Sunday, January 29, 2012

അണക്കെട്ടുകളുടെ ചരിത്രം പൂർത്തിയാകുന്നു.

 
ലേഖനം
ജോൺ പെരുവന്താനം











       നാളിതുവരെയുള്ള പരിഷ്കൃത ശ്രമശീലങ്ങളുടെ തോറ്റങ്ങൾക്ക്‌ അറിവില്ലാത്ത കഥയാണ്‌ അണക്കെട്ടുകൾ പറയുന്നത്‌. അണക്കെട്ടുകൾ വികസനത്തിന്റെ സുവർണ്ണക്ഷേത്രങ്ങൾ എന്നാണ്‌ നാം മുൻപ്‌ പഠിച്ചിരുന്നത്‌. ലോകത്തൊട്ടാകെ 47,000 വൻകിട അണക്കെട്ടുകളാണ്‌ ഉള്ളത്‌. നൂറ്‌ വർഷം പിന്നിട്ട പടുവൃദ്ധരായ 120 അണക്കെട്ടുകൾ ഇപ്പോൾ ഉണ്ട്‌. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടുകൾ ഏത്‌ നിമിഷവും തകർന്നേക്കാവുന്ന ഭീഷണി ഉയർത്തി, തദ്ദേശജനതയെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്‌.


പതിനേഴാം നൂറ്റാണ്ടുവരെ നിർമ്മിച്ചിട്ടുള്ള അണക്കെട്ടുകൾക്ക്‌ 50 വർഷമാണ്‌ ആയുസ്സ്‌ നിർണ്ണയിച്ചിരിക്കുന്നത്‌. പുതിയ കാലത്തിന്റെ കോൺക്രീറ്റ്‌ ഡാമുകളുടെ പരമാവധി ആയുസ്സ്‌ 70 വർഷമാണ്‌. എല്ലാ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളും ഉപയോഗിച്ച്‌ നിർമ്മിച്ചിട്ടുള്ള ഭൂകമ്പ പ്രതിരോധശക്തിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന കോൺക്രീറ്റ്‌ ഡാമുകളും പൊട്ടിയിട്ടുണ്ട്‌. 1981 ൽ ചൈനയിലെ ബാങ്കിയാവോ അണക്കെട്ട്‌ തകർന്ന് രണ്ടരലക്ഷം ആളുകളാണ്‌ മരണമടഞ്ഞത്‌. ബാങ്കിയാവോ ഡാം തകർന്നതിനെത്തുടർന്ന് അതിനു താഴെ സ്ഥിതിചെയ്തിരുന്ന 80 ഡാമുകളാണ്‌ തകർന്നത്‌. മുപ്പതിനായിരം ചതുരശ്ര കി.മീറ്റർ ഭൂപ്രദേശം നശിച്ചുപോയി. കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ ഇരുമ്പുമറ വാർത്തകൾ വളരെക്കാലം മറച്ചുവെച്ചു. അണുബോംബിനെക്കാൾ 180 ഇരട്ടി ശക്തിയുണ്ടായിരുന്നു ഇറ്റലിയിലെ ബാജൂൺ അണക്കെട്ട്‌ തകർന്നതിന്‌.  ഇന്ത്യയിൽ 1979 ൽ ഗുജറാത്തിലെ മോർവി അണക്കെട്ട്‌ തകർന്ന് 25,000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. 2010 വരെ ലോകത്തൊട്ടാകെ 502 അണക്കെട്ടുകൾ തകർന്നിട്ടുണ്ട്‌. രണ്ടക്കോടി മനുഷ്യരാണ്‌ ദുരന്തങ്ങളിൽ ഭൂമുഖത്ത്‌ നിന്ന് തുടച്ചുനീക്കപ്പെട്ടത്‌. അതിശക്തമായ പേമാരിയെ തുടർന്ന് വൃഷ്ടിപ്രദേശങ്ങളിൽ ഉരുൾപ്പൊട്ടി ഉണ്ടാകുന്ന മലവെള്ളപ്പാച്ചിലിന്റെ ആർത്തലച്ച ശക്തിയാണ്‌ 50 ശതമാനം ഡാമുകളും തകർത്തത്‌.


