Saturday, November 9, 2013

ഇലഞ്ഞിപ്പൂമണം - 3

അനുഭവം
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ






ഖേദഹർഷങ്ങളുടെ സന്തതി


         കാമു എനിക്കൊരു ബാധയായിരുന്നു. ആനന്ദം എപ്പോഴൊക്കെ നൈരാശ്യങ്ങളിലേക്കും അസ്വസ്ഥതകളിലേക്കും കൂപ്പുകുത്തുന്നുവോ അപ്പോഴെല്ലാം കാമു എനിക്ക്‌ വഴിയും വെളിച്ചവുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭകാലത്ത്‌ പിതാവ്‌ കൊല്ലപ്പെടുമ്പോൾ കാമു ഒരു കൊച്ചുകുട്ടിയായിരുന്നു. നിസ്സഹായതയ്ക്കും ഒറ്റപ്പെടലിനുമിടയിൽ നിന്നുകൊണ്ട്‌ ആരും നിലവിളിച്ചുപോകുന്ന ഒരവസ്ഥയിൽ ആ കുട്ടി കാണിച്ച ആർജ്ജവമായിരുന്നു എന്നെ കാമുവിലേക്ക്‌ അടുപ്പിച്ചത്‌. കാമുവിന്റെ ആ ധൈര്യപ്പെടൽ, കാലത്തിന്റെ കടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു. ഒരു ഭാഗത്ത്‌ കുടുംബബാധ്യത. മറുഭാഗത്ത്‌ മുടങ്ങിപ്പോയ പഠനം നൽകിയ ആഘാതം. കാമു ഇതിനെ രണ്ടിനെയും ഹൃദയത്തിലേക്ക്‌ സധൈര്യം ചേർത്തുപിടിച്ചു. കാമു തന്റെ പരിമിതികളെ മൂർച്ചയേറിയ ഒരു വാളിനാൽ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് വിമർശകനായ ഹെർബെർട്ട്‌ റീഡ്‌ പറഞ്ഞത്‌ ശ്രദ്ധേയമാണ്‌.

ഹെർബെർട്ട്‌ ആർ ഫോക്‌മാന്റെ 'ആൽബർ കാമു' എന്ന ജീവചരിത്രം വായിക്കുന്നതിന്‌ മുൻപ്‌ 'അന്യനും' 'കലിഗുല'യും പ്രബന്ധസമാഹാരമായ 'ന്യൂഡിറ്റൽസും' ഞാൻ വായിച്ചിരുന്നു. അസംബന്ധവും അസ്വസ്ഥതയും മാറിമാറി ഭരിച്ച ഹൃദയത്തിന്റെ തിരുവെഴുത്തുകളായിരുന്നു ഇതെല്ലാം. ഗ്രീഷ്മം മുറിപ്പെടുത്തിയ കാലത്തെ രചനകളായിരുന്നു ഇതെല്ലാമെന്ന് പിൽക്കാലത്ത്‌ സാർത്ര് വിളിച്ചുപറഞ്ഞത്‌ ഇതിന്‌ അനുബന്ധമായി വായിക്കാവുന്നതാണ്‌.

സമുദ്രത്തിന്റെ മറ്റൊരു പേര്‌ കാമു എന്നാണെന്ന് 'പ്ലേഗ്‌' വായിച്ചപ്പോഴാണ്‌ എനിക്ക്‌ മനസ്സിലായത്‌. 'പ്ലേഗ്‌' വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്‌ കാക്കനാടൻ സാറായിരുന്നു. കൊല്ലം ശ്രീനാരായണ കോളേജിലെ ജനറൽ ലൈബ്രറിയിലെ ഒരൊഴിഞ്ഞ മൂലയിൽ 'പ്ലേഗ്‌' സ്വസ്ഥമായി ഇരിപ്പുണ്ടായിരുന്നു. പ്ലേഗിനടുത്തിരുന്ന പുസ്തകം വിക്ടർ ലീനസിന്റെ കഥകളുടെ ഒരു സമാഹാരമായിരുന്നു. രണ്ടു പുസ്തകങ്ങളുടെയും പുറംചട്ടകളാണ്‌ എന്നെ ആദ്യം ആകർഷിച്ചത്‌. വിവർണ്ണമായ പീതനിറത്താൽ ചുറ്റപ്പെട്ട ഒരു ചെകുത്താൻ വരയായിരുന്നു പുറംചട്ടയിലെ ചിത്രം. ചിത്രത്തിലെ അസ്വസ്ഥത ചലിക്കുന്നതുപോലെ തോന്നി. വിക്ടർ ലീനസിനെ ഞാനാദ്യം തന്നെ വായിച്ചു തീർത്തു. 'പ്ലേഗ്‌' വായിക്കാനെടുത്ത ആദ്യത്തെ രണ്ടു രാത്രികളിലും ഞാൻ തീർത്തും അവശനായിരുന്നു. ആദ്യവായനയിൽ എനിക്കൊന്നും തന്നെ മനസ്സിലായില്ല. സഹായത്തിനു കരുതിയ ഡിക്‌ഷണറി എന്നെ നോക്കി പല്ലിളിച്ചുകൊണ്ടിരുന്നു. ബെർണാഡ്‌ റിയു എന്ന യുവഡോക്ടറുടെ നിശബ്ദജീവിതം എന്റെ അസ്വസ്ഥതകൾക്ക്‌ തീ കൊളുത്തി. അർജിയേഴ്സിലെ തുറമുഖപട്ടണമായ ഒറാൻ എനിക്ക്‌ തീർത്തും അപരിചിതമായിരുന്നു. എങ്കിലും ഞാനാ തെരുവുകളിലൂടെ സധൈര്യം നടന്നു. വെളിച്ചത്തിന്റെ ചെറിയ ചെറിയ ആകാശങ്ങൾ എന്റെ തലയ്ക്കുമുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. വിഷപ്പനിയുടെ മയൂരനൃത്തങ്ങൾ എനിക്ക്‌ കാണാവുന്ന ദൂരത്തിലായി. ഒരു നഗരത്തെ വിഷപ്പനി വിഴുങ്ങുന്നവിധം എന്റെ നെഞ്ചിൻകൂട്‌ തകർത്തു. രോഗബാധിതരെയും ബാധിക്കാത്തവരെയും എനിക്ക്‌ വേർതിരിച്ചറിയാനാകാതെയായി. ഇവരിൽ ആരാണ്‌ ഞാൻ എന്ന ചോദ്യം എന്റെ കേൾവിയെ താറുമാറാക്കി.

