കഥ
സേതുലക്ഷ്മി
കതകിലാരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. കാറ്റിന്റെ ഇരമ്പലും മഴക്കോളും എന്റെ ബോധത്തിലേക്ക് വരാൻ പിന്നെയും കുറേ സമയമെടുത്തു. മഴ പെയ്യാനുള്ള ആരംഭമാണ്.
സാധാരണ ഈ സമയത്ത് ഞാൻ വീട്ടിൽ ഉണ്ടാകാറില്ല. വല്ലാത്തൊരു അസ്വസ്ഥതയും തലവേദനയും കാരണം ഓഫീസിൽ നിന്ന് അരദിവസത്തെ ലീവ് എടുത്തു പോന്നതായിരുന്നു. ബസ്സിലിരുന്ന് തണുത്ത കാറ്റും കൊണ്ടു. വന്ന ഉടനെ ഉറങ്ങാൻ കിടന്നതാണ്. കാറ്റിന്റെ വികൃതി വിളിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോഴും ഉറക്കം തന്നെ ആയിരുന്നേനെ.
നിയതി ഇതേവരെ എത്തിയിട്ടില്ല എന്ന കാര്യം പെട്ടെന്നാണ് എന്റെ ഓർമ്മയിൽ എത്തിയത്. സമയം നാലിന് ശേഷം എത്രയെങ്കിലുമായി കാണും. ജനാല തുറന്നു പുറത്തേക്കു നോക്കി. വരാൻ പോകുന്ന മഴയുടെ ആഘോഷം. ആകെ കറുത്തിരുണ്ട് കഴിഞ്ഞിരിക്കുന്നു.
നിയതി സാധാരണ എപ്പോഴാണ് വരിക എന്നറിയില്ല. അവൾ പോകുന്നതും ഞാൻ അറിയാറില്ല. നേരം വെളുക്കും മുൻപ് പോകുന്ന ദാസേട്ടൻ രാത്രിയാണ് വരാറ്. ധൃതിയിൽ രാവിലത്തെ പണികളെല്ലാം തീർത്ത് നിയതിയുടെ ടിഫിനും എടുത്തുവെച്ച്, ഒരുങ്ങി ബാഗുമെടുത്ത് ഇറങ്ങുമ്പോൾ എന്നും എന്റെ സമയം വൈകും. നിയതി ആ സമയത്ത് ടൈംടേബിൾ എടുത്തു തുടങ്ങുന്നതേ ഉണ്ടാവൂ. താമസിച്ചതിന്റെ വിഷമവും ബസ് തെറ്റുമോ എന്ന ആശങ്കയും എല്ലാം കൂടി നെഞ്ചിലിരുന്ന് വിങ്ങുമ്പോൾ അവൾ എന്തുചെയ്യുന്നു എന്ന് തിരിഞ്ഞുനോക്കാൻ കൂടി എനിക്ക് കഴിയാറില്ല. പിന്നെ ബസിലെ ഒരു സീറ്റും പുറത്തെ അൽപം കാറ്റും എല്ലാംകൂടി എന്റെ ടെൻഷൻ അൽപം കുറയ്ക്കുമ്പോഴാണ് അവളെപ്പറ്റിയുള്ള വേവലാതികൾ എന്റെ ഉള്ളിൽ നിറയാറ്. അടച്ചിട്ട കതകു തള്ളിത്തുറന്നോ അല്ലെങ്കിൽ അവളുടെ അശ്രദ്ധ കൊണ്ട് അകത്തു കയറി പതുങ്ങിയിരുന്നോ ഉണ്ടാകാനിടയുള്ള ആപത്തിനെപ്പറ്റി ഓർത്ത് എന്റെ മാതൃഹൃദയം വിങ്ങും. വലുതായി വരുന്ന പെൺകുട്ടികളെ വീട്ടിൽ വിട്ടിട്ടു വരുന്ന ഏതൊരമ്മയെയും പോലെ നെഞ്ചിൽ പുകയുന്ന നെരിപ്പോടുമായി ഞാൻ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വൈകുന്നേരം ഞാൻ തിരിച്ചെത്തുമ്പോൾ നിയതി ട്യൂഷനും ഹോംവർക്കുകളും തീർത്തു ടി.