സതീഷ്കുമാർ.കെ |
അകലെയുള്ള ശിവക്ഷേത്രത്തിൽ നിന്നും ആട്ടം കണ്ടുകഴിഞ്ഞ് മടങ്ങിയെത്തിയ രഘുരാമൻ ഉറക്കക്ഷീണം വകവെയ്ക്കാതെ പതിവ് ആറരയുടെ ടൈപീസ് അലാറത്തിൽ നിന്നുമുണർന്ന് 'വെങ്കിടേശ്വര സുപ്രഭാത'ത്തിനായി കാതോർത്തു. കിടക്ക വിട്ടെഴുന്നേറ്റ് ഓഡിയോ കാസറ്റ് പ്ലെയറിൽ സുപ്രഭാതം ഓടിച്ച്, പരദൈവങ്ങളെ പ്രാർത്ഥിക്കുന്നതുപോലെ കണ്ണടച്ച് സ്വരമാധുരിയിൽ ലയിച്ച് അൽപനേരം സ്വയം ഏകാന്തതയിൽ ചുറ്റി. ധ്യാനത്തിൽ നിന്നും കണ്ണുതുറന്നപ്പോൾ ചുവരിൽ പിടിപ്പിച്ചിരുന്ന കഥകളി രൂപങ്ങൾ മുഖം തെറിപ്പിച്ച് മനോധർമ്മമാടി ഏകാന്തതയ്ക്ക് തുരങ്കം വെക്കുന്നതായി അയാൾക്ക് തോന്നി. പതിവായി റസിയ കൊണ്ടുവരുന്ന ചൂടുചായ വൈകുന്നതിൽ രഘുരാമന് നിരാശയും തലവേദനയും തോന്നിത്തുടങ്ങിയിരുന്നു. ചുവരിൽ തൂങ്ങി നൃത്തം ചവിട്ടുന്ന ക്ലോക്കിലെ പെൻഡുലത്തെയും അതിലെ സൂചികളുടെ മാരത്തോൺ ഓട്ടവും കണ്ടുപകച്ച രഘുരാമൻ, പുലർകാലേ എഴുന്നേറ്റ് ഭക്ഷണത്തിന് ജന്മം കൊടുത്തു കൊണ്ടിരിക്കുന്ന, റസിയയെ വിളിച്ചു മുന്നറിയിപ്പ് കൊടുക്കാതെ ബാത്ത്‌റൂമിലേക്കോടി.
ചുവരിൽ ഒട്ടിച്ചിരിക്കുന്ന കഥകളി രൂപങ്ങളുടെ രസഘടനയിൽ അനുനിമിഷം വ്യത്യസ്തത തെളിയുന്നുവെന്ന് ശ്രദ്ധിച്ചുകൊണ്ട് പ്രഭാതകാര്യങ്ങൾ സാധിച്ചുവന്ന അയാൾ ഷേവിംഗ് സെറ്റുമെടുത്തുകൊണ്ട് പ്രതിരൂപത്തിന്റെ മുഖം പോളിഷ് ചെയ്യാൻ പുറപ്പെട്ടു. കഥകളി രൂപത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ രസങ്ങൾ ഒൻപതല്ല എന്നയാൾക്ക് മനസ്സിലായി. എണ്ണം കണ്ടെത്താൻ കഴിയാത്ത രസഭേദങ്ങളാണ് കഥകളിരൂപങ്ങൾ ലോകത്തെ വരച്ചുകാട്ടുന്നത്.
അപ്പോഴേക്കും പുകയൂതുന്ന ചായക്കപ്പ് മേശമേൽ വെച്ച് റസിയ അയാളുടെ മിനുങ്ങുന്ന മുഖമുള്ള പ്രതിരൂപത്തെ നോക്കി ചിരിച്ചു. അവളുടെ പുഞ്ചിരിയിൽ തുടുത്ത ചുണ്ട് ശരം തൊടുത്തു വെച്ചിരിക്കുന്ന വില്ലുപോലെ വളഞ്ഞ് മനോഹരമായി. ആ മുഖത്ത് ആട്ടക്കാരന്റെ ആംഗ്യഭേദങ്ങൾ നിഴലിക്കുന്നുവോ എന്ന് രഘുരാമൻ സംശയിച്ചു.
