Monday, June 23, 2014

ഇലഞ്ഞിപ്പൂമണം - 4

കുറിപ്പുകൾ
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ








പേരയ്ക്കയുടെ മണം

     "ഓർമ്മകൾ എന്നെത്തേടി വരിക പതുങ്ങിപ്പതുങ്ങിയാകും. നനുത്ത കാലൊച്ചകൾ. ബദാമിന്റെ ഒരില, അല്ലെങ്കിൽ മഞ്ഞപ്പൂക്കളിൽ നിന്നൊരിതൾ കൊഴിഞ്ഞുവീഴും പോലെ. ആളനക്കങ്ങളില്ലാത്ത ഏകാന്തതകളിലേക്ക്‌ ഞാൻ ഓർമ്മയുടെ ഒരു നക്ഷത്രം കത്തിച്ചു വെയ്ക്കും. ഹൊ! ഒരു പുച്ചക്കുഞ്ഞിനെപ്പോലെ ഒന്നിനു പിറകെ ഒന്നായി ഓർമ്മകളുടെ ഘോഷയാത്ര."

മാർക്വേസ്‌ ഇതെഴുതുന്നത്‌ ഒരു ശരത്‌കാല രാവിലാണ്‌. പാരീസിലെ ജീവിതം ആകെ മടുത്തു തുടങ്ങിയ നാളുകളിലൊന്ന്. മടുപ്പിൽ നിന്നും രക്ഷനേടാൻ സായാഹ്നങ്ങളിൽ മാർക്വേസ്‌ നടക്കാനിറങ്ങും. ദൂരങ്ങളെക്കുറിച്ച്‌ മാർക്വേസ്‌ ചിന്തിക്കാറില്ല. മുയൽവേഗങ്ങളാണെങ്കിലും നടക്കാവുന്ന അത്ര ദൂരം. അതായിരുന്നു മാർക്വേസിന്റെ ശീലം.



സായാഹ്നയാത്രയ്ക്കിടയിൽ വെച്ചാണ്‌ താനിയ ക്വിന്റാനയെ മാർക്വേസ്‌ പരിചയപ്പെടുന്നത്‌. അവൾക്ക്‌ ഓറഞ്ചിന്റെ നിറവും പേരയ്ക്കയുടെ മണവുമുണ്ടായിരുന്നെന്ന് മാർക്വേസ്‌ ഓർമ്മിക്കുന്നുണ്ട്‌. സ്പെയിൻകാരിയായ താനിയ പത്രപ്രവർത്തകയും അഭിനേത്രിയുമായിരുന്നു. നിരാശാഭരിതനായ മാർക്വേസിനെ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് താനിയ കണ്ടെത്തുകയായിരുന്നു. സ്വതേ ഗൗരവമെങ്കിലും അഭിജാതമായ ആ മൗനം മാർക്വേസിന്റെ മുഖത്തെ വല്ലാതെ ക്ഷീണിപ്പിക്കുന്നതായി താനിയയ്ക്ക്‌ തോന്നി. എൽഎസ്പെക്റ്റഡോറിൽ മാർക്വേസ്‌ എഴുതുന്ന തുടർലേഖനങ്ങൾ താനിയയ്ക്ക്‌ ഹൃദിസ്ഥമായിരുന്നു. അതുകൊണ്ട്‌ ഒരു പരിചയപ്പെടൽ അവൾക്ക്‌ സാഹസികമായി തോന്നിയില്ല. താനിയ മാർക്വേസിനെ പരിചയപ്പെട്ടു. ആ പരിചയത്തിന്റെ ദീർഘസമാഗമങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. സയാഹ്നങ്ങൾ രാവിനെയും പുലരിയെയും കടന്നു. അവർ പ്രണയബദ്ധരായി. തൊഴിൽരഹിതനായ മാർക്വേസിന്‌ ആകാശവും ഭൂമിയും താനിയയായി. അവൾ മാർക്വേസിനെ ഹൃദയത്തിലേക്ക്‌ ചേർത്തുനിർത്തി തുടരെ ചുംബിച്ചു.

അധികം വൈകാതെ താനിയ ഗർഭിണിയായി. താനിയയുടെ ഉത്കണ്ഠകൾക്ക്‌ നടുവിൽ മാർക്വേസ്‌ ശാന്തനായിരുന്നു. ഇക്കാര്യത്തെക്കുറിച്ച്‌ മാർക്വേസിന്‌ ഒന്നുംതന്നെ പറയാനുണ്ടായിരുന്നില്ല. മാർക്വേസിന്റെ നിസ്സംഗത താനിയയെ വല്ലാതെ കുഴക്കി. ഒടുവിൽ രക്തസ്രാവത്തെ തുടർന്ന് ഗർഭം അലസുകയും താനിയ പാരീസിൽ നിന്നും സ്വദേശത്തേക്ക്‌ മടങ്ങിപ്പോകുകയും ചെയ്തു.

രണ്ടു ശരത്‌കാലങ്ങൾക്കിടയിലുണ്ടായ മുറിവ്‌ എന്നാണ്‌ മാർക്വേസ്‌ ഈ പ്രണയ ശൈഥില്യത്തെക്കുറിച്ച്‌ പിൽക്കാലത്ത്‌ പറഞ്ഞത്‌. ജീവചരിത്രകാരനായ ജെറാൾഡ്‌ മാർട്ടിനോട്‌ മനസ്സു തുറക്കുമ്പോൾ മാർക്വേസ്‌ വികാരപ്രക്ഷുബ്ദത കൊണ്ട്‌ ആകെ വിളറിപ്പോകുന്നുണ്ട്‌. 'പേനയാൽ തുഴഞ്ഞ ജീവിതങ്ങൾ ഞാൻ ഓർത്തെടുക്കാറില്ല. പക്ഷെ ചില പ്രണയദൂരങ്ങൾ എന്നെ ശരിക്കും ഭ്രാന്തനാക്കിത്തീർക്കുകയാണ്‌.' മാർക്വേസ്‌ പറഞ്ഞു.



കാലങ്ങൾക്ക്‌ ശേഷം വീണ്ടുമൊരു സമാഗമം. അതും ഒരു ശരത്‌കാലത്തായിരുന്നു. പാരീസിലെ പഴക്കം ചെന്ന ദേവാലയത്തിലെ അൽത്താരയിൽ വെച്ച്‌ ചാൾസ്‌ താനിയയെ മിന്നുകെട്ടുന്നു. വിവാഹച്ചടങ്ങുകളിൽ പങ്കുകൊള്ളാൻ വളരെക്കുറച്ചു സുഹൃത്തുക്കൾ മാത്രം. അവരിലൊരാളെ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു. അത്‌ മാർക്വേസ്‌ ആയിരുന്നു. മാർക്വേസിനോടൊപ്പം മെഴ്സിഡസും ഉണ്ടായിരുന്നു. ഭൂമിയിലെ എക്കാലത്തെയും മികച്ച ഫലിതങ്ങളിലൊന്നായിരുന്നു എന്നാണ്‌ മെഴ്സിഡസ്‌ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌.

