ഡോ.ആർ.ഭദ്രൻ |
7
സലിംകുമാർ
മികച്ച നടനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ സലിംകുമാറിന് (ആദാമിന്റെ മകൻ അബു). ഒരു ഹാസ്യനടനായി ഒതുക്കപ്പെടുക എന്ന വിപത്തിൽനിന്നും സലിംകുമാർ രക്ഷപെട്ടിരിക്കുന്നു. സാഹിത്യത്തിലും ഇങ്ങനെ കള്ളിതിരിച്ചു കെട്ടുന്ന പതിവുണ്ട്. കുഞ്ചൻ നമ്പ്യാർ ഇതിന്റെ ഏറ്റവും വലിയ രക്തസാക്ഷിയായിരുന്നു. ജഗതിശ്രീകുമാറിൽ ടാലന്റുള്ള ഒരു മഹാനടൻ ഒളിഞ്ഞിരുപ്പുണ്ടെന്ന് പി.പത്മരാജൻ പറഞ്ഞിട്ടുള്ളത് ഇതിനോടൊക്കെ ചേർത്തുവായിക്കേണ്ടതാണ്.
വാരാന്ത്യം
അഡ്വ.ജയശങ്കർ |
ഇന്ത്യാവിഷൻ ചാനലിൽ ജയശങ്കർ നടത്തുന്നത് ഉത്തരവാദിത്വമുള്ള മാധ്യമവിമർശനമോ രാഷ്ട്രീയവിമർശനമോ അല്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതികരണങ്ങൾ മാത്രമാണ് അത്. പലപ്പോഴും പ്രതികരണങ്ങളും പരാമർശങ്ങളും വിലകുറഞ്ഞ ഫലിതമായി തരംതാഴുന്നു. നമുക്കു വേണ്ടത് തത്ത്വാധിഷ്ഠിതമായ മാധ്യമവിമർശനമാണ്- ഡോ.സെബാസ്റ്റ്യൻപോൾ, കലാകൗമുദി (ചരിത്രരേഖ 2011 ഫെബ്രുവ രി 27). സെബാസ്റ്റ്യൻപോളിന്റെ അഭിപ്രായം ശരിയായ ഒരു അഭിപ്രായം ആണ്. പക്ഷേ 'പൊളിറ്റിക്കൽ സറ്റയർ' എന്ന നിലയിൽ അതിനുള്ള നിലവാരം കുറച്ചു കാണേണ്ടതുമില്ല. വ്യക്തിപരമായ പ്രതികരണങ്ങൾക്ക് അതിന്റേതായ ശക്തി ദൗർബല്യങ്ങളുണ്ടാവുക സ്വാഭാവികമാണ്. മഹത്തായ പല ആശയങ്ങളും ഈ രാഷ്ട്രീയോപഹാസത്തിനിടയിൽ കൊല ചെയ്യപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഉന്നതമായ ഒരു ചിന്താലോകം ജയശങ്കറിന് ഇല്ലാത്തതാണ് ഇക്കാര്യത്തിളുള്ള അടിസ്ഥാനപരമായ തകരാറ്.
നിരൂപണത്തിലെ പുതുനാമ്പുകൾ - 3
ഒരു കലാകാരൻ പ്രക്ഷേപണം ചെയ്യുന്ന ബോധരൂപത്തെ അറിയുകയും സ്വീകരിക്കുകയും തിരസ്കരിക്കുകയും തിരുത്തുകയും ചെയ്യുന്ന സാമൂഹികപ്രവർത്തനമാണ് നിരൂപണം എന്ന് എം.എൻ.വിജയൻ. അതുകൊണ്ടാണ് 'സംസ്കാരജാലകം' ഭാവികാലനിരൂപകരെ അടയാളപ്പെടുത്തുന്നതിൽ ജാഗ്രത പുലർത്തുന്നത്.
