Sunday, February 10, 2013

ഗ്യാങ്‌സ്റ്റർ


കഥ
എസ്‌.ജയേഷ്‌










 (പുകവലി ആരോഗ്യത്തിന് ഹാനികരമാണ്)


പുകവലിക്കുന്ന ഒരാളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അയാളോട് തീ ചോദിക്കുന്നതാണ്. അതോടെ പുകയൂതുന്നതിന്റെ എല്ലാ ആസ്വാദനവും നഷ്ടപ്പെട്ട് വെറുമൊരു മരണാനന്തര ചടങ്ങ് പോലെയാകും അത്.

മൂന്നാമത്തെയാളും തീ ചോദിച്ച് വന്നപ്പോൾ അൻസാറിന് ദേഷ്യം വന്നു. രാത്രി വൈകിയപ്പോൾ അടയ്ക്കാൻ തുടങ്ങിയ പാൻഷോപ്പിൽ നിന്നും ധൃതിയിൽ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചതാണ്. തീപ്പെട്ടി കൊണ്ടുനടക്കുന്ന ശീലമില്ലാത്തതിനാൽ ചോദിക്കുന്നവർക്കെല്ലാം കത്തിച്ച സിഗരറ്റ് കൊടുക്കേണ്ടി വരുന്നു. സമയം രാത്രി പതിനൊന്ന് മണിയോടടുക്കുന്നു. ഓഫീസിലെ ജോലിത്തിരക്ക് കാരണം നന്നേ വൈകിയാണിറങ്ങിയത്. കഴിക്കാൻ കിട്ടിയത് ഒരു പെട്ടിക്കടയിലെ തണുത്തു തുടങ്ങിയ ചായയും സമോസയും. ആകെ ഒരു നശിച്ച ദിവസം തന്നെയെന്ന് മനസ്സിൽ വിചാരിച്ച് അയാൾ ഇരുട്ടിലേയ്ക്ക് ഊളിയിട്ടു തുടങ്ങിയ തെരുവിലേയ്ക്ക് നോക്കി.

അപ്പോൾ രാത്രി കച്ചവടക്കാരെ ഓടിക്കാനും അടയ്ക്കാത്ത കടകൾ അടപ്പിക്കാനും വേണ്ടി റോന്തുചുറ്റുന്ന പോലീസ് ജീപ്പ് എത്തിച്ചേർന്നു. ഇരകളെക്കാത്ത് നിൽക്കുകയായിരുന്ന വേശ്യകളും പ്രണയോലുപരായ ഹിജഡകളും മറവിലേയ്ക്ക് നീങ്ങി. രാത്രി സിഗരറ്റും ചായയും വിൽക്കാൻ വരുന്ന കുട്ടികൾ സഞ്ചികളെടുത്ത് ഓടി മറഞ്ഞു. പോലീസ് പോയിക്കഴിയുമ്പോൾ അവർ തിരിച്ചെത്തും. തെരുവിൽ അങ്ങിങ്ങായുള്ള ആളുകളെ പോലീസ് ലാത്തി വീശി ഓടിച്ചു.

‘രാത്രിയായി..വീട്ടീപ്പോടാ സാലേ…’

പെട്ടെന്ന് തന്റെ മുന്നിൽ പോലീസ് ജീപ്പ് വന്നു നിന്നപ്പോൾ അൻസാർ ഒന്നു ഞെട്ടി. തടിച്ചൊരു പോലീസുകാരൻ ലാത്തി കൊണ്ട് ജീപ്പിന്റെ ഡോറിൽ അടിച്ചു. സിഗരറ്റ് താഴെയിട്ട് അയാൾ വേഗം നടന്നു.

രാത്രികാലത്ത് നഗരത്തിൽ അരങ്ങേറുന്ന അക്രമങ്ങൾക്ക് തടയിടാനാണ് ഈ പോലീസ് റോന്തുചുറ്റൽ. അതിനു അവർ കണ്ടെത്തിയ വഴി വൈകി വരുന്നവരേയും വെറുതേ സംസാരിച്ചു നിൽക്കുന്നവരേയും വീടുകളിലേയ്ക്ക് ഓടിയ്ക്കുന്നതാണ്. സംശയം തോന്നിയാൽ ചോദ്യം ചെയ്യും. അതുകൊണ്ട് എപ്പോഴും കമ്പനി ഐഡി കാർഡ് പോക്കറ്റിലിട്ടേ അയാൾ രാത്രി പുറത്തിറങ്ങാറുള്ളൂ. ചോദ്യം ചെയ്യപ്പെട്ടാൽ ഓഫീസിൽ നിന്നിറങ്ങാൻ വൈകിയെന്ന് പറയാം. പിന്നെ ഒരു താക്കീതോടെ പോകാൻ പറയുകയേയുള്ളൂ.

വാസ്തവത്തിൽ നടക്കുന്നത് ഗുണ്ടകൾക്കും തെമ്മാടികൾക്കും അഴിഞ്ഞാടാനുള്ള വേദിയൊരുക്കലാണ്. തെരുവുകൾ വിജനമായിക്കഴിയുമ്പോൾ, പട്രോളിങ് എന്ന പ്രഹസനം അവസാനിക്കുമ്പോൾ അവർ പെരുച്ചാഴികളെപ്പോലെ പുറത്തിറങ്ങുന്നു. തമ്മിൽത്തല്ലുന്നു. മോഷ്ടിക്കുന്നു. ഏതെങ്കിലും മറവിൽ ഹിജഡകളെ കൊണ്ടുപോയി മുഷ്ടിമൈഥുനം ചെയ്യിക്കുന്നു. വേശ്യകളേയും കൂട്ടി മുറിയന്വേഷിക്കുന്നു. ഇതിനിടയിൽ പെട്ടുപോകുന്ന സാധാരണക്കാർ കൊടുക്കേണ്ട വില വലുതാണ്. പണം അപഹരിക്കുന്നത് മാത്രമല്ലാതെ മർദ്ദനവും ഏൽക്കേണ്ടിവരും. ചെകിടടച്ചൊരടിയാണ്. ഒരിക്കൽ അൻസാറിനും കിട്ടിയിരുന്നു. മല്ലയ്യയുടെ ഗുണ്ടകളായിരുന്നു. രാത്രി സിനിമ കഴിഞ്ഞ് വൈകി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഗുണ്ടകൾ വളഞ്ഞു. പോക്കറ്റിൽ അവശേഷിച്ചിരുന്ന പണം പിടിച്ചെടുത്ത്, തുക കുറവാണെന്ന് കണ്ടപ്പോൾ ചെകിടത്ത് ഒറ്റയടി. തല കറങ്ങിപ്പോയി. പിന്നെ കേട്ടാലറയ്ക്കുന്ന തെറിയും. പ്രതികരിക്കാൻ ശ്രമിച്ചാൽ തന്റെ ശവം പോലും കിട്ടില്ലെന്നറിയാവുന്നത് കൊണ്ട് എല്ലാം സഹിച്ച് അപമാനിതനായി വീട്ടിലേയ്ക്ക് നടന്നു. കുറച്ചു ദിവസത്തേയ്ക്ക് മുഖത്ത് നീരുണ്ടായിരുന്നു.