താനിയയുമൊത്തുള്ള രാപ്പകലുകളെക്കുറിച്ച്‌ മാർക്വേസ്‌ മെഴ്സിഡസിനോട്‌ തുറന്നുപറയുന്നുണ്ട്‌. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ്‌ മെഴ്സിഡസ്‌ ഇതെല്ലാം കേട്ടിരിക്കുക. മെഴ്സിഡസിന്റെ ഇടുങ്ങിയ മിഴികളിലെ കൗതുകം ഒപ്പിയെടുത്തുകൊണ്ട്‌ യാഥാർത്ഥ്യവും ഭാവനയും കലർത്തി മാർക്വേസ്‌ പ്രണയകഥ പറയാൻ തുടങ്ങും. താനിയയുടെ കഥ ഗാബോയുടെ ഭാവന തന്നെ ആയിരുന്നില്ലേ എന്ന് തോന്നിയിട്ടുണ്ടെന്ന് മെഴ്സിഡസ്‌ പറയുന്നു. ഭാവനയുടെ അതിർത്തികൾ എന്നെന്നേക്കുമായി ഒഴിവാക്കിയ പ്രതിഭാശാലിയായിരുന്നു മാർക്വേസ്‌. പ്രണയം അതിന്റെ വന്യതയോടെയായിരുന്നു മാർക്വേസിൽ ഒഴുകിപ്പരന്നത്‌. ജെറാൾഡ്‌ മാർട്ടിനുമായിട്ടുള്ള സംഭാഷണങ്ങൾക്കിടയിൽ താനിയ തന്റെ പ്രണയകാലം ഓർത്തെടുക്കുന്നുണ്ട്‌.

'പ്രണയം മാർക്വേസിന്‌ വന്യമായിരുന്നു. ഒരു കാട്ടുമൃഗത്തിന്റെ മുരൾച്ച മാർക്വേസിൽ നിന്ന് എനിക്ക്‌ എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്‌. ചുംബിക്കുമ്പോൾ, തലോടുമ്പോൾ അയാൾ മറ്റൊരാളായി മാറും. പ്രണയത്തിനു വേണ്ടി അലഞ്ഞ ഒരവധൂതൻ തന്നെയായിരുന്നു അദ്ദേഹം.' താനിയ പറയുന്നു.

പ്രണയം എന്തുകൊണ്ട്‌ വിവാഹത്തിലേക്കും ജീവിതത്തിലേക്കും കടന്നില്ല എന്ന് ജെറാൾഡ്‌ മാർട്ടിൻ താനിയയോട്‌ ചോദിക്കുന്നുണ്ട്‌. ആ ചോദ്യത്തെ പാരുഷ്യത്തോടെയാണ്‌ താനിയ നേരിടുന്നത്‌. 'എനിക്ക്‌ പശ്ചാത്താപമില്ല. കാരണം അദ്ദേഹം ഒരു നല്ല കാമുകനായിരുന്നു. പക്ഷെ നല്ല ഭർത്താവാകുമായിരുന്നില്ല.' ഇതു പറയുമ്പോൾ താനിയയുടെ മനസ്സിലെവിടെയോ ഒരു നഷ്ടബോധം നിഴലിക്കുന്നില്ലേ എന്നു തോന്നും. നല്ല ഭർത്താവിന്റെയും നല്ല പിതാവിന്റെയും വേഷങ്ങൾ ഭംഗിയായി നിർവ്വഹിച്ചു നിൽക്കുന്ന മാർക്വേസിനെ പിന്നീട്‌ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാടിടങ്ങളിൽ വെച്ച്‌ താനിയ കണ്ടിട്ടുണ്ട്‌. ഈ കാഴ്ചകളെല്ലാം കാലത്തിന്റെ ക്രൂരമായ ഫലിതങ്ങളായിരുന്നുവെന്ന് പിൽക്കാലത്ത്‌ താനിയ ഓർമ്മിക്കുന്നുണ്ടാവും.

വിഷാദം അതിന്റെ ഏകാന്തതയോടൊപ്പം വലിഞ്ഞു മുറുക്കിയ അന്നാളുകളെക്കുറിച്ച്‌ മാർക്വേസ്‌ എഴുതിയിട്ടുണ്ട്‌. 'നഷ്ടപ്പെട്ടവയെ വീണ്ടെടുക്കാൻ ഒരിക്കലും ഞാനാഗ്രഹിച്ചിരുന്നില്ല. ജീവിതകാലം മുഴുവൻ ഇരതേടി നടക്കുന്ന ഒരു കാട്ടുമൃഗമായിപ്പോകുമോ എന്നു ഭയപ്പെട്ട നാളുകളായിരുന്നു അത്‌. താനിയയുടെ സഹായം - അത്‌ അളന്നെടുക്കാവുന്നതിലും അധികമായിരുന്നു. അവൾക്ക്‌ നന്ദി.' മാർക്വേസ്‌ വീണ്ടും ഓർമ്മകളുടെ കൂടാരത്തിലേക്ക്‌ കയറിപ്പോകുന്നു. ഇറങ്ങിവരുമ്പോൾ മാർക്വേസിനൊപ്പം ഒരാൾ കൂടിയുണ്ട്‌. മിസ്റ്റർ പ്ലീനിയോ മെൻഡോസ. താനിയയെ പോലെ മെൻഡോസയും ആ വലിയ നഗരത്തിലെ ഒരു തണലിടമായിരുന്നു. തൊഴിൽരഹിതനായി ജീവിച്ച നാളത്രയും താനിയയ്ക്കൊപ്പം നിന്നുകൊണ്ട്‌ സഹായിച്ചത്‌ മെൻഡോസയായിരുന്നു. പാരീസിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രമുഖമായൊരു ആനുകാലികത്തിൽ മാർക്വേസിനൊരു ജോലി മെൻഡോസ വാങ്ങിക്കൊടുത്തു. അത്‌ മാർക്വേസിന്‌ വലിയൊരാശ്വാസമായിരുന്നു.

