Saturday, September 8, 2012

സംസ്കാരജാലകം


സംസ്കാരജാലകം-14 
ഡോ.ആർ.ഭദ്രൻസാഹിത്യവാരഫലം/ പ്രൊഫ.എം.കൃഷ്ണൻനായർ
- ഒരു പുനർവായനസാഹിത്യവാരഫലം കലാകൗമുദിയിലും സമകാലിക മലയാളത്തിലും വന്നിരുന്ന കാലത്ത്‌ തന്നെ വായിച്ചിരുന്നു. വാരിക കിട്ടിയാൽ ആദ്യം വായിക്കുക സാഹിത്യവാരഫലമായിരുന്നു. കേരളത്തിലെ കലാശാലകളിലെയും യൂണിവേഴ്സിറ്റികളിലെയും  ഇംഗ്ലീഷ്‌ പ്രൊഫസർമാരെ തോൽപ്പിക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ്‌ സാഹിത്യവായനയും ഈ മലയാളം പ്രൊഫസർക്ക്‌ ഉണ്ടായിരുന്നു. അതുകൊണ്ട്‌ പല ഇംഗ്ലീഷ്‌ പ്രൊഫസർമാർക്കും കൃഷ്ണൻനായർ സാറിനോട്‌ നീരസം ഉണ്ടായിരുന്നു.

പ്രൊഫ.എം.കൃഷ്ണൻനായർ

സാഹിത്യവാരഫലം മികച്ച ഒരു ലിറ്റററി ജേർണ്ണലിസമായിരുന്നു. ഒരു പക്ഷേ ലോകത്തിലെ തന്നെ മികച്ച ഒന്ന്. രസകരമായും വായനാക്ഷമമായും ഉള്ള അതിന്റെ അവതരണശൈലിയാണ്‌ ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്‌. സമകാലിക സാഹിത്യത്തോട്‌ അദ്ദേഹം പുലർത്തിയ താൽപര്യമാണ്‌ ഈ കോളത്തിന്റെ മറ്റൊരു സവിശേഷത. ഒരുപാട്‌ ഇൻഫർമേറ്റീവ്‌ ആയിരുന്നു അത്‌. അദ്ദേഹത്തിന്റെ വിപുലമായ വായനയുടെ അരങ്ങായി അത്‌ അരങ്ങു തകർക്കുക തന്നെ ചെയ്തു. നല്ല ആക്രമണങ്ങൾ നടത്താനും അതിന്‌ കഴിഞ്ഞിരുന്നു. ഒരു വലിയ സാഹിത്യ വ്യക്തിത്വത്തിന്റെ സാന്നിധ്യം ഈ കോളത്തെ ആധികാരികമാക്കി. അക്കാലത്തെ എഴുത്തുകാർക്ക്‌ ഈ കോളത്തിൽ പേരു വരാൻ വല്ലാത്ത ഭ്രമമാണ്‌ ഉണ്ടായിരുന്നത്‌. അനുകൂലമായോ പ്രതികൂലമായോ ദേവന്റെ കൈകൊണ്ട്‌ മരിക്കുക അല്ലെങ്കിൽ അനുഗ്രഹം നേടുക! രണ്ടും ഒരുപോലെ പ്രിയങ്കരമായി അക്കാലത്തെ സാഹിത്യകാരന്മാർ കരുതി. സാഹിത്യകാരന്മാരെ വിലയിരുത്തുമ്പോൾ പലപ്പോഴും അത്‌ ഉയർന്ന സെൻസിബിലിറ്റി പ്രകടിപ്പിച്ചിരുന്നില്ല. സാഹിത്യവിമർശനം എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കൃതികൾ ഒന്നും കൃഷ്ണൻനായരിൽ നിന്നും ഉണ്ടാകാതെ പോയതും ഈ സെൻസിബിലിറ്റി ദാരിദ്ര്യം കൊണ്ടായിരുന്നു. തെറ്റായ ഒരുപാട്‌ നിഗമനങ്ങൾ സാഹിത്യവാരഫലത്തിൽ പലപ്പോഴും വായിച്ചത്‌ ഇപ്പോഴും ഓർക്കുന്നു. സാഹിത്യത്തോട്‌ അവസാനകാലം വരെ കൃഷ്ണൻനായർ സാർ പുലർത്തിയ പ്രതിബദ്ധത കൊണ്ടുതന്നെ മലയാളിക്ക്‌ ഒരിക്കലും 'സാഹിത്യവാരഫല'ത്തെ മറക്കാൻ കഴിയില്ല.

ഈ കോളത്തിനെതിരെയും അദ്ദേഹത്തിന്റെ സാഹിത്യവിമർശനത്തിനെതിരെയും ഡോ.രാജകൃഷ്ണൻ നേരത്തെ നടത്തിയ വിമർശനം അക്ഷരംപ്രതി ശരിയാണ്‌. അപ്പോഴും പറയട്ടെ, സാഹിത്യവാരഫലം മലയാളത്തിലെ സാഹിത്യസ്നേഹികൾക്ക്‌ ഇന്നും ഒരു ആവേശം തന്നെയാണ്‌. ഈ കോളം അദ്ദേഹത്തിന്‌ ഒരുപാട്‌ ശത്രുക്കളെ സൃഷ്ടിച്ചുകൊടുത്തു എന്നതും നാം ഓർക്കണം.

ഒരിക്കൽ സാഹിത്യവാരഫലത്തിൽ എം.കൃഷ്ണൻനായർ സാർ ഇങ്ങനെ എഴുതി  "ഈ സംഭവത്തിന്‌ കുറെ വർഷം മുമ്പ്‌ ജി.ശങ്കരക്കുറുപ്പിനോടൊപ്പം ഞാനൊരു സമ്മേളനത്തിനു പോയി. പാലായ്ക്ക്‌ അടുത്തുള്ള വിളക്കുമാടം എന്ന സ്ഥലത്ത്‌. കൂടെ ഇ.ഡി.ഹരിശർമ്മയുമുണ്ടായിരുന്നു. പന്തളം അടുക്കാറായ‍പ്പോൾ മഹാകവി പത്രം വായിക്കാൻ തുടങ്ങി. കാറ്‌ വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നതിനാൽ ഇരമ്പിക്കയറിയ കാറ്റ്‌ പത്രത്തെ വല്ലാതെ ചലനം കൊള്ളിച്ചു. ജി. എത്ര ശ്രമിച്ചിട്ടും അത്‌ കയ്യിലൊതുക്കിവെക്കാൻ സാധിച്ചില്ല. ഞെരിയുകയും പിരിയുകയും തുള്ളുകയും ചെയ്യുന്ന പത്രത്തെ നോക്കിക്കൊണ്ട്‌ കവി മൊഴിയാടി. 'ഹായ്‌ ശാഠ്യം പിടിച്ചുകരയുന്ന കുഞ്ഞിനെ അടക്കിയിരുത്താൻ ഇത്ര പ്രയാസമില്ല !!' ശങ്കരക്കുറുപ്പ്‌ നല്ല കവിയാണെങ്കിലും ആ പ്രയോഗം കൽപനാഭാസമാണെന്ന് എനിക്ക്‌ തോന്നിപ്പോയി". (512-513) ശങ്കരക്കുറുപ്പിന്റെ പ്രയോഗം എത്ര കലാത്മകമാണെന്ന് സെൻസിബിലിറ്റി ഉള്ള ആർക്കാണ്‌ തിരിച്ചറിയാൻ കഴിയാത്തത്‌? പക്ഷെ സാഹിത്യവാരഫലംകാരന്‌ കഴിയുന്നില്ല. ഇത്തരത്തിൽ സ്വന്തം സെൻസിബിലിറ്റിയുടെ പാപ്പരത്തം വിളിച്ചോതുന്ന ഒരുപാട്‌ സന്ദർഭങ്ങൾ 'സാഹിത്യവാരഫല' ത്തിൽ കടന്നുകൂടിയിട്ടുണ്ട്‌.

സാഹിത്യവാരഫലത്തിൽ ജീവിതത്തെ തിളക്കിനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുകൊണ്ടാണ്‌ ജീവനുള്ള ഒരു കലാസൃഷ്ടിയായി, സമാഹരിക്കപ്പെട്ടുകഴിഞ്ഞ സാഹിത്യ വാരഫലം എന്ന പുസ്തകത്തിന്‌ മാറാൻ കഴിഞ്ഞത്‌. അത്‌ ജീവിതത്തിന്റെ മാത്രമല്ല, സാഹിത്യത്തിന്റെയും ഒരുപനിഷത്തായി മാറിയിട്ടുണ്ട്‌. ഉപനിഷത്ത്‌ എന്നു പറഞ്ഞാൽ അധികമായിപ്പോകുമോ? കൈപ്പുസ്തകം എന്നു പറഞ്ഞാൽ അതൊരു പോരായ്മയും ആകും.

