നേർക്കാഴ്ച
ശാസ്താംകോട്ട അജയകുമാർ
മൃതി മനുഷ്യജീവിതത്തിലെ ഒഴിവാക്കാൻ പറ്റാത്ത മരീചിക; ആകസ്മികമാകാം അകാലത്തിൽ കടന്നുവരുന്നതാകാം. പണ്ടുകാലത്ത് മരണമെന്ന് കേൾക്കുമ്പോൾ ചങ്കിൽ ദുഃഖത്തിന്റെ വെള്ളിടി പൊട്ടുമായിരുന്നു. ദുഃഖം ഒരു പുഷ്പചക്രത്തിൽ അല്ലെങ്കിൽ അനുശോചനത്തിന്റെ രണ്ടുവാക്കുകളിൽ ഒതുക്കി തിരക്കിലേക്ക് ലോകം വഴുതിവീഴുന്ന ഇക്കാലത്ത്; ഗുരുമുഖത്ത് നിന്നു ലഭിച്ച അറിവിന്റെ തിരി തെളിച്ച് നാടകത്തിന്റെ വിവിധ വേഷപ്പകർച്ചകൾ താളുകളിൽ പകർത്തിവെച്ച്, തെരുവോരങ്ങളിൽ ആടിത്തളർന്ന് മരണത്തിന്റെ ചിറകടിച്ച് അകലങ്ങളിലേക്ക് പറന്നുപോയ പ്രതിഭാധനനായ, ധിഷണാശാലിയായ ടി.പി.അജയനെ അനുസ്മരിച്ചപ്പോൾ അത് ഏവർക്കും ഒരവിസ്മരണീയ മുഹൂർത്തമായി.
ഇടക്കുളങ്ങര ഗോപൻ |
2012 നവംബർ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ശാസ്താംകോട്ട ജെമിനി ഹൈറ്റ്സ് ആഡിറ്റോറിയത്തിൽ വെച്ചായിരുന്നു ടി.പി.അജയൻ അനുസ്മരണവും ശ്രീ.ആർ.എസ്.കുറുപ്പിന്റെ 'അമ്മ മഹാറാണി' നാടകപുസ്തക ചർച്ചയും കേളികൊട്ട് കൂട്ടായ്മ സംഘടിപ്പിച്ചത്. വിവിധമേഖലകളിൽ കൈയ്യൊപ്പ് ചാർത്തിയ സർഗ്ഗപ്രതിഭകളാൽ സമ്പന്നമായ സദസ്സ്.
ഇഞ്ചക്കാട് ബാലചന്ദ്രൻ |
കേളികൊട്ട് ബ്ലോഗ് മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും കവിയുമായ ഇടക്കുളങ്ങര ഗോപൻ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. പ്രശസ്തകവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. നാടകരചയിതാവും സംവിധായകനുമായ തേവലക്കര ബേബിക്കുട്ടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.പി.അജയന്റെ സുഹൃത്തും അദ്ധ്യാപകനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകനുമായ കെ.കൃഷ്ണകുമാർ അനുസ്മരണപ്രഭാഷണം നടത്തി.
തേവലക്കര ബേബിക്കുട്ടൻ |
അൽപം പ്രതിഭാത്തിളക്കം കൂടിപ്പോയി എന്ന ഒറ്റക്കാരണത്താൽ താൻ തെരെഞ്ഞെടുത്ത ഒറ്റയടിപ്പാതയിലൂടെ ഏകനായി സിരകളിൽ നാടകത്തിന്റെ രക്തത്തിളപ്പുമായി നടന്നു നീങ്ങിയതിനാൽ സമൂഹത്തിൽ നിന്നും ടി.പി.അജയന് ഏറ്റുവാങ്ങേണ്ടിവന്ന അവഹേളനങ്ങളെക്കുറിച്ച് ബന്ധുവും ആർട്ടിസ്റ്റുമായ എൻ.എസ്.മണി അനുസ്മരിച്ചപ്പോൾ സദസ്സും ടി.പി.അജയന്റെ ബന്ധുമിത്രാദികളും ആർദ്രരായി.
കെ.കൃഷ്ണകുമാർ |
ആർ.എസ്.കുറുപ്പിന്റെ 'അമ്മ മഹാറാണി' എന്ന നാടകപുസ്തകത്തെ പരിചയപ്പെടുത്തിയത് പ്രശസ്തകവിയും സാംസ്കാരികപ്രവർത്തകനുമായ വി.ആർ.രാമകൃഷ്ണൻ. നാടൻപാട്ടിന്റെ വായ്ത്താരിയുടെ അകമ്പടിയോടെ അദ്ദേഹം നാടകത്തിന്റെ തുടിതാളമായി മാറിയപ്പോൾ അത് വേറിട്ട ഒരനുഭവമായി.