ജീവിതം പച്ചപിടിച്ചു തുടങ്ങിയ നാളുകൾ. അതിന്റെ സ്വസ്ഥതയിൽ മാർക്വേസിന്റെ ഹൃദയം അസ്വസ്ഥപ്പെടാൻ തുടങ്ങി. ഇത്തിരിപ്പോന്ന എഴുത്തുമുറിയിലേക്ക്‌ മാർക്വേസ്‌ ഓടുകയായിരുന്നു. അത്‌ താനിയയുടെ കൂടി മുറിയായിരുന്നു. എന്തെഴുതണമെന്ന് മാർക്വേസിന്‌ നിശ്ചയമുണ്ടായിരുന്നില്ല. പക്ഷേ എഴുതിയേ മതിയാകൂ. എഴുതിയില്ലെങ്കിൽ തനിക്ക്‌ ഭ്രാന്ത്‌ പിടിക്കും. ഈ ഭൂമിയോടു പോലും പക തോന്നും. ജീവിതത്തിനും ഭ്രാന്തിനുമിടയിലെ ഇടവേളകളിലൊന്നിൽ വെച്ച്‌ മാർക്വേസ്‌ ടൈപ്പ്‌ റൈട്ടറിൽ വിരലുകളോടിച്ചു. താനിയ അതിനു സക്ഷിയായി. ആദ്യം വന്ന വാചകം 'കേണലിന്‌ ആരും എഴുതുന്നില്ല' (No one writes to the Colonel) എന്നായിരുന്നു. ഇത്‌ ആലോചിച്ചുറപ്പിച്ച ഒരു വാചകമായിരുന്നില്ല എന്ന് മാർക്വേസ്‌ പിന്നീട്‌ പറയുന്നുണ്ട്‌. വൃദ്ധയായ ഭാര്യയ്ക്കൊപ്പം കഴിയുന്ന കേണൽ. അയാൾ ഭൂമിയിലെ എല്ലാവരെയും പോലെ കാത്തിരിപ്പിന്റെ കൂടാരത്തിലാണ്‌. ഒരിക്കലും വരാനിടയില്ലാത്ത പെൻഷനു വേണ്ടിയുള്ള കാത്തിരിപ്പ്‌. വെള്ളിയാഴ്ചകൾ അയാൾക്ക്‌ ഉത്സാഹത്തിന്റേതാണ്‌. പോസ്റ്റോഫീസിലേക്ക്‌ അയാൾ ചുറുചുറുക്കുള്ള പഴയ പട്ടാളക്കാരനെപ്പോലെ മാർച്ച്‌ ചെയ്യും. പെൻഷൻ വന്നിട്ടില്ല എന്ന പോസ്റ്റ്‌മാസ്റ്ററുടെ വാക്കുകേട്ട്‌ കേണൽ നിരാശപ്പെടും. യുദ്ധത്തിൽ പരാജയപ്പെട്ട പോരാളിയെപ്പോലെയാകും അയാൾ വീട്ടിലേക്ക്‌ മടങ്ങിവരിക. പക്ഷേ, വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ കേണൽ പ്രതീക്ഷകളുടേതായ ഒരു തുരുത്ത്‌ കണ്ടെത്തിയിരിക്കും. അത്‌ അടുത്ത വെള്ളിയാഴ്ചയാണ്‌. അങ്ങനെ എണ്ണിത്തീർക്കാനാവാത്ത എത്രയെത്ര വെള്ളിയാഴ്ചകൾ.

പെൻഷൻ കാത്തിരുന്ന തന്റെ സുഹൃത്തുക്കൾ ഓരോരുത്തരായി ഈ ഭൂമിയിൽ നിന്ന് കടന്നുപോയി എന്ന് കേണൽ വേദനയോടെ തിരിച്ചറിയുന്നു. യുദ്ധമന്ത്രാലയത്തിലെ തീരുമാനങ്ങൾ നിയന്ത്രിക്കുന്നതും പെൻഷൻ നിശ്ചയിക്കുന്നതും ആരൊക്കെയാണെന്ന്‌ കേണലിന്‌ കണ്ടെത്താനാകുന്നില്ല. കടുത്ത ഏകാന്തതയും ദാരിദ്ര്യവും വൃദ്ധദമ്പതികളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. ഭക്ഷണത്തിനു വേണ്ടി ഭിക്ഷ യാചിക്കുന്ന കേണലിനെ എങ്ങനെ കാണാതിരിക്കാനാകും. അയാൾ വീട്ടുസാധനങ്ങൾ ഓരോന്നായി വിൽക്കാൻ തയ്യാറാകുന്നു. ഒടുവിൽ വിൽപന വിവാഹമോതിരത്തിലെത്തി നിൽക്കുന്നു. എന്നാൽ വിവാഹമോതിരം വിശുദ്ധമായ വസ്തുവാണെന്നും അത്‌ വാങ്ങാനാകില്ലെന്നും പറഞ്ഞ്‌ കേണലിനെ കടക്കാരൻ മടക്കി അയയ്ക്കുന്നു. അനുഭവങ്ങൾ കൊണ്ട്‌ ഉഴുതുമറിച്ച ജീവിതപുസ്തകമാണ്‌ ഈ നോവൽ. നോവലിലെ കേണൽ മാർക്വേസ്‌ തന്നെയല്ലേ എന്ന് ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോട്‌ ചോദിച്ചപ്പോൾ മാർക്വേസ്‌ പറഞ്ഞ മറുപടി 'കൊളംബിയയിൽ മരിച്ചുപോയവരുടെയും ജീവിച്ചിരിക്കുന്നവരുടെയും നാളെ പിറക്കാൻ പോകുന്നവരുടെയും പ്രതിനിധിയാണ്‌ കേണൽ' എന്നായിരുന്നു.


താനിയയുടെ നിർദ്ദേശപ്രകാരം നോവൽ 'മിറ്റിയോസി'ൽ പ്രസിദ്ധീകരിക്കാൻ കൊടുത്തു. പ്രതിഫലമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും മാർക്വേസിന്‌ ആശ്വാസമായിരുന്നു. തന്റെ ജീവിതകഥ എഴുതിത്തീർത്തിരിക്കുന്നു. കേണലും ഞാനും തമ്മിലുള്ള അകലം കുറഞ്ഞിരിക്കുന്നു. ഞാൻ തന്നെയല്ലേ കേണൽ അതോ മുത്തച്ഛൻ കേണൽ നിക്കോളസ്‌ മാർക്വേസിന്റെ ഛായയാണോ അയാൾക്ക്‌? ഈ ചോദ്യങ്ങൾ ഓരോ തവണ ആവർത്തിക്കുമ്പോഴും മാർക്വേസ്‌ അൽപമൊന്നു പരിഭ്രമിക്കുന്നതു കാണാം. കുസൃതി നിറഞ്ഞ ഈ പരിഭ്രമത്തിനും നിഷ്കളങ്കതയ്ക്കുമിടയിൽ നിന്നാണ്‌ നാം മാർക്വേസിലേക്ക്‌ നടന്നെത്തുന്നത്‌. അവിടെ നാം കാണുന്നത്‌ കേണൽ മാർക്വേസിനെത്തന്നെയാണ്‌. അങ്കക്കോഴികൾക്ക്‌ നടുവിൽ നിൽക്കുന്ന, പോസ്റ്റോഫീസിലേക്ക്‌ യാത്ര ചെയ്യുന്ന, പഴയ ക്ലോക്ക്‌ തൂക്കിവിൽക്കാൻ കടവാതിൽക്കൽ നിൽക്കുന്ന മാർക്വേസിനെ തന്നെയാണ്‌. 