മലയാളനിരൂപണലോകത്ത് ഒന്നോ രണ്ടോ ലേഖനങ്ങൾ എഴുതി പിന്തിരിഞ്ഞു പോകുന്നവരുടെ ഗണത്തിൽപെടുന്ന ആളല്ല, കെ.ബി.ശെൽവമണി. വ്യത്യസ്തങ്ങളായ സാഹിത്യ വിഷയങ്ങളെക്കുറിച്ച് പല ലേഖനങ്ങളും കെ.ബി യുടെ വന്നുകഴിഞ്ഞു. നവഭാവുകത്വത്തിന്റെ തേരിലേറിയാണ് ഈ യുവനിരൂപകന്റെ മുന്നേറ്റം. സാഹിത്യത്തിന്റെ അടിസ്ഥാനസമസ്യകളെ അഭിസംബോധന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ശെൽവമണിയുടെ ഏറ്റവും പ്രധാന സവിശേഷത. കെ.പി.അപ്പന്റെയും എം.എൻ.വിജയന്റെയും സംയുക്തപ്രവർത്തനം ഒരു പുതുനിരൂപകനിൽ ഉണ്ടാവുക എന്നത് കൗതുകകരമായി തോന്നി. ഈ സ്വാധീനത്തെ വലിച്ചെറിഞ്ഞുകൊണ്ട് നീങ്ങുവാൻ ശ്രമങ്ങൾ മന്ദമായിട്ടാണെങ്കിലും തുടങ്ങിക്കഴിഞ്ഞു എന്നതാണ് കെ.ബി യുടെ നിരൂപണത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം. ആശയങ്ങളെ നാടകീയമായി സെലിബ്രേറ്റ് ചെയ്യുവാൻ കെ.ബി.യ്ക്ക് ഒരു പ്രത്യേകവാസനയുണ്ട്. പാവമായ ജീവിതാവസ്ഥകളോടുള്ള കലാകാരന്റെ ചേർന്നു നിൽപുണ്ടല്ലോ, അതും ശെൽവന്റെ നിരൂപണത്തെ തിളക്കുന്നുണ്ട്.
കെ.ബി.ശെൽവമണി |
കലാകൗമുദി 2010 ഒക്ടോബർ 24 ലക്കത്തിൽ വന്ന 'ഇന്ദുമേനോൻ ആ ചതി വെളിപ്പെടുത്തുന്നു' എന്ന ഇന്റർവ്വ്യൂവും ബി.മുരളിയുമായി നടത്തിയ ഇന്റർവ്വ്യൂവും -'മലയാള കഥ ഇന്നും എഞ്ചുവടി'- കഥാസാഹിത്യത്തിൽ കെ.ബി എത്രമാത്രം മുന്നോട്ട് പോയിട്ടുണ്ട് എന്നതിന്റെ സൂ ചനയാണ്.
വരാൻപോകുന്ന കാലയളവിലെ സാംസ്കാരിക സങ്കീർണ്ണതകളിൽ കേരളസമൂഹം ഉഴലുമ്പോൾ വ്യക്തതയുടെ കൊടി ഉയർത്തിപ്പിടിച്ച് ഇടപെടുവാൻ പോകുന്ന നിരൂപകരിൽ ഒരുവനായി വളരുവാനുള്ള പിടച്ചിലുകൾ കെ.ബി ഇപ്പോഴേ പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു.പുതുകവിതയേയും പുതുകഥയേയും നിരൂപണത്തേയും പുതുചലച്ചിത്രങ്ങളേയും കുറിച്ച് കെ.ബി.എഴുതിയ ലേഖനങ്ങളെല്ലാം താൽപര്യപൂർവ്വമാണ് വായിച്ചിട്ടുള്ളത്;കലയിലും സാഹിത്യത്തിലും ജാഗ്രതയുള്ളവർ.
കെ.ബി യുടെ വായിച്ച ചില ലേഖനങ്ങൾ
ഒരു സിനിമയുടെ മേൽവിലാസം (ജനപഥം,ജനുവ രി 2011)
പൊരിയുന്ന വെയിൽ അഥവാ ഒരു കവിതാവീട് (സർഗ്ഗധ്വനി,ജൂലൈ/ഓഗസ്റ്റ് 2010)
വേരറ്റ ഭൂമിയിലേക്ക് ഇലകൾ പറന്നുവരുന്നത് (ഗ്രന്ഥാലോകം, ഒക്ടോബർ 2009)
ആധുനികോത്തരതയുടെ നിർമ്മാണം (വിജ്ഞാനകൈരളി, സെപ്റ്റംബർ 2010)
ഭാവികാലത്തിന്റെ കുഞ്ഞുമനസ്സുകൾ (ഗ്രന്ഥാലോകം, ഡിസംബർ 2008)
മലയാളകഥയിലെ ഫോക്‌ലോർ വ്യാപനങ്ങൾ (ജനപഥം, നവംബർ 2010)
മനോരമ ആഴ്ചപ്പതിപ്പിലെ നോവലുകൾ
മനോരമ ആഴ്ചപ്പതിപ്പ് പുതിയ ലക്കം ഒന്ന് പരിശോധിക്കുക.നോവലുകൾ എത്രയെന്നോ?
