Saturday, February 16, 2013

നാഗരികം

കവിത
സുനിലൻ കളീയ്ക്കൽ



 








തിന്റെ വരവ്
ആരുമറിയാതെയായിരുന്നു.

മൺവഴികളുടെയോരത്തുനിന്ന മരങ്ങളെ
പൊടിയിൽ കുളിപ്പിച്ച്
ഒരു ബസ് നാടുകാണുവാൻ വന്നു.

കുമ്മായക്കസവുടുത്തുനിന്ന
കുടിപ്പള്ളിക്കൂടങ്ങൾ
നഖം മിനുസപ്പെടുത്തിയത്
അതില്‍പ്പിന്നെയാണ്.

ആളിക്കത്തി
അയല്‍വഴിയിലെ ഓലവേലികൾ
ചുട്ടുതിന്നതിന്,
വെളിച്ചം വഴിവക്കത്തെ
കമ്പത്തിൽ കയറി പിണങ്ങി നിന്നു.

ദീപാരാധനയായെന്ന്
ദിക്കുകളെ തെര്യപ്പെടുത്തിയ ചെണ്ടകൾക്ക്
ഒച്ചയടച്ചെന്ന് പറഞ്ഞ്
ഉച്ചഭാഷിണികൾ ഉറക്കം കളഞ്ഞു.

വായ്നോക്കികളുടെ വാളിനോട്ടങ്ങളിൽ
അസഹ്യരായി
മുലകൾ ബാഡിക്കുമുകളിൽ
ജംബറുകൾ തുന്നിയിട്ടു.

നാട്ടുമരുന്നുകളുടെ നശിച്ച കയ്പ് പേടിച്ചവർ
പീച്ചാംകുഴലുകൾ ഞരമ്പുകളെ
തടുത്ത് ഭോഗിക്കുന്നതിന്റെ സുഖമറിഞ്ഞു.


കാറ്റെങ്ങുനിന്നോ കടംവാങ്ങി വിതച്ച
കൊല്ലിവിത്തുകൾ പോലെ
നാട്ടുപറമ്പുകളിൽ
കോൺക്രീറ്റ് കുമിളുകൾ നിറഞ്ഞു.

കാറുവന്നു, കാൽസറായി വന്നു
പാട്ടുപെട്ടിയും പടംകാട്ടിപെട്ടിയും വന്നു,
കൊട്ടകയും സർക്കസും
കോലുമുട്ടായിയും വന്നു.

നാടിപ്പോഴും
സൈക്കിൾ ട്യൂബിലെ വാല്‍വുപോലെ
ഊതിനിറച്ചവയൊന്നും
പുറന്തള്ളുവാനാവാതെ
വീർത്ത്,
വിമ്മിട്ടപ്പെട്ട്.....


O


PHONE : 9562412695


4 comments:

  1. വീര്‍ത്തു പഴുത്തളിഞ്ഞു പൊട്ടുക തന്നെ ഗതി

    ReplyDelete
  2. ചിലമാറ്റങ്ങളുടെ ആവിഷ്ക്കാരം ഗംഭീരം...
    മറ്റുചിലത് നന്നായി, ചിലത് അങ്ങനെയങ്ങായ്...

    നല്ല എഴുത്ത്- സുനിലനിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു...

    ReplyDelete

Leave your comment