വി.ആർ.രാമകൃഷ്ണൻ |
പുസ്തകചർച്ചയിൽ തോപ്പിൽ ഭാസിയുടെ മകനും നാടകകൃത്തുമായ തോപ്പിൽ സോമൻ, നാടകകൃത്തും സംവിധായകനുമായ പെരുന്ന വിജയൻ, കഥാകാരിയും കവയിത്രിയുമായ പ്രൊഫ.സി.ചന്ദ്രമതി തുടങ്ങിയവരോടൊപ്പം വേദി പങ്കിടാനായത് വലിയ ഭാഗ്യമായി കരുതുന്നു.
തോപ്പിൽ സോമന്റെ ചർച്ച, സംവാദത്തിന്റെ തീപ്പൊരി പടർത്തിയപ്പോൾ വ്യക്തമായ മറുപടി നൽകാൻ ആർ.എസ്.കുറുപ്പ് മറന്നില്ല. ടി.പി.അജയൻ എഴുതിയിട്ടുള്ള നാടകങ്ങളും കവിതകളും സമാഹരിച്ച് പുസ്തകമാക്കുമെങ്കിൽ അത് ഒരു സ്മരണികയായി എന്നും നിലനിൽക്കുമെന്നും അതിനുവേണ്ടി മാനസികവും ശാരീരികവുമായി എല്ലാ പിൻതുണയും നൽകാമെന്നും പ്രൊഫ.സി.ചന്ദ്രമതി പറഞ്ഞപ്പോൾ സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു.
പെരുന്ന വിജയൻ,എൻ.എസ്.മണി,ശാസ്താംകോട്ട അജയകുമാർ,തോപ്പിൽ സോമൻ |
കേളികൊട്ടിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും കവിയുമായ അജിത്.കെ.സി, ടി.പി.അജയനോടൊപ്പം സൗഹൃദം പങ്കിട്ട നാളുകളെ ഓർമിച്ചപ്പോൾ ഏവരും കോരിത്തരിച്ചുപോയി. തുടർന്ന് ആർ.എസ്.കുറുപ്പ് മറുപടി പ്രസംഗം നടത്തി. നന്ദിപ്രകാശനവേളയിൽ കേളികൊട്ടിന്റെ എഡിറ്ററായ നിധീഷ്.ജി, അടുത്തവർഷം ടി.പി.അജയന്റെ കൃതികൾ സമാഹരിച്ച് പുസ്തമിറക്കുമെന്ന് ഉറപ്പുനൽകാൻ മറന്നില്ല. പിന്നീട് എല്ലാവരും ചേർന്നുള്ള ഫോട്ടോ സെഷൻ. ഡോ.ആർ.ഭദ്രൻ, യുവകഥാകൃത്തായ സതീഷ്കുമാർ, ബി.എസ്.സുജിത്, സുനിലൻ കളീയ്ക്കൽ, സി.എൻ.കുമാർ തുടങ്ങി അനവധി പ്രമുഖരുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായി തീർന്ന കൂട്ടായ്മ വേറിട്ട അനുഭവമായി.
ആർ.എസ്.കുറുപ്പ് |
ചിന്തയ്ക്ക് തീപിടിച്ച് അങ്ങുമിങ്ങും ഓടിനടന്നും ബന്ധങ്ങളും സൗഹൃദവും ഒരു ചിരിയിൽ ഒതുക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇങ്ങനെയുള്ള അനുസ്മരണ ചടങ്ങുകൾ, സർഗ്ഗപ്രതിഭാധനരായ വ്യക്തികൾ ഇവിടെ ജീവിച്ചിരുന്നു എന്നു ജനമനസ്സിൽ ഒരു നിമിഷത്തേക്കെങ്കിലും അടയാളപ്പെടുത്തുന്നു. ഉത്സവപ്പറമ്പുകളിൽ നാടകം വീണുടഞ്ഞു മരിക്കുന്നു, ജനമനസ്സുകളിൽ നിന്ന് നാടകം പടിയിറക്കപ്പെടുന്നു എന്നൊക്കെ വിലാപമുയരുന്ന ഇക്കാലത്ത്, ഇത്തരത്തിലുള്ള ചർച്ചകൾ ജനമനസ്സും നാടകവും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സഹായകരമാകും എന്നു വിശ്വസിക്കാം. തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി ഇങ്ങനെയൊരു അനുസ്മരണചടങ്ങും പുസ്തകചർച്ചയും സംഘടിപ്പിക്കാൻ തുനിഞ്ഞ കേളികൊട്ട് സൗഹൃദക്കൂട്ടായ്മയിലെ ഇഞ്ചക്കാട് ബാലചന്ദ്രൻ, ഇടക്കുളങ്ങര ഗോപൻ, അജിത്.കെ.സി, നിധീഷ്.ജി എന്നിവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
O
PHONE : 9388422631
A very good write up self contained and to the point.And thanks for Every thing
ReplyDeleteകൊള്ളാം സന്തോഷം, മലയാള ഭാഷ മുന്നേറട്ടെ
ReplyDeletevaluable write up
ReplyDeletei like him
ReplyDelete