Sunday, September 15, 2013

ഇരുട്ട്‌ നനഞ്ഞ്‌ ഇന്ന് വീണ്ടുമൊരു രാത്രി ഇരമ്പും

കവിത
കൃഷ്ണ ദീപക്‌











വിളഞ്ഞുപഴുക്കാത്ത ഞാവൽപഴങ്ങളുടെ
പിണഞ്ഞ്‌ കിടക്കുന്ന
ഉന്മാദത്തിന്റെ ഓർമയിലേക്കാണ്‌
അപ്പോഴൊക്കെ യാത്ര പോകാറുള്ളത്‌.

1.

ദൂരക്കാഴ്ചകൾ കണ്ടിരിക്കുന്ന
ഞാവൽക്കറ പുരണ്ട
വയലറ്റ്‌ നിറമുള്ള നമ്മുടെ ഹൃദയങ്ങൾ.

നാം പണിതുവെച്ച പ്രണയപ്പടവുകളിൽ
പേരറിയാപ്പൂക്കൾ... സുഗന്ധങ്ങൾ...
അരിച്ചുകയറുന്ന തണുപ്പ്‌, നമ്മുടെ ഞരമ്പുകളിൽ

2.

ഉമ്മവെച്ച്‌, ഉമ്മവെച്ച്‌
എന്നെ, എന്നെ മാത്രം
നിന്നിലേക്ക്‌ തിരിച്ചുവെക്കുന്ന,
വിറകൊള്ളുന്ന പ്രണയം, നമ്മുടെയുടലുകളിൽ
വിരലുകൾ വരിഞ്ഞിട്ട പ്രണയത്തണുപ്പ്‌...

എന്റേതാണ്‌ എന്റേതാണെന്ന്
തോന്നിപ്പിക്കുംവിധം
അത്രമേൽ മുറുകി...
തൊട്ടുതൊട്ടു കിടക്കും പ്രണയജ്വരമൂർച്ഛ.

3.

ഉടലാകെ വാരിച്ചുറ്റിയ നിശബ്ദത

കണ്ണുകൾ ഒട്ടിപ്പിടിച്ച കാറ്റ്‌..
ചുണ്ടുകളിൽ,
നമ്മൾ പകുത്തെടുത്ത നീലിച്ച ഉമ്മകളുടെ
മുഴക്കമില്ലാത്ത ഒച്ചയനക്കങ്ങൾ.

പുകഞ്ഞ്‌,
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന
അജ്ഞാതമായ തെരുവിൽ,
നമ്മളെ കടന്നുപോകുന്ന
ഉപ്പുകാറ്റിന്റെ ഗന്ധമുള്ള നമ്മുടെ ഭാഷ.

4.

നനഞ്ഞു കുതിർന്ന ഞാവൽ വിത്തുകൾ...

ഒറ്റമുറി ചുവരിൽ പറ്റിപ്പിടിച്ച്‌
കരിനീലനിറത്തിൽ,
കുഞ്ഞുവേരുകളുള്ള
നൂറുനൂറു ഞാവൽമരക്കുഞ്ഞുങ്ങൾ.

5.

പടർന്നൊഴുകുന്ന വയലറ്റ്‌നിറം...

വലിഞ്ഞുണരുന്ന പകലിൽ
വെളിച്ചത്തിന്റെ കൂർത്ത മുനയിൽ ഉടക്കി
പിഞ്ഞിത്തുടങ്ങും മുമ്പേ
പൊട്ടിപ്പോയ സ്വപ്നത്തായ്‌വേര്‌

ഉറക്കം വിട്ടൊഴിയാത്ത ഞാവൽകണ്ണുകൾ

ഉന്മാദത്തിന്റെ നീലിച്ച കായ്കൾ
ഓരോന്നായി ഇറുത്ത്‌ ഇറുത്തെടുക്കാൻ
ഇരുട്ട്‌ നനഞ്ഞ്‌
ഇന്ന്
വീണ്ടുമൊരു രാത്രി നമ്മളിൽ ഇരമ്പും.

O



No comments:

Post a Comment

Leave your comment