O

PHONE : 9995539192



Sunday, June 15, 2014

തോറ്റുപോയവരുടെ മണങ്ങൾ

കവിത
എം.കൃഷ്ണകുമാർ











ഉറഞ്ഞുതുള്ളുന്ന മഴ
ഏതേതു ഗന്ധങ്ങളാണ്‌
കൊണ്ടുവരാത്തത്‌!

തണുത്തുപോയ തീപ്പെട്ടികൾ
ഇരുപുറം തിരുമ്മിത്തിരുമ്മി
തീമണമുണർത്തി
കത്തിച്ചിട്ടും കത്തിച്ചിട്ടും
ഉണരാത്ത അടുപ്പിനുപിന്നിൽ
മഴയിലും വിയർക്കുന്ന
അമ്മമാർക്കെല്ലാം പുകമണം;
കയർക്കുന്നൊരു ശബ്ദം
കതകുതുറന്നു വരുന്നതോർത്ത്‌
മുറിയിൽ പരുങ്ങുന്ന നിശ്ശബ്ദതയ്ക്ക്‌
ഉണങ്ങാത്തൊരീറൻ മണം;
കഞ്ഞിയുടെ തിളമണം കാത്തു
കൊതിച്ചിരിയ്ക്കുന്ന കുഞ്ഞുങ്ങളെ ചൂഴുന്നത്‌
വിളക്കിൽപ്പെട്ടു കത്തിപ്പോയ
പൂച്ചികളുടെ മണം.

തോർച്ചയില്ലാത്ത മഴച്ചില്ലകളിൽ,
ഇടതൂർന്ന ഇരുട്ടുകാടുകളിൽ,
വീശിയടിച്ചു തോറ്റുപോയ കാറ്റുകൾക്ക്‌
പനിമണം;

ചാരായച്ചിരികളിൽ കോർത്തുപോയ
ജീവിതഭംഗികൾക്ക്‌ കണ്ണീർമണം.

ഈ മഴയിലും കാറ്റിലുമെല്ലാം
തോറ്റുപോയവരുടെ മണങ്ങൾ
ഈറനണിഞ്ഞു നിൽക്കുകയാണ്‌.

ചോർന്നൊലിക്കുന്ന കൂരകൾക്കു താഴെ
എബ്രഹാം ലിങ്കന്റെ
നനഞ്ഞു നഷ്ടമായിപ്പോയ*
പുസ്തകക്കഥയുടെ മോഹനഗന്ധവും പുതച്ച്‌
ഉറങ്ങാതിരുന്നവർ;
സ്വപ്നം കണ്ടുകണ്ടിരുണ്ടവർ;
ഒടുവിൽ മഴമണം പോലെ
അലിഞ്ഞു തീർന്നവർ.

കൺവെളിച്ചം കൊണ്ടു
പുറത്തെ മൂകതയിലേക്ക്‌
എരിയുന്ന ചാട്ടൂളിയെറിഞ്ഞ്‌,
പുലരിയുടെ രജതഗന്ധവും കാത്ത്‌,
ഉറക്കം വെടിഞ്ഞവർ.

പുളിച്ചിമാഞ്ചോട്ടിൽ
തീപൂട്ടി വെട്ടുചേമ്പു ചുട്ടതിന്റെ
രുചിമണം കൊണ്ട്‌ വിശപ്പാറ്റി,
അക്കും ഞൊണ്ടിപ്പാസും കളിച്ചു
വിശപ്പിനെയടക്കി,
ഒടുവിൽ...
തോറ്റു തുന്നം പാടിയപ്പോഴെല്ലാം
ജയിച്ചവരോടു പിണങ്ങി,
പിണക്കം മാറുവോളം
കോട്ടയം പുഷ്പനാഥിനെ വായിച്ച്‌*,
ദൂരങ്ങൾ വിശന്നു താണ്ടിയവർ;
അലയുന്ന കാറ്റുകൾക്കൊപ്പം
അലഞ്ഞുതീർന്നവർ...

എങ്ങും ഘനീഭവിച്ചു നിൽക്കുകയാണ്‌
തോറ്റുപോയവരുടെ മണങ്ങൾ.

എന്നിട്ടും
ആകാശങ്ങൾ വിറപ്പിച്ച
മേഘനാദങ്ങളുടെ മണം മാത്രം
ഒരു കാറ്റും കൊണ്ടുവന്നില്ല;
ലാവാപ്രവാഹങ്ങളുടെ
തിളയ്ക്കുന്ന ഉഷ്ണഗന്ധം ശ്വസിച്ചില്ല;
ഇരമ്പുന്ന കടലുകളുടെ സിരകളിലുറയുന്ന അമ്ലഗന്ധം
ആരെയും നീറ്റിയില്ല.

വിശന്നുകത്തിയവരാരും
തീക്കാറ്റായി പടർന്നില്ല;
പനിച്ചുപൊള്ളിയിട്ടും
മരുന്നുതേടി പോയില്ല;
വെന്തുനീറിയിട്ടും
സ്വപ്നങ്ങൾക്കു
ഫീനിക്സ്‌ ചിറകുകൾ മുളച്ചില്ല.

ഇടവക്കുത്തിൽ ഒലിച്ചുപോയവരാരും
ഇടിമിന്നൽ മണമായി തിരിച്ചുവന്നതുമില്ല.

ഈ മഴയിലും കാറ്റിലുമെല്ലാം
തോറ്റുപോയവരുടെ മണങ്ങൾ
ഈറനണിഞ്ഞു നിൽക്കുകയാണ്‌.



