Sunday, December 1, 2013

പശ്ചിമഘട്ടത്തെ രക്ഷിക്കൂ നമ്മെ തന്നെ രക്ഷിക്കൂ

ലേഖനം
ജോൺ പെരുവന്താനം









 

  അറുപ്പത്തഞ്ച്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ മഡഗാസ്കറിൽ നിന്ന് ഗോണ്ടുവാന ഭൂഖണ്ഡം വേറിട്ട കാലത്ത്‌ രൂപപ്പെട്ട പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യങ്ങൾക്ക്‌ 650 ലക്ഷം വർഷങ്ങളുടെ അനുസ്യൂതമായ പരിണാമ പാരമ്പര്യത്തിന്റെ ചരിത്രമാണുള്ളത്‌. യൂറോപ്പിലെ ആൽപ്സ്‌ പർവ്വതനിരകൾ കഴിഞ്ഞാൽ കടലും പർവ്വതവും ഇത്രയും ചേർന്ന് നിൽക്കുന്നത്‌ അറബിക്കടലും പശ്ചിമഘട്ടവും മാത്രമാണ്‌. രണ്ട്‌ നൂറ്റാണ്ട്‌ മുമ്പുവരെ പശ്ചിമഘട്ടത്തിന്‌ വലിയ ആഘാതങ്ങൾ ഏറ്റിരുന്നില്ല. ഇംഗ്ലീഷുകാരുടെ വരവോടുകൂടി ആരംഭിച്ച വനനശീകരണം പശ്ചിമഘട്ടത്തിന്റെ ജൈവവ്യവസ്ഥയെ താറുമാറാക്കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ കയ്യേറ്റം പശ്ചിമഘട്ടത്തിലെ 80 ശതമാനം വനവും ഇല്ലാതാക്കി. 

ഭൂമധ്യരേഖയിൽ നിന്നും 12 ഡിഗ്രി മാത്രം മാറി സ്ഥിതി ചെയ്യുന്ന കേരള പശ്ചിമഘട്ട മലനിരകൾ 70 ഡിഗ്രിയോളം പടിഞ്ഞാറേക്ക്‌ ചെരിഞ്ഞ്‌ അറബിക്കടലിലേക്ക്‌ ഇറങ്ങിക്കിടക്കുന്നതു കൊണ്ടും രണ്ട്‌ വശങ്ങളിലായി ശ്രീലങ്കയും ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളും സ്ഥിതി ചെയ്യുന്ന ട്രയാംഗിളിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതവുമാണ്‌ മൺസൂൺ എന്ന പ്രതിഭാസം ഇവിടെനിന്ന് ആരംഭിക്കാൻ കാരണം. ജലഗോപുരമായ പശ്ചിമഘട്ടം ഒരുക്കിയ സമശീതോഷ്ണ കാലാവസ്ഥ,  ലോകത്തിലെ തന്നെ ഗുണമേന്മയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന നിരവധി പ്രകൃതി വിഭവങ്ങളുടെ കലവറയാക്കി ഈ പ്രദേശത്തെ മാറ്റി. ഭൂസൂചികയുടെ അടിസ്ഥാനത്തിൽ ഗുണമേന്മയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന 600 ൽ പരം വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുരുമുളകും ഏലവും തേടിവന്ന വിദേശികൾ 2000 വർഷങ്ങൾക്ക്‌ മുമ്പ്‌ ഇവിടവുമായി വ്യാപരബന്ധത്തിൽ ഏർപ്പെട്ടിരുന്നു. 50 വർഷത്തിനിടയിൽ ഉണ്ടായ അനിയന്ത്രിതമായ വനനശീകരണം, ക്വാറി പ്രവർത്തനം, മല ഇടിക്കൽ, അണക്കെട്ട്‌ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ മൂലം ചൂട്‌ 15 ഡിഗ്രി ഉയർന്നു കഴിഞ്ഞു. ലോകത്ത്‌ തന്നെ ചെറിയ സമയത്തിനുള്ളിൽ വലിയ കാലാവസ്ഥാ വ്യതിയാനം സംഭവിച്ച സ്ഥലമാണ്‌ പശ്ചിമഘട്ടം. ഭൂമുഖത്ത്‌ ഒരു ജീവിക്ക്‌ വംശനാശഭീഷണി കൂടാതെ നിലനിൽക്കുവാൻ 50.000 ചതുരശ്ര കിലോമീറ്റർ എങ്കിലും വിസ്തീർണ്ണമുള്ള ഒരു ഹോം റേഞ്ച്‌ ആവാസവ്യവസ്ഥ ഉണ്ടായിരിക്കണം എന്നാണ്‌ അന്തർദേശീയ ശാസ്ത്ര മാനദണ്ഡം. കേരളത്തിന്റെ ആകെ ഭൂവിസ്തൃതി 38,863 ച.കി.മി യാണ്‌. ഒരു സ്പീഷീസിനു പോലും വംശനാശഭീഷണി കൂടാതെ നിലനിൽക്കുവാൻ ഭൂവിസ്തൃതി ഇല്ലാത്ത കേരളത്തിൽ നാലായിരത്തിലധികം സ്പീഷീസുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന അത്ഭുത പ്രതിഭാസമാണ്‌ ഉള്ളത്‌.

