Tuesday, July 20, 2010

വവ്വാക്കാവ് എന്ന ദശാസന്ധി

കഥ
നിധീഷ്‌.ജി
Nidhish.G

         








              ഒരു ബസിനു കൈനീട്ടിയിട്ട്‌ നാളേറെയായിരുന്നു. ആ കൊതി തീർത്തുകൊണ്ടാണ്‌ വണ്ടി മുന്നിലിരമ്പി നിന്നത്‌. നഗരങ്ങളിലേപ്പോലെയല്ല, ഗ്രാമങ്ങളിൽ സർക്കാർ വണ്ടികൾക്ക്‌ നല്ല അച്ചടക്കമാണ്‌. പുറത്തു ചുവപ്പും മഞ്ഞയും, അകത്ത്‌ പച്ചയുമായി ഓർഡിനറി ബസുകൾ നിർലോഭം ഗൃഹാതുരത്വം വാരിവിതറും. നാട്ടിൽ വന്നെത്തുന്നതിനു മുമ്പേ മനസ്സിലുറപ്പിച്ചതാണ്‌ ഇങ്ങനെയൊരു യാത്ര.

യാത്രക്കാർ തീരെ കുറവായിരുന്നു. കണ്ടക്ടറുടെ സീറ്റിനു തൊട്ടു മുന്നിലായി ഇരിപ്പിടം കിട്ടി. കൊല്ലത്തേക്കുള്ള ടിക്കറ്റാണെടുത്തത്‌.

വള്ളിക്കാവിൽ നിന്നും വവ്വാക്കാവിനെ ബന്ധിപ്പിച്ചുകൊണ്ട്‌ കൊല്ലത്തേക്കു പോകുന്ന ഒരേയൊരു ബസ്‌ സർവ്വീസ്‌ മാത്രമാണ്‌ ഇന്നുമുള്ളത്‌. 'കൊല്ലം വണ്ടി' എന്നു വിളിച്ചിരുന്ന സർക്കാരിന്റെ അന്നത്തെ ചുവന്ന നീളൻബസിന്‌ ഇന്ന് രൂപത്തിൽ വലിയ മാറ്റങ്ങളാണ്‌. യാത്രക്കാരിലും ജീവനക്കാരിലും പരിചിതമുഖം ഒന്നുപോലുമില്ല. വള്ളിക്കാവിലെ ആശ്രമത്തിനു കീഴിൽ ഇന്നിപ്പോൾ എൻജിനീയറിംഗ്‌ കോളേജും ആയുർവേദകോളേജും മറ്റും ഉയരുകയും എട്ടും പത്തും നിലകളുള്ള ഹോസ്റ്റൽ കെട്ടിടങ്ങളിൽ ദൂരെസ്ഥലങ്ങളിൽ നിന്നെല്ലാം സുന്ദരികളും സുന്ദരന്മാരും വന്നുനിറയുകയും ചെയ്തതോടെ അവിടം ഒരു ചെറുപട്ടണമായി വികസിച്ചിട്ടുണ്ട്‌. അക്കാരണം കൊണ്ടുതന്നെ വള്ളിക്കാവിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന വവ്വാക്കാവ്‌ റോഡിന്റെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ടാവണം. എന്നിട്ടുമെന്തുകൊണ്ടോ ഏതോ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ പോലെ ദിവസവും രണ്ടുനേരം മാത്രമായി ഇപ്പോഴും ഈയൊരു ബസ്‌ സർവ്വീസ്‌ മാത്രമേയുള്ളൂ.

വവ്വാക്കാവ്‌ എത്താറാകുന്നു.

