കവിത
മെർലിൻ ജോസഫ്
അർത്ഥങ്ങളുടെ ലോകത്ത്
ഏറ്റക്കുറച്ചിലുകളാണ്
കാഴ്ചയെ സ്തബ്ധമാക്കുന്നത്.
ശരിയുടെ കുന്നുകൾ,
തെറ്റിന്റെ താഴ്‌വരകൾ
എണ്ണിനോക്കൂ,
എന്റെ എത്ര കുന്നുകൾ
നിനക്ക് താഴ്‌വരകളാണെന്ന്...?
എന്നിലെ എത്ര ആഴങ്ങൾ
നിനക്ക് മലകളാണെന്ന്?
ഹോ... നീ ഒരു കുഞ്ഞായിരുന്നെങ്കിൽ,
ശാസിച്ചോ, നുള്ളിനോവിച്ചോ
നിന്നിലെ ജ്യാമിതികളെ
ഞാൻ മാറ്റിവരച്ചേനെ
നിന്റെ ഗർത്തങ്ങൾ പൊങ്ങിവരുമ്പോൾ
കണ്ട് ആസ്വദിച്ചേനേ...
നോക്കൂ,
ഒരേ കയറ്റത്തിലേക്ക്
എന്തൊരാരവത്തോടെയാണ്
ചിലർ കയറിപ്പോകുന്നത്...
ചിന്നിച്ചിതറിയ ചിലരെങ്കിലും
'ഇസ'ങ്ങളുടെ നേരെ തുപ്പുന്നത്
ഓർമ്മത്തെറ്റെന്നോ,
തിരിച്ചറിവെന്നോ
കൂട്ടിവായിക്കാൻ കഴിയാതെ കാലവും...
പട്ടിണിയുടെ ജ്യാമിതികൾ മാത്രം
പേക്കോലങ്ങളായി അധപതിക്കുന്നല്ലോ.
അപ്പോഴും നമ്മൾ വസന്തം കുത്തിനിറച്ച
സമതലങ്ങളിലായിരുന്നില്ലേ?
വർണ്ണങ്ങളുടെ മൊട്ടക്കുന്നുകൾ
ചുറ്റിലും കൊതിപ്പിച്ചില്ലേ?
എന്നിട്ടും നമ്മൾ ഒന്നിച്ചോടിക്കയറിയ
കുന്നിൽ തന്നെയാണല്ലോ
ഭ്രാന്തൻ വ്യവസ്ഥിതി
കല്ലുരുട്ടിക്കളിച്ചിരുന്നതും...
തിരിച്ചോടിയിറങ്ങുമ്പോൾ,
പരസ്പരം കൂട്ടിമുട്ടാതെ,
കലഹത്തിന്റെ രണ്ടുകടലുകളായി
നമ്മൾ മാറിയിരിക്കുന്നു...
ഒന്നിനി പറയട്ടെ,
ഒരിക്കലീ കടലുകളെല്ലാം
തീരം ഭേദിച്ച് കൂട്ടിമുട്ടും.
അന്ന് മാത്രം
കയറ്റങ്ങൾ ഇറക്കങ്ങളെ മറക്കും.
ജീവനില്ലാത്ത സമതലങ്ങൾക്ക് മാത്രമേ
സമത്വത്തിന്റെ മൗനം തേടാൻ കഴിയൂ...
O
ഒരു നല്ല കവിത വായിച്ചു.ജാമ്യതികളെ മാറ്റിവരച്ച , ഏണും കോണുമില്ലാത്ത ഊറ്റന്‍ റേഡിയസുള്ള ഒരു വൃത്തമായി . പൂര്‍ണ്ണനായി.
ReplyDelete