ കോളേജ് അക്കാദമിക് ജീവിതത്തെ അർത്ഥശൂന്യമാക്കി തീർത്തത്. എന്തായാലും രേഖയുടെ ഈ ലേഖനം നല്ലൊരു കാൽവെയ്പ്പാണ്‌.

കോട്ടയം പുഷ്പനാഥ്
മലയാളത്തിലെ അപസർപ്പക നോവൽ സാഹിത്യത്തിന്റെ കുലപതിയായിരുന്നു കോട്ടയം പുഷ്പനാഥ്. ചാനൽസംസ്കാരം ഇല്ലാതിരുന്ന ഒരു കാലയളവിൽ മലയാളിയുടെ ആസ്വാദനശീലത്തെയും വായനാശീലത്തെയും മുന്നോട്ട് നയിച്ചതിൽ കോട്ടയം പുഷ്പനാഥിന്റെ കൃതികൾക്ക് വലിയ പങ്കുണ്ട്. മലയാളിയുടെ സാക്ഷരതയെ പൊലിപ്പിച്ചെടുത്തതിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്‌. കോട്ടയം പുഷ്പനാഥിനെ മനസ്സിലാക്കുന്ന കാര്യത്തിൽ മലയാളിക്കുണ്ടായ ദുരന്തം ഇനിയെങ്കിലും പഠനവിഷയമാക്കേണ്ടതുണ്ട്. നാനൂറോളം ഡിക്ടറ്റീവ് നോവലുകൾ എഴുതിയ ഒരു എഴുത്തുകാരനെ മലയാളി ഇങ്ങനെ സ്വീകരിച്ചാൽ മതിയോ? പുഷ്പനാഥിന്റെ പോപ്പുലാരിറ്റി വളർത്തിയെടുക്കുന്ന കാര്യത്തിൽ നമ്മുടെ മാധ്യമലോകവും ഗുരുതരമായ പിഴവാണ്‌ വരുത്തിവച്ചിരിക്കുന്നത്. നമ്മുടെ ഭരണകൂടവും കോട്ടയം പുഷ്പനാഥിനോട് അനീതിയാണ്‌ കാട്ടിയിട്ടുള്ളത്. ജനങ്ങളാണ്‌ അദ്ദേഹത്തോട് നീതി പുലർത്തിയത്.

ഋതുഭേദങ്ങളുടെ രാജമല്ലിയെസ് മലയാളം മാർച്ച് 2018 ൽ വന്ന, മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്റർ കവയിത്രി എന്നറിയപ്പെടുന്ന വിജയരാജമല്ലികയുമായി തസ്മിൻ ഷിഹാബ് നടത്തിയെ അഭിമുഖം  ‘ഋതുഭേദങ്ങളുടെ രാജമല്ലി’ മലയാളി വായിച്ചിരിക്കേണ്ട ഒന്നാണ്‌. ട്രാൻസ്ജെന്റർ എന്ന നിലയിൽ വിജയരാജമല്ലിക നടത്തിയിട്ടുള്ള അതിജീവനപോരാട്ടങ്ങളുടെ യാഥാർഥ്യബോധം തുളുമ്പുന്ന വിവരണങ്ങളാണ്‌ ഈ അഭിമുഖത്തിൽ ഉള്ളത്. വിജയരാജമല്ലികയുടെ ‘ദൈവത്തിന്റെ മകൾ എന്ന കവിതാസമാഹാരവും ഈ അഭിമുഖത്തിൽ നന്നായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. മൂന്നാംലിംഗക്കാരോട് നമ്മുടെ സമീപനങ്ങളിൽ കാതലായ മാറ്റം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ഈ അഭിമുഖം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ക്യൂർ സിദ്ധാന്തവും സംവാദവും കേരളീയ പശ്ചാത്തലത്തിൽ


വിജ്ഞാന കൈരളി മാർച്ച് 2018 ൽ വന്ന ഡോ.ജോസ്.കെ.മാനുവലിന്റെ ഈ ലേഖനം അക്കാദമിക് സമൂഹം ഏറെ താല്പര്യത്തോടെയാണ്‌ വായിച്ചത്. പുതിയ വിമർശനസിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നതിൽ ജോസ്.കെ.മാനുവൽ പുലർത്തുന്ന ജാഗരൂകത ഇപ്പോൾത്തന്നെ അക്കാദമിക് സമൂഹം അംഗീകരിച്ചിട്ടുണ്ട്. സദാചാരം, വൈകാരികത, ലൈംഗികത, നിയമം, സ്വാതന്ത്ര്യം, കുടുംബം, പ്രത്യുൽപ്പാദനം തുടങ്ങിയ പദങ്ങൾക്ക് മുമ്പുണ്ടായിരുന്ന അർത്ഥം വിച്ഛേദിച്ചുകൊണ്ട് നവസങ്കൽപ്പങ്ങൾ രൂപീകരിക്കാൻ ക്യൂർ സിദ്ധാന്തത്തിന്‌ കഴിഞ്ഞു. മലയാളത്തിലെ ലൈംഗികതാപഠനത്തെ ഏറെ മുന്നോട്ട് നയിക്കാൻ ഈ ലേഖനത്തിന്‌ കഴിഞ്ഞിട്ടുണ്ട് എന്നതാണ്‌ ഈ സിദ്ധാന്തപഠനത്തിന്റെ സമകാലിക പ്രസക്തി.
.
റാണി ഹോങ്ങിന്‌ വനിത വുമൺ ഓഫ് ഇയർ പുരസ്കാരംമനുഷ്യക്കടത്ത്, ബാലവേല, അടിമത്തം  എന്നിവയ്ക്കെതിരായി ഉജ്ജ്വലപോരാട്ടം നയിച്ച മലയാളി വനിത ‘റാണി ഹോങ്ങി’ന്‌ ഇത്തവണത്തെ ‘വനിത വുമൺ ഓഫ് ഇയർ’ പുരസ്കാരം. കൊച്ചിയിലെ വീട്ടിൽ നിന്നും ഏഴുവയസ്സുള്ളപ്പോൾ റാണിയെ മനുഷ്യക്കടത്ത് സംഘം തട്ടിയെടുത്ത് കാനഡയിൽ എത്തിക്കുകയും ബാലവേലയ്ക്കും ക്രൂരമർദ്ദനത്തിനും വിധേയമാക്കുകയും ചെയ്തു. 2006 ൽ റാണിയും ഭർത്താവ് ട്രോണി ഹോങ്ങും ചേർന്ന് സ്ഥാപിച്ച ‘ട്രോണി ഫൗണ്ടേഷൻ’ മനുഷ്യക്കടത്ത്, ബാലവേല, അടിമത്തം എന്നിവയ്ക്കെതിരായ പോരാട്ടങ്ങൾ നടത്തുകയും ഇരകളുടെ പുനരധിവാസത്തിലൂടെ ലോകശ്രദ്ധ നേടുകയും ചെയ്തു. റാണി ഹോങ്ങ് ഭർത്താവ് ട്രോണി ഹോങ്ങുമായി ചേർന്ന് ലോകതലത്തിൽ നടത്തുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വലിയ ലോകാംഗീകാരങ്ങൾ നേടുന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്‌. ഈ പോരാട്ടങ്ങളോട് മനസ്സുകൊണ്ട് നമുക്കും പങ്കുചേരാം.