നാടകീയമായി ഫലിതം കലർത്തി, തനിക്ക്‌ പറയാനുള്ള കാര്യങ്ങൾ സാഹിത്യമായാലും പൊതുക്കാര്യമായാലും കൃഷ്ണൻനായർ അവതരിപ്പിക്കുമ്പോൾ കോളത്തിന്‌ ജീവൻ വെക്കുകയായി. ലോകജീവിതത്തോടുള്ള പ്രതിബദ്ധതയും ബുദ്ധിപ്രഭാവവും ഈ കോളത്തെ അനശ്വരമാക്കുക തന്നെ ചെയ്തു. ഉജ്ജ്വലമായ ഒരുപാട്‌ ഉപദർശനങ്ങൾ - മൗലികമായതും ചില മഹാന്മാരിൽ നിന്നുംശേഖരിച്ചതും കൃഷ്ണൻനായരുടെ കോളത്തെ എത്രയോ തവണ ജ്വലിപ്പിച്ചിട്ടുണ്ടന്നോ !

ഒരെണ്ണം നോക്കുക :- ജീവിച്ചിരുന്നവരോ ജീവിക്കുന്നവരോ ആയ മഹാവ്യക്തികളേക്കാൾ  നമ്മൾ സ്നേഹിക്കുന്നതും  ബഹുമാനിക്കുന്നതും കലാസൃഷ്ടികളിലെ വ്യക്തികളെയാണ്‌. ധർമ്മപുത്രരെ നമ്മൾ ബഹുമാനിക്കുന്നതുപോലെ, നമ്മൾ മഹാത്മാഗാന്ധിയെ ബഹുമാനിക്കുന്നില്ല - സി.രാജഗോപാലാചാരിയുടെ ആശയം. യൂഗോയുടെ പാവങ്ങൾ എന്ന നോവലിലെ മെത്രാനെക്കുറിച്ച്‌ വിചാരിക്കുമ്പോഴെല്ലാം എന്റെ ശിരസ്സ്‌ കുനിഞ്ഞുപോകുന്നു. ഇന്നത്തെ എതു മെത്രാനെ കണ്ടാലും എനിക്ക്‌ ആ ചേഷ്ട ഉണ്ടാവുകയില്ല. സത്യം കല ആവിഷ്കരിക്കുന്നതുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌.

സാഹിത്യവാരഫലം സ്ത്രീവിരുദ്ധമാണെന്ന ഒരു വിമർശനം ഉന്നയിക്കാവുന്നതാണ്‌. എം.കൃഷ്ണൻനായരുടെ പുരുഷമേധാവിത്വപരമായ കാഴ്ചപ്പാട്‌ പഴയ നായർ മാടമ്പിത്തത്തിന്റെ ഭാഗം കൂടിയാണ്‌. പക്ഷേ വായനക്കാർക്ക്‌ സ്ത്രീകളെ കുറ്റം പറയുന്ന രീതിയോട്‌ ഒരാഭിമുഖ്യം ഉണ്ടായിരുന്നു എന്നത്‌ മറ്റൊരു കാര്യം.

സിമോൺ ദെ ബൊവ്വാറും കേറ്റ്‌ മില്ലറ്റും ജെർമ്മൻ ഗ്രീറും വരെ (സ്ത്രീവാദ സൈദ്ധാന്തികർ ) സത്യം ദർശിക്കുന്നവരല്ല എന്നും, അഡ്വക്കെയിറ്റ്സായിട്ടാണ്‌ അവരുടെ രംഗപ്രവേശം എന്നും കൃഷ്ണൻനായർ തുറന്നടിച്ചിട്ടുണ്ട്‌.

കൃഷ്ണൻനായരുടെ മഹത്വം പൂർണ്ണമായി അറിയുവാൻ സാഹിത്യവാരഫലം സമാഹരിക്കപ്പെട്ടിട്ടുള്ള ആ പുസ്തകം വായിച്ചു നോക്കിയാൽ മതി. സകലകല/ ആർട്ട്‌ കഫേമനോരമ ന്യൂസിലെ 'സകലകല' കച്ചവടസിനിമകളെ ഏതോ മഹാസംഭവം ആണെന്ന് ലോകരെ തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്നുണ്ട്‌. വാർത്ത പോലെയാണ്‌ അത്‌ നമ്മുടെ ഇടയിലേക്ക്‌ വരുന്നത്‌. വാർത്തയുടെ രാഷ്ട്രീയ-ചരിത്ര പ്രാധാന്യത്തെ പോലും നിസ്സാരവത്ക്കരിക്കുന്നതിന്‌ സകലകല മറ്റൊരു തരത്തിൽ ഗൂഢപ്രവർത്തനം നടത്തുകയും ചെയ്യുന്നുണ്ട്‌. വാർത്തയുടെ സ്പേസിൽ എന്ന പോലെ ചില ജൂവല്ലറികളുടെ പരസ്യങ്ങൾ ഇടയ്ക്ക്‌ വരുന്നത്‌ ശ്രദ്ധിക്കുക. ചിലതിനെ ആദേശം ചെയ്ത്‌ ചിലതിനെ ആ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുകയാണ്‌ മാധ്യമങ്ങൾ. ഭാവിയുടെ വലിയ വിപത്തുകളാണ്‌ ഇതെല്ലാം കൂടി നിർമ്മിച്ചുകൂട്ടുന്നത്‌. കാത്തിരുന്ന് കണ്ടുകൊള്ളുക!

കൈരളിയുടെ 'ആർട്ട്‌ കഫേ'യും മനോരമയുടെ 'സകലകല'യും ഒക്കെ തട്ടുപൊളിപ്പൻ/കച്ചവട സിനിമകളെ മഹത്വവൽക്കരിക്കുന്ന പണി തുടരുമ്പോഴും ഇതൊന്നുമല്ല യഥാർത്ഥ സിനിമയെന്ന കാര്യം മറച്ചുപിടിക്കുകയാണ്‌. സിനിമ മനുഷ്യനെ അവന്‌/ അവൾക്ക്‌ തന്നെ കാണിച്ചുകൊടുക്കുന്നതാണ്‌. മേൽപ്പറഞ്ഞ സിനിമകൾ മനുഷ്യനെ മനുഷ്യരിൽ നിന്നും മറച്ചുപിടിക്കുന്നു. അതുകൊണ്ട്‌ 'സകലകല' നല്ല സിനിമയുടെ മാത്രം പ്രചാരണം നടത്തണം. അല്ലെങ്കിൽ ഭാവിയിൽ സകലകലയും ആർട്ട്‌ കഫേയും സകലകൊലയായി ചരിത്രം വായിച്ചെടുക്കും. ഉപഭോഗസംസ്കാരത്തിന്റെ തീസിസിൻ പ്രകാരമാണ്‌ ഇതെല്ലാം അരങ്ങേറുന്നത്‌. ഏതു വൃത്തികേടുകളെയും മഹത്വവൽക്കരിക്കുന്ന ഒരു ചതി ഇതിനു പിന്നിലുണ്ട്‌. ഉത്തരാധുനിക കാലം മനുഷ്യവിരുദ്ധമാണ്‌ എന്ന് പറയുന്നതിന്‌ പിന്നിലെ ഒരു കാരണവും ഇതു തന്നെയാണ്‌. തീരാത്ത ഗസൽ

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2012  ജൂലൈ

 മെഹ്ദി ഹസ്സൻ

ആലങ്കോട്‌ ലീലാകൃഷ്ണൻ ഗസൽ ഉസ്താദ്‌ മെഹ്ദിയെക്കുറിച്ച്‌ ഒരു സ്മരണാഞ്ജലി എന്നവണ്ണം 'തീരാത്ത ഗസൽ' എന്ന കവിത എഴുതിയത്‌ നന്നായി. പ്രതിഭാശാലിയായ മെഹ്ദിക്ക്‌ മലയാളത്തിലെ കവിയായ കലാകാരൻ സമർപ്പിച്ച സ്മരണാഞ്ജലിയായിരുന്നു ഈ കവിത. ഹൃദയം കൊണ്ടെഴുതിയ കവിത തന്നെയാണിത്‌. ഈ നാലുവരികൾ വായിക്കുമ്പോൾ തന്നെ വായനക്കാർക്ക്‌ കവിയുടെ ആത്മലയം അനുഭൂതിയാക്കിയെടുക്കാം.

