കഥ
ടി.സി.വി.സതീശൻ
കോളിംഗ് ബെല്ലിന്റെ മുഴക്കം കേട്ട് ഞാൻ വാതിൽ തുറന്നു, സുന്ദരിയായ ഒരു ചെറുപ്പക്കാരി ഉപചാരവാക്കുകൾ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി, സമ്മതമാവശ്യമില്ലെന്ന മട്ടിൽ സ്വീകരണമുറിയിലെ കസേരയെടുത്ത് അവൾ ഇരുന്നു. തന്റെ മുഴുപ്പുള്ള ശരീരാവയവങ്ങൾ സിനിമാകൊട്ടക പോലെ പ്രദർശിപ്പിച്ച്, ഇത്തിരി പ്രകോപനം ഒളിപ്പിച്ച കണ്ണുകളിലൂടെ അവൾ എന്നെ നോക്കി ചിരിച്ചു.
സാർ, ഞാൻ സുനിതാ നാരായൻ...... കമ്പനിയുടെ സെയിൽസ് പ്രമോട്ടർ, ഇതുവരെ ആരും സമീപിക്കാത്ത ഒരു ഉൽപ്പന്നവുമായാണ് ഞാൻ വരുന്നത്, നല്ല ആക്സന്റോടെ അവൾ അതു പറഞ്ഞപ്പോൾ എന്റെ ആകാംക്ഷ കൂടി, എന്തായിരിക്കും ഈ സുന്ദരിക്കോത എനിക്കായി കരുതിവെച്ചിരിക്കുന്നത്? കഴുത്തു നീട്ടി ഭാര്യ അകത്തില്ല എന്നുറപ്പുവരുത്തിയ ശേഷം ഞാൻ അവളുടെ വാക്കുകൾക്കായി കാതുകളെ ഒരുക്കി നിർത്തി.
നാരായൻ .... പറയൂ ... കേൾക്കാനെനിക്ക് ധൃതിയായി, അവളുടെ മാറിൽ തറഞ്ഞു നിന്ന എന്റെ കണ്ണുകളെ തിരിച്ചെടുത്തുകൊണ്ട് ഞാൻ പറഞ്ഞു. ഏതോ ഒരു നാരായണിൽ നാരായനിലേക്ക് വഴുതിപ്പോയ നഗരമുഖത്തിൽ ഞാനാവേശം കൊണ്ടു.
ഹൃദയം .... ഹൃദയമാണ് സാർ എല്ലാം, നല്ല ആരോഗ്യമുള്ള ഹൃദയമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം, അവൾ കാർഡിയാക് കണ്ടക്ഷനുകളെ കുറിച്ച്, വെൻട്രിക്കുകളെക്കുറിച്ച്, അവയുടെ വൈദ്യുതരാസ ആവേഗങ്ങൾ, താളാത്മകമായ ശരീരചലനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചു. മനോഹരമായ തുകൽബാഗിൽ നിന്നും പോളിത്തീൻ സഞ്ചിയിൽ പൊതിഞ്ഞ സാധനങ്ങൾ എടുത്തു അവൾ മേശപ്പുറത്തു വെച്ചു. അപ്പോഴേക്കും അനുസരണയില്ലാത്ത കുട്ടിയെപ്പോലെ എന്റെ കണ്ണുകൾ വീണ്ടും അവളുടെ അയഞ്ഞ കുർത്തയിലേക്ക് തിരിച്ചുപോയി കഴിഞ്ഞിരുന്നു. മുഴുത്ത മാറിടം കണ്ണുകളെ ഭ്രമപ്പെടുത്തി എന്നു പറയുന്നതാവും കൂടുതൽ ശരി.
ങെ .... ഒരു ഞെട്ടലോടെ അവളെ നോക്കി. ഈയടുത്ത കാലത്ത് തനിക്ക് ആൻജിയോപ്ലാസ്റ്റ് ചെയ്ത കാര്യം ഇവളെങ്ങനെ അറിഞ്ഞു, മൂന്നറകളിലും തടസ്സങ്ങൾ ഉണ്ടായതുമൂലം ഞാനനുഭവിച്ച നെഞ്ചുവേദന ഇവളുടെ കാതിൽ ആരാണ് പറഞ്ഞുകൊടുത്തത്, എന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു.