*ജോർജ്ജ്‌ വാഷിങ്‌ടണിന്റെ ജീവചരിത്രം ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്നും എബ്രഹാം ലിങ്കൺ വാങ്ങിയത്‌ ചോർന്നൊലിക്കുന്ന പുരയിൽവെച്ച്‌ കുതിർന്നു നശിച്ചുപോയി.നഷ്ടപരിഹാരത്തിനായി ലിങ്കൺ സുഹൃത്തിനു വേണ്ടി രണ്ടുനാൾ വേലചെയ്തു. പിൽക്കാലത്ത്‌ അമേരിക്കൻ പ്രസിഡന്റായിത്തീർന്ന എബ്രഹാം ലിങ്കന്റെ യാതനാചരിതങ്ങൾ ഒരു കാലത്ത്‌ നമ്മുടെ നാട്ടിലെ യാതനാകുമാരന്മാരെയെല്ലാം വല്ലാതെ മോഹിപ്പിക്കുന്നവരാക്കിയിരുന്നു.

*ഒരു കാലഘട്ടത്തിൽ കേരളത്തെ ത്രസിപ്പിച്ച അപസർപ്പക കഥകളുടെ രചയിതാക്കളിൽ പ്രമുഖനായിരുന്നു കോട്ടയം പുഷ്പനാഥ്‌.

O

PHONE : 9447786852



Sunday, March 30, 2014

സംസ്കാരജാലകം - 20

സംസ്കാരജാലകം - 20
ഡോ.ആർ.ഭദ്രൻ











വി.വി.രാഘവൻ




ഇ.കെ.നായനാർ മന്ത്രിസഭയിൽ നമുക്കൊരു കൃഷിവകുപ്പ്‌ മന്ത്രിയുണ്ടായിരുന്നു. ശ്രീ.വി.വി.രാഘവൻ. എത്ര ഉത്സാഹിയായ ഒരു മന്ത്രിയായിരുന്നെന്നോ? കാര്യക്ഷമതയും, ദീർഘവീക്ഷണവും, ആത്മസമർപ്പണവും അദ്ദേഹത്തിനുണ്ടായിരുന്നു. മന്ത്രിസഭയിൽ അദ്ദേഹം സി.പി.ഐയുടെ പ്രതിനിധിയായിരുന്നു. ഇന്നു കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുമ്പോൾ തരിശുകിടക്കുന്ന പാടങ്ങളും കൃഷിയിടങ്ങളും കണ്ടിട്ട്‌ ഹൃദയം തകരുകയാണ്‌. വി.വി.രാഘവനെപ്പോലെ ഒരു കൃഷിമന്ത്രി നമുക്ക്‌ ഉണ്ടായിരുന്നെങ്കിലെന്ന് മോഹിച്ചുപോയി. ഇന്നത്തെ കൃഷി മന്ത്രി കെ.പി.മോഹനനിൽ നിന്നും നമുക്കൊന്നും പ്രതീക്ഷിക്കാനില്ല.

വി.കെ.പ്രകാശിന്റെ കർമ്മയോഗി




വി.കെ.പ്രകാശിന്റെ 'കർമ്മയോഗി' ഒരു അനുവർത്തിത ചലച്ചിത്രമാണ്‌. ഈ ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതിയത്‌ ബലറാം മട്ടന്നൂരാണ്‌. ജയരാജിന്റെ കളിയാട്ടം ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ബലറാം മട്ടന്നൂരാണ്‌. കർതൃനിഷ്ഠമായ ഒരു തിരക്കഥ എഴുതിക്കൊണ്ട്‌ ബലറാം മട്ടന്നൂർ ഈ ചലച്ചിത്രത്തെ ഒരു സ്വതന്ത്രരചനയാക്കി മാറ്റിയിരിക്കുന്നു. ഷേക്സ്‌പിയറുടെ ഹാംലെറ്റിന്റെ അനുവർത്തിത ചലച്ചിത്രമാണിത്‌. മൂലകൃതിയിൽ നിന്ന് ഒരു സ്വതന്ത്രകൃതി രൂപപ്പെട്ടുവരുന്നതാണ്‌ ഈ ചലച്ചിത്രത്തിൽ നാം കാണുന്നത്‌. ഈ ചലച്ചിത്രം യഥാർത്ഥത്തിൽ അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. ഇതിന്റെ ഭാഷാപരവും സാംസ്കാരികവുമായ രൂപാന്തരികരണത്തിന്റെ പേരിൽ. സിനിമയും നാടകവും രണ്ടും രണ്ടുകാര്യമാണെന്ന് സൈദ്ധാന്തികർ പറഞ്ഞത്‌ എത്രയോ ശരിയെന്ന് ഈ സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ്‌ ബോധ്യമായത്‌.

ആത്മോപദേശശതകം

ശ്രീനാരായണഗുരുവിന്റെ പലകൃതികളും വായിച്ചു കഴിഞ്ഞപ്പോൾ തത്വചിന്താത്മകവും ദാർശനികവുമായ കവിതകൾ എഴുതുന്ന കാര്യത്തിൽ ഗുരു ഒന്നാം സ്ഥാനത്താണെന്ന് നാം തിരിച്ചറിയുന്നു. സാമൂഹികത എന്ന ആശയത്തിന്റെ മഹത്വം പുതുതലമുറയിലെ മനുഷ്യർ തിരിച്ചറിയണം. ആത്മോപദേശശതകത്തിലെ ഒരു ശ്ലോകത്തിൽ ഗുരു ഇത്‌ മനോഹരമായി പറഞ്ഞുവെച്ചിട്ടുണ്ട്‌. ശ്ലോകം ഇങ്ങനെ.

അപരനുവേണ്ടിയഹർന്നിശം, പ്രയത്നം
കൃപണതവിട്ടു കൃപാലുചെയ്തിടുന്നു
കൃപണനധോമുഖനായ്‌ കിടന്നു ചെയ്യുന്നു
അപജയകർമ്മമവനുവേണ്ടി മാത്രം.

ഇതൊക്കെ വായിച്ച്‌ സാമൂഹികതയുടെ ആശയങ്ങൾ പുതുകാല മനുഷ്യൻ മനസ്സിൽ ഉറപ്പിക്കണം. സാമൂഹികത തകർക്കുന്ന ആശയങ്ങളാണ്‌ ധനകേന്ദ്രികശക്തി ഇന്ന് ലോകത്തിൽ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്‌.