പതിഞ്ഞ സ്വരത്തിൽ പറയുവാനാണ് റസിയ ആഗ്രഹിച്ചതെങ്കിലും തൊണ്ടക്കുഴിയിൽ കഫം കുരുങ്ങിയാലെന്ന പോലെ പരുഷമായി റസിയയുടെ സ്വരം ഉയർന്നിരുന്നു. രഘുരാമൻ ശബ്ദത്തിന്റെ തരംഗദൈർഘ്യം അവഗണിച്ചു.
"കേമം തന്നെ. കഥ നളചരിതമാകുമ്പോൾ അങ്ങനെയല്ലാണ്ടാക്വോ? എനിക്ക് ഹംസത്തെയാണിഷ്ടം. ഇണകളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ജീവിതം സാഫല്യം നിറഞ്ഞതു തന്നെ. ഇന്നലെ എന്നെ അമ്പരപ്പിച്ചതും നളസവിധത്തിലെത്തിച്ചതും കൃഷ്ണൻനായരുടെ മനോധർമ്മാട്ടമായിരുന്നു. എന്താ ഭാവം ! എന്താ രസം !?"
കഥകളി നടന്റെ മെയ്‌വഴക്കത്തോടെ ഇരുകൈകളും വായുവിൽ ചലിപ്പിച്ച് ആംഗികസത്ത ഉൾക്കൊണ്ടുകൊണ്ട് രഘുരാമൻ ചുവരിൽ ഒട്ടിച്ചിരുന്ന കഥകളി രൂപത്തെ നോക്കി. അത് ശൃംഗാര രസത്തിൽ ചിരിച്ചുകാട്ടി.
" ഇന്നത്തെ ക്ലാസ് എട്ടരയ്ക്കാണുള്ളതെന്ന് മറന്നിട്ടുണ്ടോ?" റസിയ ഓർമ്മിപ്പിച്ചു.
"അറിയാവുന്നതു കൊണ്ടാണല്ലോ ധൃതിപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നത്."
അയാൾ വേഗത്തിൽ ഷേവിംഗ് പൂർത്തിയാക്കി മുഖം കഴുകി, ചായ മൊത്തിക്കൊണ്ട് ഡ്രസിംഗ് റൂമിലേക്കോടി.
രഘുരാമൻ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അതിന്റെ ഭംഗി ആസ്വദിക്കുകയല്ലാതെ റസിയ ഒന്നും സംസാരിച്ചില്ല. ഭക്ഷണം ദേവതയാണെന്നും ഭക്ഷണസമയത്ത് നാവ് കൂവി ബഹളമുണ്ടാക്കിയാൽ ദേവത അപമാനിതയാകുമെന്നും ഇതിനുമുമ്പ് പലതവണ രഘുരാമൻ റസിയയോട് പറഞ്ഞിരുന്നു.
ഭക്ഷണം കഴിഞ്ഞ്, ഇരുനിലവീടിന്റെ മുകൾനിലയിൽ പൂച്ചെടികൾ ചട്ടികളിൽ ഒരരികത്ത് നിരത്തിവെച്ചിരുന്ന വരാന്തയിലൂടെ ഉലാത്തുവാൻ തുടങ്ങിയ രഘുരാമൻ, ഇന്ദ്രജാലക്കാരന്റെ കൈകളിൽ പ്രത്യക്ഷപ്പെടുന്ന നിറമുള്ള വസ്തുക്കൾ പോലെ, ദൂരെ വളവിൽ എത്തിനോക്കി മറയുന്ന വാഹനങ്ങളെ നോക്കി നിന്നു. തന്റെ സാധ്യതകൾക്ക് മീതെയാണ് കരിങ്കല്ലിലെ ആ മാളിക എന്നയാൾക്കറിയാമായിരുന്നു. വീടു കഴിഞ്ഞാൽ ജീവിതത്തിന്റെ ലക്ഷ്യം ടൂവീലറും അതുകഴിഞ്ഞാൽ മാരുതിയുമായിരിക്കണം. ദൂരെ വളവിൽ പ്രത്യക്ഷപ്പെട്ട മാരുതിയുടെ നിറം ചുവന്നതാണെന്നു മനസ്സിലായപ്പോൾ രോമാവൃതമായ നെഞ്ചിനുള്ളിൽ കേളികൊട്ട് തുടങ്ങി.