സാർ, നിങ്ങൾക്ക് നിങ്ങളുടെ ആയുസ്സ് തീരുമാനിക്കാം, ഞങ്ങളുടെ ഈ പ്രോഡക്ട് അതു സാധ്യമാക്കിത്തരും. ലോഞ്ചിംഗ് പിരിയഡായതിനാൽ കമ്പനിയുടെ വക ഓഫർ നിലവിലുണ്ട് സാർ, മുപ്പതു ശതമാനം ഡിസ്കൗണ്ടും പത്തുകൊല്ലത്തെ വാറണ്ടിയും..... പത്തു കൊല്ലം നിങ്ങൾക്ക് ക്ലേശരഹിതമായി ജീവിക്കാം, അതിനിടയിൽ ദൗർഭാഗ്യവശാൽ മോശപ്പെട്ടതെന്തെങ്കിലും സംഭവിച്ചാൽ പണം നിങ്ങളുടെ ഭാര്യയ്ക്ക് കമ്പനി തിരിച്ചു കൊടുക്കും. ഭാര്യയെയും മക്കളെയും നിങ്ങൾക്ക് അന്ന് വിശ്വാസമില്ല എങ്കിൽ കമ്പനിയുടെ ഫ്രാഞ്ചൈസർ സ്വർഗ്ഗത്തിലായാലും നരകത്തിലായാലും അവിടെ വന്നു നിങ്ങളുടെ നഷ്ടം സെറ്റിൽ ചെയ്തു തരുന്നതായിരിക്കും.
സുഷിരങ്ങൾ വീണ ഹൃദയ അറകൾക്ക് പകരം പുതിയ ഒന്ന്, ജീവിതത്തെ പിൻപറ്റിയുള്ള ചിന്തകൾക്ക് പുതുനാമ്പുകൾ കിളിർത്തു. ജിജ്ഞാസ കലർന്ന ആഗ്രഹവുമായി ഞാനെന്റെ കഴുത്ത് അൽപം കൂടി അടുത്തേക്ക് നീക്കി കണ്ണുകളെ അവൾക്കു വിട്ടുകൊടുത്തു.
ഇതിൽ നാലുതരത്തിലുള്ള ഹൃദയം ഉണ്ട്...പോളിത്തീൻ ബാഗ് തുറന്ന് ഒന്നൊന്നായി പുറത്തേക്കിട്ടു... രക്തം പുരണ്ട നാല് മാംസക്കെട്ടുകളെ നോക്കി ഞാൻ പറഞ്ഞു.... ഇവ തമ്മിൽ എന്തെല്ലാം അന്തരങ്ങളാണുള്ളത്? നാരായൻ ഒന്നു വിവരിച്ചു തന്നാലും.... അവളുടെ കണ്ണുകളിലെ, ചുണ്ടുകളിലെ ചാരുത എന്നെ അത്ഭുതപ്പെടുത്തി.
വിളറി, വെള്ള വെളിച്ചം കടന്നു പോയ മാംസത്തുണ്ടമെടുത്ത് അവൾ കിളിനാദത്തിൽ മൊഴിഞ്ഞു .... സാർ ഇത് ഹൃദയാലുവാകുന്നതിന്....... സാറിന് ഇനിയും പ്രണയിക്കണമെന്നുണ്ടോ? അവൾ കണ്ണുകൾ ഇറുക്കി, പിങ്ക് വർണ്ണത്തിലുള്ള പൂക്കളെക്കൊണ്ട് മനസ്സു നിറച്ചു. അറിയാതെ എന്റെ കാൽവിരൽ സ്വീകരണമുറിയിലെ ഗ്രാനൈറ്റ് പതിച്ച നിലത്ത് കേരളത്തിന്റെ ഭൂപടം വരച്ചു. ഹൃദയാലുവിന്റെ ഹൃദയം എന്റെ കൈവെള്ളയിൽ വെച്ചുതരുമ്പോൾ അറിയാതെയെന്നോണം അവളുടെ വിരലുകൾ എന്റെ ഉള്ളം കയ്യിൽ ചൊറിഞ്ഞു.
പിശുക്കനും കൂടുതൽകാലം ജീവിക്കുന്നയാളുമായി തീരണമോ സാറിന്, രണ്ടാമത്തെ ഹൃദയപ്പൊതി തുറന്നവൾ ചോദിച്ചു.
