കവിത
റീമ അജോയ്
വിലകുറഞ്ഞ അത്തറുമണം
നീട്ടിശ്വസിച്ചു മരണം മഹാസത്യം
ആദ്യമൊന്നു നേടുവീർപ്പിടും.
ശേഷം,
അലമുറയിടുന്നവരെ നോക്കി
ഞെക്കി പിഴിഞ്ഞൊരു തുള്ളി
കണ്ണിൽ എടുത്തുവെയ്ക്കും.
കരയാത്തവരെ നോക്കി
'ഹമ്പട നീയെ'
എന്നൊരു പരമപുച്ഛം
ചുണ്ടിൽ വരുത്തും.
അടുത്ത നിമിഷത്തിൽ
വിറച്ചുപാടിയ
മൊബൈൽ ഞെട്ടിത്തരിച്ചു
നിശബ്ദതയിലേക്കാഴ്ത്തും.
അതിൽ തെളിഞ്ഞ നമ്പറിനു
പറയാനുള്ളതോർത്ത്
ഞെരിപിരി കൊള്ളും.
നിന്നു മടുത്താൽ
ഇന്നലെ കണ്ട സിനിമയിലെ
കഥ വെറുതെ അയവിറക്കും
അതിലെ നായകന്റെ
സിക്സ് പാക്കുകളിൽ
തടവിക്കൊണ്ടിരിക്കും
അരികിൽ നിൽക്കുന്ന കുടവയറു
നോക്കി ഓക്കാനപ്പെടും.
ചെന്നിട്ടു ചെയ്യേണ്ട
ജോലികളുടെ
കണക്കു
കൂട്ടിക്കുറച്ചു
ഹരിച്ചുഗുണിക്കും.
അകലെ നിൽക്കുന്നവളുടെ
സാരിയുടെ വിലകുറവോർത്ത്
പരിതപിക്കും.
വിലപിടിപ്പ് മരണത്തിനു
ചേരില്ലെന്ന് മനസ്സിലവളെ
ആശ്വസിപ്പിക്കും.
ചുറ്റും കളിക്കുന്ന
കുട്ടികളെ നോക്കി
അവരെക്കാൾ കുട്ടിയാകും.
ചിലപ്പോൾ
തലതെറിച്ച പിള്ളേർ
എന്ന് നീട്ടിപ്രാകും.
അടുത്തമാസം വാങ്ങേണ്ട
പലചരക്കിന്റെ
ലിസ്റ്റ് വരെ നിന്നനിൽപ്പിൽ
ഉണ്ടാക്കിക്കളയും.
ഏറ്റവും ഒടുവിൽ,
മരിച്ചയാളെയും ചുമന്ന്
ശവവണ്ടി നീങ്ങുമ്പോ
ഞാനൊരിക്കലും മരിക്കില്ലെന്ന പോലെ
ജീവിതത്തിലേക്ക് ഇറങ്ങിനടക്കും.
O
നല്ല ഒരു നിരീക്ഷണം
ReplyDeletenannaayittund.
ReplyDelete