ടൊവിനോ തോമസ്മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടനാണ്‌ ടൊവിനോ തോമസ്. ഇതിനോടകം ഇരുപത്തിരണ്ടോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. ഈയിടെയിറങ്ങിയ ‘മായാനദി’ എന്ന സിനിമ യുവാക്കൾക്കിടയിൽ ഹരമായി മാറി. സ്വഭാവനടനായും നായകനടനായും ഏറ്റെടുക്കുന്ന ഏതൊരു വേഷവും തന്റെ തനതായ അഭിനയ മികവുകൊണ്ട് വിജയിപ്പിച്ചെടുക്കാനുള്ള കഴിവുള്ള പുതുതലമുറയിലെ ശ്രദ്ധേയനായ നടനാണ്‌ ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ, എ.ബി.സി.ഡി, സെവൻത് ഡേ, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ഒരു മെക്സിക്കൻ അപാരത, ഗപ്പി, ഗോദ, മായാനദി തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട സിനിമകൾ. മോഡലിംഗും അഭിനയവും ഒരുപോലെ വശമായ നടനാണ്‌ ഇദ്ദേഹം.

അമൃത ടിവിയിലെ പത്തുമണി വാർത്ത


ശരിയായി വാർത്തകൾ ടെലികാസ്റ്റ് ചെയ്യുന്നില്ല എന്നത്, ചാനലുകൾ നേരിടുന്ന ഒരു പ്രതിസന്ധിയാണ്‌. ഇതിന്‌ ഒരു പരിഹാരമെന്നവണ്ണമാണ്‌ അമൃത ടിവിയിലെ പത്തുമണിവാർത്ത വന്നത്. എന്നാൽ ഈ വാർത്ത അതിവാചാലത എന്ന ദോഷത്തെ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് ചാനൽ ആലോചിക്കണം. വാർത്ത വായനക്കാരിൽ ചിലർ ഉയർന്ന നിലവാരം പുലർത്തുന്നില്ല. ദോഷങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണം.

അരവിന്ദന്റെ അതിഥികൾമൂകാംബിക ദേവിക്ഷേത്രത്തിന്റെയും കുടജാദ്രിയുടെയും പശ്ചാത്തലത്തിൽ എം.മോഹനൻ സംവിധാനം ചെയ്ത പുതുസിനിമയാണ്‌ ‘അരവിന്ദന്റെ അതിഥികൾ’.ദൃശ്യമനോഹരമായ സീനുകൾ സിനിമയെ മികവുറ്റതാക്കുന്നു. ക്ഷേത്രസന്നിധിയിൽ വെച്ച് അരവിന്ദന്‌ അമ്മയെ നഷ്ടപ്പെടുന്നതും പിന്നെയുള്ള അവന്റെ ജീവിതവും അമ്മയുമായുള്ള കൂടിച്ചേരലുമാണ്‌ കഥാപശ്ചാത്തലം. അരവിന്ദനെ എടുത്തുവളർത്തുന്ന മാധവേട്ടൻ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റാണ്‌. വിപ്ലവാത്മകമായ ഒരു നവീന ആശയം നർമ്മത്തിൽ ചാലിച്ച് സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. മാധവേട്ടൻ നടത്തുന്ന ഹോട്ടലിൽ മൂകാംബിക ദേവിയുടെയും മറ്റും ഫോട്ടോകൾക്ക് തൊട്ടുമുകളിലായി ചെഗുവേരയുടെയും എ.കെ.ജി യുടെയും ചിത്രങ്ങൾ വെച്ചിരിക്കുന്നത് കാണാം. ഈ ഐക്യത്തെ വേണമെങ്കിൽ പുതിയ ദാർശനിക സമവാക്യമായി ചിന്തിക്കാവുന്നതാണ്‌. രാജേഷ് രാഘവന്റെ സ്ക്രീൻപ്ലേയുടെ കരുത്ത് സിനിമയുടെ കരുത്തായി മാറിയിട്ടുണ്ട്.

O

No comments:

Post a Comment

Leave your comment