ലോകത്തിൽ ഇവിടെ മാത്രമുള്ളതും വംശനാശഭീഷണി നേരിടുന്നതുമായ നിരവധി ജന്തു-സസ്യ ജീവജാതികളുടെ ആവാസ വ്യവസ്ഥയാണ്‌ കേരള പശ്ചിമഘട്ട മലനിരകൾ. മൂന്നാറിലെ രാജമലയിൽ നിന്നും ഒരു പിടി പുല്ലുപറിച്ചാൽ മുപ്പതോ, മുപ്പത്തിനാലോ ഇനം പുല്ലുകൾ വരെ അതിലുണ്ടാകും. അത്രമാത്രം ജൈവവൈവിധ്യ സമ്പന്നമായ പ്രദേശമായതിനാലാണ്‌ ലോകത്തിലെ ബയോ ഡൈവേഴ്സിറ്റി ഹോട്ട്‌ സ്പോട്ടുകളിൽ എട്ടാം സ്ഥാനമുള്ള പ്രദേശമായി പശ്ചിമഘട്ടത്തെ കണ്ടെത്തിയത്‌. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 1540 കിലോമീറ്റർ ദൈർഘ്യവും 164000 ച.കി.മി. വിസ്തീർണ്ണവുമുള്ള പശ്ചിമഘട്ടം നാശത്തിന്റെ വക്കിലാണ്‌. 25 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ജലസുരക്ഷയും കാലാവസ്ഥാ സുരക്ഷയും ഉറപ്പുതരുന്ന പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന മുഴുവൻ നദികളും മരണാസന്നമാണ്‌. പശ്ചിമഘട്ടത്തിലെ 1560 അണക്കെട്ടുകൾ ഇവിടുത്തെ ഭൗമപാളികൾക്ക്‌ മീതെ സൃഷ്ടിക്കുന്ന സമ്മർദ്ദം, ഉരുൾപൊട്ടലും മലയിടിച്ചിലും ഭൂമി ഇടിഞ്ഞുതാഴലും പൈപ്പിംഗ്‌ പ്രതിഭാസവും ഭൂചലനവുമുൾപ്പെടെയുള്ള നിരവധി പ്രത്യാഘാതങ്ങൾക്ക്‌ കാരണമാകുന്നു.