വിലയൽപ്പം കൂടുതലാ, മാർക്കറ്റിൽ ഇതിനാണ് കൂടുതൽ ഡിമാന്റ്. എന്റെ പിശുക്ക്... അതും ഇവൾ അറിഞ്ഞുകഴിഞ്ഞോ, ഒരു ചെറുചമ്മലിൽ വിരിഞ്ഞ മുഖത്തെ വിയർപ്പു തുടച്ചുകൊണ്ട് ഞാനകത്തേക്ക് നോക്കി... അടുക്കളയിൽ ആളനക്കമില്ലെന്ന് കണ്ടപ്പോൾ ഞാനവളുടെ നനുത്ത കൈകളിൽ തടവി ആശ്വസിച്ചു. കടുത്ത വികാരങ്ങളെ കെട്ടിയിട്ട്, എപ്പോഴും പൊട്ടിപ്പോകാൻ ഇടയുള്ള ഈ ബലൂണിന് കാവലിരിക്കുകയാണ് കഴിഞ്ഞ കുറേ നാളുകളായി ഞാൻ, ഡോക്ടർ കൊടുത്ത ഉപാധികളുടെ ഏറ്റവും നല്ല സൂക്ഷിപ്പുകാരിയായിരുന്നു എന്റെ ഭാര്യ.
ഇത് മൂന്നാമത്തേത് ... മുരടിച്ച പാറക്കല്ല് പോലുള്ള ഒരു സാധനം മേശമേൽ വെച്ച് അവൾ തന്റെ കൈകൾ പിറകോട്ട് കെട്ടി.
പ്രണയമോ ദീനാനുകമ്പയോ പിശുക്കോ ഇല്ലാത്ത ഇവൻ കർക്കശക്കാരനാണ്, ഇവിടെ ഒറ്റ ശരിയേ ഉള്ളൂ, അത് അവന്റെ ശരികളാണ്. അനുസരിപ്പിക്കാനും അധിനിവേശപ്പെടുത്താനുമുള്ള കഴിവ് അപാരമാണ്, ഇവന് മരണമില്ല. ഇത്രയും പറഞ്ഞപ്പോൾ അവൾ വിയർക്കുകയും കിതയ്ക്കുകയും ചെയ്തു. സ്വാന്തനിപ്പിക്കാനായി അവളെ ഞാൻ എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു. അൽപനേരത്തേക്കെങ്കിലും അടുക്കളവാതിലിനു ഞാൻ സാക്ഷയിട്ടു. വസന്തനിലാവുകൾക്കായി ശിശിരരാഗങ്ങൾ ഉള്ളിൽ മഞ്ഞായി പെയ്തു.
സാർ ഇതു കൂടി കേൾക്കണം, ഒന്നു കുഴഞ്ഞുകൊണ്ട് അവൾ പറഞ്ഞു...
പുറത്തു പാൽപുഞ്ചിരിയൊഴുകുന്ന മുഖം, ഉള്ളിൽ എത്ര കള്ളം വേണമെങ്കിലും ഒളിപ്പിച്ചു വെക്കാം. ലോകത്ത് ലഭിക്കാവുന്നതിൽ ഏറ്റവും സോഫിസ്റ്റിക്കേറ്റായത്, അയഞ്ഞ കുർത്തയുടെ മേൽക്കുടുക്കഴിച്ച് അവൾ എന്നെ പ്രോത്സാഹിപ്പിച്ചു. സാറിന് ഞാൻ സജസ്റ്റ് ചെയ്യുന്നത് ഇതാണ്, ഇത് വാങ്ങി ഉപയോഗിക്കൂ. ജീവിതം കേവല മരുന്നുകളിൽ ഒതുക്കി നിർത്താതെ ആസ്വാദ്യകരമാക്കൂ.
മേശപ്പുറത്തിരിക്കുന്ന നാല് ഹൃദയങ്ങൾക്കുമപ്പുറം എന്റെ മനസ്സ് തുടിച്ചത് അവളിലായിരുന്നു. അടുക്കളയിൽ നിന്നും സ്വീകരണമുറിയിലേക്കുള്ള വാതിൽ ഞാൻ കൊട്ടിയടച്ചു.