ഭൂമിയോളം വലുതായ പ്രേമമേ
ഭൂമിതൻ കടലുപ്പാം വിരഹമേ
എന്നുമോരോ ഗസലിനുമക്കരെ
നിന്നു പെയ്യാത്ത ജന്മവിഷാദമേചരിത്രമായിത്തീരേണ്ട പോരാട്ടവിജയംകോതമംഗലം ബസേലിയോസ്‌ ആശുപത്രിയിലെ ജീവിക്കാനാവശ്യമായ കൂലിക്കുവേണ്ടി മൂന്നു നഴ്സുമാരുടെ നേതൃത്വത്തിൽ നടന്ന സമരം ചരിത്രമായിത്തീരേണ്ട ഒരു പോരാട്ടവിജയമാണ്‌. മൂന്നു പെൺകുട്ടികൾക്ക്‌ ആശുപത്രി മാനേജ്‌മെന്റിനെയും ഭരണകൂടത്തെയും മുട്ടുകുത്തിക്കുവാൻ കഴിഞ്ഞു. ജനങ്ങളുടെ പങ്കാളിത്തവും പോരാട്ടത്തെ വിജയിപ്പിച്ച പ്രധാനഘടകമാണ്‌. സമരങ്ങൾ വഴിപാടുകളായിത്തീരുന്ന ഇക്കാലത്ത്‌ ഈ പോരാട്ടവിജയത്തിന്‌ തിളക്കം കൂടുകയാണ്‌.ഗ്രാമം മാസിക മെയ്‌ 2012


ഗ്രാമം മാസികയിലെ രണ്ടു കവിതകൾ ശ്രദ്ധേയമായിരുന്നു.

1. മനുഷ്യൻ- ഉഴമലയ്ക്കൽ മൈതീൻ

വിയർപ്പ്‌
എന്നും നിറമില്ലാത്ത ചോരയാണ്‌
ചിരി തീപിടിച്ച പതാകയാണ്‌,
മിഴി കാറ്റടങ്ങാത്ത ഉൾക്കടലും

2. അമൃതേത്ത്‌ -  ഏ.ആർ.ഉണ്ണിത്താൻ

പല ജാതി പല മതം
പല ദൈവം ഭാരതത്തിന്‌
അധികാരം അമൃതേത്ത്‌
ഒരു മതം
ഒരു ദൈവം
മൃഗത്തിന്‌ !

മൃഗവർഗ്ഗം അലയുന്നു
മലയില്ലാ മലനാട്ടിൽ!
പലജാതി സെൻസസ്‌
പകലോനും അതികഠിനം

പലതട്ടിൽ പൊട്ടുന്ന അമിട്ടുപോലെയുണ്ട്‌ രണ്ടാമത്തെ കവിത. പൊട്ടി വർണ്ണാഭ വിടർത്തുന്നു. ആദ്യ കവിത ഭാവനാ ചമൽക്കാരത്തിന്റെ കവിതയാണ്‌; ഒപ്പം ആലോചനാമൃതവും.നദീസംയോജന നീക്കം - മറ്റൊരു 
ആഗോളവൽക്കരണ പദ്ധതി


സി.പി.നാരായണൻ, കവർ സ്റ്റോറി- ചിന്ത വാരിക 16.03.2012


പൊതുതാൽപര്യങ്ങളിൽ ജാഗരൂകതയുള്ള ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ലേഖനമാണിത്‌. നമ്മുടെ പല പദ്ധതികൾക്ക്‌ പിറകിലും ആഗോളവൽക്കരണ താൽപര്യങ്ങൾ പ്രവർത്തിക്കുന്നു എന്നു മനസ്സിലാകണമെങ്കിൽ ഇത്തരത്തിലുള്ള ലേഖനങ്ങൾ വായിച്ചാൽ മാത്രമേ കഴിയൂ. ചിന്ത വാരിക സമ്പൂർണ്ണമായ ഒരു ധൈഷണിക വാരികയാണ്‌. ഓരോ ലക്കങ്ങളും മികച്ച നിലവാരത്തോടുകൂടിയാണ്‌ പുറത്തുവരുന്നത്‌. സാമൂഹിക പ്രതിബദ്ധതയോടുകൂടി ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും ഒരു കൊച്ചുപുസ്തകമായി ഓരോ ലക്കവും മാറുകയാണ്‌. ഇത്തരത്തിലുള്ള വാരികകൾ വായിക്കാൻ സാമൂഹ്യവിദ്യാഭ്യാസം സിദ്ധിച്ചവർ മുതൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചവർ വരെ തയ്യാറാകുമ്പൊഴേ വ്യക്തിയുടെ രാഷ്ട്രീയവൽക്കരണം സാധ്യമാകൂ.വിലാപങ്ങളുടെ വിരുന്നുമേശ (നോവൽ)- 
വിനോദ്‌ ഇളകൊള്ളൂർ


വിനോദ്‌ ഇളകൊള്ളൂർ


വിനോദിന്റെ നോവൽ പുറത്തിറങ്ങി. നോവലിലെ ഒരു സംഭാഷണഭാഗം ഇങ്ങനെയാണ്‌.

'വലുതാകുമ്പോൾ ഞാൻ അമേരിക്കയിൽ പോകും'
സണ്ണിച്ചൻ പറഞ്ഞു. ഞാൻ കൗതുകം കൊണ്ടു.
എന്നിട്ട്‌ ...? ഞാൻ ചോദിച്ചു.
ഒരു വലിയ പണക്കാരനാകും .... സണ്ണിച്ചൻ
എന്നിട്ട്‌ ...? ഞാൻ
ഒരു സുന്ദരി മദാമ്മയെ കല്യാണം കഴിക്കും
എന്നിട്ട്‌ ...?
എന്നിട്ടെന്താ,ഞങ്ങൾക്ക്‌ കുഞ്ഞുങ്ങളുണ്ടാകും
എന്നിട്ട്‌ ....?
എനിക്കു വയസ്സാകും....
എന്നിട്ട്‌....?
എല്ലാവരേം പോലെ ഞാനും മരിക്കും ....
എന്നിട്ട്‌ .....?
സണ്ണിച്ചൻ പരിഭ്രമത്തോടെ എന്നെ നോക്കി. ഞാൻ പുഴയിലേക്ക്‌ കുതിച്ചു ചാടി. പുഴവെള്ളം ഇളകി മറിഞ്ഞു.

പണമുണ്ടാക്കാന്നതിനു മാത്രം പ്രവാസജീവിതം നയിക്കുന്ന ഓരോ മലയാളിയും ഈ ചോദ്യങ്ങളിലൂടെ കടന്നുപോകണം. ഈ നോവൽ അടിയന്തിരമായി വായിക്കുകയും ചെയ്യുക. ഉത്തരാധുനികതയിലെ അസ്തിത്വവാദത്തിന്റെ നോവലാണിത്‌.പുതുനിരൂപണത്തിലെ കെണിസുജ സൂസന്റെ 'എന്റെ പേര്‌' എന്ന കവിതാസമാഹാരത്തിന്റെ തുടക്കത്തിൽ മ്യൂസ്‌ മേരി ജോർജ്ജ്‌ പേരിന്റെ നാനാർത്ഥങ്ങൾ എന്ന ഒരു പഠനം ചെയ്തിട്ടുണ്ട്‌. അതിലെ ഒരു വാക്യം ഇങ്ങനെയാണ്‌ "മിത്തിക്കൽ കഥാപാത്രങ്ങളുടെ പുനർവായന സാംസ്കാരിക പഠനങ്ങളുടെ മേൽ നടത്തുന്ന ഇടപെടൽ വാർപ്പുമാതൃകകളുടെ  അഴിച്ചടക്കലിന്റെ എഴുത്തുവഴിയാണ്‌ ഈ സമാഹാരം". ഇങ്ങനെയൊക്കെ എഴുതുന്നതുകൊണ്ടാണ്‌ വിമർശനം ആരും തിരിഞ്ഞു നോക്കാതെ പോകുന്നത്‌. മലയാള ഉത്തരാധുനിക സാഹിത്യത്തിൽ പലരും വാർപ്പുമാതൃക എന്നൊക്കെ എഴുതി നമ്മെ വിരട്ടിയിട്ടുണ്ട്‌. മേരി അതൊക്കെ വിടുക. അങ്ങനെ എഴുതിയതൊക്കെ കെണിയിൽ വീണ്‌ പിടയുന്നതാണ്‌ മലയാളവിമർശനത്തിന്റെ വർത്തമാനകാല ദുരന്തവാർത്ത. ലളിതമായും ദീപ്തമായും മൗലികമായും എഴുതി മുന്നേറുക. കവിതയിൽ എന്നപോലെ പുതുമലയാള നിരൂപണത്തിലും മേരിക്ക്‌ മുന്നേറാൻ കഴിയും.