വവ്വാക്കാവ്‌ എന്നുകേട്ടാൽ വവ്വാലുകളുടെ കാവാണോ എന്നാർക്കും സംശയം തോന്നാം. എന്നാലവിടെ വവ്വാലുകളോ കാവുകളോ ഇല്ലെന്നുള്ളതാണ്‌ വാസ്തവം. വിചിത്രമായ ഒരു കാര്യമെന്തെന്നാൽ വവ്വാക്കാവിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ഇരുവശത്തുമുള്ള വലിയ വാകമരങ്ങളിലും ബദാം മരങ്ങളിലുമാണ്‌ കരുനാഗപ്പള്ളി-കുന്നത്തൂർ താലൂക്കുകളിലെ കാക്കകളായ കാക്കകളൊക്കെ ചേക്കേറുന്നത്‌. 'സുബഹ്‌' കേട്ടുണരുന്ന കാക്കകൾ സന്ധ്യവിളക്കാവുമ്പോൾ കൃത്യമായി തിരികെയെത്തും. ആ രണ്ടുസമയങ്ങളിലും വവ്വാക്കാവിലാകെ കോലാഹലമാണ്‌. കാക്കകളുടെ കൂട്ടക്കരച്ചിലിനിടയിൽ തൊട്ടടുത്തു നിൽക്കുന്നവരെപ്പോലും കേൾക്കാനാവില്ല. എത്ര ശ്രദ്ധാപൂർവ്വം നിന്നാലും ധരിച്ചിരിക്കുന്ന വസ്ത്രത്തിലോ തലയിലോ ഒരു മര്യാദയുമില്ലാതെ അവറ്റകൾ അടയാളമിട്ടുകളയും.

ഏറെക്കാലം മുമ്പ്‌, സുഹൃത്തായ അജയനൊപ്പം അയൽപ്രദേശങ്ങളായ ആദിനാടിന്റെയും ശാസ്താംകോട്ടയുടെയും സ്ഥലനാമചരിത്രം തേടി അലയുകയും ചിലതെല്ലാം രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വവ്വാക്കാവിനു പിന്നാലെയുള്ള യാത്ര, എന്തോ ചില കാരണങ്ങളാൽ തുടക്കത്തിൽ തന്നെ അവസാനിക്കുകയാണുണ്ടായത്‌. പണ്ടുപണ്ട്‌ ഇവിടെയെവിടെയോ ഒരു കാവുണ്ടായിരുന്നിരിക്കണം. അവിടെ നിറയെ വവ്വാലുകളും. ആ ചിന്തയിൽ കണ്ണുകൾ എല്ലായ്പ്പോഴും വവ്വാലുകളെ തേടും. കാവുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ബുദ്ധ സംസ്കൃതിയുടെയും ഭൂതരായരുടെ പടയോട്ടക്കാലത്തിന്റെയും ശേഷിപ്പുകൾ  അന്വേഷിച്ചുപോയ നാളുകളിലൊന്നും തന്നെ, അവറ്റകളെ കണ്ടുമുട്ടാനായതുമില്ല.

ചരിത്രം ആ പ്രദേശത്തിന്‌ തികച്ചും ദുരൂഹമായ ഒരു മുഖച്ഛായ കൊടുത്തിട്ടുള്ളതുപോലെ എനിക്കും അവിടം ഭീതിദമായ ഒരോർമ്മയാണ്‌ തരുന്നത്‌. വള്ളിക്കാവിൽ നിന്നുള്ള റോഡ്‌ വവ്വാക്കാവിനെ സ്പർശിക്കുന്നതിനു തൊട്ടുമുൻപായി ഇടതുവശത്തുള്ള ആ ഇലക്ട്രിക്‌പോസ്റ്റ്‌, വൈദ്യുതകമ്പികളെ താങ്ങിമടുത്ത്‌ ഇന്നും അതേപോലെ നിലകൊള്ളുന്നുണ്ട്‌. വശങ്ങളിലേക്ക്‌ നീണ്ടുനിൽക്കുന്ന അതിന്റെ ചില്ലകളിൽ കാക്കളൊന്നും ചേക്കേറിയില്ല. അനാഥമായ ഒരു സ്വപ്നം പോലെ, കമ്പിക്കൈകൾ നീട്ടി, അനന്തതയിലേക്ക്‌ നിൽക്കുന്ന ആ പോസ്റ്റിന്റെ ചിത്രം ഉള്ളിലാകെ വൈദ്യുതി നിറച്ചു. എവിടെയോ കാക്കകൾ കൂട്ടമായി കരഞ്ഞു.

