Friday, January 6, 2012

ഇരുട്ടിലെ കാഴ്ചകൾ


കൃഷ്ണാ ദീപക്‌













നിക്കൊന്നും മനസിലാകുന്നില്ല
ചുറ്റും കറുത്ത കാഴ്ചകൾ.
ഇരുട്ടിൽ നിന്റെ മൗനത്തിൽ തട്ടി
ദേഹമാസകലം രക്തം കിനിയുന്നു
അർബുദം പോലെ പടർന്ന്
ശരീരത്തെയും മനസിനെയും
ഒരുപോലെ നീ കാർന്നു തിന്നുന്നു.



നിന്റെ നിശബ്ദത ഇന്നിപ്പോൾ
എനിക്കു ചുറ്റും പരന്നൊഴുകുന്നു
നീ ചാലിച്ച നിറങ്ങൾ ഒലിച്ചുവന്ന്
ചോരത്തുള്ളികളെ കട്ടപിടിപ്പിക്കുന്നു
കണ്ണുകൾ ചൂഴ്‌ന്ന് തലച്ചോറിനുള്ളിലേക്ക്‌
ഒറ്റവരിപ്പാതെ തീർക്കുന്നു.
നിനക്കു കയറുവാൻ ഇനി എന്തെളുപ്പം.



ഇപ്പോഴും എനിക്കൊന്നും മനസിലാകുന്നില്ല
കൂട്ടിയിട്ട വാക്കുകൾക്ക്‌ മീതെ
കത്തി കാട്ടി നീ വെള്ള പുതപ്പിച്ചു.
നീ തെളിച്ച വഴിയിലൂടെ പിന്നാലെ
നടന്ന സ്വപ്നങ്ങൾ വെളിച്ചം കാണാതെ
തലയിൽ കൈവെച്ചു ശപിച്ചു.



പറ്റിപ്പിടിച്ചിരുന്ന ഓർമയുടെ ഒരേട്‌
വിരലമർത്തി ഹൃദയഭിത്തി തുരന്ന്
നിഷ്കരുണം നീ വലിച്ചുപറിച്ചു.
ചലനശേഷി നഷ്ടപ്പെട്ട എന്റെ കൈകൾ
താഴേക്ക്‌ ഊർന്നിറങ്ങി.
പുലർന്നപ്പോൾ എന്റെ ചുണ്ടിൽ
ഉറുമ്പുകൾ കൂട്‌ കൂട്ടിയിരുന്നു.
എനിക്കൊന്നും മനസിലാകുന്നില്ല.




O



No comments:

Post a Comment

Leave your comment