പുസ്തകത്തിന്റെ അവസാനം ഡോ.കെ.എം.വേണുഗോപാൽ എഴുതിയ പേരടയാളക്കാർഡ്‌ എന്ന പഠനവും ചേർത്തിട്ടുണ്ട്‌. ഒരുപാട്‌ വലിയ കാര്യങ്ങൾ, സൂക്ഷ്മ ചിന്തകൾ എല്ലാം അതിലുണ്ട്‌. പക്ഷെ, ലേഖനമാകമാനം അവ്യക്തതയുടെ ആഘോഷമായി മാറുകയാണ്‌. ഇത്‌ പുതിയ നിരൂപണത്തിലെ മറ്റൊരു കെണിയാണ്‌. മാരാരും എം.പി.പോളും മുണ്ടശേരിയും കുറ്റിപ്പുഴയും കെ.പി.അപ്പനും രാജകൃഷ്ണനുമൊക്കെ എത്ര അഗാധമായ ചിന്തകളെയും വ്യക്തതയുടെ ആഘോഷമാക്കി മാറ്റിയതിന്റെ സൂക്ഷ്മ സഞ്ചാരവേഗങ്ങളെ, കമനീയതയെ, പുതുനിരൂപണത്തിലെ ഇത്തരക്കാർ ഉറക്കമൊഴിച്ചിരുന്നു പഠിക്കണം. നിരൂപണത്തിന്റെ ലോകത്തുനിന്ന് വിവേകശാലികളായ വായനക്കാർ പോലും കൂട്ടപലായനം നടത്തുന്ന സാഹചര്യം മലയാള നിരൂപണത്തിന്റെ ഭാവിയെയാണ്‌ രോഗാതുരമാക്കുന്നത്‌. എഴുതുമ്പോൾ അത്‌ തനിക്കുവേണ്ടിയല്ലെന്നും അപരലോകത്തിനു വേണ്ടിയാണെന്നും ഇവർ മറക്കാതിരിക്കട്ടെ.

ശ്രദ്ധേയമായ ചിന്തകൾ


1. ഉപേക്ഷിച്ചാൽ ഉപദ്രവിക്കാത്തതും അപേക്ഷിച്ചാൽ അനുഭൂതി തരുന്നതുമായ പ്രണയം വലിയൊരു ചിന്താവിഷയം കൂടിയാണ്‌ - ഗിരീഷ്‌ പുലിയൂർ
( പാട്ട്‌ .. പ്രേമം... വീഞ്ഞ്‌, ലോകമലയാളം മാസിക ഏപ്രിൽ 2012)

2. "അനസൂയയും പ്രിയംവദയും ശകുന്തളയുടെ തോഴിമാരല്ല, ശകുന്തളയുടെ രണ്ടു ഭാവങ്ങളാണ്‌. അതുപോലെ സ്ത്രീകളിലെ എല്ലാ നന്മകളിലും നന്മ നിറഞ്ഞ മറിയത്തിന്റെ സ്വഭാവത്തിലെ അംശങ്ങളുണ്ട്‌."
(കെ.പി.അപ്പൻ, മധുരം നിന്റെ ജീവിതം)


തലയ്ക്കടി കിട്ടിയതുപോലെ - ദിലീപ്‌


ദിലീപ്‌

ദിലീപിന്റെ അഭിനയമികവ്‌ നേരത്തെ തന്നെ 'സംസ്കാരജാലകം' എടുത്തുകാട്ടിയിട്ടുള്ളതാണ്‌. ചാന്തുപൊട്ടിലെയും കുഞ്ഞിക്കൂനനിലേയും അഭിനയം മിമിക്രിയാണെന്നു കണ്ടെത്തിയ ജൂറിയംഗങ്ങൾ ശരിയായ വിലയിരുത്തലല്ല നടത്തിയത്‌. സ്വന്തം വ്യക്തിത്വം മറച്ചുകളഞ്ഞ്‌ അപരവ്യക്തിത്വം പുറത്തുകൊണ്ടുവരുന്നത്‌ അഭിനയമാണ്‌. അതുകൊണ്ട്‌ ദിലീപിന്റെ പ്രതികരണം കൃത്യമാണ്‌..... "തലയ്ക്കടി കിട്ടിയതുപോലെ". അതുകൊണ്ട്‌ 2010-11 വർഷത്തെ ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം സന്തോഷത്തോടെയാണ്‌ ശ്രവിച്ചത്‌.


2012 ജൂലൈ 15 മാതൃഭൂമി


'നീ പാർട്ടിയാകുന്നു, പാർട്ടി സെക്രട്ടറിയാകുന്നു' എന്ന ലേഖനം വർത്തമാനകാല രാഷ്ട്രീയത്തിലെ ചില ഗൂഢശ്രമങ്ങളുടെ ഭാഗമായി വേണം കാണേണ്ടത്‌. 'വ്യത്യസ്ഥമായി ചിന്തിക്കുന്ന വ്യക്തിയുടെ സ്വാതന്ത്ര്യമാണ്‌ യഥാർത്ഥ സ്വാതന്ത്ര്യം' എന്ന റോസാ ലക്സംബർഗിന്റെ ഉദ്ധരണിയോടെയാണ്‌ ലേഖനം തുടങ്ങുന്നത്‌. അരാഷ്ട്രീയവാദവും വ്യക്തിവാദവുമൊക്കെ നാം ഒത്തിരി കേട്ടതല്ലേ രഘു. ഒരു ഗുണവുമില്ലാത്ത 'ചർവിത ചർവണം' ഇനിയും വേണമോ? കേരളത്തിന്റെ ഇടതുപക്ഷ ബോധത്തെ തകർക്കാൻ വലതുപക്ഷ/ മാധ്യമ ലോബി നടത്തുന്ന ഗൂഢനീക്കങ്ങൾക്ക്‌ വായ്ത്താരിയായി മാത്രമേ ബുദ്ധിയുള്ളവർ ഇതിനെ കാണൂ. ഇതൊന്നും കേരളമണ്ണിൽ കൂടുതൽ കാലം ചെലവാകുമെന്ന് തോന്നുന്നില്ല. ആധുനികതയ്ക്ക്‌ വളരെ മുമ്പുള്ള കുലസ്വത്വമാണ്‌ സി.പി.എം ന്റേത്‌ എന്നു ചെറുതായി കാണുന്ന രഘു നമ്മൾ ചർച്ച ചെയ്തു ചവറ്റുകൊട്ടയിൽ തള്ളിയ സ്വത്വരാഷ്ട്രീയത്തിന്റെ പുതിയ പതിപ്പാണ്‌ സൃഷ്ടിക്കുന്നത്‌. സി.പി.ഐ.എം കേരളത്തിലെ ജനങ്ങൾക്ക്‌ അനിവാര്യമായ സ്വത്വമാണ്‌. സി.പി.ഐ.എം ൽ നിന്നും വിട്ടുപോയതിലുള്ള ദു:ഖം ഇന്നും കെട്ടടങ്ങിയിട്ടില്ല എന്ന് സി.പി.ജോണിന്റെ ഏറ്റുപറച്ചിൽ രഘു വായിച്ചോ?

മുളകുബജി

(ലോകമലയാളം മാസിക, ഏപ്രിൽ 2012)

ലോകമലയാളം മാസികയിൽ മുളകുബജി എന്ന പംക്തിയിൽ കെ.എൻ.ചക്രപാണി രണ്ടു വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്‌. ഒന്ന്- നമ്മുടെ സർക്കാരിന്റെ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ യേശുദാസിനെക്കുറിച്ച്‌ നിർമ്മിച്ച ഡോക്യുമന്ററിക്ക്‌ പേരിട്ടത്‌ സദ്‌ഗുരുവെന്നാണ്‌. ഇതു കുറച്ച്‌ കടന്ന കയ്യായിപ്പോയി എന്ന് മുളകുബജി. രണ്ട്‌ - മാതൃഭൂമി എം.എച്ച്‌.ശാസ്ത്രി എന്ന മഹാപണ്ഡിതന്റെ മരനവാർത്തയും ലേഖനങ്ങളും പ്രാധാന്യത്തോടെ കൊടുത്തില്ലെന്നും  മനോരമ അതു ചെയ്തു എന്നുമാണ്‌ മുളകുബജിയുടെ മറ്റൊരു ആക്ഷേപം. രണ്ടും കാതലായ വിമർശനങ്ങൾ തന്നെ.

വെള്ളപ്പൊക്കം - എം.ആർ.രേണുകുമാർ

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌

എം.ആർ.രേണുകുമാറിന്റെ നാം ഇതുവരെ വായിച്ച കവിതകൾ പോലെ 'വെള്ളപ്പൊക്ക'വും സുതാര്യതയും സുതാര്യതയ്ക്കുള്ളിലെ സർഗ്ഗാത്മകതയുടെ സുതാര്യതയും കൊണ്ട്‌ മനസ്സിലേക്ക്‌ വെളിച്ചമായി പാറിപ്പറന്നു വരികയാണ്‌. മഴവെള്ളത്തിന്റെ ഗ്രാമ്യാനുഭവങ്ങളാണ്‌ കവിത. ഒപ്പം ദളിത ജീവിതസമ്മർദ്ദങ്ങളുടെ അഴകും കവിത പ്രകടിപ്പിക്കുന്നു. മാധ്യമവിഷം ചീറ്റുന്ന ആശയങ്ങൾ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു (എൻ.പ്രഭാകരൻ) ഈ ലക്കം. സുനിൽ.പി.ഇളയിടത്തിന്റെ ലേഖനവും ഈ കവിതയും വായിച്ചപ്പോഴാണ്‌ ഒരാശ്വാസം തോന്നിയത്‌. കവിതയിലെ രണ്ടുവരി സുതാര്യതയ്ക്കുള്ളിലെ സർഗ്ഗാത്മകതയുടെ സുതാര്യത കാണിക്കാനായി മാത്രം ഉദ്ദരിക്കുന്നു.

