Saturday, November 10, 2012

ദോശ

കവിത
വി.ഗീത









ദോശ ഉണ്ടാക്കുന്നതിലും ഒരു സാരസ്യമുണ്ട്‌.

ഒരേ കേന്ദ്രബിന്ദുവിനു ചുറ്റും
വിവിധ ആരങ്ങളിൽ
മാവുകൊണ്ട്‌ നെയ്തു ചേർത്ത
കുറേ വെളുത്ത വൃത്തങ്ങൾ.

ശ്രദ്ധയൊന്നു പിഴച്ചാൽ,
ജ്യാമിതീയ ഭംഗി നഷ്ടപ്പെട്ട്‌
വൃത്തം ആസ്ട്രേലിയയുടെ
ആകൃതിയിലാവാനും മതി.

നിറയെ തുള വീണ ദോശ, പക്ഷേ
ഒരു മനസ്സിന്റെ ചിത്രവുമാകാം.
മൂർച്ചയേറിയ അനുഭവങ്ങൾ
കുത്തിത്തുളച്ച ഒരു മനസ്സ്‌.

ചുട്ടുപഴുത്ത ലോഹത്തകിടിൽ
ചിത്രവധത്തിനെന്നോണം
മലർത്തിക്കിടത്തിയ ഒരു മനസ്സ്‌.

കൂലങ്കഷമായ ആത്മവിചാരണകൾക്ക്‌
വിധേയമാകുന്ന ഒരു മനസ്സ്‌.

കരിഞ്ഞും പൊരിഞ്ഞും
സ്വന്തം നിലപാടുകൾ സ്ഥാപിച്ചെടുക്കാൻ
പാടുപെടുന്ന ഒരു മനസ്സ്‌.

ഒടുവിൽ, മൊരിഞ്ഞ ഒരു ദോശ പോലെ
തളികയിൽ, ഉപദംശങ്ങളാൽ പരിസേവിതമായി
തന്നെ വിഴുങ്ങാനെത്തുന്ന തമസ്സിനെ കാത്ത്‌,
അത്‌ നിർലേപതയോടെ വിശ്രമിച്ചു.


O


7 comments:

  1. nalla kavitha....ee dosha...pennin manasupole...alle....?

    ReplyDelete
  2. കൊള്ളാം, ദോശ കഴിച്ചതിനേക്കാള്‍ തൃപ്തിയായി ഇത് വായിച്ചപ്പോള്‍

    ആശംസകള്

    ReplyDelete
  3. ഒരു ദോശ ഉണ്ടാക്കിയ കവിത!!!

    നന്നായി... :)

    ReplyDelete
  4. പല ഓര്‍മകളും, അനുഭവങ്ങളും ഓടിയെത്തുന്നു ...

    ReplyDelete
  5. ചുട്ടുപൊള്ളുന്ന ദോശക്കല്ലില്‍ കുരിശിലെട്ടപ്പെട്ട സ്ത്രീമനസ് . നല്ല ഭാവന. ശക്തമായൊരു ഫെമിനിസ്റ്റ് കവിത. ഇത് വെറുമൊരു മോഷ്ട്ടാവായ ഞാന്‍ ഋതം മാസികയിലേക്ക്‌ മ്ഷ്ടിക്കുന്നു

    ReplyDelete

Leave your comment