പശ്ചിമഘട്ടത്തെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട്‌ അട്ടിമറിക്കാൻ കൊണ്ടുവന്ന കസ്തൂരിരംഗൻ റിപ്പോർട്ട്‌ നാച്വറൽ ലാൻഡ്‌ സ്കേപ്‌ എന്നും കൾച്ചറൽ ലാൻഡ്‌ സ്കേപ്‌ എന്നും രണ്ടായി തിരിച്ച്‌ 123 വില്ലേജുകളെ ഇക്കോളജിക്കലി സെൻസിറ്റീവ്‌ ഏരിയ (ഇ.എസ്‌.എ) ആയി പ്രഖ്യാപിച്ചു. അഞ്ച്‌ കാര്യങ്ങൾക്ക്‌ ഇവിടെ നിയന്ത്രണമേർപ്പെടുത്തി. റെഡ്‌ കാറ്റഗറി വ്യവസായങ്ങൾ, താപനിലയങ്ങൾ, ഖനനം, 50 ഹെക്ടറിൽ അധികമുള്ള പുതുതായി ഉണ്ടാക്കുന്ന ടൗൺ ഷിപ്പുകൾ, 20,000 സ്ക്വയർ മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾ ഇവയാണ്‌ നിയന്ത്രണങ്ങൾ. 20,000 സ്ക്വയർ മീറ്റർ എന്നാൽ അഞ്ച്‌ ഏക്കർ വിസ്തീർണ്ണമാണ്‌. ഓരോരുത്തരും അത്രയും വലിയ കെട്ടിടങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ എന്താകും പശ്ചിമഘട്ടത്തിന്റെ സ്ഥിതി. പുതുതായി ഓരോ വില്ലേജിലും 50 ഹെക്ടർ വീതമുള്ള 10 ടൗൺഷിപ്പുകൾ വീതമുണ്ടാക്കാൻ ശ്രമിച്ചാൽ പശ്ചിമഘട്ടം മരുഭൂമിയാവും എന്നുറപ്പാണ്‌. പരിസ്ഥിതിക്ക്‌ ഇത്രയും ആഘാതമുണ്ടാക്കുന്ന കച്ചവട ഉദാരതയുള്ള വ്യവസ്ഥകളടങ്ങിയ റിപ്പോർട്ടിനെതിരെയും മലയോരങ്ങളിൽ കലാപമാരംഭിച്ചിരിക്കുകയാണ്‌. 1980ലെ കേന്ദ്ര വനനിയമവും 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും മലിനീകരണ നിയന്ത്രണ നിയമവും അംഗീകരിക്കില്ല എന്നാണ്‌ ഒരു വിഭാഗം പറയുന്നത്‌. രാജ്യത്തെ ഒരു നിയമവും അംഗീകരിക്കില്ല എന്നാണ്‌ ഒരു മാഫിയാ സംഘം പ്രഖ്യാപിക്കുന്നത്‌. വനം മാഫിയ, ക്വാറി മാഫിയ, റിസോർട്ട്‌ മാഫിയ തുടങ്ങിയ നിരവധി സമ്പന്ന സ്ഥാപിതശക്തികൾ ഒന്നിച്ചണിനിരന്നാണ്‌ രാജ്യത്തിനെതിരെ ജനങ്ങളെ കലാപത്തിന്‌ പ്രേരിപ്പിക്കുന്നത്‌. കർഷകതാൽപര്യം മറയാക്കി രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവർ കേരള പശ്ചിമഘട്ടത്തെ കാശ്മീർ ആക്കുമെന്ന ഭീഷണിയാണ്‌ ഉയർത്തുന്നത്‌. 

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അശാന്തിയും അക്രമവും ഭീകരപ്രവർത്തനങ്ങളും വിഘടനവാദവും ശക്തിപ്പെടുന്നതിന്‌ സമാനമാണ്‌ രാജ്യത്തെ എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്‌ കൈയ്യേറ്റക്കാർക്ക്‌ പ്രത്യേകപദവി വേണമെന്ന് ആവശ്യപ്പെടുന്നത്‌. മിസോറാം പോലുള്ള സംസ്ഥാനങ്ങളിൽ മത-സാമുദായിക ശക്തികളാണ്‌ ഭരണകൂടത്തെ തന്നെ നിയന്ത്രിക്കുന്നതെന്ന വസ്തുത വിലയിരുത്തുമ്പോൾ പശ്ചിമഘട്ടത്തിലെ മലയോരങ്ങളിലെ മാഫിയകളാൽ നിയന്ത്രിക്കപ്പെടുന്ന മത-സാമുദായിക ശക്തികളുടെ അധികാര സ്ഥാപനത്തെയാണ്‌ ഈ കലാപം അടയാളപ്പെടുത്താൻ പോകുന്നത്‌. മതതീവ്രവാദികളുടെ രാഷ്ട്രീയമാണ്‌ പഞ്ചാബിൽ വിഘടനവാദം ഉയർത്തി ആയിരങ്ങളെ കൊന്നൊടുക്കിയത്‌. അധികാരത്തിലേക്കുള്ള കുറുക്കുവഴികൾ തേടുന്ന അവസരവാദികൾ കള്ളപ്രചരണങ്ങൾ നടത്തി ജനങ്ങളെ തെരുവിലിറക്കുന്നു. മാഫിയാ സംഘങ്ങളുടെ ബ്രാൻഡ്‌ അംബാസിഡർമാരായി മതനേതാക്കൾ മാറുകയാണ്‌.