പ്രധാന തെരുവിൽ നിന്നും ഒട്ടേറെ വളവുകളും തിരിവുകളും കടന്നു വേണം വീട്ടിലെത്താൻ. വഴിയിൽ മിക്കവാറും വഴിവിളക്കുകൾ ചത്തിരിക്കും. ഓടയിൽ ഇടറിവീഴാതെ സൂക്ഷിച്ചു വേണം നടക്കാൻ. രണ്ട് വളവുകൾ കഴിഞ്ഞപ്പോൾ അയാളുടെയുള്ളിൽ ഭയം മുളച്ചു തുടങ്ങി. കാരണം, ഇനിയങ്ങോട്ട് മല്ലയ്യയുടെ സാമ്രാജ്യമാണ്. അയാളുടെ ഗുണ്ടകൾ ഏതെങ്കിലും കടത്തിണ്ണയിൽ ഉണ്ടാകും. വേറെ പണിയൊന്നുമില്ലെങ്കിൽ അസമയത്ത് വരുന്നവരെ ഒന്ന് തോണ്ടി വിടുന്നതാണ് അവരുടെ വിനോദം. ഇരുട്ട് കനക്കുന്നിടത്ത് മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് അയാൾ നടന്നു. ഏതാണ്ടെല്ലാ വീടുകളും ഉറക്കത്തിലേയ്ക്ക് വിളക്കണച്ചു കഴിഞ്ഞിരിക്കുന്നു. എവിടെയൊക്കെയോ തെരുവുപട്ടികളുടെ കുര കേൾക്കാമെന്നല്ലാതെ വേറെ ശബ്ദമൊന്നുമില്ലായിരുന്നു. അകത്ത് ബൾബെരിയുന്ന ഒരു അടഞ്ഞ കട കഴിഞ്ഞ് ഏതാനുമടികൾ വച്ചപ്പോൾ കാല് കനമുള്ള എന്തിലോ തട്ടി അയാൾക്ക് വേദനിച്ചു. എന്തോ ഒരു ലോഹം നിരങ്ങുന്ന ഒച്ചയും കേട്ടു. ടോർച്ച് നിലത്തേയ്ക്ക് നീട്ടി അയാൾ നോക്കി. ഉപേക്ഷിച്ചു കളയാനുള്ള ഉരുപ്പടിയല്ലെന്ന് കണ്ടപ്പോൾ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി അതെടുത്ത് പോക്കറ്റിലിട്ടു. പിന്നെ നടക്കുകയല്ലായിരുന്നു. ഓട്ടം തന്നെ. എങ്ങിനെയെങ്കിലും തന്റെ മുറിയിലെത്തി സാധനം നല്ല വെളിച്ചത്തിൽ കാണാനുള്ള ധൃതി കൊണ്ടുള്ള ഓട്ടം.

അവസാനത്തെ തിരിവും കഴിഞ്ഞ് നോക്കിയപ്പോൾ റസിയയുടെ കിടപ്പറയിലെ വിളക്കണഞ്ഞിട്ടില്ലെന്ന് കണ്ടു. അവൾ ഉറങ്ങില്ല. എത്ര വൈകിയാലും താൻ മുറിയ്ക്കുള്ളിൽ കയറി വിളക്കണയുന്നതു വരെ അവൾ പഠിക്കുന്നതായി നടിച്ച് കാത്തിരിക്കും. അദൃശ്യമായ ചുംബനങ്ങൾ കൈമാറിക്കഴിഞ്ഞ് താൻ വിളക്കണച്ചാലേ അവളുറങ്ങൂ.

‘ഡാ..ആരാഡാ അത്?....നിക്കടാ..‘

പെട്ടെന്ന് ആ ശബ്ദം കേട്ട് അയാളുടെ മനസ്സിൽ നിന്നും റസിയ മാഞ്ഞു പോയി. മല്ലയ്യയുടെ ആളുകളാണ്. അവർ തന്നെ കണ്ടു.

‘എങ്ങോട്ട് പോവ്വാണെടാ കൂത്തിച്ചിമോനേ?’ താടി വളർത്തിയ ഒരുവൻ ചോദിച്ചു. അവർ അഞ്ചാറാളുണ്ടായിരുന്നു. അവർ അയാളെ വളഞ്ഞു.

‘അറിയില്ലേ ഭായ്…ഇവൻ ആ ക്ലർക്ക്…’

‘ഓ..നീയാ….എന്താടാ ഈ നേരത്ത് ഒരു ചുറ്റിക്കളി?’

‘ഓഫീസീന്ന് വരുന്ന വഴിയാ…’ അയാൾ ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു.

‘ങാ…ഇങ്ങനെ പണിയെടുത്ത് കാശു കൂട്ടിവയ്ക്കാതെ ആർക്കെങ്കിലും വല്ല ഉപകാരോം ചെയ്യ്..’

ഒരാൾ അയാളുടെ കൈ പിന്നോട്ട് പിടിച്ചു തിരിച്ചു. വേറൊരാൾ പോക്കറ്റിൽ കൈയ്യിടാൻ തുടങ്ങി.

‘എന്റെ കൈയ്യിൽ ഒന്നുല്ല അണ്ണാ…മാസാവസാനമല്ലേ…ശമ്പളം വരാൻ ഒരാഴ്ച കഴിയും…’

‘ഓ…പ്രാരാബ്ധക്കാരൻ…ങാ…വിട്ടേക്കടാ പിള്ളേരേ…’

ഒരാൾ വന്ന് ചെകിടടച്ച് അടിച്ചു. പള്ളയ്ക്ക് ഒരു കുത്തും കിട്ടി. കൈ പിടിച്ചിരുന്നയാൾ ബലം കൂട്ടിയപ്പോൾ സന്ധികൾ തകരുന്നതു പോലെ തോന്നി.

‘’മതി..വിട് ശവത്തിനെ… മാ കീ….’

അവർ അയാളെ വിട്ടു. എന്നിട്ട് കൂട്ടത്തോടെ ചിരിക്കാൻ തുടങ്ങി. അയാൾ ഒരു തരത്തിൽ ഓടി വീട്ടിലെത്തി. ജനലിലൂടെ നോക്കിയപ്പോൾ റസിയയുടെ മുറിയിൽ വെളിച്ചം അണഞ്ഞിട്ടില്ലെന്ന് കണ്ടു. കർട്ടനു പിന്നിൽ അവളുടെ നിഴലനങ്ങുന്നുണ്ടായിരുന്നു.

