കവിത
സന്തോഷ് ബാബു ശിവൻ
1
വെയിലു വിഴുങ്ങി
പച്ചയുണർത്തീട്ടൊച്ച
ഒതുക്കി മുടിഞ്ഞോ-രിടനെഞ്ഞേറ്റിയ
കനവും, നോവും
താളമഴിഞ്ഞു തിളച്ചീ
ച്ചേറ്റിൽ നിന്നും
സൂര്യനെ നോക്കി
വിരൽചൂണ്ടുമ്പോൾ
അക്ഷരവളവിന്നതിരുകളില്ലാ-
താദ്യം,
നിന്നെയറിഞ്ഞു ഞാൻ.
2
പാറയുടച്ചു കനത്ത
തഴമ്പിൻ,
ചുറ്റികയടിയായ്
ജന്മമുടഞ്ഞു തെറിക്കും
തരിയുടെ കല്ലാഴത്തിന്
ഉറവക്കടലിന്നുടലിലെ-
ഉപ്പായ്,
രസമുകുളത്തിലലിഞ്ഞെൻ
ഉയിരിൻ
വെയിൽമുള്ളായി
കൂർത്തൂ നീ.
3
ജീവനുരുക്കി ഉണർത്തിയ
സ്വപ്നം-
കരളു തുരന്നു കവർന്നോർ
നാണയമാക്കി മറഞ്ഞു ചിരിക്കെ
വേരുകളറ്റും
പാട്ടു കരിഞ്ഞും,
മിഴിയിൽ ശൂന്യത-
കാഴ്ച കെടുത്തീട്ടാൾ
ക്കൂട്ടങ്ങളിലാരവമില്ലാ
തൊറ്റക്കെന്തോ
ചൊല്ലി നടന്നു
മനം കുടയുന്നൊരു
താളമയഞ്ഞ
നിഴൽക്കൂത്തായി
നിന്റെ തണുപ്പിൽ വേർത്തൂ-
ഞാൻ.
4
നിദ്രാരഹിതം,
ചെമ്പിരുൾ മൂടിയ
നഗരനിലാവിൽ
ഈർപ്പക്കോണിൽ
പാതി ഉറക്കമുടഞ്ഞൊരു
മഷിമിഴി
ചൂടിയ മുല്ലപ്പൂ മണനോവു
പരത്തിയ-
വാടിയ കനവിന്
പേരു വഴങ്ങാ-
നെടുവീർപ്പലയുടെ
ഏറ്റം പൊട്ടി പതറിയ
പാട്ടായ്,
നീറും നിന്നെത്തൊട്ടൂ ഞാൻ.
5
വെയിലു തിളച്ച
നിരത്തിൻ നടുവിൽ
താമരമൊട്ടു പറിച്ചു
നിവർന്നും,
സിരകളിലാദി സ്ഫോടന
ധ്വനിയുടെ വണ്ടുകൾ മൂളി;
കാലിൽപ്പൂത്തോരർബുദ-
പുഷ്പം-
ഒഴിയാ നോവായാലറുമ്പോൾ
ബോധത്തിന്റെയബോധ സ്ഥലിയിൽ
തീച്ചോടേറ്റി നടക്കുന്നോൻ,
ബന്ധങ്ങൾക്ക് തിരസ്കൃതനാമീ
ജന്മത്തിന്റെ ശിരോവരയായ്
ഇല്ലാ മൊഴിയുടെ
പ്രാകൃതലിപിയിൽ
നിന്നെക്കണ്ടു പകച്ചൂ ഞാൻ.
6
ചോരക്കെട്ടിൽ
തീക്കടലലറിയ കാലം;
കുന്നുകളുഴുതും,
കടലുകടഞ്ഞും-
നാളുകളാർക്കോ നേർന്നു-
കുതിപ്പ് നികന്നു,
കിതപ്പ് നിറഞ്ഞിന്നേതോ
അറവിനു കാത്തുകിടക്കും
മിഴിയുടെ മൗന മഹാഗർത്തത്തിൻ
ആഴം കാണാതുഴറി ഞാൻ.
7
ഒരു ചെറുവെട്ടക്കതിരിലുണർന്നു
പൊലിക്കാനുയിരു കൊതിച്ചു
കരിന്തിരിയായി,
ഒന്ന് കുതിക്കാനുള്ളു പിടഞ്ഞു
കുരുങ്ങിയൊടുങ്ങിയ-
നിലവിളിയായി-
ഉടലിലുണങ്ങാ
മുറിവിൻ ചലവും, മലവും നാറി-
നീ ഇഴയുമ്പോൾ,
എങ്ങനെ മാത്രം പാടും-
പീലിക്കണ്ണിലൊളിച്ച
നിലാവിന്നേറ്റം,
എങ്ങനെ മാത്രം പാടും
ഞാനീ പുല്ലാക്കുഴലിലൊളിച്ച
ഋതുക്കൾ,
എങ്ങനെ മാത്രം പാടും ഞാനീ-
കസവുകൾ തുന്നിയ-
താളം കൊട്ടി,
എങ്ങനെ മാത്രം പാടും ...
ഞാ... നീ...
O
PHONE: +919739569979
KAVITHAKAL VIRIYUNNEE SARGGA SUSMRUTHIYIL....
ReplyDeleteKRISHNAKUMAR.M
എങ്ങനെ മാത്രം പാടും
ReplyDeleteഞാനീ പുല്ലാക്കുഴലിലൊളിച്ച
ഋതുക്കൾ,
എങ്ങനെ മാത്രം പാടും ഞാനീ-
കസവുകൾ തുന്നിയ-
താളം കൊട്ടി,
എങ്ങനെ മാത്രം പാടും ...
ഞാ... നീ...
നന്നായിരിക്കുന്നു...ശന്തോഷ് ...ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.എല്ലാ വിധ ഭാവുകങ്ങളും