Saturday, October 8, 2011

സൂം ഇൻ

സിനിമയുടെ നേർക്കാഴ്ച്ചകളുമായി പുതിയ പംക്തി 


ഡോ.മുഞ്ഞിനാട്‌ പത്മകുമാർ













    1

ക്യാൻവാസിനും ബ്രഷിനുമിടയിൽ സംഭവിക്കുന്നത്‌



                   'നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ടാണ്‌ ഞാൻ സിനിമയെടുത്തത്‌. ശബ്ദമേ നിന്റെ സ്വാതന്ത്ര്യം എന്റെ കരുത്താകട്ടെ' - പുഡോകിൻ. നിശ്ശബ്ദതയിൽ നിന്ന് ശബ്ദാകാരത്തിലേക്ക്‌ കടക്കുന്ന നിമിഷത്തിന്റെ ധന്യതയെക്കുറിച്ച്‌ കലയുടെ ആഴങ്ങളിൽ അഭിരമിച്ചവർ എല്ലാവരും തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. കാഴ്ചയുടെ സംസ്കാരവും വർത്തമാനവുമായി ഇത്തരമൊരനുഭവത്തിന്‌ വളരെ ആഴത്തിൽ വേരോടിയിട്ടുള്ള ഒരാത്മബന്ധമാണുള്ളത്‌. കല,വിവിധ മീഡിയങ്ങളിലൂടെ അനുഭവിച്ചറിയുമ്പോഴും അതിലെവിടെയോ നമ്മുടെ ഹൃദയവുമായി സംവദിക്കുന്നൊരു നിശ്ശബ്ദതയുടെ ഇടമുണ്ട്‌. ആ അർത്ഥത്തിൽ നിശ്ശബ്ദതയുടെ സൗന്ദര്യപക്ഷ ചിന്തയിലേക്കുള്ള യാത്രയാണ്‌ ഓരോ സിനിമയും. 'ടോട്ടൽ ആർട്ട്‌' എന്ന വിപുലമായ സാദ്ധ്യതയിലേക്ക്‌ തുറക്കുന്ന അഭിജാതവേദി കൂടിയാണ്‌ സിനിമ. അതുകൊണ്ട്‌ തന്നെ സിനിമ ഒരു Cultural Tour ആണെന്ന പുതിയ നിർവ്വചനത്തിന്റെ അനുഭവത്തിൽ നിന്നുവേണം നമുക്ക്‌ സിനിമ ആസ്വദിക്കാൻ.


ലെനിൻ രാജേന്ദ്രന്റെ പുതിയ ചിത്രം 'മകരമഞ്ഞ്‌" രണ്ട്‌ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ്‌ നമ്മുടെ ആസ്വാദനത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. ഒരേ കാലം പൗരാണികവും ആധുനികവുമായ ഒരു കാലബോധം സിനിമയിൽ ഒഴുകിപ്പരക്കുന്നത്‌ കാണാം. 'മാറി മാറി ഭരിക്കപ്പെട്ട ഹൃദയം' എന്ന് തോമസ്‌ മൻ എഴുതിയത്‌ പോലെ, ഇവിടെ കഥാപാത്രങ്ങൾ അവരുടെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ഉപേക്ഷിച്ച്‌ പൗരാണിക കഥാനുഭവങ്ങളിലേക്ക്‌ പലായനം ചെയ്യുന്നു. പ്രത്യക്ഷത്തിൽ രാജാ രവിവർമ്മയിലെ ചിത്രകാരനും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ മോഡലും തമ്മിലുള്ള വൈകാരികവും സ്വതന്ത്രവുമായ ബന്ധത്തിൽ നിന്ന് കാൽപനികനായ പുരൂരവസ്സിലേക്കും ലാവണ്യവതിയായ ഉർവ്വശിയിലേക്കുമുള്ള ആത്മയാനങ്ങളാണ്‌ മകരമഞ്ഞിന്റെ അരിസ്ട്രോക്രാറ്റിക്‌ ഫ്രെയിമുകൾ. തിരുവിതാംകൂറിന്റെ സാംസ്കാരിക ചരിത്രവുമായി,വിശിഷ്യാ ചിത്രകലാസംസ്കാരവുമായി ബന്ധമുള്ള ഒരു പ്രമേയം തെരഞ്ഞെടുക്കുമ്പോൾ സ്വീകരിക്കേണ്ട ലാവണ്യനിയമങ്ങളെല്ലാം ലെനിൻ രാജേന്ദ്രനിലെ കലാകാരൻ ഭംഗ്യന്തരേണ നിർവ്വഹിച്ചിട്ടുണ്ട്‌ എന്നുള്ള കാര്യം എടുത്തുപറയേണ്ടതാണ്‌.