ലോകത്തൊട്ടാകെ 400 ൽ അധികം കാലഹരണപ്പെട്ട ഡാമുകളുണ്ട്‌. പന്ത്രണ്ടാം നൂറ്റാണ്ട്‌ മുതൽ കൃഷിക്കും ജലസേചനത്തിനും വേണ്ടി അണ കെട്ടിത്തുടങ്ങിയ നമ്മൾ പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ്‌ വൈദ്യുതി ഉൾപ്പാദനത്തിനായി അണക്കെട്ട്‌ നിർമ്മിച്ചുതുടങ്ങിയത്‌. വൻകിട അണക്കെട്ടുകൾ 'റിസർവോയർ ഇൻഡ്യൂസ്ഡ്‌ സീസ്മിസിറ്റി' എന്ന പേരിൽ അറിയപ്പെടുന്ന ജലാശയപ്രേരിത ഭൂചലനത്തിനു കാരണമായി തീരുമെന്ന് പിന്നീടാണ്‌ കണ്ടെത്തിയത്‌. ഈജിപ്തിലെ അസ്വാൻ അണക്കെട്ട്‌ മൂലമുണ്ടായ ഭൂചലത്തെ തുടർന്ന് നൂറുകണക്കിനാളുകൾ മരണമടഞ്ഞിട്ടുണ്ട്‌. ആഗോളവ്യാപകമായി നൂറിലധികം വൻകിട അണക്കെട്ടുകളുടെ പരിസര പ്രദേശങ്ങളിൽ ഇത്തരം ജലാശയപ്രേരിത ഭൂചലങ്ങൾ ഉണ്ടാവുകയും വൻതോതിലുള്ള ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമായി തീരുകയും ചെയ്തിട്ടുണ്ട്‌. ആഗോളതാപനം മൂലമുണ്ടാകുന്ന പേമാരിയിലെ ഉരുൾപ്പൊട്ടലുകൾ സൃഷ്ടിക്കുന്ന അധികവെള്ളത്തിന്റെ പ്രകമ്പനശക്തിയെ ചെറുക്കുവാൻ നമ്മുടെ അണക്കെട്ടുകൾക്ക്‌ സാധ്യമല്ല. മുല്ലപ്പെരിയാർ ഡാം തകർന്നാൽ 9 ഡാമുകൾ തകരും. ഇടുക്കി, ചെറുതോണി, കുളമാവ്‌, മലങ്കര, ലോവർപ്പെരിയാർ, കല്ലാർകുട്ടി, ഭൂതത്താൻ കെട്ട്‌, ഇടമലയാർ എന്നീ ഡാമുകൾ തകരുമ്പോൾ ആറ്റം ബോംബിന്റെ 200 ഇരട്ടി ശക്തിയായിരിക്കും അതിനുണ്ടാവുക. 16,000 ച.കി.മീറ്റർ ഭൂപ്രദേശത്തെ അറബിക്കടലിൽ എത്തിച്ച്‌ പുതിയ ഒരു ദ്വീപ്‌ സൃഷ്ടിച്ചേക്കാം.


ലോകത്തിലെ ഒരു ഭൂപ്രദേശവും പൂർണ്ണമായും ഭൂകമ്പവിമുക്തമല്ല. പ്ലേറ്റ്‌ ടെക്ടോണിക്‌ സിദ്ധാന്തപ്രകാരം ഭൂമിയുടെ ബാഹ്യപടലം ഇരുപതോളം പാളികളാലാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. ഈ പ്ലേറ്റുകൾ നിശ്ചലങ്ങളല്ല. ഭൂമിയുടെ അന്തർഭാഗങ്ങളിൽ നിന്ന് പുറത്തേക്ക്‌ നീങ്ങുവാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉരുകിത്തിളച്ചു കൊണ്ടിരിക്കുന്ന ലാവയുടെ സമ്മർദ്ദം മൂലം ഈ പ്ലേറ്റുകൾ ചലിച്ചുകൊണ്ടിരിക്കും. ലിതോസ്പിയറിക്‌ പ്ലേറ്റുകൾ തമ്മിൽ ഉരഞ്ഞോ കൂട്ടിയിടിച്ചോ ഉണ്ടാകുന്ന ആഘാതങ്ങൾ മൂലമാണ്‌ ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടങ്ങളും സംഭവിക്കുന്നത്‌. തന്മൂലം ഈ പ്രവർത്തനം പർവ്വതങ്ങളുടെയും സമുദ്രഗർത്തങ്ങളുടെയും രൂപവൽക്കരണത്തിന്‌ കാരണമായിത്തീരും. ഇടുക്കിയിലെ സമീപകാല ഭൂചലങ്ങൾ ഇതുകൊണ്ടു മാത്രം സംഭവിച്ചിട്ടുള്ളതല്ല. ഇവിടെ അണക്കെട്ടുകളാണ്‌ വില്ലൻ. ഇടുക്കിയിൽ പുതിയ ഭ്രംശമേഖലകൾ രൂപപ്പെടുന്നതായി ശാസ്ത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്‌. പെരിയാർ, അച്ചൻകോവിൽ, തെന്മല എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ഭ്രംശമേഖലകൾ. ഇടമലയാർ, കമ്പം, ബാവേലി, ഭവാനി, കബനി, ഫുൻസൂർ, മാട്ടുപ്പെട്ടി എന്നിവയാണ്‌ കേരളത്തിലെയും സമീപത്തെയും പ്രധാനപ്പെട്ട വിള്ളലുകൾ. തൊട്ടടുത്ത തമിഴ്‌നാട്‌ പ്രദേശത്തേക്ക്‌ വ്യാപിച്ച്‌ കിടക്കുന്ന മോയാർ- കാവേരി, ഭ്രംശമേഖലകളുടെ സ്വാധീനവും കേരളത്തിൽ ഉണ്ടാകും. കമ്പംവാലി ഭ്രംശമേഖല, കണിയന്നൂർ, ഈരാറ്റുപേട്ട, തേക്കടി ഭ്രംശമേഖല എന്നിവ കൂടുതൽ സജീവമായിരിക്കുന്നു.