അയാൾ ഒരു ഫ്ലൈയിങ് കിസ്സ് അയച്ച് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ മുറിയിലെ വെളിച്ചം അണഞ്ഞു. അവൾ എല്ലാം കണ്ടിട്ടുണ്ടാകും. അയാളിൽ അടിയേക്കാൾ വലിയ വേദന നിറഞ്ഞു.

പോക്കറ്റിൽ സാധാരണയേക്കാൾ കനം തോന്നുന്നത് അപ്പോഴാണ് ഓർത്തത്. കുറച്ച് പോറൽ പറ്റിയ ഒന്നായിരുന്നു അത്. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാഴ്ചയിൽ പാവമെന്ന് തോന്നുമെങ്കിലും ഒരു ജീവനെടുക്കാൻ ശേഷിയുള്ള അത് എന്തു ചെയ്യണമെന്ന് അറിയാതെ അയാൾ കുഴങ്ങി. ഗുണ്ടകൾ തമ്മിലുള്ള സംഘട്ടനത്തിൽ ആർക്കെങ്കിലും നഷ്ടപ്പെട്ടതായിരിക്കണം. അങ്ങിനെയാണെങ്കിൽ അവരാരും ഇനിയത് അന്വേഷിക്കാൻ പോകുന്നില്ല. തിരിച്ചും മറിച്ചും നോക്കി അതിൽ തിരയുണ്ടോയെന്ന സംശയത്തിലെത്തി. എവിടേയും അമർത്താനോ തിരിക്കാനോ ധൈര്യം വന്നില്ല. അറിയാതെ ഒരു വെടിയൊച്ച മുറിയിൽ കേട്ടാൽ…..

രാവിലെ നോക്കാം എന്ന് കരുതി അതിനെ സുരക്ഷിതമായൊരിടത്ത് ഒളിച്ചു വച്ചു. ഉറങ്ങാൻ കിടന്നപ്പോൾ വേദനകൾ തിരിച്ചെത്തി. അണപ്പല്ലിൽ കടുത്ത വേദന. ഒരു പ്രതികരണവുമില്ലാതെ റസിയയുടെ ജനാല അടഞ്ഞ വേദന. കഴുത കഴുത…സ്വയം പ്രാകിക്കൊണ്ട് അയാൾ ഉറങ്ങാൻ ശ്രമിച്ചു.

രാവിലെ ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ പതിവു പോലെ ഓടിയെത്താറുള്ള റസിയയെ കണ്ടില്ല. വേഗം കുറച്ച് കഴിയുന്നത്ര സാവധാനം നടന്നു. ഒരു പക്ഷേ അവൾ ഇറങ്ങാൻ വൈകിയതാണെങ്കിലോ. നേരത്തേ പോകാൻ സാധ്യതയില്ല. ഏതാനും അടികൾ കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ അവൾ വരുന്നത് കണ്ടു. അയാൾ കാത്തുനിന്നു.

‘എന്താ റസിയാ….’

‘ഒന്നൂല്ല’

‘പിന്നെന്താ മിണ്ടാത്തേ?’

‘ഉം..നിങ്ങളൊരു പാവത്താനാ….ഇന്നലെ നടന്നതൊക്കെ ഞാൻ കണ്ടു…’

‘ഞാൻ ഒറ്റയ്ക്ക് എന്തു ചെയ്യാനാണ്? അവരൊക്കെ ഗുണ്ടകളാണെന്നറിയില്ലേ?’

‘പിന്നേ…എന്റെ അബ്ബ ആയിരുന്നെങ്കിൽ എല്ലാരേം വെടി വച്ചിട്ടേനേ..’

‘നിന്റെ അബ്ബ പട്ടാളക്കാരൻ..ഞാൻ ഒരു പാവം ക്ലർക്ക്. ഓഫീസിൽ മുതലാളിയുടെ ചീത്ത, പുറത്തു വന്നാൽ ഗുണ്ടകളുടെ അടി….ഇപ്പോൾ നീയും എന്നെ തള്ളിപ്പറയുന്നു.’

‘ഞാൻ തള്ളിപ്പറഞ്ഞതൊന്നുമല്ല. ആണുങ്ങളായാൽ കുറച്ച് ധൈര്യം വേണം’

‘എനിക്ക് അത്ര ധൈര്യമില്ല റസിയാ…ഇനി വേണമെങ്കിൽ ഞാൻ ഒരു തോക്ക് സംഘടിപ്പിക്കാം…എന്നിട്ട് എല്ലാവരേയും വെടി വച്ചു കൊല്ലാം…മതിയോ?‘

‘അയ്യോ..വേണ്ട…വേണ്ട…എന്നാലും വെറുതേ അടിയും വാങ്ങി പോയി കിടന്നുറങ്ങിയല്ലോ… നാണമില്ലാതെ’

ബസ് സ്റ്റോപ്പിൽ എത്താറായപ്പോൾ അവർ അപരിചിതരാ‍യി അകലം പാലിച്ചു നടന്നു. അവളുടെ അമ്മാവന്മാർ ചുറ്റുവട്ടത്ത് കാണും. അവർ എന്തെങ്കിലും മണത്തറിഞ്ഞാൽ മല്ലയ്യയുടെ ഗുണ്ടകളെപ്പോലെയല്ല, നെഞ്ചിൽ കത്തി കയറ്റും.