ലെനിൻ രാജേന്ദ്രൻ

മലയാളസിനിമയിൽ തികച്ചും ഭിന്നമായ പ്രമേയങ്ങൾ കൊണ്ടുവരികയും അതുവഴി നമ്മുടെ പാരമ്പര്യവായനകളെ പുന:പാരായണത്തിനും ഗാഢപാരായണത്തിനും ഉപയുക്തമാകിയ അപൂർവ്വം ചലച്ചിത്രസംവിധായകരിൽ ഒരാളാണ്‌ ലെനിൻ രാജേന്ദ്രൻ. തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട 'സ്വാതിതിരുനാൾ', 'കുലം' എന്നീ സിനിമകളിൽ  ഉപയോഗപ്പെടുത്തിയ ട്രഡീഷണൽ ഫ്രെയിമുകളിൽ നിന്നെല്ലാം വ്യത്യസ്തങ്ങളായ ചില ഫ്രെയിം പറ്റേണുകൾ കൊണ്ടുവരാനും അതുവഴി ചരിത്രത്തിന്റെയും വിഷയത്തിന്റെയും ആധുനികമായൊരു ആസ്വാദനതലം സൃഷ്ടിക്കുവാനുമാണ്‌ ലെനിൻ രാജേന്ദ്രൻ ശ്രമിക്കുന്നത്‌.


എണ്ണഛായാചിത്രങ്ങളുടെ കളർടോണുകൾ ഉപയോഗിച്ചുള്ള വെളിച്ചവിതാനങ്ങൾ മകരമഞ്ഞിന്റെ സൗന്ദര്യത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നു. അതുകൊണ്ടാണ്‌ ചില ഫ്രെയിമുകളിൽ പ്രത്യക്ഷപ്പെടുന്ന വെളിച്ചത്തിന്റെ അലൗകികമായ കാന്തി, കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളുടെ ശരിപ്പകർപ്പുകളായി നമുക്ക്‌ അനുഭവപ്പെടുന്നത്‌. രാജാ രവിവർമ്മയിലെ ചിത്രകാരനും കലോപാസകനായ കാമുകനും അനുഭവിക്കുന്ന തീവ്രവികാരങ്ങൾ അതിലളിതമായ വാക്കുകൾകൊണ്ടും ഭാവങ്ങൾ കൊണ്ടുമാണ്‌ സംവിധായകൻ ഒപ്പിയെടുക്കുന്നത്‌. തർക്കോവ്സ്കി പറയുന്നതുപോലെ 'ചരിത്രത്തെ സ്വീകരിക്കുമ്പോൾ അകമ്പടിയായി അലർച്ചകൾ വേണം എന്ന് ശഠിക്കേണ്ടതില്ല. നിശ്ശബ്ദതയിൽ നിന്നുപോലും നമുക്ക്‌ ചരിത്രത്തിന്റെ കുളമ്പടികൾ കേൾക്കാനാകണം'. നിശ്ശബ്ദതയിൽ നിന്നുള്ള മഹാമുഴക്കങ്ങളിലൂടെയാണ്‌ മകരമഞ്ഞ്‌ ഒഴുകിപ്പോകുന്നത്‌.






രാജാ രവിവർമ്മയുടെ ചിത്രകലാജീവിതത്തിൽ ആരും ഇതുവരെ എഴുതിചേർത്തിട്ടില്ലാത്ത ഒരദ്ധ്യായമാണ്‌ മകരമഞ്ഞിലൂടെ ലെനിൻ രാജേന്ദ്രൻ അവതരിപ്പിക്കുന്നത്‌. രാജാ രവിവർമ്മയിലെ കലാകാരനെ സ്തുതിച്ചും വ്യാഖ്യാനിച്ചും ക്ഷീണമനുഭവിച്ചു തുടങ്ങിയ മലയാളിക്ക്‌ മകരമഞ്ഞ്‌ പുതിയൊരനുഭവമായിരിക്കും. കാരണം,ക്യാൻവാസിനും ബ്രഷിനുമിടയിൽ എപ്പോഴൊക്കെയോ രൂപപ്പെട്ട ഒരു ചിത്രകാരന്റെ അന്ത:സംഘർഷങ്ങളും മഹാമൗനങ്ങളും പ്രണയാനുഭവങ്ങളും സന്ദേഹങ്ങളും ഒക്കെ ചേർന്നൊരു സുന്ദരചിത്രമാണ്‌ മകരമഞ്ഞിലൂടെ ലെനിൻ രാജേന്ദ്രൻ പറയുന്നത്‌. അതിനനുയോജ്യമായ ഒരു നാടകീയത മകരമഞ്ഞിൽ വളരെ മനോഹരമായി സംവിധായകൻ സന്നിവേശിപ്പിച്ചിരിക്കുന്നു. രാജാ രവിവർമ്മയിൽ നിന്ന് പുരൂരവസ്സിലേക്കുള്ള ദൂരവും മോഡലിൽ നിന്ന് ഉർവ്വശിയിലേക്കുള്ള ദൂരവും നാം കണ്ടുകൊണ്ടിരിക്കെ കുറഞ്ഞുകുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നത്‌, ആസ്വാദനത്തിന്റെ അതിർത്തികളെ മറികടക്കുവാൻ സംവിധായകന്‌ കഴിഞ്ഞു എന്നതിന്റെ തെളിവാണ്‌. രാജാ രവിവർമ്മയായി പ്രത്യക്ഷപ്പെടുന്ന സന്തോഷ്‌ ശിവനും മോഡലായി എത്തുന്ന കാർത്തികയും അവരുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. മധു അമ്പാട്ടിന്റെ ക്യാമറ, മകരമഞ്ഞിന്റെ പ്ലസ്‌ പോയിന്റുകളിൽ ഒന്നാണ്‌.  

O

PHONE : 9447865940

PHOTOS : GOOGLE

3 comments:

Leave your comment