കോഴിക്കോടിനടുത്തുള്ള മാവൂരിൽ നിന്നു തുടങ്ങി പെരിന്തൽമണ്ണ വഴി ഒറ്റപ്പാലത്തുകൂടി പെരിങ്ങൽക്കുത്ത്‌- ഇടമലയാർ - ഭൂതത്താൻ കെട്ട്‌ - നേര്യമംഗലം - ഇടുക്കി വഴി കുളമാവ്‌ വരെയുള്ള ഇടമലയാർ വിള്ളലാണ്‌ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിള്ളൽ. 225 കി.മീറ്റർ ദൈർഘ്യം വരും ഇതിന്‌. 60 കി.മി.ദൈർഘ്യം വരുന്ന കുമളി - കമ്പം - ബോഡിനായ്ക്കനൂർ - തേനി വഴി കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക്‌ വ്യാപിച്ചു കിടക്കുന്ന വിള്ളലാണ്‌ കമ്പംവിള്ളൽ. വടക്കുപടിഞ്ഞാറൻ ദിശയിലുള്ള  ഇടമലയാർ വിള്ളലും തെക്ക്‌ കിഴക്ക്‌- വടക്ക്‌ പടിഞ്ഞാറൻ ദിശയിലുള്ള പെരിയാർ ഭ്രംശനമേഖലയും കൂടിച്ചേരുന്ന നേര്യമംഗലവും വളരെ സജീവമായ പെരിയാർ ഭ്രംശനമേഖലയും ഇടമലയാർ വിള്ളലും സന്ധിച്ച്‌ പോകുന്നതിന്‌ സമീപമാണ്‌ ഇടുക്കിഡാമും മുല്ലപ്പെരിയാർ ഡാമും സ്ഥിതി ചെയ്യുന്നത്‌. ഒരു കാരണവശാലും അണക്കെട്ടുകൾ നിർമ്മിക്കാൻ പാടില്ലാത്ത പ്രദേശമാണ്‌ ഇത്‌.  ജിയോഫിസിക്കലായിട്ടുള്ള പഠനം ഇല്ലാത്ത സിവിൽ എഞ്ചിനീയർമാരാണ്‌ ഡാം നിർമ്മിക്കുന്നത്‌. ഇടുക്കി അണക്കെട്ട്‌ ഡിസൈൻ ചെയ്ത എഞ്ചിനീയർ തന്നെ ഡിസൈൻ ചെയ്ത മറ്റൊരു അണക്കെട്ട്‌ 35 വർഷം മുമ്പ്‌ ഫ്രാൻസിൽ തകർന്നിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച റീഡേഴ്സ്‌ ഡൈജസ്റ്റിൽ വിശദമായ ലേഖനം വന്നിട്ടുള്ളതാണ്‌.