'സിസിഫസ്‌ പുരാണ'ത്തെക്കുറിച്ച്‌ ആദ്യം കേൾക്കുന്നത്‌ കെ.പി.അപ്പൻ സാറിന്റെ ക്ലാസ്സിൽ വെച്ചാണ്‌. തിളച്ചുപൊന്തിയ ഒരു പകലിലാണ്‌ ഞാനത്‌ കേട്ടത്‌. അപ്പോൾ കാലം ഒഴുകാനാവാതെ തളംകെട്ടി കിടക്കുകയാണോ എന്നു തോന്നി. അയുക്തിയും അർത്ഥശൂന്യതയും ഇണചേർന്ന സിസിഫസിന്റെ ജന്മരഹസ്യം കുറഞ്ഞ വാക്കുകളിൽ അപ്പൻ സാർ വിശദീകരിച്ചു. ടാർ ടെറസ്സിലെ മലമുകളിലേക്ക്‌ ഭാരമുള്ള ഒരു പാറ ഉരുട്ടികയറ്റുന്ന സിസിഫസിന്റെ മുഖവും രായിരനെല്ലൂർ മലയിലേക്ക്‌ പാറ ഉരുട്ടികയറ്റുന്ന നാറാണത്തു ഭ്രാന്തന്റെ മുഖവും ഒരേ ഗോത്രത്തിന്റെ വംശത്തനിമയുള്ള അടയാളങ്ങളായിരുന്നു. ഒരേ തപ്പുതാളങ്ങൾ; ഒരേ പൊട്ടിച്ചിരി. ആ പൊട്ടിച്ചിരിയിൽ ഭൂമി കുടുങ്ങുന്നതുപോലെ തോന്നി. ഭയത്തിന്റെ ആൾപ്പാർപ്പില്ലാത്ത ഒരു ദുർഗ്ഗത്തിലേക്ക്‌ സിസിഫസ്‌ എന്നെ കൂട്ടിക്കൊണ്ടുപോയി. ഞാനാ ദുർഗ്ഗം വളരെ അകലെ നിന്ന് നോക്കിക്കണ്ടു. അതിന്റെ നിഗൂഢത ഭൂമിയിലെ സൗന്ദര്യങ്ങളിലൊന്നായി എനിക്ക്‌ തോന്നി. അത്‌ ദൈവത്തിന്റെ ശവകുടീരം പോലെ ശിരസ്സുയർത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു. സാർത്ര് പറഞ്ഞതുപോലെ, വരണ്ടുണങ്ങിപ്പോയ ഗദ്യത്തിലാണ്‌ കാമു 'സിസിഫസ്‌ പുരാണം' എഴുതിയത്‌. വരണ്ടതിനെ ഊർവ്വരമാക്കാനല്ലാതെ വിശുദ്ധമാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അത്‌ ദൈവത്തെ ചെകുത്താനാക്കുന്ന പോലൊരു പാഴ്‌വേലയാണെന്ന് എനിക്കറിയാമായിരുന്നു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ്‌ ഞാനെന്റെ ഭയത്തെ കീഴടക്കാൻ ധൈര്യപ്പെടുന്നത്‌. കൊടുങ്കാറ്റ്‌ നങ്കൂരമിട്ട ഒരു തുറമുഖത്തു നിന്നാണ്‌ യാത്ര തുടങ്ങേണ്ടത്‌. യാത്ര അവസാനിക്കുംവരെ ഖേദഹർഷങ്ങളുടെ ആ സന്തതി നമുക്കൊപ്പം ഉണ്ടായിരിക്കട്ടെ.

O


PHONE : 9447865940



No comments:

Post a Comment

Leave your comment