രാജ്യത്ത്‌ ഇതിനുമുമ്പ്‌, ആയിരത്തി ഇരുപത്തിനാല്‌ വില്ലേജുകളിൽ ഇ.എസ്‌.എ പ്രഖ്യാപിച്ചിട്ടുണ്ട്‌. അവിടെയൊന്നും ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ഒരാളെപ്പോലും കുടിയൊഴിപ്പിച്ചിട്ടില്ല. പട്ടയം കിട്ടുന്നതിനോ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക്‌ ലോൺ എടുക്കുന്നതിനോ കെട്ടിടം നിർമ്മിക്കുന്നതിനോ റോഡ്‌ നിർമ്മിക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ ഒരു തടസ്സവും ഉണ്ടായിട്ടില്ല. പശ്ചിമഘട്ടത്തിലെ ആറു സംസ്ഥാനങ്ങളിൽ കേരളമൊഴിച്ച്‌ മറ്റൊരിടത്തും കലാപങ്ങളും യുദ്ധപ്രഖ്യാപനങ്ങളുമില്ല. ഒരു വിധത്തിലുള്ള സമരവുമില്ല. പശ്ചിമഘട്ടത്തിന്റെ 60 ശതമാനം ഭാഗവും സ്ഥിതി ചെയ്യുന്ന കർണാടകത്തിലെയും മൂന്നിലൊന്ന് പരിസ്ഥിതി ലോല പ്രദേശമുള്ള മഹാരാഷ്ട്രയിലെയും ജനങ്ങൾക്ക്‌ ഒരു വിയോജിപ്പുമില്ല. മഹാരാഷ്ട്രയിൽ 17,000 ച.കി.മി പ്രദേശമാണ്‌ പരിസ്ഥിതി ലോലപ്രദേശമായി കണ്ടെത്തിയിട്ടുള്ളത്‌. 12 ജില്ലകളിലായി 2133 വില്ലേജുകൾ ഈ മേഖലയിലാണ്‌. ഇവിടെ ഇ.എൽ.എൽ ഉം ഇ.എസ്‌.എ യും തമ്മിലുള്ള വ്യത്യാസം അറിയില്ലാത്ത കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു.

(ഇ.എഫ്‌.എൽ) ഇക്കോളജിക്കലി ഫ്രെജൈൽ ലാൻഡ്‌ വനം വകുപ്പിന്റെ കീഴിലാണ്‌. (ഇ.എസ്‌.എ) ഇക്കോളജിക്കലി സെൻസിറ്റീവ്‌ ഏരിയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലാണ്‌. ജില്ലാ ഭരണകൂടത്തിനാണ്‌ മേൽനോട്ട ചുമതല. ഇവിടെ വനംവകുപ്പിന്‌ ഒരു അധികാരവുമില്ല. ഇന്നു നിലനിൽക്കുന്ന ഭൂമി ഇന്നത്തെ ഉടമസ്ഥരിൽ തുടരുന്നതും അവർക്ക്‌ ക്രയവിക്രയം ചെയ്യാൻ തടസ്സമില്ലാത്തതുമാണ്‌. പട്ടയം കിട്ടുന്നതിനോ വികസനപ്രവർത്തനങ്ങൾക്കോ തടസ്സമുണ്ടാകില്ല. സ്വകാര്യഭൂമിയിൽ നിന്നും മരംവെട്ടാനുള്ള അവകാശം, കെട്ടിടനിർമ്മാണം, കരം കെട്ടൽ, ബാങ്ക്‌ ലോൺ, ചെക്ക്‌ഡാം നിർമ്മാണം തുടങ്ങി ഒരു കാര്യത്തിനും ഇ.എസ്‌.എ തടസ്സമാകുന്നില്ല. കേരള പശ്ചിമഘട്ടത്തിലെ 80 ശതമാനം ഭൂമി കയ്യടക്കി വെച്ചിരിക്കുന്നത്‌ 20 ശതമാനം വരുന്നവരാണ്‌. ബാക്കി 80 ശതമാനത്തിന്റെ കൈയിൽ 9 ശതമാനം ഭൂമി മാത്രമാണ്‌ ഉള്ളത്‌. 11 ശതമാനം വനവും സർക്കാർ ഭൂമിയാണ്‌. രണ്ട്‌ ശതമാനം ഭൂമി മാത്രമുള്ള 60 ശതമാനത്തോളം വരുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരും ദളിത്‌ ക്രിസ്ത്യാനികളും മറ്റു പിന്നോക്കക്കാരും അടങ്ങുന്ന മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങളെ കുടിയിറക്ക്‌ ഭീഷണി പറഞ്ഞ്‌ ഭയപ്പെടുത്തി വോട്ടു ബാങ്ക്‌ രാഷ്ട്രീയക്കാരും കൈയ്യേറ്റ മാഫിയയും ക്വാറി മാഫിയയും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ തകിടം മറിക്കുകയാണ്‌. 