ബസ്സ് രണ്ടു സ്റ്റോപ്പുകൾ പിന്നിട്ടപ്പോൾ അൻസാറിന് വേറൊരു ചിന്ത തോന്നി. അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഓഫീസിലേയ്ക്ക് വിളിച്ച് നല്ല സുഖമില്ലെന്നും ആശുപത്രിയിലേയ്ക്ക് പോകുകയാണെന്നും പറഞ്ഞു. അടുത്തുള്ള സൈബർ കഫേയിൽ കയറി തോക്കുകളെപ്പറ്റി ഗൂഗിൾ ചെയ്തു. ഏറെ നേരം തിരഞ്ഞിട്ടും തനിക്കു കിട്ടിയ മോഡൽ കണ്ടെത്താൻ പറ്റാതായപ്പോൾ ഇറങ്ങി തിരിച്ച് ബസ്സ് കയറി. ഏതെങ്കിലും നാടൻ തോക്കാകാനായിരിക്കും സാധ്യത എന്ന അനുമാനത്തിൽ വീട്ടിൽ തിരിച്ചെത്തി. നല്ല വെളിച്ചത്തിൽ അതിനു ഒരു വിഷജന്തുവിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. കറുത്തനിറം, പരുപരുത്ത പിടി. ഏറെ ഉപയോഗിച്ചതു കൊണ്ടായിരിക്കണം കാഞ്ചിയിൽ വിരൽ തൊടുന്നിടത്ത് ചെറിയ നിറം മങ്ങൽ. വേറൊരു നിറത്തിലായിരുന്നെങ്കിൽ ദീപാവലിയ്ക്ക് കുട്ടികൾ പൊട്ടാസ് പൊട്ടിക്കാൻ വാങ്ങുന്ന കളിത്തോക്കാണെന്നേ കരുതൂ. അയാൾ സിനിമകളിൽ കണ്ടിട്ടുള്ളത് പോലെ പാന്റിന്റെ പിന്നിൽ അത് ഇറക്കി വച്ചു. ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല, അവർ എങ്ങിനെയാണത് താഴെ വീഴാതെ അതിനെ അവിടെയുറപ്പിച്ചു നിർത്തുന്നതെന്ന്. താനൊരു ഗാങ്സ്റ്റർ ആയി മാറിയതായി അയാൾക്കു തോന്നി. അതെ, ഒരു തോക്ക് കൈയ്യിലെത്തുന്നതോടെ പിന്നെയെല്ലാം അങ്ങിനെയാണ്.

തലേന്ന് രാത്രി ഗുണ്ടകൾ ആക്രമിച്ചപ്പോഴും അത് തന്റെ പോക്കറ്റിലുണ്ടായിരുന്നല്ലോയെന്ന് അപ്പോഴാണ് ഓർത്തത്. ഒന്നും വേണ്ടായിരുന്നു, വെറുതേ അതെടുത്ത് ചൂണ്ടിക്കാണിച്ചാൽ മതിയായിരുന്നു. അവർ ഓടിപ്പോയേനെ. അല്ലെങ്കിൽ അവരുടെ കൈയ്യിലുള്ള തോക്കുകളെടുത്ത് തന്നെ വെടിവെച്ചേനേ. രണ്ടായാലും റസിയയ്ക്ക് തന്നോടുണ്ടായ പുച്ഛം ഒഴിവായിക്കിട്ടുമായിരുന്നു. എപ്പോഴും വൈകി വരുന്ന ആശയങ്ങളാണല്ലോ തനിക്കെന്ന് വിചാരിച്ച് തോക്ക് തിരിച്ച് ഒളിപ്പിച്ചു വച്ചു.

ഇനിയും വൈകിയിട്ടില്ല. മല്ലയ്യയുടെ ഗുണ്ടകൾ ഇന്നു രാത്രിയും അവിടെ വഴിപോക്കരെ ഉപദ്രവിച്ചു കൊണ്ട് കടത്തിണ്ണയിലിരിക്കും. താൻ വരുന്നതും കാത്ത് റസിയ ജനലരികിൽ പഠിക്കുന്നതായി അഭിനയിച്ച് ഉറങ്ങാതിരിക്കും. ഗുണ്ടകൾ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കും. അപ്പോൾ…അപ്പോൾ….

അപ്പോൾ മാന്ത്രികൻ തൊപ്പിയിൽ നിന്നും മുയലിനെ എടുക്കുന്നത് പോലെ തന്റെ കൈയ്യിൽ തോക്ക് പ്രത്യക്ഷപ്പെടും. ഒന്നും വേണ്ട, കാഞ്ചിയിൽ വിരലമർത്തി അവർക്കു നേരെ ചൂണ്ടിയാൽ മാത്രം മതി. ചിലപ്പോൾ അവർ തിരിച്ച് തോക്ക് ചൂണ്ടുമായിരിക്കും. എന്നെ വെടിവെച്ചിടുമായിരിക്കും. അപ്പോഴും എന്റെ കൈയ്യിൽ മുറുക്കെപ്പിടിച്ച ഒരു ആയുധമുണ്ടാകും. റസിയാ…നിന്റെ പേടിത്തൊണ്ടൻ, നാണമില്ലാതെ അടിവാങ്ങി കിടന്നുറങ്ങുന്നവൻ, നിന്റെ സ്വപ്നങ്ങളിലെ ധീരനായ നായകനാകും. ഇന്നു രാത്രി കൂടി നീ എനിക്കുവേണ്ടി ഉറങ്ങാതെ കാത്തിരിക്കൂ. അടുത്ത ദിവസം എന്നോട് ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ. ഇന്നു രാത്രി കഴിയുമ്പോൾ മുതൽ ഞാൻ വെറുമൊരു പേടിത്തൊണ്ടൻ ക്ലർക്കല്ല. പകൽ ക്ലർക്കായും രാത്രി അപകടകാരിയായ ഗാങ്സ്റ്ററായും മാറുന്ന നായകനാണ്. ഒരു രാത്രി കൂടി, അത്രമാത്രം.

പാൻഷോപ്പ് അടയ്ക്കാൻ തുടങ്ങുകയായിരുന്നു. വേശ്യകളും ഹിജഡകളും ഇരകളെക്കാത്ത് ഇരുളിൽ നിരന്നുനിൽക്കുന്നു. രാത്രി കച്ചവടക്കാർ പോലീസ് റോന്തുചുറ്റൽ എന്ന ശല്യം കഴിയാൻ വേണ്ടി സഞ്ചികളുമായി അക്ഷമരായി. അൻസാർ പാൻഷോപ്പിൽ നിന്നും സിഗരറ്റ് വാങ്ങി കത്തിച്ചു. പ്രധാനവീഥിയിൽ വാഹനങ്ങളുടെ തിരക്കൊഴിഞ്ഞു തുടങ്ങി. എന്തോ ആരും തീ ചോദിച്ചു വന്നില്ല.

‘സാലേ…രാത്രിയായി..വീട്ടിലേയ്ക്ക് പോ….’

തന്റെ മുന്നിൽ നിർത്തിയ പോലീസ് ജീപ്പിനെ നിർവ്വികാരമായി നോക്കി അൻസാർ റോഡ് മുറിച്ചു കടന്ന് നടന്നു. വഴിവിളക്കുകൾ ചത്തുപോയ ഇടങ്ങളിൽ ഇരുട്ട് ഒട്ടും ഭയപ്പെടുത്തിയില്ല. കാലുകൾ എന്തോ തടയാൻ വേണ്ടി വെമ്പൽ കൊള്ളുന്നതു പോലെ.

‘ഡാ..ആരാ..നിക്കഡാ അവടെ…’

പ്രതീക്ഷിച്ച വിളി കേട്ടപ്പോൾ ഏതോ കീർത്തനം കേട്ടതുപോലെ ചെവികൾ പുളകം കൊണ്ടു. റസിയയുടെ മുറിയിൽ വെളിച്ചമുണ്ട്. അവൾ ജനൽ കർട്ടനു പിന്നിൽ നിന്ന് എല്ലാം കാണുന്നുണ്ടാകും.