ഒരു നിമിഷം പോലും നിശ്ചലമാവാതെ അതിവേഗതയിൽ സ്വയംഭ്രമണവും സൂര്യനെ ചുറ്റിയുള്ള സഞ്ചാരവും ഒപ്പം നിർവ്വഹിക്കുന്ന ഗോളമാണ്‌ ഭൂമി. വേഗമേറിയ ഈ ചലനങ്ങൾ മൂലമോ, മറ്റ്‌ ഗ്രഹങ്ങളുടെ ആകർഷണ വികർഷണങ്ങൾ മൂലമോ, പരസ്പരം ഉരഞ്ഞുകൊണ്ടുള്ള ലിതോസ്ഫിയറിക്‌ പ്ലേറ്റുകളുടെ ചലനം മൂലമോ ഭൂമിയുടെ ബാഹ്യപടലത്തിൽ ആഴമേറിയ വിള്ളലുകൾ ഉണ്ടാകുന്നു. ഇങ്ങനെ വിള്ളലുകൾ വന്ന് ഭൂമി ചിതറിപ്പോകാതിരിക്കാൻ, ഇവയുണ്ടാകുമ്പോൾ തന്നെ അടയ്ക്കപ്പെടുന്നുമുണ്ട്‌. അതിവേഗതയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൗമകേന്ദ്രത്തിലുണ്ടാകുന്ന അപകേന്ദ്രപ്രവർത്തനം പമ്പരം കറങ്ങും പോലെയോ പാൽ ടെസ്റ്റ്‌ ചെയ്യാവുന്ന ഉപകരണം പ്രവർത്തിക്കുംപോലെയോ സെൻട്രിഫ്യൂജൽ ആക്ഷൻ നടത്തുകയും തന്മൂലം ഉരുകി തിളച്ചുകൊണ്ടിരിക്കുന്ന ലാവ ഈ വിള്ളലുകളിലേക്ക്‌ അടിച്ചുകയറ്റപ്പെടുകയും ഇത്‌ പിന്നീട്‌ ഉറഞ്ഞ്‌ കട്ടിയായി വിള്ളൽ അടഞ്ഞുപോകുകയും  ചെയ്യുന്നു.      


ഭൗമപാളികളിലുണ്ടാകുന്ന പ്രത്യേകചലനങ്ങൾ മൂലം ചിലപ്പോൾ ഈ പ്രവർത്തനം വേണ്ട രീതിയിൽ നടക്കാതെ വരും. ഇങ്ങനെയാണ്‌ ഭ്രംശമേഖലകൾ രൂപപ്പെടുന്നത്‌. ഇത്തരം ഭ്രംശമേഖലകളിൽ പാളികൾ പരസ്പരം ഉരഞ്ഞും ഒന്നിനുമേൽ മറ്റൊന്നു കയറിയും കൂട്ടിയിടിച്ചും ഭൂകമ്പങ്ങൾ ഉണ്ടാകുന്നു. ഇത്തരം ഭൂകമ്പങ്ങൾ ഒരിക്കലും ആവർത്തിച്ചു വരില്ല. ഒരുപാടു വർഷങ്ങൾ ഈ പ്രക്രിയയ്ക്കു വേണ്ടിവരും. ഇടുക്കിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ലീനിയമെന്റുകളാൽ നിർമ്മിതമായിട്ടുള്ള നദിക്ക്‌ കുറുകെ അണക്കെട്ട്‌ നിർമ്മിച്ചതുമൂലമുള്ള പ്രശ്നങ്ങളാണ്‌. സാധാരണയായി വൃഷ്ടിപ്രദേശത്ത്‌ മഴ പെയ്തുണ്ടാകുന്ന വെള്ളം നേർരേഖയിലൂടെ ഒഴുകി പിന്നീട്‌ അത്‌ നദിയായി പരിണമിക്കുകയാണ്‌. എന്നാൽ പെരിയാർ നദി ലീനിയമെന്റുകളാൽ രൂപീകൃതമായതാണ്‌.  ഫ്രെയിം ഉള്ള ഒരു കണ്ണാടി നിലത്തു വീഴുമ്പോൾ പൊട്ടലും വെടിച്ചിലും സംഭവിക്കും പോലെ ഭൂമിയുടെ ഉപരിതലം ഒട്ടാകെ പൊട്ടലും വിള്ളലും സംഭവിച്ചിട്ടുള്ള മേഖലയാണ്‌ ലീനിയമെന്റ്‌. ലീനിയമെന്റിനു ചില സ്ഥലങ്ങളിൽ വളരെ ആഴം കൂടുതൽ ഉണ്ടാകും. ഇതിനു കുറുകെ അണക്കെട്ട്‌ ഉണ്ടാക്കിയാൽ അവിടെ കെട്ടിനിൽക്കുന്ന വെള്ളം ജലസ്തൂപമായി ഭൂവൽക്കം ഭേദിച്ച്‌ ഭൂമിക്കടിയിലുള്ള തിളച്ചുമറിയുന്ന ലാവയുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും തന്മൂലം വൻതോതിലുള്ള വാതകം ഉണ്ടാകുകയും ഇതിനെ പുറംതള്ളാനുള്ള ശ്രമം കൊണ്ട്‌ പ്രകമ്പനങ്ങളും ചെറുചലനങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. 1988 ൽ ഇടുക്കിയിലെ നെടുംകണ്ടം പ്രഭവകേന്ദ്രമായി റിച്ചർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ  ഭൂചലനമുണ്ടായപ്പോഴാണ്‌ ഇത്തരം ഒരു പഠനം ആദ്യമായി നടന്നത്‌. 