വി സീരിയലിന്റെ മുമ്പിൽ ഇരിപ്പുപിടിച്ചിരിക്കും. കതകു തുറക്കുമ്പോൾ ഹാഫ് സ്കർട്ടിനിടയിലൂടെ അവളുടെ വെളുത്തു മെലിഞ്ഞ കണങ്കാലുകളാവും ഞാൻ ആദ്യം കാണുക. പതിമൂന്നു വയസ്സായ പെൺകുട്ടികൾക്ക് കുറച്ചുകൂടി അച്ചടക്കം വേണം എന്നു പറയാനാണ് എനിക്ക് അപ്പോൾ തോന്നാറ്. എങ്കിലും നിയതി ഞങ്ങളുടെ ഏകമകളായതുകൊണ്ട്, അവളെ വേദനിപ്പിക്കാതിരിക്കാനായി 'എഴുന്നേറ്റു പോയി പഠിക്ക് കുട്ടീ' എന്നു മാത്രം പറയും. അനിഷ്ടം സൂചിപ്പിക്കുന്ന ഒരു പ്രത്യേകതാളത്തോടെ പഠനമുറിയിലേക്ക് പോകുന്ന അവളെ ഒന്നു നോക്കി ഞാനെന്റെ വൈകുന്നേരത്തെ ജോലികളിലേക്ക് കടക്കും. രാത്രി വൈകി കിടപ്പുമുറിയിൽ എത്തുമ്പോഴേക്കും അവൾ ഉറക്കം പിടിച്ചുകഴിയും. ആകെ തളർന്ന ഒരു പഴന്തുണിക്കെട്ടു പോലെ ആയിക്കഴിഞ്ഞിരിക്കും അപ്പോൾ ഞാൻ. ഉറങ്ങിക്കിടക്കുന്ന അവളെ ഒന്നുമ്മ വയ്ക്കാൻ പോലുമാവാതെ ഞാൻ കിടക്കയിലേക്ക് വീഴും. ഇങ്ങനെ ഒന്നുമല്ല വേണ്ടത് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ, എന്റെയീ തിരക്കുപിടിച്ച ജീവിതത്തിൽ മറ്റൊന്നും എനിക്കാവുന്നില്ല.
പൊടുന്നനെ മഴ ആർത്തു പെയ്യാൻ തുടങ്ങി. ആകാശത്തിന്റെ കിളിവാതിലുകളെല്ലാം തുറന്ന പോലെ മഴ ഒരായിരം കൈകൾ കൊണ്ട് എന്റെ ജനാലകളിൽ ആഞ്ഞടിച്ചു. മഴയുടെ ഈർച്ചവാളുകൾ വീഴുന്ന നിരത്താകെ ഇരുണ്ടുകഴിഞ്ഞു. നിയതി ഇപ്പോൾ എവിടെ ആയിരിക്കും? അവൾ സ്കൂളിൽ നിന്ന് തീർച്ചയായും പോന്നിരിക്കും. വഴിയിൽ, എവിടെയായിരിക്കും അവൾ? ഒരു പക്ഷേ സ്കൂളിൽ നിന്നു പോന്നു കാണുകയില്ലേ ... സ്കൂളിൽ വിളിച്ച് മദറിനോട് ചോദിക്കാനായി ഞാൻ തിരിഞ്ഞു. പെട്ടെന്നാണ് അതിലെ അപകടസാധ്യത ഞാൻ ഓർത്തത്. ഇത്തരം കോൺവെന്റ് സ്കൂളുകളിലെ വൃദ്ധകന്യകളെ പോലെ മദറും എപ്പോഴും സദാചാരത്തെപ്പറ്റി കുട്ടികളെ ബോധവതികളാക്കാൻ ശ്രമിക്കുന്നവരായിരിക്കും. സ്കൂൾ അസംബ്ലിയിൽ, നിയതി സ്കൂൾ വിട്ട് വീട്ടിലെത്തുന്നത് എന്നും താമസിച്ചാണെന്ന് അവർ പ്രഖ്യാപിക്കും. പെൺകുട്ടികൾക്ക് നിയതി ഒരു തെറ്റായ മാതൃകയാണെന്ന് അവർ വിളിച്ചു പറയുമ്പോൾ ഒരുപാട് കണ്ണുകളുടെ കുറ്റപ്പെടുത്തലുകൾക്ക് മുമ്പിൽ ചൂളിനിൽക്കേണ്ടി വരും, എന്റെ നിയതിക്ക്.