ഗുണ്ടകൾ മീശ പിരിച്ച് അടുത്തു വന്നു. കഴുതപ്പുലികളെപ്പോലെ ഇരയെ വളയുന്നത് അവരുടെ ഒരു നിയമമാണെന്നു തോന്നുന്നു. അല്ലെങ്കിൽ സിനിമകളിൽ നിന്നും കിട്ടിയ പ്രചോദനം.

‘ഞാനാ…ഞാൻ…’ അൻസാർ ധൈര്യപൂർവ്വം പറഞ്ഞു.

‘ആഹ്..നീയോ…ശമ്പളം കിട്ടിയോടാ ബേൻ ചോദ്?’

‘ഉം…വാ..തരാം…’

അപ്പോൾ പിന്നിലൊളിപ്പിച്ച തോക്ക് അലറുന്നതു പോലെ തോന്നി. അവരിലൊരാൾ അടുത്തു വന്ന് രൂക്ഷമായി നോക്കി. ഒരു പേനാക്കത്തി കൊണ്ട് പുറം ചൊറിഞ്ഞു ചിരിച്ചു.

അപ്രതീക്ഷിതമായിരുന്നു പിന്നിൽ നിന്നുമുള്ള ഉന്ത്. അടി തെറ്റിപ്പോയി. അപ്പോഴേയ്ക്കും അവർ കൂടുതലടുത്തെത്തിയിരുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് അടി വീണു. അപ്പോൾ മുടിക്കുത്തഴിഞ്ഞു വീഴുന്നതു പോലെ തന്നിൽ നിന്നും എന്തോ ചോർന്നു പോകുന്നത് അൻസാർ മനസ്സിലാക്കി. അയാൾ മുട്ടുകുത്തിയിരുന്ന് കൈകൂപ്പി. ഇടത്തു നിന്നും വലത്തുനിന്നും വന്ന അടി എവിടെയൊക്കെ കൊണ്ടുവെന്നറിയാതെ നിലത്തു വീണു.

‘ഒന്നിനും കൊള്ളാത്ത പട്ടി…ഇവനെയൊക്കെ വെടി വച്ച് കൊല്ലണം’ പേഴ്സ് തുറന്നു നോക്കി അതിലൊന്നുമില്ലെന്ന് കണ്ട് വലിച്ചെറിഞ്ഞ ഒരു ഗുണ്ട പറഞ്ഞു. എന്നിട്ട് ഒരു തൊഴി കൂടി കൊടുത്ത് അവർ പോയി. ഒരുവിധത്തിൽ എഴുന്നേറ്റ് നിന്ന് റസിയയുടെ ജനാലയിലേയ്ക്ക് നോക്കിയപ്പോൾ അവിടെ വിളക്കണച്ചിരിക്കുന്നതായി കണ്ടു.

കുറച്ചകലെ, അരണ്ട വെളിച്ചത്തിൽ അത് പ്രണയഭംഗം സംഭവിച്ചതു പോലെ അനക്കമറ്റു കിടക്കുന്നു..

O


PHONE : 09030934513




Saturday, February 9, 2013

ഓർമ്മ - ചേപ്പാട്‌ സോമനാഥൻ

അനുസ്മരണം
ഗോപി ആനയടി











       ചേപ്പാട്‌ സോമനാഥൻ ഇനി ഓർമ്മ മാത്രം. കവി, പത്രാധിപർ, സംഘാടകൻ എന്നീ നിലകളിൽ നാലുപതിറ്റാണ്ട്‌ മുംബൈയിലെ മലയാളികളുടെ ഇടയിൽ സാംസ്കാരിക സാന്നിധ്യമായിരുന്നു. അദ്ദേഹം മരണത്തെ സ്വയം വരിച്ചു എന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ല. ജീവിതത്തെ സദാ പ്രസാദാത്മകമായി മാത്രം കണ്ടിരുന്ന സുസ്മേരവദനനായ പ്രിയ സുഹൃത്തിന്റെ ഉള്ളിൽ അലകളടങ്ങിയ കനത്ത വിഷാദത്തിന്റെ ഉൾക്കടൽ അമർന്നിരുന്നുവെന്ന് ആരും കരുതിയില്ല.

ചേപ്പാട്‌ സോമനാഥൻ

എല്ലവരെയും സ്നേഹിക്കാൻ മാത്രം കഴിഞ്ഞിരുന്ന സഹൃദയനായ സുഹൃത്തേ, താങ്കൾക്ക്‌ ഇതെങ്ങനെ കഴിഞ്ഞു? അടുത്ത മേയിൽ നാട്ടിൽ വരുമ്പോൾ കാണാമെന്ന് ഉറപ്പു പറഞ്ഞിരുന്നതാണ്‌. എന്നിട്ടും എന്നെ കാത്തുനിൽക്കാതെ ഇത്ര വേഗം കടന്നുപോയല്ലോ...!!

"അക്ഷരം പൂക്കുമ്പോൾ എത്ര പൂക്കൾ..?
ആകാശം നിറയും നക്ഷത്രപ്പൂക്കൾ." 

ഹൃദയം കൊണ്ട്‌ അക്ഷരങ്ങളെ ത്രമാത്രം സ്നേഹിച്ചിരുന്നു, ഈ കവി. നാൽപ്പതു വർഷത്തെ മറുനാടൻ ജീവിതം അവസാനിപ്പിക്കുവാൻ ചേപ്പാടിനു മതിയായ കാരണങ്ങളുണ്ടായിരുന്നു.

"എന്നെ വിളിക്കുന്നു, എന്റെ ഗ്രാമം
എന്നെ വിളിക്കുന്നു, എന്റെ ബാല്യം
എന്നെ വിളിക്കുന്നു മാതൃസ്നേഹം
എല്ലാം പൊറുക്കുന്ന ജന്മഗേഹം."

കത്തുകൾ അന്യം നിന്നുപോയ തിരക്കുകളുടെ ഇക്കാലത്തും തുടർച്ചയായി പോസ്റ്റ്‌ കാർഡുകളിൽ അദ്ദേഹം കത്തുകൾ എഴുതിയിരുന്നു.

"കത്തെഴുതുക, കാത്തുസൂക്ഷിക്കുക
സൗഹൃദത്തിന്റെ ഊഷ്മളഭാവങ്ങൾ
കത്തെഴുതുക കൈമാറീടുക
പ്രണയസാന്ദ്രമാം ഹൃദയാഭിലാഷങ്ങൾ." 