അന്ന് പ്രീഡിഗ്രി കാലഘട്ടമായിരുന്നു. കൗമാരത്തിന്റെ ആവേശങ്ങളും ആരവങ്ങളും ആഘോഷങ്ങളും പൂത്തുനിന്ന കാലം. വള്ളിക്കാവിൽ നിന്നും ബസ്‌ പുറപ്പെടുമ്പോൾ തന്നെ നിറയെ ആളുകളുണ്ടാകും. കൂടുതലും വിദ്യാർത്ഥികൾ തന്നെ. ഡ്രൈവർ രാമകൃഷ്ണൻചേട്ടൻ മുഖത്തെപ്പോഴും ചിരിനിറച്ച്‌ അനായാസഭാവത്തിലിരിക്കും. കണ്ടക്ടർ സലീമിക്കയ്ക്ക്‌ ഗൗരവമെടുത്തണിഞ്ഞ പ്രകൃതമാണ്‌. രണ്ടുപേരും വിരുദ്ധസ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവരാകയാൽ ഞങ്ങളിൽ പലപ്പോഴും ചിരിയുടെ അലകൾ സൃഷ്ടിക്കാൻ അവർ പ്രധാനകാരണമായി തീർന്നിരുന്നു. ഞങ്ങൾ എന്നു പറയുമ്പോൾ അജയൻ, മഹേശൻ, കാർലോസ്‌, അനി, ഉഷ, സഹീറ തുടങ്ങി വലിയ ഒരു കൂട്ടമുണ്ട്‌. ഒപ്പം ലാബ്‌ അസിസ്റ്റന്റ്‌ പുരുഷോത്തമൻചേട്ടൻ, കുമാർ തീയേറ്ററിലെ ഓപ്പറേറ്റർ ജബ്ബാറിക്ക, ഹാർബറിലേക്ക്‌ മത്സ്യബന്ധനത്തിനായി പോകുന്ന രുദ്രണ്ണൻ, ജാനകിയക്ക.... അങ്ങനെ തമ്മിലറിയാവുന്നവരും കൂടാതെ ആശ്രമത്തിൽ ദർശനത്തിനായി വന്നുപോകുന്ന അപരിചിതരും കൂടിക്കലർന്ന ആ യാത്ര തികച്ചും ഉല്ലാസഭരിതമായിരുന്നു.

പതിവുപോലെ തിരക്കുള്ള ആ ദിവസം, ഞാനും കാർലോസും ഫുട്‌ബോഡിൽ തന്നെയുണ്ടായിരുന്നു. ഹാജർ വിളിച്ചുകയറ്റുന്ന ചുമതല ഞങ്ങൾക്കാണ്‌. 'ഒന്നകത്തോട്ടു കേറിനെടാ' എന്നു സലീമിക്ക വിളിച്ചു പറയുമ്പോഴൊക്കെ ഞങ്ങൾ കണ്ണിറുക്കി ചിരിക്കും. എന്തെങ്കിലും മറുപടി പറഞ്ഞാൽ ആകെ പുകിലുണ്ടാക്കും. 'അവന്മാരവിടെയെങ്ങാനും നിക്കട്ടെ സാറേ, പിള്ളേരല്ലേ' എന്നു പുരുഷോത്തമൻചേട്ടൻ സമാധാനപ്പെടുത്തും.