ദുരന്തങ്ങൾ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്‌ പകരം കൂടുതൽ ദുരന്തങ്ങൾ ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ്‌ അധികാരികൾ. തലങ്ങും വിലങ്ങും ഭ്രംശമേഖലകളുള്ള ഇടുക്കിയിൽ വീണ്ടും വീണ്ടും അണക്കെട്ട്‌ നിർമ്മിക്കാൻ കേരളീയനെക്കൊണ്ട്‌ 'യെസ്സ്‌' പറയിക്കുവാനുള്ള ഭഗീരഥപ്രയത്നത്തിലാണ്‌ ഭരണാധികാരികൾ. അപകടരഹിതമായി അണക്കെട്ടുകൾ ഡീകമ്മീഷൻ ചെയ്യാൻപോലും നമുക്കറിയില്ല. ഇന്ന് മുല്ലപ്പെരിയാറിന്റെ പേരിലുള്ള ആശങ്ക പുതിയ ഡാം നിർമ്മിച്ച്‌ അത്‌ പരിഹരിച്ചാലും 2035 ൽ ഇടുക്കി അണക്കെട്ട്‌ കാലഹരണപ്പെട്ട്‌ ദുരന്തഭീഷണി ഉയർത്തും. അന്ന് ജീവിച്ചിരിക്കുന്നവർ അതിന്റെ ആശങ്കയും ഉത്കണ്ഠയും പേറി അസ്വസ്ഥരാകും. ഏറ്റവും കൂടുതൽ കാലഹരണപ്പെട്ട അണക്കെട്ടുകൾ നിലനിൽക്കുന്നത്‌ അമേരിക്കയിലും ചൈനയിലുമാണ്‌. കാലഹരണപ്പെട്ടു പോകുന്ന 47000 അണക്കെട്ടുകൾ പുതുക്കിപ്പണിയണമെങ്കിൽ മാനവരാശിയുടെ ഇതുവരെയുള്ള മുഴുവൻ സമ്പാദ്യവും വിനിയോഗിച്ചാലും മതിയാവില്ല.


ആരോഗ്യകരമായ പരിസ്ഥിതിയും ആധുനികമനുഷ്യന്റെ വികസനസങ്കൽപ്പവും തമ്മിൽ വിപരീതാനുപാതബന്ധമാണുള്ളത്‌. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ലോകം വികസനപാതയിലൂടെ ഒരുപാട്‌ മുന്നേറി. ഇതേ കാലയളവിൽ തന്നെയാണ്‌ പരിസ്ഥിതിയ്ക്ക്‌ മാരകമായ ക്ഷതവും സംഭവിച്ചത്‌. പരിസ്ഥിതിക്കേറ്റ ഈ ആഘാതം ദാരിദ്ര്യത്തിലേക്കും സർവ്വനാശത്തിലേക്കുമാണ്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌. ഇന്നത്തെ വികലമായ വികസനസങ്കൽപവും ഒരുപിടിയാളുകളുടെ ദുരയും ഭൂമിയുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നു. വ്യക്തിപരമായ നഷ്ടങ്ങളെ നാം വലിയ ഗൗരവത്തോടെ കാണുമ്പോൾ പൊതുവായ നഷ്ടത്തെ ലാഘവത്തോടുകൂടി കാണുന്നു. എന്ന വിരോധാഭാസമാണ്‌ ഇവിടെ സംഭവിക്കുന്നത്‌. വംശഹത്യയിലേക്ക്‌ നയിക്കുന്ന ഇത്തരം വികസനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ജനകീയമായ പ്രതിരോധമാണ്‌ മുല്ലപ്പെരിയാർ പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഉയർന്നുവരേണ്ടത്‌.  

O


PHONE : 9947154564







No comments:

Post a Comment

Leave your comment