വീണ്ടും ഞാൻ ജനാലയ്ക്കൽ സ്ഥാനം പിടിച്ചു. മങ്ങിയ വെളിച്ചത്തിൽ ഒരു ഓട്ടോറിക്ഷ വരുന്നത് ഞാൻ കണ്ടു. പെട്ടെന്നു വീശിയ ഒരു മിന്നലിൽ ഒരു നീല ഹാഫ് സ്കർട്ടും അതിനടിയിലെ വെളുത്ത കണങ്കാലുകളും കണ്ടു എന്നെനിക്ക് തോന്നി. അത് നിയതിയുടെ ഓട്ടോ തന്നെയാവും. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവൾ ഗേറ്റു കടന്ന്, കുട ചുരുക്കി മുറിയിലേക്കു കടന്നുവരും.
ഓട്ടോറിക്ഷ ഒരൽപം കൂടി മുന്നോട്ടു വന്ന് വഴിയരുകിലേക്ക് ചേർത്തുനിർത്തി. ആരോ അതിന്റെ സൈഡിലെ ക്യാൻവാസ് വലിച്ചു താഴ്ത്തിയിട്ടു. കോരിച്ചൊരിയുന്ന മഴയിൽ മുന്നോട്ടു പോകാനാവാത്തത് കൊണ്ടാവാം അത് ഒരുപക്ഷെ നിർത്തിയിട്ടത്. ഓട്ടോയുടെ ഹെഡ്‌ലൈറ്റ് അണഞ്ഞു. മഴയിൽ, ഇരുട്ടിൽ, നിർത്തിയിട്ട ഓട്ടോയും ഇവിടെ ഈ ജനലരികിൽ ഞാനും. ഇടയ്ക്ക് തെളിയുന്ന മിന്നലിൽ ഓട്ടോയ്ക്കുള്ളിൽ നിഴലുകൾ അനങ്ങുന്ന പോലെ എനിക്ക് തോന്നി. എന്റെ ഉള്ളിൽ ഒരു തീനാളം ഉയർന്നു. കോരിച്ചൊരിയുന്ന മഴയും വിജനമായ നിരത്തും വഴിയരുകിൽ നിർത്തിയിട്ടിരിക്കുന്ന ഓട്ടോയും അതിനുള്ളിലെ ദുർബലമായ ഒരു കൗമാരവും .... ആ ഓട്ടോയിൽ നിയതി തന്നെ ആയിരിക്കുമോ? അല്ലെങ്കിൽ അവളെപ്പോലെ മറ്റൊരു കുട്ടി ആയിരിക്കുമല്ലോ. ആ ഓട്ടോ ഡ്രൈവർ ഏതു തരത്തിലുള്ള ആളായിരിക്കും? നിയതിയുടെ ഓട്ടോ ഡ്രൈവർ ആരാണ്? ആ ഓട്ടോയുടെ പേരെന്താണ്? കഴിഞ്ഞ വർഷത്തെ ഓട്ടോ തന്നെയാണോ ഇത്തവണയും അവളെ കൊണ്ടുപോകുന്നത്? ഒന്നും എനിക്കറിയില്ല. എന്റെ തിരക്കുപിടിച്ച ജീവിതചര്യകൾക്കിടയിൽ ഒരിക്കലും അന്വേഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. നിയതിയുടെ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചാലോ? ആരാണവളുടെ കൂട്ടുകാരികൾ? അവരുടെ പേര്, ഫോൺനമ്പർ .... ഒന്നും എനിക്കറിയില്ല. അവൾ ഒന്നും എന്നോട് പറയാറുമില്ല.
മഴയുടെ താണ്ഡവത്തിൽ, ഇരുട്ടിൽ ആ ഓട്ടോ അവിടെത്തന്നെ കിടക്കുകയാണിപ്പോഴും. എന്റെ നിയതി ആ ഓട്ടോയിൽ .... എന്തായിരിക്കുമിപ്പോൾ .... ഇതിനു മുൻപും അവളുടെ ഓട്ടോ ഇതുപോലെ ഇടവഴിയിൽ, ഇരുട്ടിൽ .... എനിക്കറിയില്ല .... എനിക്കൊന്നുമറിയില്ല.
