Saturday, July 20, 2013

പരാദങ്ങൾ

കവിത
ബിജു.ജി.നാഥ്‌










ജീവിതം മറ്റൊന്നിനുമല്ലാതെ
ജീവിക്കുവാൻ വിധിക്കപ്പെടുമ്പോൾ
സ്വയം കത്തിയെരിയാൻ
കൈ വിറയ്ക്കുന്നോർക്കുള്ളതാണ്‌
പരാദജന്മം.


നോവിന്റെ നോവറിയാതെ
നേരിന്റെ നേരറിയാതെ
വിതയ്ക്കാതെ കൊയ്യാനും
കളപ്പുരയിൽ കൂട്ടിവയ്ക്കാനും
മിനക്കെടാത്ത
പരാന്നഭോജികൾ.


പകലോനിൽ
പരന്റെ വിയർപ്പിൽ വിശ്രമിച്ചും
ഇരുളിൽ
നല്ലപാതിയുടെ
വിയർപ്പിൽ
ഉണ്ടുരമിച്ചുറങ്ങുന്നോൻ.


കണ്മുന്നിൽ പിടയുന്ന
കരുന്നുകണ്ണുകളിൽ
മഴവില്ലിന്റെ ശോഭ തിരഞ്ഞും
ഉടുതുണിയുടെ
ഒളിമറകളിൽ കണ്ണുകളുടക്കി
ഉടുവസ്ത്രം നനയ്ക്കുന്നവൻ.


കനലുകളിൽ ജീവിച്ച്‌
ഊഷരമായ മനസ്സുകളെ
കനിവ്‌ നൽകാതെ
ദാഹജലം നൽകാതെ
കണ്ണീരുപ്പു ചിതറിക്കാൻ
കരളു പാകമായവൻ.


വെട്ടിമുറിച്ചാലും
വിട്ടുപോകാത്ത അർബുദം.
മുറിച്ചിട്ടാലും മുറികൂടുന്ന
അശ്വത്ഥാത്മാക്കൾ.


O



 

1 comment:

Leave your comment