1.മാനസവീണ (മുരളി നെല്ലനാട്)
2.ആകാശക്കുടക്കീഴിൽ (സി.വി.നിർമ്മല)
3.ധിക്കാരി (കെ.വി.അനിൽ)
4.നിറമിഴിപ്പക്ഷികൾ (എസ്.ശ്രീദേവി)
5.സാഗരം (സുധാകർ മംഗളോദയം)
6.മുന്തിരിപ്പാടം (ജോയ്സി)
ആറുനോവലുകൾ ഉള്ള മനോരമ ആഴ്ചപ്പതിപ്പ് ലക്ഷക്കണക്കിനാളുകൾ വായിക്കുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു നോവൽ മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളൂ. മാതൃഭൂമി പോലുള്ള വാരികകളിൽ പ്രസിദ്ധീകരിക്കുന്ന നോവലുകൾ സാഹിത്യചരിത്രത്തിലേക്കാണ് നടന്നുപോകുന്നത്. മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന നോവലുകൾ എവിടേയ്ക്ക് പോകുന്നു എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. എന്നാൽ പുതിയകാല കലാചിന്തയിൽ 'പോപ്പുലർ കൾച്ചർ' എന്ന നിലയിൽ മനോരമ നോവലുകൾ പോലുള്ളതിനെയും പരിഗണിക്കണമെന്ന് വന്നിട്ടുണ്ട്. അതായത്,പൈങ്കിളി നോവലുകൾ എന്ന വാക്ക് കാലഹരണപ്പെട്ടുകഴിഞ്ഞു.
മലയാളം പ്രഥമഭാഷയാകുമോ?
സ്കൂൾതലത്തിൽ മലയാളം പ്രഥമഭാഷയാകുന്നതിന് മുൻസർക്കാരിന്റെ (എൽ.ഡി.എഫ്)തീരുമാനം പുതിയ സർക്കാർ (യു.ഡി.എഫ്) നടപ്പാക്കുമോ?കേരളം കാത്തിരിക്കുന്നു.കാണേണ്ട ഒരു സാംസ്കാരിക പ്രശ്നമാണിത്.
നാടകം ദുരന്തമാകുമോ ശുഭാന്തമാകുമോ?
കാറിന്റെ പരസ്യം
ഒരു കാറിന്റെ പരസ്യം ഇങ്ങനെയാണ്. ".... അതുമാത്രമോ,ഒരു നാലുവർഷം/അറുപതിനായിരം കി.മി വാറന്റി കൊണ്ട് സന്തോഷം ഉറപ്പാണ്,ആസ്വദിച്ചുകൊള്ളൂ!" കാർ മനുഷ്യന് ആവശ്യമാണ്. ഉപയോഗവും സമ്പത്തിന്റെ തോതും അനുസരിച്ചു മാത്രം ഉപയോഗിക്കുന്നതിൽ തെറ്റില്ല.എന്നാൽ ജീവിതം ആസ്വദിക്കാനുള്ള ഒരു സംഭവം മാത്രമാണെന്ന് ചുരുക്കിയെഴുതി നമ്മെക്കൊണ്ട് വിശ്വസിപ്പിക്കുവാൻ കച്ചവടമുതലാളിത്തം വിജയിച്ചിരിക്കുന്നു. മനുഷ്യരിൽ വിലോമനീയത (Sedection) സൃഷ്ടിക്കുകയാണ്. നമ്മുടെ കുട്ടികൾ ഈ വലയിൽ കുരുങ്ങിക്കഴിഞ്ഞു എന്നതാണ് സമകാലീനമായ ഏറ്റവും വലിയ ദുരന്തക്കാഴ്ച. അവർ നമുക്കുവേണ്ടി ഒരു കാൽപനിക വിഭ്രമലോകം സൃഷ്ടിച്ച് നമ്മെ അതിനുള്ളിൽ കുരുക്കിയെടുത്തിരിക്കുകയാണ്. ഈ കാൽപനികതയുടെ കുത്തൊഴുക്കിൽ ഉദാത്തമായ മതവും രാഷ്ട്രീയവുമൊക്കെ ഒലിച്ചുപോവുകയല്ലാതെ എന്താണ് നിർവ്വാഹം ?