ആ ഓട്ടോ കിടക്കുന്നതിനരികിലെ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞാലോ ... അവർ ചെന്ന് നോക്കുകയില്ലേ? അതിന് ആ കെട്ടിടം ആരുടെയാണെന്ന് എനിക്കറിയില്ലല്ലോ. അവിടെ താമസിക്കുന്നവരെയും അവരുടെ ഫോൺനമ്പരും എനിക്കറിയില്ല. അവരെ മാത്രമല്ല, ആ കോളനിയിലെ ആരെയും എനിക്കറിയുമായിരുന്നില്ല. അതിരാവിലേയും വൈകിട്ടും ഞാൻ നടന്നു വരുന്ന ഈ വഴിയുടെ ഇരുവശങ്ങളിൽ നിന്നും ഒരു സൗഹൃദച്ചിരിയോ കുശലാന്വേഷണമോ എനിക്ക് കിട്ടിയിട്ടുമില്ല.
ഓട്ടോറിക്ഷ അനങ്ങി. അതിന്റെ ഹെഡ്‌ലൈറ്റുകൾ തെളിഞ്ഞു. അത് മെല്ലെ മുൻപോട്ടു നീങ്ങി. ഒരു പക്ഷെ അത് എന്റെ ഗേറ്റിനു മുൻപിൽ നിർത്തിയേക്കും. അതിൽ നിന്നും എന്റെ മകൾ ഇറങ്ങി വന്നേക്കും. എങ്ങിനെയായിരിക്കും അവൾ വരിക? ഒരുപക്ഷെ അതിൽ നിന്ന് നിയതി വന്നില്ലെങ്കിൽ ...? അവൾ ഇപ്പോൾ വേറെ ഏതോ നിരത്തിൽ, മഴയിൽ, വഴിയരുകിൽ നിർത്തിയിട്ട മറ്റേതോ ഒരു ഒട്ടോറിക്ഷയിൽ .... ?
പെട്ടെന്ന് നടുക്കത്തോടെ ഞാനറിഞ്ഞു. എനിക്ക് നിയതിയെ അറിയില്ല. ഹാഫ് സ്കർട്ടിനടിയിലെ മെലിഞ്ഞ കണങ്കാലുകളും ഒരു നിഷേധനടത്തവും പുതപ്പിനടിയിലെ പാതിമറഞ്ഞ ഒരു കുഞ്ഞുമുഖവുമല്ലാതെ .... എന്റെ ഗേറ്റിൽ നിർത്തുന്ന ഓട്ടോയിൽ നിന്ന് ഇറങ്ങിവരുന്ന കുട്ടി എന്റെ മകളാണോ എന്ന് തിരിച്ചറിയാൻ എനിക്ക് കഴിയുകയില്ല.
നിയതി ഇനിയും എത്തിയിട്ടില്ല ....
O
no comments!!! ആ അമ്മയ്ക്ക് ഇനിയെങ്കിലും 'നിയതി ' എത്തട്ടെ എന്നാ പ്രാര്‍ത്ഥന മാത്രം!!
ReplyDeleteഅവസാന വരി വയിപ്പോള്‍ നെഞ്ചില്‍ ഒരു പിടച്ചില്‍, എന്‍റെ മോള്‍ക്ക് മൂന്ന് വയസായാതെ ഉളൂ, എങ്കിലും ദൂരെ ഇരിക്കുന്ന എനിക്ക് മനസ്സില്‍ തീയാണ്.
ReplyDeleteനിയതി എത്രയും പെട്ടന്ന് വരും, മഴയല്ലേ.. അതുകൊണ്ടാവും താമസിക്കുന്നത്.
gambheeram. touching.excellent narration.congrats to Smt. Sethulakshmi and Kelikottu.
ReplyDeleteസേതുലക്ഷ്മിയുടെ ശക്തമായ രചന. ഒരു നടുക്കത്തോടെ മാത്രമെ നാം കഥാവായന പൂർത്തിയാക്കൂ. കഥ അപ്പോഴും പൂർത്തിയാവാതെ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും....
ReplyDeleteഈ കഥയുടെ അവസാനം മറ്റൊരു കഥ തുടങ്ങുന്നു വായനക്കാരന്‍റെ ഉള്ളില്‍. സേതുലക്ഷ്മിയെന്ന എഴുത്തുകാരിയെ ഏതു വാക്കുകളാല്‍ അഭിനന്ദിക്കണം എന്നറിയാതെ അന്തിച്ചു നില്‍ക്കുന്നു ഞാന്‍...!