രഘുരാമന്റെ മനസിൽ നിറഞ്ഞത് കീചകവധം ആയിരുന്നു. റസിയയ്ക്ക് നിർദ്ദേശങ്ങൾ നൽകി രഘുരാമൻ ബാത്ത്‌റൂമിലൊളിച്ചു. ശൂന്യതയിൽ പ്രത്യക്ഷമായ ദൈവത്തെപ്പോലെ, പോർച്ചിൽ നിരങ്ങിനിന്ന ചുവന്ന മാരുതിയിൽ നിന്നും അക്കൗണ്ടന്റ് രാജമോഹനൻ ടൈൽസ് പാകിയ സിറ്റൗട്ടിൽ പ്രവേശിച്ചു. കോളിംഗ് ബെൽ അമർത്തുന്നതിനു മുൻപ് വാതിൽ തുറന്ന് റസിയ വായ് നിറയെ പൂക്കൾ വിടർത്തി.
"രഘുരാമനെവിടെ?" രാജമോഹനന്റെ പതിഞ്ഞുറഞ്ഞ ശബ്ദം ബാത്ത്‌റൂമിലിരുന്ന രഘുരാമൻ തുപ്പലിനൊപ്പം വിഴുങ്ങി. "കീചകനെത്തിയിരിക്കുന്നു." രഘുരാമൻ ഉള്ളിൽ പറഞ്ഞു. അറിയാതെ അയാളുടെ കൈ ഷവറിന്റെ പിടി തിരിച്ചു. വെള്ളം ഒളിയമ്പുകളായി അയാളിൽ തറയ്ക്കാൻ തുടങ്ങി.
മുറിക്കുള്ളിൽ പ്രവേശിച്ച് മിനുസമാർന്ന സെറ്റിയിലമർന്ന് രാജമോഹനൻ വീണ്ടും രഘുരാമനെ അന്വേഷിച്ചു.
"ഇന്നു രാവിലെ പുറപ്പെടും മുമ്പും സാറിനെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നു." റസിയ സൈരന്ധ്രിയുടെ ഭാഗം ആടാൻ തുടങ്ങി. "അദ്ദേഹത്തിന്റെ ചെറിയച്ഛന്റെ മകൻ ഭാസ്കരൻ ഗൾഫിൽ നിന്നും ഇന്നലെയെത്തി. അദ്ദേഹം ആവശ്യപ്പെട്ട തുക അപ്പോൾ തന്നെ നൽകി." റസിയ പദം പാടി.
"മകളുടെ ഭർത്താവ് ബിസിനസ് നടത്താൻ ലക്ഷ്യമിട്ടിരുന്ന പണമാണ് ഈ വീടിനെ വളർത്തിയത്. ചത്ത പണം! പക്ഷേ എനിക്കിപ്പോളത് കൂടിയേ തീരൂ." രാജമോഹനൻ പോക്കറ്റിൽ നിന്നും കാൽകുലേറ്റർ എടുത്ത് ഒരു കമ്പ്യൂട്ടർ വിദഗ്ദനെപ്പോലെ അതിന്റെ കട്ടകളിൽ അമർത്താൻ തുടങ്ങി. കീചകൻ രൗദ്രരസത്തിലാണെന്ന് ബാത്ത് റൂമിലിരുന്ന് നനഞ്ഞ രഘുരാമൻ മനസിലാക്കി.