അന്നേദിവസം എന്റെ ഇടതുകൈയ്യിലെ മൂന്നുവിരലുകൾ ചേർത്ത്‌ പ്ലാസ്റ്റർ ഇട്ടിരുന്നു. അതിരാവിലെ സംഭവിച്ച ഒരപകടം. വെളുപ്പിന്‌ നാലുമണിക്കെഴുന്നേറ്റ്‌ ഓടാൻപോകുന്ന ഒരു ശീലമുണ്ടായിരുന്നു. അനിയും മഹേശനുമാണ്‌ കൂട്ട്‌. കടവ്‌ വരെ സൈക്കിളിലാണ്‌ പോവുക. കടവിലുള്ള പൂവരശിന്റെ ചുവട്ടിൽ സൈക്കിൾ വെച്ച്‌, കായലോരത്തുകൂടി നീണ്ടുകിടക്കുന്ന ചെമ്മൺപാതയിലൂടെ ഞങ്ങൾ ഓട്ടമാരംഭിക്കും. ആരോഗ്യം മെച്ചപ്പെടുത്തുക എന്നുള്ളതായിരുന്നില്ല ആ വ്യായാമശ്രമത്തിലേക്ക്‌ ഞങ്ങളെ നയിച്ച ചേതോവികാരം. കടവിലെ പുലർകാലകാഴ്ചകളിൽ ഞങ്ങളെ കൊതിപ്പിച്ചുകൊണ്ടിരുന്ന ചിലതുണ്ടായിരുന്നു. ആസ്വാദനത്തിനിടയിൽ, കൈമൾ പോലീസിന്റെ കൺമുന്നിൽ ചെന്നുപെട്ടതാണ്‌ വിനയായിത്തീർന്നത്‌. അപ്പോഴത്തെ വെപ്രാളത്തിൽ തിരിഞ്ഞോടി, മരച്ചുവട്ടിൽ നിന്നും സൈക്കിളെടുത്ത്‌ ആഞ്ഞുചവിട്ടുന്നതിനിടയിൽ എതിരേവന്ന ഒരു നായയുടെ മുകളിലേക്കു തന്നെ സൈക്കിളുമായി മറിഞ്ഞു.

തേവലശേരിമുക്കിൽ വെച്ച്‌, ആളുകയറുന്നതിനിടയിൽ ഈ ദാരുണകഥ ചില പൊടിപ്പും തൊങ്ങലുമൊക്കെ വെച്ച്‌ കാർലോസിനോട്‌ വർണ്ണിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡബിൾബെല്ല് കേട്ട്‌ ഫുട്‌ബോഡിലേക്ക്‌ കാലെടുത്തുവെക്കാൻ തുടങ്ങവേ, കാൽശരായിയുടെ കീശയിൽ നിന്നും മൂന്നായി മടക്കിയ നോട്ടുബുക്ക്‌ താഴേക്ക്‌ പോയി. വ്യാകരണവും ജന്തുശാസ്ത്രവും രസതന്ത്രവുമെല്ലാം ഒരമ്മപെറ്റ മക്കളെപ്പോലെ കഴിയുന്ന ആ ചതഞ്ഞ ബുക്ക്‌ നഷ്ടപ്പെടുന്ന കാര്യം എനിക്കാലോചിക്കാനേ കഴിയുമായിരുന്നില്ല. വേഗതയുടെ ഒരനായസാതാളത്തിൽ ഞാനത്‌ കുനിഞ്ഞെടുത്ത്‌, നാലുചുവട്‌ മുന്നോട്ടോടി പിന്നിലെ കമ്പിയിൽപ്പിടിച്ച്‌ ഫുട്‌ബോഡിലേക്ക്‌ ചാടിക്കയറി.

ഒടിഞ്ഞ കൈവിരലുകൾ ഒന്നുമിന്നി. ആ വേദനയുണ്ടാക്കിയ തിടുക്കത്തിനിടയിൽ എന്തോ ഒന്ന് കൈയ്യിൽ കുടുങ്ങി. ചുവന്നനിറമുള്ള ഒരു മുത്തുമാലയായിരുന്നു അത്‌. തൊട്ടുപിന്നാലെ ഫുട്‌ബോഡിനടുത്തുള്ള സീറ്റിനോട്‌ ചേർന്നുനിന്നിരുന്ന അപരിചിതയായ പെൺകുട്ടി ഒറ്റക്കരച്ചിൽ.

"അയ്യോ... എന്റെ മാല !"

"ആരെടാ അത്‌?"

"പിടിയെടാ അവനെ...!"