മഴക്കാലമതിന്നിടങ്കാലിനാൽ
വേനലിൻ പോസ്റ്റിലേക്ക്‌
തുരുതുരെ കോരിച്ചൊരിയും
മിന്നലിൻ ഗോളുകൾ

ക്ലാസിക്‌- നിയോ ക്ലാസിക്‌ ഭാവനകൾ വെല്ലുവിളിക്കപ്പെടുക കൂടിയാണ്‌ ഇവിടെ.


ഏകാധിപതിയായ അധ്യാപകന്റെ/ അധ്യാപികയുടെ അന്ത്യംഏകാധിപതിയായ അധ്യാപകൻ/അധ്യാപിക ക്ലാസ്സിൽ മരിച്ചെങ്കിലേ ക്ലാസ്സുമുറിയിൽ ഗുണപരമായ വിദ്യാഭ്യാസത്തിന്റെ സ്വാതന്ത്ര്യം ഉണ്ടാകൂ. വിദ്യാർത്ഥി കേന്ദ്രിതവും അധ്യാപക നിയന്ത്രിതവുമായ ക്ലാസ്സാണത്‌. ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള അധ്യാപകൻ പഠന/മനന/പ്രവർത്തനങ്ങളാൽ സദാപി വ്യാപരിക്കുമ്പൊഴേ ഈ സ്വപ്നം പൂവണിയൂ.കാർട്ടൂൺ സാംസ്കാരിക മുന്നേറ്റമാകുന്ന വഴി


ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള കാർട്ടൂണിസ്റ്റുകളിൽ ഒരാളായ അഡ്വ.ജിതേഷ്‌ കേരളത്തിൽ ഇന്നൊരു സാംസ്കാരിക മുന്നേറ്റത്തിന്റെ ജൈത്രയാത്രയിലാണ്‌. രണ്ടായിരത്തിലധികം വേദികളിലാണ്‌ ജിതേഷ്‌ വരവേഗ വിസ്മയം അവതരിപ്പിച്ചു കഴിഞ്ഞത്‌. ഉജ്ജ്വലവും ധൈഷണികവും സംക്ഷിപ്തവുമായ പ്രഭാഷണം വിഷ്വൽ നരേഷൻ പോലെ വരയരങ്ങിനെ കൊഴുപ്പിക്കുന്നു. സചിത്രപ്രഭാഷണത്തിന്റെ അനന്തസാധ്യതകളാണ്‌ ഈ നവ സാംസ്കാരിക കലാരൂപം പരീക്ഷിക്കുന്നത്‌.

അഡ്വ.എസ്‌.ജിതേഷ്‌

നമ്മുടെ മികവാർന്ന നേതാക്കന്മാരും പ്രതിഭാശാലികളും ചരിത്രസന്ദർഭങ്ങളും വരയരങ്ങിൽ പുന:സൃഷ്ടിക്കപ്പെടുന്നു. ആട്ടവും പാട്ടും ഒന്നിപ്പിച്ച്‌ മൈക്കൽ ജാക്സൺ ലോകത്തെ കീഴടക്കിയതിന്റെ നേരിയ ഓർമ്മകളാണ്‌ ജിതേഷിന്റെ ഈ വേഗവിരൽ ചിത്രകലാ വിസ്മയം കേരളത്തിലാകമാനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. നമ്മുടെ കാലം, അരാഷ്ട്രീയവാദികളും യഥാർത്ഥ കലാവിരുദ്ധരും ഓർമ്മ നഷ്ടപ്പെട്ടവരും സംസ്കാരവിരുദ്ധരുമാക്കിത്തീർത്ത നമ്മുടെ കുട്ടികൾക്ക്‌ ഒരു ഷോക്‌ ട്രീറ്റ്‌മെന്റ്‌ ആകുവാൻ കഴിയുന്നുവെന്നതാണ്‌ ജിതേഷിന്റെ വേഗവരയരങ്ങിന്റെ സാമൂഹികബദ്ധത. ജിതേഷ്‌ ഇത്‌ ആഗോളമായിത്തന്നെ വികസിപ്പിക്കണം. വരയരങ്ങിനിടയിൽ പ്രകടമാകുന്ന ജിതേഷിന്റെ അതിശയകരമായ ഓർമ്മശക്തി ആരിലും അസൂയ ജനിപ്പിക്കുന്നതാണ്‌.


ടി.എൻ.ഗോപകുമാറേ ഇപ്പണി വേണ്ടായിരുന്നു...


T.N.ഗോപകുമാർ

ടി.എൻ.ഗോപകുമാറും പരസ്യപ്പണിക്ക്‌ ഇറങ്ങിയിരിക്കുന്നു. ഇലക്ട്രോണിക്‌ ഉപകരണങ്ങൾ ആണ്‌ പുള്ളിക്കാരന്റെ ഐറ്റം. സ്വർണ്ണത്തിലേക്ക്‌ പ്രമോഷനുടൻ പ്രതീക്ഷിക്കാം. സിനിമാക്കാരും ക്രിക്കറ്റുകാരും പിന്നെ പരസ്യ മോഡലുകളും തുടങ്ങി അറ്റ്ലസ്‌ രാമചന്ദ്രൻ വരെ ഇപ്പണി ചെയ്യുന്നുണ്ട്‌. നമ്മുടെ മഹാന്മാരെ അടിച്ചോടിച്ച ഇവറ്റകളാണ്‌ ഇപ്പോൾ പുതിയ മഹാന്മാരും മഹതികളുമായി മിനിസ്ക്രീനിൽ നിറയുന്നത്‌. ടി.എൻ. വേറേ പണി നോക്കണേ. അശ്വമേധം ഫെയിം ഇപ്പണി ചെയ്യുന്നുണ്ട്‌. പുള്ളിക്കാരനെ നമ്മൾ വലുതായി കണക്കാക്കുന്നില്ല. ഓർമ്മയുണ്ടെന്നതിനപ്പുറം ഇങ്ങേര്‌ എന്താ പണി ഇവിടെ കാണിച്ചിട്ടുള്ളത്‌.


ഹോട്ടൽ റെയ്ഡുകൾ


ഭക്ഷ്യവിഷബാധ മൂലം ഒരാൾ മരിച്ചപ്പോഴാണ്‌ ഗവൺമെന്റ്‌, ഹോട്ടലുകൾ റെയ്ഡ്‌ ചെയ്യാൻ തുടങ്ങിയത്‌. ഇത്ര വ്യാപകമായ റെയ്ഡ്‌ മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ല. ഇടതടവില്ലാതെ ഇത്തരം പരിശോധനകൾ ഉണ്ടാകേണ്ടതായിരുന്ന പുതിയകാലത്തിലെ ഒരു ഭരണകൂടത്തിന്‌ ഇത്‌ ഭൂഷണമേ അല്ല. മായം ചേർക്കലിനെക്കുറിച്ച്‌ സംസ്കാരജാലകം നേരത്തെ എഴുതിയിരുന്നു. ഹോട്ടലുകളെപ്പോലെ രോഗം പടർത്താൻ ഇടയുള്ള സ്ഥലങ്ങളാണ്‌ കേരളത്തിലെ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും. ഒരാൾ മരിക്കുന്നതുവരെ കാത്തുനിൽക്കാതെ ഈ കേന്ദ്രങ്ങളും സമഗ്രപരിശോധനയ്ക്ക്‌ വിധേയമാക്കാൻ ഭരണകൂടം മുന്നോട്ട്‌ വരണം. മായം ചേർക്കലിനെതിരെ ശക്തമായ റെയ്ഡിന്‌ ഗവൺമെന്റ്‌ ഒരു നിമിഷം പോലും അമാന്തിക്കാൻ പാടില്ല.