"സാറിരിക്കണം. കുടിക്കാനെടുക്കാം." റസിയ പദം പാടി അകത്തേക്ക് നീങ്ങിയപ്പോൾ എതിർ ചുവരുകളിൽ പതിച്ചിരുന്ന കണ്ണാടികൾക്കിടയിലിരുന്ന് അനേകം രാജമോഹനന്മാർ ചുവരിൽ തൂക്കിയിട്ടുള്ള കഥകളി ശിരസുകളിലും റൂഫിൻ പാകിയിട്ടുള്ള ഓടിന്റെ ചിത്രപ്പണികളിലും പല കോണുകളിൽ വീക്ഷിച്ചു. അയാൾ ധരിച്ചിരുന്ന സിൽക്ക് ജൂബ്ബയുടെ തെളിമയിൽ മുറിയിൽ സൂര്യനുദിച്ചു. ഷോകേസിലെ കറുത്തകണ്ണുള്ള കുരങ്ങൻ രാജമോഹനനെ തുറിച്ചുനോക്കി. റസിയയുടെയും രഘുരാമന്റെയും കുട്ടികൾക്ക് കളിക്കുവാനായി അവരുടെ വിവാഹദിവസം തന്നെ രാജമോഹനൻ സമ്മാനിച്ചതായിരുന്നു അത്. ഞാൻ ഇവിടെ പ്രതിമയായിട്ട് നാലുവർഷമായി എന്ന് അത് വിളിച്ചുപറയുന്നതായി രാജമോഹനന് തോന്നി.
ട്രേയിൽ പാൽ, മദ്യം, സോഡ ഇവയുമായാണ് റസിയ എത്തിയത്.
"സാറിന് താൽപര്യമുള്ളതെടുക്കാം." ചോയ്സ് രാജമോഹനന് നൽകി റസിയ പുഞ്ചിരിച്ചു.
"പ്രഭാതത്തിലെ മദ്യം വിറയലിന്റെ സിദ്ധൗഷധമാണ്." അയാൾ ഗ്ലാസിൽ മദ്യവും സോഡയും നിറച്ച് മൂക്കിനു താഴെ ചരിച്ചപ്പോൾ റസിയ കഥകളി സംഗീതമാലപിക്കാൻ തുടങ്ങി.
"പടച്ചവൻ വലിയവൻ! ഊട്ടിയിലെ അഗാധമായ കൊല്ലിയിലേക്ക് ഇന്നലെ മുഖമടിച്ച് വീണത് അദ്ദേഹത്തിന്റെ അമ്മാവന്റെ കാറാണ്. ടെലഫോൺ വാർത്ത എത്തിച്ചത് രാവിലെയും! ഉടൻ തന്നെ അദ്ദേഹം അവിടേയ്ക്ക് തിരിച്ചു."
റസിയയുടെ സംഗീതം തുടരാനനുവദിക്കാതെ ഗ്ലാസ് തീർത്ത് ചിറി തുടച്ചുകൊണ്ട് രാജമോഹനൻ എഴുന്നേറ്റു. ഗേറ്റിങ്കൽ വെച്ച് പണത്തിന്റെ ഇപ്പോഴുള്ള തന്റെ ബുദ്ധിമുട്ടും പണം കിട്ടുന്നില്ലായെങ്കിൽ താൻ കൊലയാളി ആയേക്കുമെന്നും ഭീഷണിയുടെ സ്വരത്തിൽ അറിയിച്ചിട്ടാണ് രാജമോഹനൻ കാറിന്റെ ഗിയർമാറ്റി ഓടിച്ചുപോയത്.
നനഞ്ഞ രഘുരാമൻ, വസ്ത്രം മാറിവന്ന് കഥകളി രൂപത്തെ നോക്കിയപ്പോൾ ഭയാനകത എഴുന്നു നിന്നിരുന്നു. റസിയയെ ചുംബിച്ച് യാത്ര പറഞ്ഞ്, നിരത്തുവക്കിലെ ഓടയിലേക്ക് നിരനിരയായി എതിരേ ഇരിക്കുന്നവന്റെ ജനനേന്ദ്രിയം നോക്കിരസിച്ച് വെളിക്കിറങ്ങുന്ന കോളനിക്കുട്ടികളുടെ ഉച്ചത്തിലുള്ള തെറിവിളി കേട്ട് പാരലൽ കോളേജിലേക്ക് ബൈക്കിൽ എത്തിയ രഘുരാമനു ചുറ്റും അധ്യാപകർ പത്മവ്യൂഹം ചമച്ചു.
