കവിത
രാജീവ് ദാമോദരൻ
മനുഷ്യവംശത്തിന്റെ
ഏറ്റവും പ്രാചീനമായ അനുഷ്ഠാനമാണ്
കരച്ചിൽ.
കണ്ണുനീർ
അവന്റെ ആദിമലിപിയും.
വേദനയുടെ ഉഷ്ണമേഖലയിൽ നിന്ന്
സാന്ത്വനത്തിന്റെ പളുങ്കുകൾ.
അമ്മ കുഞ്ഞിനെയെന്ന പോലെ
മുറിവേറ്റ മനസ്സിനെ
കുളിപ്പിച്ച്
ശുദ്ധമാക്കുന്ന
കാരുണ്യത്തിന്റെ തെളിനീർ.
കാരണമെന്തെന്നറിയാത്ത
അസ്വസ്ഥതയുടെ ഉറവിനെ
ലോകത്തിനു നേരേ തുറന്നുവെക്കുന്ന
കുഞ്ഞിന്റെ
നിസ്സഹായമായ കരച്ചിൽ.
കൊലയാളിക്ക് മുൻപിൽ
ജീവന്റെ മുഴുവൻ ഭാരവും താങ്ങി
വിറയലോടെ
അരുതേ എന്നപേക്ഷിക്കുന്ന
ബലിയാടിന്റെ കണ്ണുനീർ.
കാരണങ്ങളെല്ലാം
അറിഞ്ഞും പൊറുത്തും
വേദന തിന്നും
ദുഃഖങ്ങൾ കടിച്ചമർത്തിയും
വളർന്ന
അമ്മയുടെ ക്ഷമാവൃക്ഷത്തിൽ
അച്ഛന്റെ കത്തുന്ന പട്ടടയ്ക്ക് മുൻപിൽ
അപൂർവ്വമായി വിരിഞ്ഞ
കണ്ണുനീരിന്റെ തിളയ്ക്കുന്ന തുള്ളികൾ
അതിൽ ഞാൻ കണ്ട
പട്ടടയുടെ തീനാമ്പുകൾ.
ഈ നിമിഷവും
ഭൂമിയിൽ
ഒച്ചയില്ലാതെ കരയുന്നവർ,
കണ്ണുനീർ മാത്രം ശരണമായവർ
എത്ര ?
ദുഃഖിതനും
പരാജിതനും
തിരസ്കൃതനും
പ്രവാസിക്കും
ഏകാകിക്കും
എന്നല്ല,
ഏതു മനുഷ്യനും
ആത്മാവിന്റെ ഈ ശുദ്ധാവിഷ്കാരം,
ഇന്ദ്രിയങ്ങളുടെ ഈ പൊള്ളുന്ന പ്രാർത്ഥന
ഒരുപോലെ ബന്ധു.
കണ്ണുനീർ
ആത്മാർത്ഥതയുടെ ഉപ്പ് ചേർന്ന
ദുഃഖത്തിന്റെ രാസസംയുക്തം.
വചനങ്ങളുടെ പരീക്ഷണശാലയിൽ
പിറക്കാതെ പോകുന്ന
ഏറ്റവും ദുഃഖപൂർണ്ണമായ കവിത.
സ്വയം
കരഞ്ഞു പിറക്കുകയും
മറ്റുള്ളവരെ
കരയിച്ച് പിരിയുകയും
ചെയ്യുന്ന ജീവിതമേ,
നിനക്കായി
ഒരു തുള്ളി കണ്ണുനീർ.
O
INIYORU NIRAKAN CHIRI......
ReplyDeleteKRISHNAKUMAR.M
nalla kavitha
ReplyDeleteThis comment has been removed by the author.
ReplyDeleteകണ്ണുനീർ
ReplyDeleteആത്മാർത്ഥതയുടെ ഉപ്പ് ചേർന്ന
ദുഃഖത്തിന്റെ രാസസംയുക്തം.
EE DEFINITION ADHUNIKAKALATHIL ETHRA KANDU SARIYANU?
ENIK THONNUNNILLA ATHRA SARIYANENNU
JAINY