Saturday, September 29, 2012

കാണാതായ വസ്തുക്കൾ

കവിത
ഗൗതമൻ












കാണാതായ വസ്തുക്കളുടെ കണക്കെടുപ്പ്‌.
ഒരു പ്രത്യേക അന്വേഷണം.

ഒന്നാം ക്ലാസ്സിലെ റബ്ബർ,
അന്വേഷണം തേഞ്ഞുമാഞ്ഞു പോയി.
ഇടവപ്പാതിയിലെ തൊപ്പി,
മഴയിൽ ഒലിച്ചുപോയി.
സൈക്കിളിന്റെ, റൂമിന്റെ, മനസ്സിന്റെ താക്കോൽ,
ഞാൻ തന്നെ മാറ്റിവെച്ചു.
പിന്നെന്നോ മറന്നുപോയി.

പ്രിയപ്പെട്ട മുഖങ്ങൾ
യാത്രയ്ക്ക്‌ അപ്പുറം.
വന്നവഴിക്ക്‌ ഇരുപുറം.

വായിച്ചറിഞ്ഞ മാന്ത്രികലോകങ്ങൾ
വരമുറിഞ്ഞു, അതിരലിഞ്ഞു.
വെറും സാധാരണത്വത്തിൽ
അടർന്നു വീണെന്ന് തെളിവുകൾ.

സ്വന്തം സ്വപ്നങ്ങൾ, സൃഷ്ടികൾ ഒക്കെയും
തന്ത മരിച്ചതറിഞ്ഞപ്പോൾ ചത്തുപോയി,
എന്ന് സാക്ഷികൾ, ഒരുപാട്‌ മൊഴികൾ

മരണങ്ങൾ
പ്രിയപ്പെട്ട പൂച്ചയുടെ പോലും
കുഴിച്ചു മൂടപ്പെട്ടു.

ഇനി തെളിയാത്ത കേസുകൾ ....

തെറിച്ചുപോയ കളിപ്പന്ത്‌
മതിലിനപ്പുറം.
മതിൽ കെട്ടിയതിന്റെ ഉത്തരവാദിത്വം
ആരും ഏറ്റെടുത്തിട്ടില്ല.

ഉണങ്ങിപ്പോയ നനവുകൾ,
മഴയുടെ, കണ്ണീരിന്റെ, ഉമ്മയുടെയെല്ലാം.
ഉള്ളിലെ കെടാത്ത കനൽ, സംശയത്തിൽ ...

ഇന്നിന്റെ മധുരനാരങ്ങ എന്നോട്‌ ചോദിച്ചു,
നഷ്ടത്തിന്റെ വഴികൾ കണ്ടെത്തിയിട്ടെന്ത്‌ ?
കഷ്ടം എന്നു കരുതിയാൽ പോരേ ?

ഒടുവിലിപ്പോൾ,
കണ്ടെത്തണോ
ഉണ്ടുറങ്ങണോ എന്നതാണത്രേ ചോദ്യം.

O



3 comments:

  1. ജീവിത വഴിയില്‍ മറന്നു വെച്ചവ ആശംസകള്‍ വീട്ണ്ടും വരാം

    ReplyDelete
  2. ഇന്നത്തെ കാലത്ത് ഒന്നും കണ്ടെത്താതെ ഉണ്ടുരങ്ങുന്നതാണ് നല്ലത്.
    നന്നായിട്ടുണ്ട് കേട്ടോ.

    ReplyDelete

Leave your comment