പുതുമലയാള കവിത

പുതുമലയാള കവിത നടത്തിക്കൊണ്ടിരിക്കുന്ന ശാക്തീകരണം വളരെ അഗാധവും വിപുലവുമാണ്‌. ഉത്തരാധുനിക ജീവിതത്തിന്റെ സകലമാനമേഖലകളെയും അത്‌ സ്പർശിക്കുന്നു. ചെറുതിന്റെ സൗന്ദര്യമാണ്‌ അത്‌ പലപ്പോഴും പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ബൃഹദാശയങ്ങൾക്കെതിരെയുള്ള വലിയ കലാപമായി അത്‌ പെരുകുകയാണ്‌. ശാക്തീകരണത്തിന്റെ ജനാധിപത്യവിപ്ലവമാണ്‌ അത്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഒരു ജനകീയ വിപ്ലവം കൂടി നടന്നെങ്കിൽ മാത്രമേ ചൂഷണത്തിന്റെ ബൃഹദ്‌ രൂപങ്ങൾക്കെതിരെയുള്ള അതിന്റെ കലാപം പൂർണ്ണതയിൽ എത്തിക്കാൻ കഴിയൂ. പുതുമലയാള കവിതയുടെ വിമർശനം മലയാള നിരൂപണത്തിൽ ഏറെ ശക്തമാക്കേണ്ടിയിരിക്കുന്നു.

ബി.മുരളി




ബി.മുരളി മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ്‌. വൈവിധ്യമുള്ള അപൂർവ്വസൗന്ദര്യമുള്ള കഥകളാണ്‌ ബി.മുരളിയുടേത്‌. മുരളിയുടെ കഥകൾ സമാഹരിച്ച്‌ 'നൂറുകഥകൾ' ഡി.സി.പ്രസിദ്ധീകരിച്ചത്‌ നന്നായി. മുരളിയുടെ കഥകളെ ആസ്പദമാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഡോ.ടി.ആർ. സന്തോഷ്‌കുമാറിന്റെ 'സമുദ്രത്തെ കീഴ്മേൽ മറിക്കുന്ന ബഹുപ്രയത്നങ്ങൾ' (2014 ഫെബ്രുവരി) എന്ന ലേഖനം നല്ല നിരീക്ഷണങ്ങളാലും കഥാചരിത്രബോധത്താലും സമ്പന്നമാണ്‌. ഒരു നിരീക്ഷണം വായിച്ചുകൊള്ളുക.

"സെക്സ്‌, വയലൻസ്‌, ക്രൈം, അധോലോകസ്ഥലികൾ കഥയുടെ മുഖ്യകഥാവസ്തുവോ കഥാസ്ഥലിയോ ആയി മാറുന്നു. അങ്ങനെ അധോലോകജീവിതത്തിന്‌ മുഖ്യധാരാസ്വഭാവം നൽകുന്നു."

ജയിലുകൾ മർദ്ദനകേന്ദ്രങ്ങളാകരുത്‌

ജയിലുകൾ മർദ്ദനകേന്ദ്രങ്ങളാകുന്ന വാർത്തകൾ വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഒരു ജനാധിപത്യഭരണകൂടത്തിന്‌ ഇത്‌ ഭൂഷണമല്ല. ജയിൽ ഡി.ജി.പി.ആയിരുന്ന അലക്സാണ്ടർ ജേക്കബിന്റെ പരിഷ്കരണങ്ങൾ പ്രസക്തമാകുന്നത്‌ ഇവിടെയാണ്‌. ജയിൽപുള്ളികൾ മനുഷ്യരാണെന്ന വലിയ സത്യം ഭരണകൂടം തിരിച്ചറിയേണ്ടതാണ്‌. കുറ്റവാളികളുടെ വലിയ മാനസിക നവീകരണകേന്ദ്രമായി ജയിൽ മാറുന്ന കാലമാണ്‌ ഇനി ഉണ്ടാകേണ്ടത്‌.

പത്രങ്ങളിലെ ഫോട്ടോ

മലയാളപത്രങ്ങളിലെ ഓരോരോ പ്രോഗ്രാമുകളുടെ ഫോട്ടോ ഒട്ടും കലാപരമായിട്ടല്ല വന്നു കാണുന്നത്‌. സാധാരണ അത്‌ നമുക്ക്‌ രണ്ടാമതൊന്നു നോക്കാൻ കൂടി തോന്നാറില്ല. വളരെ എക്സ്പ്രസീവായി ഇത്തരം ഫോട്ടോകൾ പത്രത്തിൽ വരേണ്ടതാണ്‌. അപൂർവ്വം ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള ഫോട്ടോകൾ കാണമെന്നു മാത്രം. ഈ രംഗത്തു പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർമാർ ഒരുപാടു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വായനക്കാരെ നിരാശരാക്കുന്ന ഫോട്ടോകൾ കണ്ടുമടുത്തു. സന്ദർഭത്തിന്റെ മുഴുവൻ പ്രതിനിധാനവും ഗൗരവവും കലാപരതയും ഒത്തിണങ്ങുന്ന തരത്തിലുള്ള ഫോട്ടോകൾക്കായി ജനം കാത്തിരിക്കുകയാണ്‌. ദയവു ചെയ്ത്‌ വികലമായ ഫോട്ടോകൾ അടിച്ചു വിടരുത്‌. മലയാള മനോരമയും, മാതൃഭൂമിയും ദേശാഭിമാനിയും, കേരള കൗമുദിയും മലയാളത്തിലെ മറ്റുപത്രങ്ങളെല്ലാം തന്നെ ഈ കാര്യത്തിൽ ശ്രദ്ധിക്കണം. പ്രസ്സ്‌ ഫോട്ടോഗ്രാഫർമാർ അവരുടെ തൊഴിൽ വേണ്ടവിധം നിർവ്വഹിക്കണം. കടുത്ത അതൃപ്തി കൊണ്ടാണ്‌ ഇത്രയും എഴുതുന്നത്‌.