എന്നു പറഞ്ഞ കവി ഇനി ആർക്കും എഴുതുകയില്ല.
ദീപ്തമായ ആ  ഓർമ്മകളിൽ വിങ്ങുന്ന ഹൃദയത്തോടെ പ്രണാമം അർപ്പിക്കുന്നു.

 O

 ചേപ്പാട്‌ സോമനാഥന്റെ കൃതികൾ

കാലംസാക്ഷി (കവിതകൾ) - ഡോ. കെ. ദാമോദരൻ സ്മാരക പുരസ്കാരം
കുറുമൊഴിച്ചെപ്പ് (കവിതകൾ)
പുലരിപ്പൂവ് (കവിതകൾ)
ചുവന്ന സ്വപ്നങ്ങളേ മാപ്പ് (കവിതകൾ)- പ്രഹ്ലാദി പുരസ്ക്കാരം
ചേപ്പാടിന്റെ രചനകൾ(സമ്പൂർണ്ണ കൃതികൾ)





Saturday, February 2, 2013

ഗാന്ധിഭവൻ എന്ന സ്നേഹവീട്‌

സന്ദർശനം
ഗിരീഷ്‌ മോഹൻ











    ലോകത്താകമാനം നന്മയുടെ പ്രകാശം തെളിയിച്ചുകൊണ്ട്‌, തിന്മയുടെ ഇരുട്ട്‌ നീക്കാൻ പ്രവാചകൻ പിറവിയെടുത്ത തിരുനാളിലാണ്‌ കേളികൊട്ട്‌ കൂട്ടായ്മയിലെ പ്രിയസുഹൃത്തുക്കൾക്കൊപ്പം ഗാന്ധിഭവൻ എന്ന സ്നേഹഗ്രാമത്തിൽ കാലുകുത്തുവാനുള്ള നിയോഗമുണ്ടായത്‌. നബിദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രാർത്ഥനയിൽ എല്ലാവരും പങ്കുകൊള്ളുന്ന സമയമായിരുന്നു അത്‌. ഹൃദയംഗമമായ സ്വാഗതമാണ്‌ ഗാന്ധിഭവൻ പ്രവർത്തകർ ഞങ്ങൾക്ക്‌ നൽകിയത്‌. വേദിയിലിരിക്കുമ്പോഴും, ശേഷം ക്യാമറയെടുത്ത്‌ സദസ്സിലെ ചില മുഖങ്ങളിലേക്ക്‌ ഫോക്കസ്‌ ചെയ്യുമ്പോഴും, ജീവിതമെന്ന ഉത്തരം കിട്ടാത്ത ചോദ്യത്തെക്കുറിച്ച്‌ ഒരു നിമിഷമോർത്തു. വിചിത്രവും സങ്കീർണ്ണവുമായ ആ ചോദ്യത്തിലൂടെ ഉപേക്ഷിക്കപ്പെട്ടവരുടെ കണ്ണുകളിലേക്കു നോക്കുമ്പോൾ പോയകാല ജീവിതത്തിന്റെ ദുരിതവും ദുരന്തങ്ങളും നിറഞ്ഞ കഥകൾ ഒഴുകിവരുന്നതായി തോന്നി. അന്തേവാസികളോടൊപ്പമാണ്‌ ഭക്ഷണം കഴിച്ചത്‌. ഇതുവരെ കഴിച്ചിട്ടുള്ളതിൽ വെച്ചേറ്റവും സ്വാദിഷ്ഠമായ സദ്യ. പിന്നെ, ഗാന്ധിഭവന്റെ ഓരോരോ ഇടങ്ങളിലേക്കും പ്രവർത്തനചരിത്രത്തിലേക്കും വൈസ്‌ ചെയർമാൻ പി.എസ്‌.അമൽരാജ്‌, സൂപ്രണ്ട്‌ ശ്രീമതി.സൂസൻ തോമസ്‌ എന്നിവർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.




ഗാന്ധിഭവൻ എന്ന സ്നേഹഗ്രാമത്തിൽ ഇപ്പോൾ എണ്ണൂറിലധികം കുടുംബാംഗങ്ങളുണ്ട്‌. നിരാലംബർക്ക്‌ ആശ്രയമേകിക്കൊണ്ട്‌ ഈ സ്നേഹമരം കാരുണ്യത്തിന്റെ ഫലങ്ങൾ പൊഴിക്കുന്നു. അനാഥർ എന്ന വാക്ക്‌ ഇവിടെ ഇല്ലാതാകുന്നു. ആശ്രയമറ്റ പകച്ച കണ്ണുകളെ ഇവിടെ കാണാനുമാവില്ല.

2002 നവംബർ 22 ന്‌ പത്തനാപുരത്തെ ഒരു വാടകക്കെട്ടിടത്തിലാണ്‌ ഗാന്ധിഭവന്റെ തുടക്കം. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട്‌, തകർന്നു വീഴാറായ ഒരു കുടിലിൽ മഴ നനഞ്ഞ്‌ വിറങ്ങലിച്ചു കിടന്ന പാറുക്കുട്ടിയമ്മ എന്ന 85 കാരിക്ക്‌ തണലേകിക്കൊണ്ടാണ്‌ ഈ അഭയകേന്ദ്രം തുടങ്ങിയത്‌. ഡോ.സുകുമാർ അഴീക്കോട്‌ ഭദ്രദീപം കൊളുത്തി ആരംഭിച്ച ഗാന്ധിഭവൻ ഇന്ന് നിരാലംബരുടെ ഏറ്റവും വലിയ ആശ്രയമായി മാറിയിരിക്കുന്നു. സ്നേഹം കൊണ്ട്‌ തീർത്ത ചുവരുകളും മേൽക്കൂരകളുമുള്ള വിശുദ്ധഭവനം. ഇവിടെ മുൻജനപ്രതിനിധികളും ഉന്നത ഉദ്യോഗത്തിലിരുന്നവരും പണ്ഡിതരും  യാതൊന്നുമില്ലാത്തവരുമുണ്ട്‌. കൈക്കുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധർ വരെ. മനോവൈകല്യവും ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ബാധിച്ചവർ, ഊരും പേരും അറിയാത്തവർ, വിവിധ ഭാഷയും വേഷവും ആചാരങ്ങളും ഒത്തുചേരുന്ന ഗാന്ധിഭവൻ, ഭാരത സമൂഹത്തിന്റെ ഒരു നേർചിത്രമാണ്‌.