ReplyDeleteഅതിമനോഹരമായ രചന. ആശംസകള്‍
ReplyDeleteഅണുകുടുംബങ്ങളില്‍ സംഭവിക്കാന്‍ സാധ്യതയുള്ലോരു കഥ .അത് മനോഹരമായ ഭാഷയില്‍ പറഞ്ഞു എന്നതാണ് ഇതിന്റെ വിജയം .ഒരുപാട് ചോദ്യങ്ങള്‍ സ്വയം ചോദിക്കുവാന്‍ വായനക്കാരന് അവസരം തന്നു കൊണ്ട് അവസാനിപിച്ച കഥ .ഇഷ്ടമായി ഏറെ .ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ReplyDeleteപെണ്മക്കള്‍ ഉള്ള ഓരോ മാതാ പിതാവിന്റെയും ഉള്ളില്‍ എപ്പോഴെങ്കിലുമൊക്കെ ഉണ്ടാവുന്ന ചില വിഹ്വലതകള്‍..
ReplyDeleteഅവരുടെ വളര്‍ച്ച നേരില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന അങ്കലാപ്പ്.. സുരക്ഷിതയായി ഇരിക്കുന്നുവോ എന്നറിയാനുള്ള വേവലാതി ..എല്ലാം ഉണ്ടിതില്‍ ..
നിയതി വരും എന്ന് തന്നെ വിശ്വസിക്കാം..അല്പം താമസിച്ചിട്ടെങ്കിലും..സുരക്ഷിതയായി..
(ദിവസങ്ങളായി കൊടുക്ക്കാന്‍ വിട്ടുപോയ ആ ഒരു ഉമ്മ ഞാന്‍ ഇന്ന് കൊടുക്കും...എന്റെ പത്തുവയസ്സുകാരിക്ക്..)
മാനസികമായ സന്ഘ്രഷങ്ങള്‍ വായനക്കാരിലേക്കും പടര്‍ന്നു കയറുന്നു... മനോഹരമായ കഥ..
ReplyDeleteതിരക്കുകള്‍ക്കിടയില്‍ ജീവിതവും ജീവിക്കുന്ന ചുറ്റുപാടുകള്‍ പോലും ഓര്‍മ്മയില്ലാതായി തീരുന്ന ഒരണു
ReplyDeleteകുടുംബത്തിലെ അമ്മയുടെ ഞെട്ടിക്കുന്ന തിരിച്ചറിവ് .....
ഹൃദയ സ്പര്‍ശിയായ കഥ...
Good one
ReplyDeleteപലരും പറയാന്‍ മടിക്കുന്ന കാര്യം.. തിരക്കില്‍ നമ്മള്‍ സ്വയം മറന്നു പോകുന്നു...ഒരു തലോടല്‍, ഒരുമ്മ ഇതൊക്കെ കൊടുക്കാന്‍ അമ്മയ്ക്കും കിട്ടുവാന്‍ കുഞ്ഞിനും മോഹം മാത്രം... എല്ലാവരും അവരുടെ ലോകത്തേക്ക് അവരുടെ മാത്രം ലോകത്തേക്ക് ചുരുങ്ങിപ്പോകുന്ന അവസ്ഥ..നിയതി മനസ്സില്‍ നിന്നും മായുന്നില്ല....
ReplyDeleteഓരോ കൌമാരക്കാരിയുടെയും അമ്മയുടെ മനസ്സിലെ തീയാണ് ഈ അക്ഷരങ്ങള്‍..
ReplyDeleteഅമ്മമനസ്സ് തുറന്നെഴുതിയ കഥ... അമ്മയിലെ ഭയം, നിസ്സഹായാവസ്ഥ, കുറ്റബോധം എല്ലാം വായനക്കാരനിലേക്കും പകരുമ്പോള്‍ കഥാകാരി വിജയിക്കുന്നു... good work Sethu.
ReplyDeleteഇത് പോലെ മറ്റെവിടയോ ഇങ്ങനെ ഒരു കഥ മുമ്പ് വായിച്ചപോലെ, ഇത് വേറെ എവിടെയെങ്കിലും എഴുതിയുരുന്നോ?
ReplyDeleteWonderful!!!!!
ReplyDelete