ഉത്തരാധുനികതയിൽ ജീവിതസങ്കൽപങ്ങൾ കീഴ്മേൽ മറിയുന്ന കാഴ്ച. ഇതിനെ എതിർക്കുന്നവർ നിഷ്‌പ്രഭരാകുമെങ്കിലും എതിർപ്പ് തുടരുക തന്നെ വേണം. കാരണം,ഭാവിയുടെ വേരുകൾ അവിടെയാണ്.
നഗ്നസത്യം - കൽപറ്റ നാരായണൻ
ആശയങ്ങൾ കൊണ്ട് കവിതയെഴുതാമെന്നും അത് നല്ല കവിതയായി ഉയർത്തിയെടുക്കാമെന്നും കൽപറ്റ നാരായണൻ തെളിയിച്ചിരിക്കുന്നു,നഗ്നസത്യം എന്ന കവിതയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂൺ 12,2011).
ഇന്ദു.ആർ.ഇറവങ്കര
ഉണ്മ മാസികയുടെ 2011 ജൂൺ ലക്കത്തിൽ ഇന്ദു.ആർ.ഇറവങ്കര എഴുതിയ കവിത ഇങ്ങനെയായിരുന്നു.
അക്ഷരങ്ങൾ തിരിച്ചിട്ടും മറിച്ചിട്ടും
പ്രത്യയങ്ങൾ ചേർത്തും ചേർക്കാതെയും
വള്ളികളും പുള്ളികളും കലർത്തി
വടിവാർന്നു രൂപപ്പെടുന്ന വാക്കുകളേ,
നിങ്ങൾ ചാവേറുകളാണോ?
അവസാനം ചേർത്ത ചാവേറുകൾ എന്ന ചോദ്യം കവിതയ്ക്കു കിട്ടേണ്ടിയിരുന്ന ഭാവദീപ്തി എങ്ങനെ കെടുത്തിക്കളഞ്ഞു എന്നു പരിശോധിക്കുക. ഈ ചോദ്യത്തിനു പകരം മറ്റേതെങ്കിലും കൃത്യമായ ഒരു വാക്ക് അവിടെ വന്നിരുന്നുവെങ്കിൽ ഈ അഞ്ചുവരിക്കവിതയ്ക്ക് വേറെ മാനങ്ങൾ കിട്ടുമായിരുനു. ഇന്ദു.ആറിന്റെ മറ്റൊരു കവിത 'കറുത്തവരകൾ' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2011 ജൂൺ 19-25) വന്നിട്ടുണ്ട്. സങ്കടങ്ങളുടെ കവിതയാണ് എന്ന് കവിതയുടെ പേരിൽനിന്നു തന്നെ വ്യക്തമാണല്ലോ. കറുത്തവര നല്ലൊരു സിഗ്‌നിഫൈർ ആയി കൂടി പ്രവർത്തിക്കുന്നുണ്ട്. പ്ലേറ്റോ ഭാവന ചെയ്തതുപോലെ വെളുത്തവരയുടെ സിഗ്‌നിഫൈർ ആയി കൂടി കവിതയ്ക്ക് പ്രവർത്തിക്കാം എന്നുള്ള സാധ്യതയും ഇന്ദു.ആർ മനസ്സിലാക്കികൊള്ളണം;വാക്കുകൾ ചാവേറുകൾ മാത്രമല്ലെന്നും. കവിത നന്നായിട്ടുണ്ട്. കവിതയിലെ ഈ വരികൾ ഏറെ ചേതോഹരമായിട്ടുണ്ട്.
മുറിഞ്ഞുവീണ വാക്കുകളുടെ അറ്റത്ത്
രാഗരുധിരം ഇറ്റുവീഴുന്നു.
ഇറച്ചി - മക്കൾ, ഭാഷാപോഷിണി, മാർച്ച് 2011
പുതിയ ഉപമകൾ/ബിംബങ്ങൾ ഒക്കെ സൃഷ്ടിക്കുവാൻ പുതിയ കവികൾക്ക് കഴിയണം.
അൻവർ അലിയുടെ ഈ വരികൾ ശ്രദ്ധിക്കുക.
അൻവർ അലിയുടെ ഈ വരികൾ ശ്രദ്ധിക്കുക.
കാത്തുനിന്നു ശബ്ദമില്ലാ-
സിനിമ പോലൊരമ്മ.