പവിത്രൻ തീക്കുനിയുടെ ബാങ്ക്‌ ലോൺ


പവിത്രൻ തീക്കുനിയുടെ ബാങ്ക്‌ ലോൺ കവിതാപ്രേമികളുടെ സഹായത്തോടെ തിരിച്ചടച്ചുവെന്ന വാർത്ത കേട്ടു.  കവിതാസ്നേഹികളുടെ നടപടി അഭിനന്ദനങ്ങൾ അർഹിക്കുന്നു. പവിത്രൻ ലോകത്തിനു വേണ്ടിയാണ്‌ കവിതകൾ എഴുതുന്നത്‌. പവിത്രനെ ലോകം നോക്കിക്കൊള്ളണം എന്നത്‌ ഒരു നീതി തന്നെയാണ്‌.പിണറായി വിജയനും മഹാശ്വേതാദേവിയും


മഹാശ്വേതാദേവി കേരളത്തിലെ ഇടതുപക്ഷത്തിന്‌ ഒരു വലിയ സേവനം ചെയ്തു. പിണറായി വിജയൻ കോടീശ്വരനാണെന്നും വലിയ രമ്യഹർമ്യത്തിൽ താമസിക്കുകയാണെന്നും കേരളത്തിൽ ബോധപൂർവ്വമായ ഒരു പ്രചാരണം നടന്നിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ അപവാദത്തിൽ കുടുക്കി ജനങ്ങളിൽ നിന്നും അകറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌. പിണറായിയുടെ വീട്‌ രമ്യഹർമ്യമല്ലെന്നും കേരളം സന്ദർശിക്കുമ്പോൾ പിണറായിയുടെ വീട്ടിൽ വരാമെന്നും മഹാശ്വേതാദേവി ഇൻഡ്യൻ എക്സ്പ്രസ്‌ ലേഖകനോട്‌ വെളിപ്പെടുത്തിയതായി ഒരു ചാനലിൽ കണ്ടു. കേരളത്തിലെ ഇടതുപക്ഷത്തെ ചില കുബുദ്ധികൾ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. പിണറായിക്ക്‌ മഹാശ്വേതാദേവി എഴുതിയ തുറന്ന കത്തും അതിന്‌ വിജയൻ എഴുതിയ മറുപടിയും ഈ മറുപടിക്കുള്ള മഹാശ്വേതാദേവിയുടെ പ്രതികരണവും ഒരു പാട്‌ തെറ്റിദ്ധാരണകളുടെ മൂടൽമഞ്ഞാണ്‌ നീക്കിക്കളഞ്ഞത്‌.

ഓരോ എഴുത്തുകാരിയുടെയും ഉള്ളിലുമുണ്ടോ 
ഒരു രാജലക്ഷ്മി ?


(ഗ്രന്ഥാലോകം 2012 മെയ്‌)

രാജലക്ഷ്മി ഒരു പ്രത്യേക പതിപ്പായി പ്രസിദ്ധീകരിച്ചത്‌ അഭിനന്ദനീയമാണ്‌. രാജലക്ഷ്മി എന്ന എഴുത്തുകാരിയെ മലയാളം മറ്റ്‌ പല എഴുത്തുകാരെയും പോലെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. സംഘസംവാദത്തിൽ നിന്നും പല 'നിലയവിദ്വാന്മാരെ'യും ഒഴിവാക്കി പുതിയ എഴുത്തുകാരെ ഉൾപ്പെടുത്തിയതാണ്‌ ഏറ്റവും അധികം സന്തോഷം നൽകുന്നത്‌.

ആത്മപ്രശംസയും മരണവുമൊക്കും


സാഹിത്യവാരഫലത്തിൽ ആത്മപ്രശംസ പലപ്പോഴും കടന്നുവന്നിട്ടുണ്ട്‌. എം.കെ.ഹരികുമാറും ഈ ദോഷത്തെ ഉപേക്ഷിക്കുന്നില്ല. നോക്കുക.

"എന്റെ ആത്മായനങ്ങളുടെ ഖസാക്ക്‌ എന്ന പുസ്തകം പുറത്തിറങ്ങിയ ഉടനെ (1984) ഞാൻ വി.പി.ശിവകുമാറിന്‌ അയച്ചുകൊടുത്തു. അദ്ദേഹം മറുപടിയായി ഒരു ഇൻലൻഡിൽ ഇങ്ങനെ എഴുതി - ഈ പുസ്തകം സർഗ്ഗാത്മകരചനയുടെ ഗാംഭീര്യം പ്രകടിപ്പിക്കുന്നു." ( കലാകൗമുദി, അക്ഷരജാലകം 2012 ജൂൺ 24)

മരണവും ആത്മപ്രശംസയുമൊക്കും എന്ന് ശ്രീകൃഷ്ണൻ അർജ്ജുനനോട്‌ പറഞ്ഞത്‌ ( മഹാഭാരതം- ദ്രോണപർവ്വം ) എത്ര ശരി !

ടി.പി.ചന്ദ്രശേഖരൻ വധം, അനീഷ്‌ രാജൻ; ഏ.കെ.ആന്റണി


ടി.പി.ചന്ദ്രശേഖരന്റെയും അനീഷ്‌ രാജന്റെയും (ഇടുക്കി) മറ്റും വധങ്ങൾ ഒരുപോലെ അപലപനീയമാണ്‌. ആധിപത്യ-മൂലധന ശക്തിക്കെതിരെ പോരാട്ടം ആരംഭിച്ച കാലം മുതൽ തന്നെ രാഷ്ട്രീയ കൊലപാതകങ്ങളും തുടങ്ങിക്കഴിഞ്ഞു. അതില്ലാതാകണമെങ്കിൽ ആധിപത്യ / മൂലധന ശക്തികളുടെ സാന്നിധ്യം ഈ ഭൂമുഖത്ത്‌ ഇല്ലാതാവണം. ടി.പി.ചന്ദ്രശേഖരൻ വധം കേരളത്തിലെ അവസാന രാഷ്ട്രീയകൊലപാതകമാവണം എന്ന് ആന്റണി പറയുന്നു. നല്ല കാര്യമാണ്‌. പക്ഷെ ചരിത്രപുസ്തകങ്ങൾ ഉറക്കമൊഴിച്ചിരുന്ന് വായിച്ച്‌ രാഷ്ട്രീയ കൊലപാതകങ്ങളുടെ വേരുകൾ തോണ്ടിയെടുക്കാൻ കൂടി ആന്റണി ശ്രമിക്കണം; വെട്ടുവഴിക്കവിതകൾ എഴുതിയ കവികളും.

ഇടുക്കിയിലെ തമിഴ്‌ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി ആയിരുന്നു അനീഷ്‌ രാജൻ കൊല്ലപ്പെട്ടത്‌. വെട്ടുവഴിക്കവികൾ അങ്ങോട്ടും കവിതയുടെ വഴികൾ വെട്ടുക. ടി.പി യുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കുക എന്നുള്ളത്‌ ഏത്‌ ജനാധിപത്യവാദിയും ഉത്ക്കടമായി ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്‌. മുതലെടുപ്പുകാരെയും മുതലക്കണ്ണീരുകാരെയും സൂക്ഷിക്കുക എന്നുള്ളതും ഒരു സാംസ്കാരിക ജാഗരൂകതയാണ്‌.

ഓർമ്മ


ദൈവത്തിന്റെ ശബ്ദമുള്ള  ഗസൽ ഗായകൻ മെഹ്ദി ഹസ്സൻ, വൈകാരികതയുടെ മാസ്മരിക ഭാവങ്ങൾ വെള്ളിത്തിരയിൽ മിന്നിച്ച രാജേഷ്‌ ഖന്ന, കരുത്തിന്റെ സ്ത്രീരൂപമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി എന്നിവരുടെ ഓർമ്മകൾക്ക്‌ മുന്നിൽ സംസ്കാരജാലകത്തിന്റെ ആദരാഞ്ജലികൾ
 


 മിസ്സിസ്‌ എന്ന കുരീപ്പുഴയുടെ കവിതയും സ്ത്രീപ്രസിദ്ധീകരണങ്ങളുംകുരീപ്പുഴ ശ്രീകുമാർ

നമ്മുടെ വനിതാപ്രസിദ്ധീകരണങ്ങളുടെ സർഗ്ഗാത്മകതയില്ലായ്മയും ഈ സാധനങ്ങൾ നമ്മുടെ സ്ത്രീകളെ എങ്ങനെ തകർക്കുന്നു എന്നതിനെക്കുറിച്ചും പലപ്രാവശ്യം സംസ്കാരജാലകത്തിൽ എഴുതിയിട്ടുണ്ട്‌. ഇതേ കാര്യം ഒരു കവിതയിലൂടെ കുരീപ്പുഴ ശ്രീകുമാർ മനോഹരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്‌. വായിച്ചുകൊള്ളുക. 'കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ' എന്ന സമാഹാരത്തിൽ 246 മത്തെ പേജിലെ ഈ കവിത എല്ലാ സ്ത്രീകളും വായിക്കണം. 

മിസ്സിസ്‌

പൊങ്ങച്ച സഞ്ചിയിലെന്തുണ്ട്‌
വനിതകൾക്കായുള്ള മാസികകൾ
മാസികകൾക്കുള്ളിലെന്തുണ്ട്‌
നീറുന്ന ജീവിതപ്രശ്നങ്ങൾ
നീറുന്ന പ്രശ്നങ്ങളെന്തെല്ലാം
സാരി മുഖക്കുരു ലിപ്സ്റ്റിക്‌
സ്റ്റിക്കല്ലാതില്ലയോ പ്രശ്നങ്ങൾ
ഭക്ഷണം വിശ്രമം വ്യായാമം.