ആകെ ബഹളമായി. ബസിന്റെ മുന്നിൽ നിന്നും തലകൾ നീണ്ടുവന്നു. കാക്കകൾ നിറുകയിൽ കൃത്യം നിർവ്വഹിച്ചാലെന്നപോലെ ഞാൻ വിളറി. ചോര മുഴുവൻ ഒറ്റനിമിഷം കൊണ്ട്‌  വാർന്നുപോയി. ശബ്ദം പുറത്തേക്കു വരാനാകാതെ തൊണ്ടയിൽ കുടുങ്ങി. ആരോ ബെല്ലടിക്കുകയും രാമകൃഷ്ണൻചേട്ടൻ അപ്പോൾ തന്നെ ബ്രേക്കിൽ കാലമർത്തുകയും ചെയ്തു.

രുദ്രണ്ണനാണ്‌ എന്നെ കണ്ടത്‌.

"ങാഹാ, നീയാരുന്നോ? ഇതെന്താണെടാ നിന്റെ കൈയ്യിൽ? മുത്തുമാലയോ... അതുകൊള്ളം... എടീ കൊച്ചേ കരയാതെ നില്ല്, അവൻ നിനക്ക്‌ പുതിയയതൊന്ന് വാങ്ങിത്തരും, ഹല്ല പിന്നെ!"

ഒറ്റ ഡയലോഗിൽ എല്ലാവരും ചിരിച്ചു. പെൺകുട്ടി പകപ്പോടെ എന്നെ നോക്കുമ്പോൾ ബെല്ലുമുഴങ്ങി. ചുവന്ന മുത്തുമണികൾ വിരലുകൾക്കിടയിൽ നിന്നുമുതിർന്നുവീണു. അബദ്ധം പിണഞ്ഞവളെപ്പോലെ അവൾ തലതാഴ്ത്തി. നേരിയ ഒരു ചിരി ആ ചുണ്ടുകളിൽ മിന്നിമറയുന്നതു കണ്ടപ്പോൾ, ഒരു ക്ഷമ പറയേണ്ടുന്ന മര്യാദ കാട്ടാതിരിക്കാൻ മനസ്സ്‌ സമ്മതിച്ചില്ല.

അടുത്ത സ്റ്റോപ്പായ വവ്വാക്കാവിലിറങ്ങാൻ ആളുകൾ വാതിലിനടുത്തേക്ക്‌ തിരക്കുകൂട്ടി തുടങ്ങിയിരുന്നു. എന്നിട്ടും അവളുടെ സമീപമെത്താൻ അൽപസ്ഥലം ഞാൻ കണ്ടെത്തി. കാർലോസിനെ മറികടന്ന് കയറിനിൽക്കാൻ ശ്രമിക്കുമ്പോൾ അവൻ എന്റെ സ്ഥാനത്തേക്ക്‌ കടന്നുനിന്ന് സൗകര്യമൊരുക്കി. ഒരു ശബ്ദം കേട്ട്‌ ഞെട്ടലോടെ തിരിഞ്ഞുനോക്കുമ്പോൾ, ഇടതുവശത്തായി നിന്ന ഇലക്ട്രിക്‌ പോസ്റ്റിലിടിച്ച്‌ കാർലോസ്‌ മറിയുന്നതാണ്‌ കണ്ടത്‌. ഒന്നേ നോക്കിയുള്ളൂ. നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. വെടിയൊച്ച കേട്ടതുപോലെ ഉള്ളിൽ കാക്കകൾ പറന്നു.

"ആളു താഴെപ്പോയി" ആരോ വിളിച്ചു പറഞ്ഞു.

വണ്ടി നിരങ്ങിനിന്നു. അനിയും മഹേശനും രുദ്രണ്ണനും ജാനകിയക്കയും മറ്റെല്ലാവരും ഞെട്ടിത്തരിച്ച്‌ പുറത്തേക്ക്‌ നോക്കി. ഉഷയും സഹീറയും ഉറക്കെ നിലവിളിച്ചു. പുറത്തേക്ക്‌ ചാടിയിറങ്ങി നോക്കുമ്പോൾ ശിരസ്സു മുഴുവൻ രക്തത്തിൽ മുങ്ങി കാർലോസ്‌ റോഡിൽ വീണുകിടക്കുകയായിരുന്നു. കണ്ണുകൾ തുറിച്ചു നിൽക്കുന്നതുകണ്ട്‌ ഞാൻ വിറങ്ങലിച്ചു.