നാരായൻ, നീ എന്നെ ഒരുപാട് ഇഷ്ടപ്പെടുത്തിയിരിക്കുന്നു... അവളുടെ നെറ്റിയിൽ ചുണ്ടുകളമർത്തി ഞാൻ പറഞ്ഞു. കവിളിലെ നുണക്കുഴികളിൽ വിരലുകളമർത്തി. ശീതക്കാറ്റ് വിതച്ച പുഞ്ചവയലിൽ കുലച്ചു നിൽക്കുന്ന നെൽക്കതിരുകളെ പോലെ അവൾ നാണിച്ചു നിന്നു. നെഞ്ചിടിപ്പിന്റെ നേർത്ത താളം മയിൽപ്പീലി ചിറകുകളായി വിടർന്നു.
മാറിലെ കൊഴിഞ്ഞു വീഴാറായ എന്റെ രോമങ്ങളെ വിരലുകൾ കൊണ്ടവൾ ഉഴുതുമറിച്ചു...... നാലാമത്തെ ഹൃദയം മതീ സാറിന്......?
സ്വീകരണമുറിയുടെ വിശാലതയിൽ അവളുടെ നിമ്‌ന്നോന്നതങ്ങളിൽ ചുണ്ടുകളുരസി ഞാൻ ആ നെഞ്ചിനെ ചൂണ്ടി പറഞ്ഞു.... എനിക്കിതുമതി. അഴിഞ്ഞുവീണ കുർത്ത, സോഫയിലിരുന്ന് അതു രസിച്ചു. അടുക്കളയിൽ വറുത്തമീൻ പൊരിയുന്നതുവരെ അവളെ ചേർത്തു. മാർദ്ദവമുള്ളതും ആരോഗ്യവതിയുമായ ആ ഹൃദയവുമായി ഞാൻ സംവദിച്ചു.
അലമാര തുറന്ന് ഒരു ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടു ഞാനവൾക്ക് കൊടുത്തു, നനുത്ത് മൃദുവാർന്ന അവളുടെ കരങ്ങളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു, കള്ളങ്ങൾ ഇനിയുമൊരുപാടുണ്ട് ഒളിപ്പിച്ചുവെക്കാനായി, നാലാമത്തെ...... നാലാമത്തെ ആ ഹൃദയം മതി എനിക്ക്.
പുഞ്ചിരിച്ചുകൊണ്ട് അവൾ തുകൽ ബാഗ് മടക്കി വെച്ച് നന്ദിയോടെ യാത്ര പറഞ്ഞു.
അടുക്കളവാതിൽ തള്ളിത്തുറന്ന് ഭാര്യ വിളിച്ചു.... ഊണ് കാലമായി, നേരത്തിന് ഭക്ഷണം കഴിക്കണം, ഗുളികകൾ ഒരുപാട് തിന്നുവാനുള്ളതാ, ആ ഓർമ്മപ്പെടുത്തലിൽ കണ്ണുനീരിന്റെ നനവുണ്ടായിരുന്നോ, ഞാൻ സംശയിച്ചു.
അടുക്കളയിൽ നനഞ്ഞ വിറകുകൾ പുകയിച്ച് കണ്ണുകൾ കലങ്ങിയതായിരിക്കണം എന്ന് സമാധാനിച്ചു. ഊണുമേശയ്ക്കുമുന്നിൽ സ്വാദിഷ്ടമായ അടുത്ത ഭക്ഷണത്തിനായി ഞാൻ കാത്തിരുന്നു. താളാത്മകമായി പിടഞ്ഞ ഹൃദയമിടിപ്പിനെ വിരലുകളിൽ കൊട്ടി മേശമേൽ ശബ്ദവിന്യാസങ്ങൾ തീർത്തു.
O
PHONE : 9447685185
അത്താണ് മാസ്റ്റർ ഓഫ് ബിസ്സ്നസ്സ്
ReplyDeleteതാളാത്മകമായി പിടഞ്ഞ ഹൃദയമിടിപ്പിനെ വിരലുകളിൽ കൊട്ടി.....
ReplyDeleteപ്രണാമം.....
നല്ല രചന...ആശംസകള്‍...
ReplyDeleteനല്ല കഥ.ഇഷ്ടപ്പെട്ടു.
ReplyDelete"കള്ളങ്ങൾ ഇനിയുമൊരുപാടുണ്ട് ഒളിപ്പിച്ചുവെക്കാനായി, നാലാമത്തെ...... നാലാമത്തെ ആ ഹൃദയം മതി "
നല്ലൊരു കഥ.
ReplyDelete