രാഷ്ട്രീയ സാമൂഹികാവബോധങ്ങൾ നഷ്ടപ്പെട്ട, മാനസികമായ സൗന്ദര്യവും സർഗ്ഗാത്മകതയും നഷ്ടപ്പെട്ട പുതിയ കാലത്തിലെ പെണ്ണിന്റെ രേഖാചിത്രമാണിത്‌.സുരേഷ്‌ ഗോപി ഇതൊന്നു അവസാനിപ്പിക്കുമോ ....ഏഷ്യാനെറ്റ്‌ ചാനലിലെ കോടീശ്വരൻ എന്ന സുരേഷ്‌ ഗോപിയുടെ പ്രോഗ്രാമിന്റെ പേര്‌ തന്നെ തെറ്റായ സന്ദേശം ലോകത്തിനു നൽകുന്നതാണ്‌. പണമാണ്‌ ഏറ്റവും വലിയ സാമൂഹികശക്തി എന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നത്‌ സുരേഷ്‌ ഗോപിയല്ല. ഇദ്ദേഹം ഒരുപകരണമോ പണശക്തിയുടെ ഏജന്റോ ആയിമാറുന്നു എന്നുമാത്രം. എന്തും കച്ചവടം ചെയ്യുക എന്നത്‌ പുതിയ കാലത്തിന്റെ സമ്പദ്‌ശക്തിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്‌. ഇവരുടെ ഒരു തുറുപ്പു ശീട്ടാണ്‌ Entertainment Industry (Celebrity Culture). മനുഷ്യരിൽ നിന്നും സർഗ്ഗാത്മക ചിന്താതലങ്ങളെ ആട്ടിപ്പായിക്കുന്നത്‌ മേൽപ്പറഞ്ഞ തന്ത്രങ്ങളിലൂടെയാണ്‌. സർഗ്ഗാത്മക ചിന്തകളെ സാർവ്വകാലിക ബീഭത്സരൂപമായ പുതുസമ്പദ്‌വ്യവസ്ഥ ഭയക്കുന്നുണ്ട്‌. പാട്ടിനെ കച്ചവടം ചെയ്ത റിയാലിറ്റി ഷോയും ക്വിസിനെ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന കോടീശ്വരനും ആത്യന്തികമായി സർഗ്ഗാത്മക ചിന്തയിൽ നിന്നും മനുഷ്യനെ അകറ്റിക്കൊണ്ട്‌ പോകുകയാണ്‌.
രണ്ടുമിനിറ്റുകൊണ്ട്‌ ആർക്കും വായിച്ചെടുക്കാവുന്ന ക്വിസിലെ ചോദ്യോത്തരങ്ങളാണ്‌ ഒന്നര മണിക്കൂറിട്ട്‌ സുരേഷ്‌ ഗോപി അലക്കുന്നത്‌. ഇതിനുപിന്നിലുള്ള ചാനൽ മുതലാളിമാരുടെ കച്ചവടം പൊടിപൊടിക്കുകയാണ്‌. ജ്ഞാനമാണല്ലോ എന്നൊരു മേലങ്കിയും കോടീശ്വരൻ സ്വന്തമാക്കിയിട്ടുണ്ട്‌. ജ്ഞാനത്തിന്റെ സർഗ്ഗാത്മകതയെ ജ്ഞാനത്തിന്റെ വടികൊണ്ടു തന്നെ അടിച്ചോടിക്കുകയാണ്‌. മലയാളിയുടെ വിലപ്പെട്ട സമയം തകർക്കുന്ന ഇവർ പാവങ്ങളുടെ പേരിലും കളിക്കുന്നുണ്ട്‌. പാവങ്ങളെ ഇല്ലാതാക്കുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ രാഷ്ട്രീയ പോരാട്ടങ്ങളെ ഇല്ലാതാക്കാനാണല്ലോ ഈ ഗിമിക്സ്‌ എന്ന് പാവം മനുഷ്യർ അറിയുന്നുമില്ല. പാവങ്ങളെ ആത്യന്തികമായി വിമോചിപ്പിക്കുന്നതിന്റെ വഴി EMS ഉം AKG യും ഒക്കെ നയിച്ച വഴിയാണ്‌ എന്ന ഓർമ്മയും ഇല്ലാതാക്കുവാൻ ചാനലുകൾ പെടാപ്പാടുപെടുന്ന കാലമാണിത്‌. കലാകാരനായ സുരേഷ്‌ ഗോപി സൗമ്യമായി ഇതൊക്കെ മനസ്സിലാക്കണം. പാവങ്ങളെ വിമോചിപ്പിക്കുന്ന രാഷ്ട്രീയ സമരങ്ങളുടെ പോർമുഖത്തിലാണ്‌ സുരേഷ്‌ ഗോപിയെപ്പോലുള്ളവർ സമൂഹത്തോട്‌ ആത്മാർത്ഥതയുണ്ടെങ്കിൽ കാണപ്പെടേണ്ടത്‌. ആരാധകരെ പച്ചയ്ക്ക്‌ വഞ്ചിക്കുന്ന ഒന്നിനും നടനകലയുടെ പ്രതിഭകൾ ഇനിയൊരിക്കലും തയ്യാറാകരുതേ.


പൂക്കളേക്കാൾ മണമുള്ള ഇലകൾ
ഒരു പുസ്തകത്തിന്റെ പേര്‌ എന്നതിനപ്പുറം എതിർപ്പിന്റെയും സങ്കടത്തിന്റെയും സൗന്ദര്യശാസ്ത്രം കൂടിയാണിത്‌. പൊതുധാരാ ആനുകാലികങ്ങൾ പുറത്താക്കുവാൻ ശ്രമിച്ചവരുടെ കഥകൾ സമാഹരിക്കപ്പെട്ടിരിക്കുകയാണിവിടെ. ബ്ലോഗ്‌ കഥകളുടെ സമാഹാരം. ഇത്ര സൗന്ദര്യമുള്ള ഗ്രന്ഥനാമങ്ങൾ അപൂർവ്വമായേ നമ്മുടെ ഇടയിൽ ഉണ്ടാകാറുള്ളൂ. പേരു പോലെ തന്നെ ഉള്ളടക്കവും നല്ലത്‌. മനോജ്‌ വെങ്ങോലയുടെ 'നോവൽസാഹിത്യം', നിധീഷ്‌.ജി യുടെ 'ഹൈഡ്ര', പ്രദീപ്‌കുമാറിന്റെ 'ഖരമാലിന്യങ്ങൾ', വി.ജയദേവിന്റെ 'ധനസഹായം ബാർ', സേതുലക്ഷ്മിയുടെ 'അനന്തരം' തുടങ്ങി മികച്ച 14 കഥകളാണ്‌ ഇതിലുള്ളത്‌. Insight Publica ആണ്‌ പ്രസാധകർ. അഭിനന്ദനങ്ങൾ.

ആറന്മുള വിമാനത്താവളം - രവിവർമ്മ തമ്പുരാൻ

അകം മാസിക, 2012 ജൂൺ


ചെന്താമരക്കൊക്ക എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട രവിവർമ്മ തമ്പുരാന്റെ കഥയാണിത്‌. പ്രണയം, ലൈംഗികത, ദാമ്പത്യം തുടങ്ങിയ ഒട്ടനവധി ജീവിതപ്രശ്നങ്ങൾ ഈ കഥ നമ്മുടെ കാഴ്ചയിലേക്ക്‌ കൊണ്ടുവരുന്നു. ഇത്രയേറെ പ്രശ്നങ്ങൾ ഒരു കഥയുടെ ചിമിഴിൽ അസാധാരണ വൈഭവത്തോടെ കൂട്ടിയോജിപ്പിച്ചെടുത്ത ആഖ്യാനമാണ്‌ കഥയുടെ പ്രധാന വൈശിഷ്ട്യം. കഥ അസ്വാഭാവികതയുടെ ആശങ്കകൾ ഉയർത്തുന്നുണ്ട്‌. പക്ഷെ പ്രശ്നങ്ങളുടെ സാംഗത്യം കൊണ്ടും ആഖ്യാനത്തിന്റെ കാര്യക്ഷമത കൊണ്ടും കഥ തന്നെ ഇത്‌ പരിഹരിക്കുന്നുണ്ട്‌. കഥ ഉയർത്തുന്ന പ്രണയത്തിന്റെ ഉദാരകാഴ്ചകളാണ്‌ ആറന്മുള വിമാനത്താവളത്തിന്‌ നല്ലൊരു വായനാനുഭവം പകരുന്നത്‌. ദാമ്പത്യത്തിന്റെ കുരുക്കിൽ നിന്ന് പലായനം ചെയ്തു പോകാനുള്ള മനസ്സിന്റെ അടിച്ചമർത്തപ്പെട്ട വാസനകളുടെ സ്വപ്നാത്മക വിമോചനം കൂടിയാണ്‌ ഈ കഥ. വർമ്മ, കഥയിൽ മുന്നേറുകയാണെന്ന് അകം മാസികയിലെ ഈ രചന തെളിവായി തീരുകയാണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ബെന്യാമിൻ 'നെടുമ്പാശേരി' എന്ന ഒരു കഥ ഈയിടെ എഴുതുകയുണ്ടായി. അങ്ങനെ രണ്ട്‌ വിമാനത്താവളങ്ങളും നമ്മുടെ കഥയുടെ ഭൂപടത്തിൽ അടയാളപ്പെടുകയാണ്‌.