പതിവുകെട്ട നേരത്ത്‌ വാകമരങ്ങളിലിരുന്ന് കാക്കകൾ ഉറക്കെ കരഞ്ഞു. ഉള്ളംകൈ തുറന്നു നോക്കിയപ്പോൾ ഒരു ചുവന്ന മുത്ത്‌.

എവിടെ ആ പെൺകുട്ടി?

ഓർമ്മയുടെ ചില്ലുപാത്രം വീണുടയുന്നതുപോലെ ആ സമയം ഡബിൾബെല്ല് മുഴങ്ങി. ബസ്‌ നീങ്ങുകയാണ്‌. ഞാൻ സീറ്റിലേക്ക്‌ അമർന്നിരുന്നു. പടയോട്ടങ്ങളുടെ നൊമ്പരം നെഞ്ചിലേറ്റിയ പൈതൃകവുമായി ചുവന്നുകിടന്ന വവ്വാക്കാവിൽ നിന്ന്, പകൽവെളിച്ചത്തിൽ ഒരു വവ്വാൽ ചിറകുവിടർത്തി പറന്നുപോകുന്നത്‌ ഞാനപ്പോൾ ആദ്യമായി കണ്ടു.  
                                 
O


PHONE : 9446110023




20 comments:

  1. dear nidheesh,i am proud of ur literature.'alu puliyanu ketta
    randheer

    ReplyDelete
  2. hi buddy. super!!! you know to use language. that's why pradeep is insisting u to the world of silver screen

    ReplyDelete
  3. veruthe vaayikkan thudangi.....kurachukazhinjappozhanu manassilaayathu njan monitorinodu orupaadu aduthu ennu.....kashtapettanu kannukal thiricheduthathu...
    Nannayittundu........

    ReplyDelete
  4. Parejaya pettapol karuthiyathu vazhiyil ninnu kettiyathu muthanu ennanu paksha ethu cheppiyanu kalangalolam thannil shekaricha mazha thullikala pavizhamayee mattan kazhivulaa cheppi

    ReplyDelete
  5. good daa.. i am proud of u man..
    enikk ishtappettu.

    ReplyDelete
  6. chinthakalkku chirakkual mulakkatee...orayiram asmsakal...............

    ReplyDelete
  7. nidhish chetta................... super.............

    ReplyDelete
  8. Nannayittundu. Maranna palathum orma varunnu. Thanks.

    ReplyDelete
  9. കാക്കകളുടെ കടലിരമ്പങ്ങൾക്കപ്പുറം
    ചോന്ന മുത്തുമാലയും
    നേർത്ത വാവൽച്ചിറകും ...

    ഭാഷയുടെ നേരിമയും ഒഴുക്കും ദിശാബോധവും...

    ആശംസകള്‍.

    ReplyDelete
  10. നന്ദി അജിത്‌..അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും..!
    NIDHISH

    ReplyDelete
  11. ഉള്ളന്കൈ തുറന്നപ്പോള്‍ ഒരു ചുകന്ന മുത്ത്‌....നന്നായി അഭിനന്ദനങള്‍

    ReplyDelete
  12. ആ കഥ പോകട്ടെ....
    നല്ല കഥ നിധിഷ്‌ ആശംസകള്‍

    ReplyDelete
  13. നന്നായിരിക്കുന്നു . ഒരു ഫിക്ഷന്‍റെ എല്ലാ ഭാവങ്ങളും നിറയുന്ന വിവരണം

    ReplyDelete
  14. മനോഹരമായിരിക്കുന്നു നിധീഷേട്ടാ...അഭിനന്ദനങ്ങള്‍

    ReplyDelete
  15. മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങള്‍

    ReplyDelete
  16. വായനക്കാരനെ ചേര്‍ത്തു നിര്‍ത്തുന്ന ഭാഷ ലാളിത്യം.... നന്‍മകള്‍ നേരുന്നു...

    ReplyDelete

Leave your comment