ജെ.ബി.ജംഗ്ഷൻ / കൈരളി പീപ്പിൾ



ജനങ്ങളുടെ അഭിരുചിയുടെ പിന്നാലെ പോകുകയല്ല മാധ്യമങ്ങൾ ചെയ്യേണ്ടത്‌. ജനങ്ങളെ നല്ല അഭിരുചിയിലേക്ക്‌ നയിക്കേണ്ട ചുമതലയും മാധ്യമങ്ങൾക്കുണ്ട്‌. ഇക്കാര്യത്തിലൊരു വമ്പൻ പരാജയമാണ്‌ ജോൺ ബ്രിട്ടാസ്‌. ആശാ ശരത്തിനു വരെ ജെ.ബി.ജംഗ്ഷനിൽ ജോൺ ബ്രിട്ടാസ്‌ കസേര ഇട്ടുകൊടുത്തു. വലിയ അഭിനേത്രിയോ, നർത്തകിയോ ഒന്നുമല്ല കുങ്കുമപ്പൂവ്‌ എന്ന കലാവൈകല്യത്തിൽ നിറഞ്ഞുനിന്ന ഈ ആശാ ശരത്‌. ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം. കേരള സമൂഹത്തെ ലവലേശമെങ്കിലും വിപ്ലവാത്മകമാക്കുന്നതിനുള്ള ഏതെങ്കിലുമൊരു പരിശ്രമം ഈ പ്രോഗ്രാമിലൂടെ ജോൺ ബ്രിട്ടാസ്‌ നിറവേറ്റുന്നുണ്ടോ? കേരളസമൂഹത്തിൽ വിപ്ലവാത്മകപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള ആരെയെങ്കിലുമൊക്കെ ഈ കസേരയിലൊന്ന് ഇരുത്തിക്കൂടെ? യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമൊക്കെ പുരോഗമന വിപ്ലവാത്മകപാഠങ്ങൾ ലേശമെങ്കിലും കിട്ടട്ടെ?  മാധ്യമവത്കൃത സമൂഹത്തിന്റെ വിഴുപ്പുഭാണ്ഡങ്ങൾ അലക്കുന്ന ഒരിടം മാത്രമായി ജെ.ബി.ജംഗ്ഷൻ പലപ്പോഴും ജീർണ്ണിക്കുന്നതു കാണുമ്പോൾ വിപ്ലവാത്മക മാധ്യമ പ്രവർത്തനം ഒരു മരീചികയായി അകന്നുപോകുന്നത്‌ ദു:ഖത്തോടെ മാത്രമേ കണ്ടിരിക്കാൻ കഴിയുന്നുള്ളൂ.

ഏ.കെ.ആന്റണി



ഏ.കെ.ആന്റണി പ്രതിരോധവകുപ്പു മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ലീഡർ കെ.കെരുണാകരൻ പത്രക്കാരോട്‌ പറഞ്ഞ കമന്റ്‌ ഇപ്പോഴും ഓർക്കുന്നു. ആ കമന്റ്‌ ഇതായിരുന്നു. ഏ.കെ.ആന്റണിക്ക്‌ പറ്റിയ പണിയല്ല ഇത്‌. ഇത്‌ എത്ര അന്വർത്ഥമായിരുന്നു എന്ന് ചരിത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. നമ്മുടെ പ്രതിരോധവകുപ്പ്‌ വലിയ ദൗർബല്യങ്ങളിലൂടെയാണ്‌ കടന്നുപോകുന്നതെന്ന് ഓരോ ദിവസത്തേയും പത്രവാർത്ത നമ്മെ അനുസ്മരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അഴിമതിരഹിതവും ലളിതവുമായ ഏ.കെ.ആന്റണിയുടെ ജീവിതം ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിന്‌ എക്കാലത്തെയും മഹാമാതൃകയാണ്‌.

അഷിതയുടെ പുതിയ കഥ

അഷിതയുടെ ചെറിയ ഒരു പുതിയ കഥ ഭാഷാപോഷിണിയിൽ (2014 മാർച്ച്‌) വന്നിട്ടുണ്ട്‌. ചില ഭാരതീയ പൗരാണികമതഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധതയെ പുറത്തെടുക്കുന്നു എന്നതാണ്‌ ഈ കഥയുടെ വർത്തമാനകാല ചൈതന്യം. വിവേകചൂഢാമണിയാണ്‌ ഇവിടെ കഥാകാരിയുടെ വിമർശനചൂടിൽ വെന്തെരിയുന്നത്‌. ശങ്കരാചാര്യർക്കും മീരാഭായിക്കും ഒപ്പം ഭർത്താവിന്റെ തൊഴിയേറ്റു മരിച്ച്‌ ദൈവത്തിന്റെ ദർബാറിൽ എത്തിച്ചേർന്ന നെയ്യാറ്റിങ്കരക്കാരി പാറു അക്കനും കഥയിൽ ഒരുപോലെ നിറയുന്നത്‌ ആനന്ദത്തോടെയാണ്‌ വായിച്ചത്‌.

ഡി.വിനയചന്ദ്രനെക്കുറിച്ച്‌ രണ്ട്‌ കവിതകൾ




ഡി.വിനയചന്ദ്രനെക്കുറിച്ച്‌ രണ്ട്‌ കവിതകൾ വായിച്ചു. മാതൃനാട്‌ മാസികയിൽ ദേശമംഗലം രാമകൃഷ്ണൻ എഴുതിയ (2014 ഫെബ്രുവരി 1) വിനയചന്ദ്രൻ സ്മരണ - വിനയചന്ദ്രനെ മാത്രമല്ല, വിനയചന്ദ്രകവിതകളുടെ സംസ്കാരത്തെ വരെ ഈ കവിതയിൽ ദേശമംഗലം കാവ്യമര്യാദയിൽ തന്നെ സ്വാംശീകരിച്ചെടുത്തിട്ടുണ്ട്‌. മനോഹരമായ കവിത. കവിതയുടെ അവസാനം ഇങ്ങനെയാണ്‌.

ഒരു നഷ്ടത്തിൻ വ്യഥ
തന്നതു ചെറുചെറുയുദ്ധങ്ങൾ
തൊലിമൂടുമ്പൊഴേ
പൊട്ടിമലരും മുറിവുകൾ
നീ തന്നെയെയ്തു
നിന്റെ നെഞ്ചിൻ നേർക്ക്‌
അത്‌ പൊട്ടിപ്രവഹിച്ചു.
ശ്ലോകം ശോകം -  നീ മഹാകവി!

മറ്റൊരു കവിത വായിച്ചത്‌ തെങ്ങമം ഗോപകുമാറിന്റെ കാട്ടുസൂര്യൻ എന്ന കവിതാ സമാഹാരത്തിലാണ്‌. വിനയചന്ദ്രനെക്കുറിച്ചുള്ള കവിതയുടെ പേരുതന്നെ കാട്ടുസൂര്യൻ എന്നാണ്‌. ഈ കവിതയുടെ പേരുതന്നെ പുസ്തകത്തിന്റെ പേരായി തെരഞ്ഞെടുത്തുകൊണ്ട്‌ ഡി.വിനയചന്ദ്രനോടുള്ള ഒടുങ്ങാത്ത അഭിനിവേശം തെങ്ങമം ഗോപകുമാർ ഇവിടെ ശാശ്വതമാക്കിയിരിക്കുകയാണ്‌. കവിതയിലെ അഞ്ച്‌ വരികൾ ഇങ്ങനെയാണ്‌.

നിന്റെ തലപ്പാള വിഡ്ഢിയുടെ ചെങ്കോൽ
നിന്റെ പുഴുപ്പല്ല് നാടിൻ വ്യവസ്ഥിതി
നിന്റെ കരിനാക്ക്‌ കാടിൻ നിലവിളി
നിന്റെ നിശ്വാസങ്ങൾ
ആമസോണിൻ കിതപ്പ്‌.