"സാർ, ഇന്നൊരു തീരുമാനമെടുത്തേ പറ്റൂ." ഹിസ്റ്ററി പഠിപ്പിക്കുന്ന രാജു അക്ഷമയോടെ പറഞ്ഞു. തലേദിവസത്തെ ആട്ടക്കഥാഭാവങ്ങൾ മനസിൽ കണ്ട് മയങ്ങിയിരുന്ന രഘുരാമൻ രാജുവിന്റെ ശബ്ദത്തിൽ ഉണർന്നു.
"ഇവിടെ പഠിപ്പിച്ചുള്ള മോക്ഷം ഞങ്ങൾക്കുവേണ്ട. മൂന്നുമാസത്തെ ശമ്പളക്കുടിശ്ശിക ഇന്നു തീർത്തേ പറ്റൂ. സമൂഹത്തിന്റെ വഞ്ചകനാണ് നിങ്ങൾ. ഞങ്ങളുടെ ശമ്പളവും നിങ്ങൾ മാളികയുടെ ഉയരം വർദ്ധിപ്പിക്കാനെടുത്തു കാണും."
കിതപ്പടക്കിക്കൊണ്ട് രാജു നിന്നപ്പോൾ രഘുരാമൻ ശാന്തതയോടെ ചോദിച്ചു; രാജു കഥകളി പഠിച്ചിട്ടുണ്ടോ? മുഖത്തെ രസഭേദങ്ങളിൽ താനൊരു മനോധർമ്മമാട്ടക്കാരനാണ്.
കൈയിൽ രോഷം നിറച്ച് മുന്നോട്ട് കുതിച്ച രാജുവിനെ തടഞ്ഞുകൊണ്ട് മലയാളം മാഷ് തോമസ് വൈദ്യൻ പറഞ്ഞു. "പ്രിൻസിപ്പൽ സ്പീക്കറല്ല." കീശയിൽ നിന്നും നോട്ടുകെട്ടുകൾ വാരി രഘുരാമനെ ഏൽപ്പിച്ച് തോമസ് വൈദ്യൻ മനോഹരമായി പുഞ്ചിരിച്ചു.
അധ്യാപകർക്ക് ഫീസ് നൽകിയ ശേഷം, രഘുരാമൻ തോമസ് വൈദ്യനുമായി കഥകളിയിലെ രസഭേദങ്ങൾ ചർച്ച ചെയ്തു. നടന്റെ മനോധർമ്മമാട്ടമാണ് ഏറ്റവും സവിശേഷതയാർന്നത് എന്നുപറഞ്ഞ് രഘുരാമൻ തോമസ് വൈദ്യന്റെ തോളിൽ തട്ടി.
വീട്ടിനുള്ളിൽ ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ റസിയ ഷോകേസിൽ നിന്നും കറുത്ത കണ്ണുള്ള കുരങ്ങനെ എടുത്ത് ലാളിക്കുവാൻ തുടങ്ങി. അപ്പോൾ റസിയയുടെ അന്ത:രംഗത്തിലെ മനോധർമ്മമാട്ടക്കാരൻ അവളുമായി സംസാരിച്ചു.
"ലാളിക്കുവാൻ കുട്ടികളില്ലാത്ത നീ വിധവ തന്നെയാണ്." റസിയയുടെ കണ്ണുകളിൽ ജലകണങ്ങൾ പൊടിഞ്ഞു.
"നിന്റെ ഭർത്താവ് ശവമഞ്ചത്തിലാണ്. നീ കരഞ്ഞ് അത് ലോകത്തെ അറിയിച്ചോളൂ."
