Sunday, September 15, 2013

ഓണപ്പതിപ്പ്‌ ഒരു റിവ്യൂ

കവിത
സുധീർരാജ്‌











I

തെരുവിൽ കുട്ടികൾ മുടന്തൻനായയെ
കല്ലെറിഞ്ഞുകൊണ്ടിരുന്നു.
നിലവിളിച്ചു പാഞ്ഞ നായ
പിടഞ്ഞുവീണു ചത്തു.
ആഹ്ലാദാരവം മുഴക്കി കുട്ടികൾ
അടുത്തതിനെ തിരയുകയായി.
നായയുടെ ജഢമുപേക്ഷിച്ചു ഞാൻ
അടുത്ത തെരുവിലേക്കോടി.

കൂറ്റൻ മതിലിനിപ്പുറം
പൂവട്ടികളുമായി കുട്ടികൾ പൂവുകളെ വിളിച്ചു.
പൂവേ വാ പൂവേ വാ
പൂവുകൾ ആഹ്ലാദത്തോടെ ഓടിയിറങ്ങി
ഒരു അൾസേഷ്യൻ നായയുടെ
കുരയിൽ നടുങ്ങിയ പൂക്കൾ ചിതറിയോടി.
ഗേറ്റിനപ്പുറം നായ
ഇപ്പുറം കുട്ടികൾ
ഓടിയൊളിച്ച പൂക്കൾ.

II

റാക്കും പുകയിലയും രോഗവും
പട്ടിണിയും ഗുഹ്യരോഗവും മടുപ്പിച്ച മലനിരകളിൽ
ഓണമില്ല മാവേലിയില്ല വാമനനുമില്ല ദൈവവുമില്ല
ഉള്ളത്‌ ഒരു സ്മരണ മാത്രം
പഴകി ദ്രവിച്ച ഒരു ഗോത്രസ്മരണ.

III

ഇങ്ങു താഴെ ചെങ്ങറയിലും അരിപ്പയിലും
ഒരുപിടി റേഷനരി വേവുന്ന മണം
പുരമേഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റിൽ
മഴയുടെ പുലകുളിയടിയന്തിരം.
ഇരുട്ടിൻ ഇടഞ്ഞ താളത്തിൽ
ഒരു പാട്ടുമില്ല ഒരു കോപ്പുമില്ല.
മാവേലിയുടെ താഴുന്ന ശിരസ്സിൽ
ഇനിയും കുനിയാത്ത നട്ടെല്ലിനു മുകളിൽ
നിരന്നുനിന്ന് പെടുക്കും വാമനന്മാർ.


O



No comments:

Post a Comment

Leave your comment