ഗാന്ധിഭവന്റെ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജൻ തന്റെ കുടുംബാംഗങ്ങളുമായി ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം താമസിച്ചുകൊണ്ടാണ്‌ കാരുണ്യപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. സർക്കാരിന്റെ ധനസഹായമേതുമില്ലാതെ പ്രവർത്തിക്കുന്ന ഗാന്ധിഭവനെ നിലനിർത്തുന്നതും വളർത്തുന്നതും മനുഷ്യസ്നേഹികളായ ഒട്ടനവധിപേരാണ്‌. ഗാന്ധിഭവൻ കുടുംബത്തിന്റെ ശക്തിയും പ്രത്യാശയും സമ്പത്തും അവരാണ്‌. ഈശ്വരപൂജ പോലെ സേവനം ചെയ്യുന്ന നൂറ്റിയമ്പതോളം സന്നദ്ധപ്രവർത്തകരും ഇവിടെയുണ്ട്‌.

കൊല്ലം ജില്ലയിൽ, പത്തനാപുരത്ത്‌ പ്രകൃതിരമണീയമായ കുണ്ടയം എന്ന ഗ്രാമത്തിൽ കല്ലടയാറിന്റെ തീരത്താണ്‌ ഗാന്ധിഭവൻ സ്ഥിതി ചെയ്യുന്നത്‌. പൂർണ്ണമായും ഗാന്ധിയൻ ആശയങ്ങളെ പിൻതുടർന്ന് സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവരെ സ്വാന്ത്വനപ്പെടുത്താനും പുതിയ തലമുറയിൽ സത്യവും വിജ്ഞാനവും വളർത്തുവാനും നിരന്തരം പ്രയത്നിക്കുന്ന മാതൃകാസ്ഥാപനമാണ്‌ ഗാന്ധിഭവൻ. മനുഷ്യന്റെ സാമൂഹികജീവിതബോധം ഇത്രയധികം ദർശിക്കാനാവുന്ന മറ്റൊരിടമില്ല. പരസ്പരസഹായത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാഠങ്ങൾ ഇവിടെ നിന്നും നാം പഠിക്കണം. ഓരോരുത്തരും അവരവരാൽ കഴിയുംവിധം മറ്റുള്ളവരെ സഹായിച്ചും സന്നദ്ധസേവകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച്‌ ചിട്ടയായ ജീവിതശൈലി പിൻതുടരുന്നു. ഗാന്ധിഭവനിൽ സ്നേഹത്തിന്റെ ഒറ്റമരം പടർന്നു പന്തലിക്കുകയാണ്‌.




ഗാന്ധിഭവനിലെ ഏറ്റവും പ്രകടമായ പ്രത്യേകത അവിടുത്തെ ശുചിത്വമാണ്‌. ഒരു ആശ്രമത്തിന്റെ വൃത്തിയും വെടിപ്പുമാണ്‌ ഇവിടെയുള്ളത്‌. ഭക്ഷണം പാകം ചെയ്യുന്നതും നൽകുന്നതും കിടക്കയൊരുക്കിയിരിക്കുന്നതുമെല്ലാം അത്രയേറെ വൃത്തിയുള്ള സാഹചര്യത്തിലാണ്‌. വനമേഖലയിലുള്ള പ്രശാന്തമായ ഒരു കുടിലിലെത്തിയ അനുഭൂതിയാണ്‌ ഇവിടെ നിൽക്കുമ്പോൾ. മരങ്ങളും, കിളികളുടെ പാട്ടും, കല്ലടയാറിന്റെ കിലുക്കവുമൊക്കെച്ചേർന്ന് ഒരു സ്നേഹഗ്രാമം. അന്തേവാസികളുടെ അച്ചടക്കം, സ്നേഹവാക്കുകൾ, പെരുമാറ്റം ഇവയൊക്കെ സംസ്കാരസമ്പന്നമായ ഒരു സമൂഹത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. കേരളത്തിൽ ഏറ്റവും കൂടുതൽ സാംസ്കാരികപരിപാടികൾ നടക്കുന്ന ഇടം കൂടിയാണ്‌ ഗാന്ധിഭവൻ. ഒട്ടേറെ മഹദ്‌വ്യക്തികളുടെ സാമീപ്യവും വാക്കുകളും കൊണ്ട്‌ ഗാന്ധിഭവൻ കുടുംബാംഗങ്ങങ്ങളുടെ മനസ്സിന്‌ സംസ്കാരത്തിന്റെ അന്നവും ലഭിക്കുന്നു.

അന്തേവാസികളുടെ ആരോഗ്യം, ശുചിത്വം, അച്ചടക്കം എന്നിവയൊക്കെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 'സ്നേഹഗ്രാമം പഞ്ചായത്ത്‌' എന്ന സാങ്കൽപ്പികമായ ഒരു പഞ്ചായത്ത്‌ കമ്മറ്റിയും ഗാന്ധിഭവനിൽ പ്രവർത്തിക്കുന്നുണ്ട്‌. ഗാന്ധിഭവൻ നിലനിൽക്കുന്ന ഒന്നരയേക്കർ സ്ഥലമാണ്‌ ഈ പഞ്ചായത്തിന്റെ പ്രവർത്തനപരിധി. അന്തേവാസികളാൽ തെരെഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റും മെമ്പർമാരുമാണ്‌ പഞ്ചായത്ത്‌ ഭാരവാഹികൾ. തങ്ങൾ അനാഥരല്ല, ഉത്തരവാദിത്വബോധമുള്ള ഭരണകർത്താക്കളാണ്‌ എന്ന ബോധം അന്തേവാസികളിൽ സൃഷ്ടിക്കാൻ കൂടിയാണ്‌ ഈ സംവിധാനം ഇവിടെ ഒരുക്കിയിട്ടുള്ളത്‌. സ്വയംപര്യാപ്തത എന്ന ഗാന്ധിയൻ സങ്കൽപ്പത്തെ പിൻതുടരുന്ന ഗാന്ധിഭവന്‌ സ്വന്തമായി ഔഷധത്തോട്ടവും കൃഷിത്തോട്ടവുമുണ്ട്‌. അന്തേവാസികൾക്ക്‌ ക്രിയാത്മകതയും ചെറുവരുമാനവും ഉണ്ടാക്കുന്നതിനു സഹായിക്കുന്ന ചന്ദനത്തിരി, സോപ്പ്‌ തുടങ്ങിയ നിർമ്മാണയൂണിറ്റും ഗാന്ധിഭവനിലുണ്ട്‌.