അന്ത:രംഗത്തിലെ മനോധർമ്മമാട്ടക്കാരൻ അവളെ കുറ്റപ്പെടുത്തിയപ്പോൾ അതു ശരിതന്നെയാണെന്ന് റസിയയ്ക്ക് തോന്നി. കണ്ണുനീർ തുടച്ചിട്ട് അവൾ ബ്ലൗസിനുള്ളിലേക്ക് കറുത്ത കണ്ണുള്ള കുരങ്ങനെ കയറ്റി, അതിനു മുല കൊടുക്കുവാൻ തുടങ്ങി.
പാരലൽ കോളെജിൽ നിന്നും മടങ്ങി വന്ന രഘുരാമൻ ടി.വിയിൽ കണ്ണ് കുത്തിയിറക്കി സമയം കൊന്നുകൊണ്ടിരുന്നപ്പോഴാണ് കോളിംഗ് ബെല്ലമർത്താതെ ഷംസുദ്ദീൻ ചാരിയിരുന്ന ചിത്രപ്പണികളുള്ള വാതിൽ തുറന്ന് അകത്തേക്ക് വന്നത്. അയാൾ തന്റെ കൈവശമുണ്ടായിരുന്ന കവർ രഘുരാമനെ ഏൽപ്പിച്ചു.
രഘുരാമന്റെ കലങ്ങി ചുവന്ന വരകളുള്ള കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കി ഷംസുദ്ദീൻ പറഞ്ഞു. "വാണിംഗ് ലെറ്റർ. അടുത്ത മാസം മുതൽ എനിക്ക് ശമ്പളമില്ല. തനിക്ക് ലോണെടുക്കാൻ ജാമ്യം നിന്ന എനിക്കുള്ള സമ്മാനം." രഘുരാമൻ നിർവ്വികാരനായി പറഞ്ഞു. "ദു:ഖമുണ്ട്. പക്ഷെ, ഞാൻ നിസ്സഹായനാണ്." വാക്കുകളുടെ പൊരുൾ മനസിലാകാതെ ഷംസുദ്ദിന്റെ കണ്ണ് പുറത്തേക്കിറങ്ങുന്നതു നോക്കി രഘുരാമൻ തുടർന്നു. "ഇപ്പോൾ എന്റെ കൈവശം പണമില്ല. താൻ ഒരു വർഷത്തേക്ക് സഹിച്ചേ പറ്റൂ."
"ദ്രോഹി!" ഷംസുദ്ദീൻ അലറി.
"ബഹളം വെയ്ക്കരുത് !"
രഘുരാമൻ രൗദ്രഭീമനെ മുഖത്തെ അരങ്ങത്ത് നിർത്തി. "തന്നേക്കാൾ മിടുന്മാരെ കണ്ടിരിക്കുന്നു. ഇപ്പോൾ തനിക്ക് പോകാം. ചെയ്തു തന്ന സഹായത്തിന്, പണത്തിനു പകരം നന്ദി." രഘുരാമൻ ഷംസുദ്ദീനെ ഗേറ്റിനു വെളിയിലാക്കി.
ഷോകേസിൽ നിന്നും കറുത്ത കണ്ണുള്ള കുരങ്ങനുമായി റസിയ രഘുരാമന്റെ മുന്നിലെത്തി. അവൾ അപ്പോഴും അതിനു അമ്മയുടെ വാത്സല്യത്തോടെ മുല കൊടുക്കുന്നുണ്ടായിരുന്നു.
"ഞാൻ മടുത്തു." റസിയ പറഞ്ഞു.
"വിവാഹത്തിന്റെ നാലാം വർഷം നാലുവയസുള്ള കുട്ടിയെ ദത്തെടുക്കാം." രഘുരാമൻ ആശങ്കയോടെ റസിയയെ നോക്കി.
"നിന്നെ ചതിക്കുവാൻ നോക്കുന്നു." അന്ത:രംഗത്തിലെ മനോധർമ്മമാട്ടക്കാരൻ റസിയയ്ക്ക് മുന്നറിയിപ്പ് കൊടുത്തു.