കവിയും വ്യക്തിയും തമ്മിലുള്ള അകലം നേർത്തുനേർത്തില്ലാതായി എന്നത്‌ ഡി.വിനയചന്ദ്രനിൽ സംഭവിച്ച ഒരു പരിണാമമായിരുന്നു. ഈ പരിണാമത്തെ തെങ്ങമം ഗോപകുമാർ മനസ്സിലാക്കിയെന്നതാണ്‌ 'കാട്ടുസൂര്യ'നെന്ന കവിതയുടെ മഹത്വം.

ബാലകൃഷ്ണൻ ചെട്ടിയാർ

മഴവിൽ മനോരമ സം പ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയൽ കലാപരമായി ചിന്തിക്കുമ്പോൾ ഒരു താഴ്‌ന്ന സാധനമാണ്‌. ഈ സീരിയലിലൂടെ നമ്മൾ കണ്ട 'ബാലകൃഷ്ണൻ ചെട്ടിയാർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അഭിനയത്തിന്റെ നല്ല ശരീരഭാഷ പ്രകടിപ്പിക്കുന്ന നടനാണ്‌. നമ്മുടെ സിനിമാലോകം ഈ നടനെ സമ്പൂർണ്ണമായി പ്രയോജനപ്പെടുത്താൻ മുന്നോട്ടുവരണം. തിലകൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്‌ തുടങ്ങിയ വലിയ നടന്മാരുടെ ശൂന്യത നിലനിൽക്കുമ്പോൾ ഈ നിർദ്ദേശത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. ശബ്ദം, ശാരീരിക ചലനങ്ങൾ, ഭാവാഭിനയ പ്രകടനങ്ങൾ ഇവയുടെ എല്ലാത്തിന്റെയും കോഡിനേഷൻ, മറ്റു കഥാപാത്രങ്ങളുമൊത്ത്‌ അഭിനയിക്കുമ്പോഴുള്ള കോഡിനേഷൻ എല്ലാം ഒരു മികച്ച നടന്റെ അനുഭവങ്ങളാണ്‌ കാഴ്ചക്കാരിൽ ഉൾപ്പാദിപ്പിക്കുന്നത്‌.

എൻ.കെ.പ്രേമചന്ദ്രൻ



കേരള രാഷ്ട്രീയത്തിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയ ഒരു നേതാവായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ. കേരളത്തിലാകമാനം നല്ല രാഷ്ട്രീയ ഇമേജും അദ്ദേഹത്തിനുണ്ടായിരുന്നു. ഇടതുപക്ഷത്തു നിന്നുള്ള രാഷ്ട്രീയ വ്യതിചലനം ആത്യന്തികമായി പ്രേമചന്ദ്രനെ കൊണ്ടുപോകാൻ പോകുന്നത്‌ വലിയ രാഷ്ട്രീയപരാജയത്തിലേക്കായിരിക്കും. വ്യക്തിത്വത്തിന്റെ തകർച്ചയിലേക്കും.

ഇതാ ദൈവം കണ്ടുകൊള്ളുക

ചൂഷണം ചെയ്യപ്പെടുന്ന വിശ്വാസികളാൽ നിറയപ്പെട്ടിരിക്കുകയാണീ ലോകം. ഈ യാഥാർത്ഥ്യം തുറന്നുകാട്ടുന്ന ഉജ്ജ്വലമായ ലേഖനമാണ്‌ 'അസ്സീസ്സി' (ഫെബ്രുവരി 2014) മാസികയിൽ സക്കറിയ എഴുതിയ 'മറ്റെന്താണ്‌?' എന്ന ചെറുലേഖനം. മതമൗലികവാദത്തിന്റെ അപകടവും ലേഖനം തുറന്നുകാട്ടുന്നു. ജ്ഞാനമാർഗ്ഗത്തിലൂടെ ദൈവത്തെ കണ്ടെത്തുകയാണ്‌ ഏറ്റവും ഉചിതമായ മാർഗ്ഗമെന്ന് ഭാരതീയർ എത്രയോ സഹസ്രാബ്ദങ്ങൾക്ക്‌ മുമ്പ്‌ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്‌. ഇതു തന്നെയാണ്‌ സക്കറിയയുടെ ചിന്തയും അവതരിപ്പിക്കുന്നത്‌.

"വിശ്വാസികളോട്‌ പങ്കുവെക്കാനുള്ള അവസാനത്തെ ചിന്ത ഇതാണ്‌. വിശ്വാസത്തെ വിജ്ഞാനത്തിന്‌ പകരം വെക്കാതിരിക്കുക. മിത്തിനെ, 'വിശുദ്ധ' കഥകളെ ചരിത്രത്തിനു പകരം വെക്കാതിരിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ വിശ്വാസം ഒരു അന്ധരൂപമായിത്തീരുന്നു. ദൈവം പ്രതിനിധീകരിക്കുന്നത്‌ നന്മയെയാണെങ്കിൽ നിങ്ങളൂടെ അജ്ഞത നിങ്ങളെ യഥാർത്ഥത്തിൽ ഒരു ദൈവവിരുദ്ധനാക്കുന്നു. കാരണം അജ്ഞതയിൽ നിന്ന് നന്മ ജനിക്കാനുള്ള സാധ്യത തീരെക്കുറവാണ്‌. ബോധജ്ഞാനമല്ലാതെ മറ്റെന്താണ്‌ ദൈവം?"


വൃക്ഷത്തെക്കുറിച്ചൊരു കവിത

വൃക്ഷത്തെക്കുറിച്ച്‌ എത്ര കവിത വേണമെങ്കിലും ഉണ്ടാവാം. കാരണം നമ്മുടെ ജീവിതത്തിൽ, പ്രകൃതിയിൽ അത്രമേൽ സ്ഥാനം വൃക്ഷത്തിനുണ്ട്‌. ഈ നിശബ്ദ ജീവിതത്തെ സശബ്ദമാക്കാൻ കഴിയുന്ന ഒരു മനുഷ്യജീവി എത്രയോ ഉദാരനും മഹത്വപൂർണ്ണതയുള്ള ആത്മാവിനുടമയായും തീരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ്‌ മാതൃഭൂമിയിൽ (2014 ഫെബ്രുവരി 9) വന്ന വി.ടി.ജയദേവന്റെ 'കർമ്മയോഗം' എന്ന കവിത ഒരു മികവാർന്ന രചനയായി മാറുന്നത്‌. കവിതയുടെ അവസാനവരി വായിക്കുക.

വെട്ടിവീണു
കിടക്കും കിടപ്പിലും
പുഞ്ചിരിക്കാൻ
ശ്രമിക്കുന്നു പൂമരം. 

O


PHONE : 9895734218