ജയലക്ഷ്മി മന്ത്രിയായ കഥ
പി.കെ.ജയലക്ഷ്മി |
കെ.പി.സി.സി ഡൽഹിക്ക് കൊണ്ടുപോയ മന്ത്രിമാരുടെ സാധ്യതാലിസ്റ്റിൽ ജയലക്ഷ്മിയുടെ പേരുണ്ടായിരുന്നില്ല. യു.ഡി.എഫിലെ ഏകവനിത. എന്നിട്ടും ജയലക്ഷ്മിയുടെ പേര് കെ.പി.സി.സി യുടെ ലിസ്റ്റിൽ ഇല്ലായിരുന്നു. ലോകത്തിലെ സ്ത്രീവിമോചനപ്രസ്ഥാനത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും കെ.പി.സി.സി യുടെ ചുമതലപ്പെട്ടവർക്ക് തരിമ്പും ജ്ഞാനമില്ല എന്നാണ് ഇത് തെളിയിക്കുന്നത്. ഉമ്മൻചാണ്ടി ഡൽഹിയിൽ നിന്ന് തിരിച്ചു ലിസ്റ്റുമായി വന്നപ്പോൾ അതിൽ ജയലക്ഷ്മിയുടെ പേരുണ്ടായിരുന്നു. എ.ഐ.സി.സി യിൽ പുസ്തകം വായിക്കുന്ന ചിലർ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട് എന്നാണോ ഇത് സൂചിപ്പിക്കുന്നത് ? അതോ..?
കുഞ്ചുക്കുറുപ്പ്
കുഞ്ചുക്കുറുപ്പ് മിക്കപ്പോഴും നല്ല ചിരി നിർമ്മിക്കുന്നുവെന്ന് നേരത്തെ ഒരിക്കൽ എഴുതിയത് ഓർക്കുമല്ലോ. പക്ഷെ 20.06.2011 തിങ്കളാഴ്ച മനോരമയിലെ കുഞ്ചുക്കുറുപ്പ് നോക്കുക. ഇത് നർമ്മം സൃഷ്ടിക്കുന്നതേയില്ല. തുടർദിവസങ്ങളിലും കുഞ്ചുക്കുറുപ്പിൽ നർമ്മം മരിച്ചുവീഴുകയാണ്.
വരകൾ പിഴയ്ക്കുന്നില്ല.
കമന്റുകളാണ് പ്രശ്നം സൃഷ്ടുക്കുന്നത്.ശ്രദ്ധിക്കണം.
ഷിബു ബേബിജോണിന്റെ ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞ
ഷിബു ബേബിജോൺ |
പുതിയ മന്ത്രിസഭയിൽ ഷിബു ബേബിജോൺ മാത്രമാണ് ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തത് എന്നാണ് മനസ്സിലാക്കപ്പെടുന്നത്. മന്ത്രിസഭയിൽ ഷിബുവിന് മാത്രമേ ഇംഗ്ലീഷ് അറിയൂ എന്നാണോ മാലോകർ വിചാരിക്കുന്നത്. തെറ്റിപ്പോയി. പ്രാദേശിക ഭാഷയായ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യുക എന്നത് ലോകത്തിൽ വളർന്നുകൊണ്ടിരിക്കുന്ന പ്രതിസംസ്കാരം (Counter Culture) നൽകുന്ന അറിവാണ്. ഇങ്ങനെയുള്ള അറിവോ പ്രപഞ്ചബോധമോ കിട്ടുന്ന വായന ഷിബുവിന് കമ്മിയായിരിക്കും. അറിയാൻ വയ്യാത്ത കാര്യങ്ങൾ കണ്ടുപഠിക്കണ്ടേ,അതുമില്ല. ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞയും മറ്റും കൊളോണിയൽ ദാസ്യമാണെന്നറിയുക. മലയാളനാടിനെ ഭരിക്കുന്ന മന്ത്രി ഇതൊക്കെ അറിയുക എന്നത് മിനിമം യോഗ്യതയാണ്.
അയച്ചുകിട്ടിയ പുസ്തകങ്ങൾ
PATENI - The Traditional Epic Theatre
KADAMANITTA VASUDEVAN PILLAI
Preface - Dr.Marc
Comment - Louba Schild
Rainbow Book Publishers
Price - 100
നിഷേധികളുടെ ഗുരു
ഡോ.പി.കെ.കൃഷ്ണൻ കുട്ടി
പ്രസക്തി ബുക്ക് ഹൗസ്,പത്തനംതിട്ട
വില - 25 രൂപ
O
PHONE : 9895734218
നന്ദി...
ReplyDelete