അയച്ചുകിട്ടിയ പുസ്തകങ്ങൾ


1. ഇന്നലെയിലെ പെൺകുട്ടി
(കുട്ടികളുടെ ശാസ്ത്ര നാടകങ്ങൾ)
മനോജ്‌ സുനി കൈപ്പട്ടൂർ
ലെൻസ്‌ ബുക്സ്‌,അടൂർ
വില 50 രൂപ

2. ഉന്മത്തതയുടെ ക്രാഷ്‌ലാൻഡിംഗുകൾ
(കവിതകൾ)
രാജേഷ്‌ ചിത്തിര
സൈകതം ബുക്സ്‌
വില 55 രൂപ

3. ഉരഗം ഉണ്ടാകുന്നത്‌
(കവിതകൾ)
ചെന്താപ്പൂര്‌
ഗ്രാമം ബുക്സ്‌, കൊല്ലം
വില 90 രൂപ

4. ഒ.എൻ.വി - പഠനം സംഭാഷണം ഓർമ്മ
എഡിറ്റർ- കെ.ബി.ശെൽവമണി
ഒലിവ്‌ ബുക്സ്‌
വില 300 രൂപ.


OPHONE : 98957342186 comments:

 1. ഇതെല്ലാം ഒരോ പോസ്റ്റുകളായി എഴുതിക്കൂടെ ഇങ്ങനെ,
  ഒന്നിച്ച് എഴുതുന്നതിനെക്കാൾ നല്ലത് അതല്ലേ

  ReplyDelete
 2. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിരീക്ഷണങ്ങളുടെ കുലപതി പ്രൊഫസർ എം.കൃഷ്ണൻനായരെ അനസ്മരിച്ചുകൊണ്ടുള്ള തുടക്കം.ഒരു കാലത്ത് കലാകൗമുദിയും മലയാളം വാരികയും വാങ്ങിയാൽ ആദ്യം പിൻപേജുകൾ മറിച്ച് സാഹിത്യവാരഫലം വായിക്കും. സാഹിത്യം മാത്രമല്ല സാംസ്കാരിക മേഖലകളിലേയും വേറിട്ട നിരീക്ഷണങ്ങൾ അവിടെ ഉണ്ടാവും....

  സൈബർ എഴുത്തും ഓൺലൈൻ മാസികകളും പ്രചുരപ്രചാരം നേടുന്ന പുതിയ കാലത്ത് കേളികൊട്ടിലൂടെ ഇത്തരമൊരു നിരീക്ഷണപംക്തി ആരംഭിച്ചത് എന്തുകൊണ്ടും നന്നായി. ഡോക്ടർ ഭദ്രനെപ്പോലെ പ്രാപ്തനായ ഒരാളതു ചെയ്യുമ്പോൾ നിരീക്ഷണങ്ങൾക്ക് വിശ്വസനീയതയും ആധികാരികതയും കൂടുന്നു....

  പുതിയ സംരഭത്തിന് എല്ലാ ആസംസകളും നേരുന്നു....

  ReplyDelete
 3. ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ജമൈക്കക്കാരന്‍ ഹുസൈന്‍ ബോള്‍ട്ടാണെങ്കില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ കാര്‍ട്ടൂണിസ്റ്റ് മലയാളിയായ എസ്.ജിതേഷ് ആണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ക്രിയേറ്റീവ് ആര്‍ട്ടായ ചിത്രകലയെ പരമ്പരാഗതമായ ആസ്വാദനരീതികളില് നിന്നുവേറിട്ട് പെര്‍ഫോമിംഗ് ആര്‍ട്ട് എന്ന നിലയില്‍ വ്യത്യസ്തമായ ഒരു ആസ്വാദനതലം സൃഷ്ടിക്കുകയാണ് വരയരങ്ങ് എന്ന ഈ ഇന്‍ഫോടൈന്മെന്‍റ് ആര്ട്ട് ഫോമിന്‍റെ ആവിഷ്കരണത്തിലൂടെ ജിതേഷ് എന്ന വരയില്‍ പുലിവേഗമുളള "വരയന്‍ പുലി" ചെയ്യുന്നത്. ദൂരദര്‍ശനില്‍ ജിതേഷിനെക്കുറിച്ചും വരയരങ്ങിനെക്കുറിച്ചും സിനിമാസംവിധായകന്‍ അലി അക്ബര്‍ ചെയ്ത ഒരു ഡോക്കുമെന്‍ററിയിലൂടയാണ് ഞാന്‍ ഈ കലാരൂപത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. വരയരങ്ങ് നേരില്‍ക്കണ്ടപ്പോള്‍ സാംസ്കാരികജാലകത്തില്‍ ഡോ:ആര്‍.ഭദ്രന്‍ ചൂണ്ടിക്കാട്ടിയതുപോലെ ജിതേഷിന്‍റെ വരവേഗവിസ്മയത്തിന്‍റെ പ്രസക്തി കൂടുതല്‍ ബോധ്യപ്പെട്ടു. വിജ്ഞാനത്തില്‍ ചാലിച്ചെടുത്ത വരവേഗവിസ്മയമാണ് ആസ്വാദകനെ ഈ കലാരൂപത്തിലേക്ക് ആകര്‍ഷിക്കുന്നത്. സൂപ്പര്‍ സ്പീഡി ഡ്രോയിംഗ് എന്ന ചിത്രകലാരീതിയിലൂടെ മാസ്മരികവേഗത്തില്‍സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ടീയ-സാംസ്കാരിക നായകരുമടക്കമുളള നൂറോളം പ്രശസ്തരെ നർമ്മഭാഷണത്തിന്റെയും കാവ്യശകലങ്ങളുടെയും രസച്ചരടില്‍ കോര്‍ത്ത് വരഞ്ഞ് അരങ്ങത്ത് വരവേഗവിസ്മയം തീര്‍ക്കുന്നു. ചിത്രകല, പ്രഭാഷണകല, കാവ്യാലാപനം, ഏകാഭിനയം എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ് ജിതേഷിന്‍റെ വരയരങ്ങ്.
  സന്തോഷ് പണ്ടിറ്റ് സിനിമകളെപ്പറ്റി ചൂടന്‍ ചര്‍ച്ച സംഘടിപ്പിച്ച് നേരം കളയുന്ന ചാനലുകളും അച്ചടി മാധ്യമങ്ങളും വരയരങ്ങ് പോലെയുളള ഉള്‍ക്കാമ്പുളള കാര്യങ്ങളെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ പരിശ്രമിച്ചെങ്കില്‍ എത്ര നന്നായേനേം....കേളികൊട്ട് മാസിക നാടിന്‍റെ നേരായ സ്പന്ദനങ്ങളെ തിരിച്ചറിയുന്ന്തില്‍ വളരെ സന്തോഷം. ബ്ലോഗെഴുത്തിലെ എം.കൃഷ്ണന്‍ നായരായി മാറിക്കൊണ്ടിരിക്കുന്ന ഡോ: ആര്‍.ഭദ്രന്‍ സംസ്കാരജാലകം വഴി മഹത്ദൗത്യമാണ് നിരവേറ്റിക്കൊണ്ടിരിക്കുന്നത്.അനുമോദനങ്ങള്‍.....


  ജോയ് ജോസഫ്

  ReplyDelete
 4. പ്രൊ എം കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം വായിച്ചാണ് ഞാനും വളര്‍ന്നത്‌ .കലാകൌമുദി കിട്ടിയാല്‍ ആദ്യം
  വായിക്കാറുള്ള ആ പംക്തി ലോകസഹിത്യത്തെപ്പറ്റി ധാരാളം അറിവുകള്‍ പകര്‍ന്നുതന്നു .ഒരു വിമര്‍ശക ന്റെ സംവേദന ക്ഷമതയ്ക്ക് ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍

  ReplyDelete
 5. ഇത് മുഴുവന്‍ വായിച്ചില്ല. സാഹിത്യ വാരഫലം ലോകസഹിത്യത്തെപറ്റി ഒരുപാടു പറഞ്ഞു തന്നിരുന്നു. എനികിഷ്ടമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ബാക്കി പതുക്കെ വായിക്കാന്‍ ഫവോരിറ്റ്‌ ചെയ്തിട്ടുണ്ട്.

  ReplyDelete
 6. കേളികൊട്ട് ബ്ലോഗ്‌ മാഗസിനെ കുറിച്ച് ശ്രി.ഇടക്കുളങ്ങര ഗോപന്‍ ചേട്ടന്‍ വഴി അറിഞ്ഞു.കണ്ടപ്പോള്‍ വളരെ അധികം സന്തോഷം തോന്നി.ഞാനും ഇനി ഇതിന്‍റെ വായനക്കാരനകുന്നു.എല്ലാ വിധ ആശംസകളും.....

  ReplyDelete

Leave your comment