"അതുവേണ്ട നമുക്കുള്ളത് മതി. അന്യന്റേത് മനം പുരട്ടലുണ്ടാക്കും." പെട്ടെന്ന് റസിയ രഘുരാമനോട് പറഞ്ഞിട്ട് മൗനമായി മനോധർമ്മമാട്ടക്കാരന് നന്ദി നൽകി.
ചായസമയത്താണ് തോമസ് വൈദ്യൻ അടുത്ത മൂന്നുദിവസങ്ങളിൽ ദേവീക്ഷേത്രത്തിൽ തുടർച്ചയായി കഥകളി ഉണ്ടെന്ന വിവരം നോട്ടീസ് മുഖേന രഘുരാമനെ അറിയിക്കാൻ എത്തിയത്. രഘുരാമൻ തോമസ് വൈദ്യന് തോളിൽ തട്ടി നന്ദി പറഞ്ഞു. തോമസ് വൈദ്യന്റെ കണ്ണുകൾ റസിയയിൽ പതിച്ചപ്പോൾ അവൾ കാൽവിരൽ കൊണ്ട് നിലത്ത് വൃത്തം വരയ്ക്കുന്നത് രഘുരാമൻ ശ്രദ്ധിച്ചു. അയാൾ ചുവരിലെ കഥകളി രൂപങ്ങളിലോരോന്നിലും മാറിമാറി നോക്കി മനോധർമ്മമാടലുകൾ വ്യത്യസ്തമാണെന്നുറപ്പ് വരുത്തി.
"നിന്റെ വൈധവ്യം നഷ്ടപ്പെട്ടേക്കും." അന്ത:രംഗത്തിലെ മനോധർമ്മമാട്ടക്കാരൻ റസിയയ്ക്ക് സൂചന നൽകി. അവൾ സ്നേഹത്തോടെ കറുത്ത കണ്ണുകളുള്ള കുരങ്ങനെ മറോട് ചേർത്തു.
"ആട്ടം കാണാൻ ഞാനുമുണ്ടാകും." ഗേറ്റ് കടന്നപ്പോൾ തോമസ് വൈദ്യൻ രഘുരാമനോട് പറഞ്ഞു. രഘുരാമന് സന്തോഷം തോന്നി.
ഉത്സവപ്പറമ്പിൽ ആട്ടം നിഴൽക്കുത്തായിരുന്നു. അതിൽ മയങ്ങി താളം പിടിച്ചിരുന്ന രഘുരാമൻ ഇടയ്ക്കിടെ തോമസ് വൈദ്യനെ ചുറ്റും തിരഞ്ഞു.
രാത്രി രണ്ടുമണിക്ക് റസിയയുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന തോമസ് വൈദ്യൻ ഷോകേസിലിരുന്ന കറുത്ത കണ്ണുള്ള കുരങ്ങനെ നീട്ടി റസിയയോടു പറഞ്ഞു. " ഇനി ഇവനെ സൂക്ഷിച്ചു വെച്ചുകൊള്ളൂ. ഇവൻ മനോധർമ്മമാടാൻ തുടങ്ങിയിരിക്കുന്നു."
തോമസ് വൈദ്യം ഇരുട്ടിന്റെ മഞ്ഞിലൂടെ ബൈക്കിൽ പറന്നപ്പോൾ ചുവരിൽ ഒട്ടിച്ചിരുന്ന കഥകളിരൂപങ്ങൾ ഉറക്കെ ചിരിക്കാൻ തുടങ്ങിയിരുന്നു.
അന്ത:രംഗത്തിലെ മനോധർമ്മമാട്ടക്കാരൻ റസിയയ്ക്ക് സൂചന നൽകി."നിന്റെ വൈധവ്യം നഷ്ടപ്പെട്ടിരിക്കുന്നു."
O
(1998 ലെ കേരളാ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ഈ കഥ, പഴയ താളുകൾക്കിടയിൽ നിന്ന് കണ്ടെടുത്തത്.)
PHONE : 9037577265
Hai...
ReplyDelete