തെരുവോരങ്ങളിൽ അവശരായിക്കിടക്കുന്നവരെയാണ്‌ കൂടുതലും ഇവിടെ കൊണ്ടുവരുന്നത്‌. സേവനസന്നദ്ധരായ ഒരു കൂട്ടം ശുശ്രൂഷാപ്രവർത്തകരുടെ സ്നേഹപരിചരണങ്ങൾ അവർക്ക്‌ ആശ്വാസമേകുന്നു. പോലീസും ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരുമൊക്കെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരെ ഇവിടെ എത്തിക്കുന്നു. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കിടയിലും അവരെ ഉൾക്കൊള്ളാൻ ഗാന്ധിഭവൻ വിശാലമായ ഹൃദയം തുറക്കുന്നു. ബുദ്ധിവൈകല്യം സംഭവിച്ച കുട്ടികൾക്കും മുതിർന്നവർക്കും സ്വന്തം കാര്യങ്ങൾ നിർവ്വഹിക്കാൻ പരിശീലനം, ജീവിക്കാൻ ആവശ്യമായ പഠനങ്ങൾ, തൊഴിൽ പരിശീലനം എന്നീ പദ്ധതികളിലൂടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ 'ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ' ഇവിടെ പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാർ നാഷണൽ ഓപ്പൺ സ്കൂളിംഗിന്റെ അക്രഡിറ്റഡ്‌ സെന്ററായ ഗാന്ധിഭവൻ സ്റ്റഡി സെന്ററിൽ, വൃദ്ധപരിചരണ നഴ്സിംഗ്‌ കോഴ്സും നടന്നുവരുന്നു.

കേന്ദ്രസർക്കാർ ഗാർഹികപീഢന നിരോധന നിയമപ്രകാരം സർവ്വീസ്‌ പ്രൊവൈഡറായി നിയമിച്ചിട്ടുള്ള ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ, സംസ്ഥാനത്തൊട്ടാകെ പഞ്ചായത്തുകൾ, കുടുംബശ്രീകൾ, ജാഗ്രതാസമിതികൾ മറ്റു സന്നദ്ധ സംഘടകൾ എന്നിവരുമായി ചേർന്ന് ഗ്രാമങ്ങൾതോറും ഗാർഹികപീഢന നിരോധനനിയമം, ലഹരിവിമോചനം, മതേതരത്വം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾക്കും സെമിനാറുകൾക്കും അദാലത്തുകൾക്കും നേതൃത്വം നൽകുന്നു. കേരള ഹൈക്കോടതിയുടെ കീഴിലുള്ള കേരള സ്റ്റേറ്റ്‌ ലീഗൽ സർവ്വീസസ്‌ അതോറിറ്റിയുടെ അംഗീകാരം ഗാന്ധിഭവനുണ്ട്‌. പാവപ്പെട്ടവർക്ക്‌ സൗജന്യ നിയമസഹായം നൽകുന്നതിനുള്ള 'കെൽസ'യുടെ നീതിഭവൻ ഇവിടെ പ്രവർത്തിക്കുന്നു. ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ അടൂർ ഏഴംകുളത്ത്‌ പ്രവർത്തിക്കുന്ന ഫീനിക്സ്‌ ഹോസ്പിറ്റലിൽ കേന്ദ്രസർക്കാർ അംഗീകാരമുള്ള ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രവും പെയിൻ & പാലിയേറ്റീവ്‌ കെയർ യൂണിറ്റും പ്രവർത്തിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു കൊണ്ട്‌, നിരാലംബരായ വൃദ്ധജനങ്ങൾക്കായി 'ശരണാലയം' എന്ന സ്ഥാപനം കൊല്ലം ജില്ലയിലെ കരീപ്രയിൽ പ്രവർത്തിക്കുന്നു.



അന്തേവാസികൾക്കായി അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു വായനശാല, ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ ഇവിടെ പ്രവർത്തിക്കുന്നു. അനന്യമായ സാഹിത്യമേന്മ പുലർത്തുന്ന മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യമാസിക എന്നവകാശപ്പെടാവുന്ന ഒന്നാണ്‌ ഗാന്ധിഭവൻ പുറത്തിറക്കുന്ന സ്നേഹരാജ്യം മാസിക. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ സമ്പന്നമാക്കുന്ന വിജ്ഞാനപൂർണ്ണവും ശ്രദ്ധേയവുമായ ഒരു പ്രസിദ്ധീകരണമായി ഇത് മാറിയിട്ടുണ്ട്.


പാവപ്പെട്ടവർക്ക്‌ സമ്പൂർണ്ണ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതും കേരളത്തിലെ പ്രകൃതി-പാരമ്പര്യ ചികിത്സ പഠന-ഗവേഷണങ്ങൾക്കായി ഒരു മെഡിക്കൽ കോളേജ്‌ ഉണ്ടാകണമെന്നും ഉത്തമരായ സാമൂഹ്യപ്രവർത്തകരെ വാർത്തെടുക്കുന്നതിനായി ഒരു ജീവകാരുണ്യ സർവ്വകലാശാല സ്ഥാപിക്കുക എന്നതുമാണ്‌ ഗാന്ധിഭവന്റെ ഭാവിപരിപാടികൾ എന്നറിയുമ്പോൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക്‌ പരിധിയില്ലാത്ത സേവനം നൽകുന്ന ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അതിരറ്റ സന്തോഷം തോന്നുന്നു. 



അണുകുടുംബങ്ങൾ പോലും ക്ലേശങ്ങളും പരാധീനതകളും അവശതയും കൊണ്ട്‌ വീർപ്പുമുട്ടുന്ന സമൂഹത്തിൽ പല ദേശത്തുനിന്നും പലവിധ വൈഷമ്യങ്ങളുമായി എത്തിച്ചേർന്നവർ - കുഞ്ഞുങ്ങൾ, വൃദ്ധർ, വിധവകൾ, ജീവിതം വഴിമുട്ടി ആത്മഹത്യയ്ക്കൊരുങ്ങിയവർ, അംഗവൈകല്യം വന്നവർ, മാനസിക സുസ്ഥിരത നഷ്ടപ്പെട്ടവർ, കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്തവിധം അവശരായവർ തുടങ്ങി എല്ലാവരും ഒരു കുടുംബമായി ഒന്നിച്ചു കഴിയുന്നതു കണ്ട്‌ മനംനിറഞ്ഞ്‌ ഈ സ്നേഹഗ്രാമത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ, ഉപേക്ഷിക്കപ്പെട്ടവരുടെ വേദനകളിൽ കുറച്ചു സമയം ഒപ്പം കൂടിയതിന്റെ സാഫല്യവും അവരുടെ കഥകൾ കേട്ട്‌ ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച്‌ ചിന്തിക്കാൻ കഴിഞ്ഞതും വിലപ്പെട്ട ജീവിതാനുഭവമായി എന്നും മായാതെ നിൽക്കും.

വിലാസം
GANDHIBHAVAN
KUNDAYAM.P.O
PATHANAPURAM, KOLLAM- 689695

ഫോൺ - 0475 2355573
email - gandhibhavan@gmail.com

O

PHONE : 9048871847

നന്ദി - പി.എസ്‌.അമൽരാജ്‌, സൂസൻ തോമസ്‌,ബൃന്ദ.