പശ്ചിമഘട്ടത്തിലെ ആകെ ഭൂമിയുടെ മൂന്നിലൊന്ന് തേയില, യൂക്കാലി, കാപ്പി, ഏലം, റബ്ബർ, കശുമാവ്‌ തോട്ടങ്ങളാണ്‌. കേരളത്തിൽ 29 ശതമാനം വനമുണ്ടെന്ന് പെരുപ്പിച്ച കണക്കാണ്‌ ഭരണാധികാരികൾ പറയുന്നത്‌. 29 ശതമാനത്തിൽ 14 ശതമാനവും കൈയ്യേറ്റക്കാരുടെ കൈകളിലാണ്‌. തേക്ക്‌ തോട്ടം, കശുമാവ്‌ തോട്ടം, എണ്ണപ്പന തോട്ടം, അണക്കെട്ടുകളുടെ ജലാശയം, സർക്കാരിന്റെ വിവിധ പ്രൊജക്ടുകൾക്ക്‌ കൊടുത്തിട്ടുള്ളത്‌ എല്ലാം വനത്തിന്റെ പട്ടികയിലാണ്‌ പെടുന്നത്‌. എല്ലാം കഴിഞ്ഞ്‌ 8 ശതമാനം വനം മാത്രമാണ്‌ അവശേഷിക്കുന്നത്‌. ഇതാകട്ടെ, അണക്കെട്ടുകൾക്ക്‌ ചുറ്റുമായി അവയുടെ സംരക്ഷണത്തിനു വേണ്ടി വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളതും. ബാക്കി വനം കൈയ്യേറ്റക്കാരെ മാടിവിളിക്കുന്നതും ജനങ്ങൾ സഞ്ചരിക്കുന്നതുമായ തുണ്ടുവനങ്ങളാണ്‌.

ഏഴുലക്ഷം ഹെക്ടർ വനഭൂമി കൈയ്യേറിയിട്ടും ആർക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാൻ കഴിയാത്ത ഭരണാധികാരികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്‌. മുല്ലപ്പെരിയാർ പൊട്ടുമെന്ന ആശങ്കയുയർത്തി തമിഴനെതിരെ സമരം ചെയ്തതിന്റെ ഫലം തമിഴ്‌നാട്ടിലെ ആയിരക്കണക്കായ മലയാളികളുടെ ജീവിതം തകർത്തുകളഞ്ഞു. യൂക്കാലിപ്റ്റസ്‌ പോലുള്ള കൃഷി ഉപേക്ഷിക്കണമെന്ന് പറയുമ്പോൾ തേയിലയും, ഏലവും, റബ്ബറും പാടില്ലെന്ന് കള്ളം പ്രചരിപ്പിക്കുന്നു. ജൈവകൃഷിയിലേക്ക്‌ ഘട്ടംഘട്ടമായി മാറണമെന്ന് പറയുമ്പോൾ കൃഷിയേ നിരോധിച്ചിരിക്കുന്നു എന്നു കള്ളം പറയുന്നു. പശ്ചിമഘട്ടം വനമാക്കി കടുവാ സങ്കേതമാക്കാൻ പോകുന്നു എന്ന നുണ, മാഫിയകൾക്ക്‌ മാത്രം ഗുണം ചെയ്യുന്നതാണ്‌. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തങ്ങൾ, വീശിയടിക്കുന്ന ചുഴലിക്കൊടുങ്കാറ്റായി ലക്ഷങ്ങളെ കൊന്നൊടുക്കുമ്പോഴും, കൊടുംവരൾച്ച പശ്ചിമഘട്ടത്തെ മരുവൽക്കരണത്തിലേക്ക്‌ നയിക്കുമ്പോഴും ഇനിയും പരിസ്ഥിതിയെ നശിപ്പിക്കണമെന്ന് വാശിപിടിക്കുന്നവർ മാപ്പ്‌ അർഹിക്കുന്നില്ല.    

 O

PHONE :   9947154564



No comments:

Post a Comment

Leave your comment