Monday, February 7, 2011

ഇരുള്‍പക്ഷി

                                                                                                                                                                 സൂര്യാ ഗോപി




            

                         കൗമുദിയമ്മ സ്റ്റീല്‍ പാത്രങ്ങളെല്ലാം മോറി വെച്ച്, കപ്പപ്പുഴുക്കുണ്ടാക്കിയ മണ്‍ചട്ടിയില്‍ വെള്ളം നിറച്ച് കൊട്ടത്തളത്തിലിട്ടു. എച്ചില്‍നാറ്റവും  എണ്ണവഴുവഴുപ്പും കാരസോപ്പുമണവും പുരണ്ട കൈ തുടയ്ക്കാതെ അവളുടെ മുറിവാതില്‍ വലിച്ചടച്ചു. പിന്നെ പുറത്തിറങ്ങി വേലിയുടെ കൊളുത്തിട്ട്,അകത്തു കയറി മുന്‍വാതിലടച്ച് ഉറങ്ങാന്‍ കിടന്നു.

സര്‍പ്പക്കായച്ചെടികള്‍ വളര്‍ന്നുമുറ്റിയ മുളവേലിക്കിടയിലൂടെ പൂച്ചയുടെ പച്ചനിറക്കണ്ണുകള്‍ തിളങ്ങി.നക്ഷത്രങ്ങള്‍ പോലെ മിന്നാമിനുങ്ങുകള്‍ മങ്ങിത്തെളിയുന്നതു നോക്കിയിരിക്കെ; അവള്‍ക്ക് ഇളംനീല ഇന്‍ലന്‍റില്‍ തെളിഞ്ഞ കുനുകുനുപ്പന്‍ അക്ഷരങ്ങളെ ഓര്‍മ്മ വന്നു.


ഇത്തവണ ജയിലിലെ മൂട്ടകളും ചോരകൊതിയന്‍ കൊതുകുകളും മാത്രമല്ല, കത്തിലെ കഥാപാത്രങ്ങള്‍. തോട്ടം കൊത്തുന്നതിനിടയ്ക്ക് മുറിബീഡി വലിച്ചതിന് വാര്‍ഡന്‍ പിഴയിട്ടതും വെള്ളമില്ലാത്തതുകൊണ്ട് പാതാളകിണറ്റില്‍ നിന്ന് കൈയ്യുടെ തോലിളകും വരെ വെള്ളംകോരിച്ചതും വളരെ വിസ്തരിച്ചാണെഴുതിയിട്ടുള്ളത്. 'ജയില്‍നിയമങ്ങളെക്കുറിച്ച് നിനക്കെന്തറിയാം കുട്ടീ' എന്നു പറഞ്ഞ്; എന്നോട് താല്പര്യമുള്ള ഒരു വാര്‍ഡനാണ് ഈ കത്തുകള്‍ പോസ്റ്റ്‌ ചെയ്യുന്നതെന്ന് അയാളെഴുതി. 'അല്ലെങ്കില്‍ നിനക്ക് ഞാനെഴുതുന്ന കത്തില്‍ പലരും പലവട്ടം കണ്ണുപായിക്കും. എന്‍റെ നേരേ കണ്ണുരുട്ടി തിരുത്തിക്കും.അതും പോരാഞ്ഞ് പല കൈ മറിഞ്ഞാകും അത് നിന്‍റെയടുത്തെത്തുക.'


കഞ്ഞി കുടിച്ചപ്പോള്‍ കുറുനാക്കില്‍ കുരുങ്ങിയ നീളന്‍  മുടിയിഴ വലിഞ്ഞ് ചോര പൊടിഞ്ഞതും 'ഗ്ല...ഗ്ല..' ശബ്ദത്തോടെ ചര്‍ദ്ദിച്ചതും, കഴിഞ്ഞ കത്തില്‍ അയാളെഴുതിയത്‌ വായിച്ച് അവള്‍ക്ക് രണ്ടുദിവസം ചോറിറങ്ങിയില്ല. ഇനി ഇത്തരം വര്‍ത്തമാനം വേണ്ട എന്ന് മറുപടിക്കത്തില്‍ കനപ്പിച്ചെഴുതി. അന്നു വൈകിട്ട് കൗമുദിയമ്മയുണ്ടാക്കിയ നാളീകേരവും വെള്ളശര്‍ക്കരയും ചേര്‍ത്ത 'ചക്കയട'യുടെ സ്വാദും കത്തിലൂടെ അവള്‍ അയാള്‍ക്കെഴുതിയിരുന്നു. തടവിന്‍റെ കയ്പ്പും ഏകാന്തതയുടെ ചവര്‍പ്പും കടിച്ചമര്‍ത്തി കുടിച്ചിറക്കുന്ന അജ്ഞാതനായ ഒരു മനുഷ്യന്, വെന്ത വാഴയിലയുടെയും ചക്കയുടെയും നാളീകേരത്തിന്‍റെയും സ്വാദ് വായിച്ചറിയുക എന്നത് പോലും ഓര്‍മ്മകളുടെ നുരഞ്ഞുപൊന്തലായിരിക്കുമെന്ന്, അവള്‍ക്കെന്തോ ഊഹിക്കാനാകുമായിരുന്നില്ല.


അഭിനന്ദിച്ചുകൊണ്ട് ഒരാള്‍ നല്ല വാക്ക് പറഞ്ഞാല്‍ എത്രമാത്രം സന്തോഷം തോന്നാമെന്ന് അവളെ പഠിപ്പിച്ചത് അയാളാണ്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അയാള്‍... കൂട്ടിലടച്ച കിളിയെപ്പറ്റി അവളെഴുതിയ കവിത അയാള്‍ക്കിഷ്ടപ്പെട്ടത്രേ ! പേരെടുത്ത പ്രസിദ്ധീകരണത്തില്‍ അപ്രധാനമായ ഒരു കോണില്‍  വന്ന അവളുടെ കവിത കണ്ട് ആദ്യമായി എന്തെങ്കിലും പറഞ്ഞത് അയാളായിരുന്നു. നല്ലതു പറയണ്ട; വെറുമൊരു അഭിപ്രായപ്രകടനമെങ്കിലും നടത്തുമെന്ന് കരുതിയ അദ്ധ്യാപകര്‍ പോലും ഒന്നും മിണ്ടുകയുണ്ടായില്ല. അയാളുടെ കത്ത് വായിച്ചു കഴിഞ്ഞപ്പോള്‍ തനിയെ ഒരു ഹൃദയബന്ധം പൊട്ടിക്കിളിര്‍ക്കുകയായിരുന്നു.

" .... ന്തു നല്ല കൈയക്ഷരാ അമ്മമ്മേ അയാള്‍ടെ .... "
അയാളുടെ എഴുത്തിലെ കെട്ടുപുള്ളികളും വള്ളികളും അവള്‍ നോക്കിനോക്കിയിരുന്നു.

" ങ്ങും.... ജയിലീന്നാ കത്ത് വര്ന്നേ... എന്തു കുറ്റം ചെയ്തോനാന്ന് ആര്‍ക്കാ നിശ്ചയം ..." അമ്മമ്മ അവളുടെ മുഖത്തേക്ക് നോക്കാതെ ചുണ്ടനക്കി.
   

ഒന്നൊന്നുമല്ല ചുരുങ്ങിയത് രണ്ടരക്കൊല്ലമെങ്കിലുമായി, സര്‍പ്പക്കായച്ചെടി പറ്റിവളര്‍ന്ന വേലി കടന്ന് പോസ്റ്റ്‌മാന്‍ അവള്‍ക്ക് കത്തുമായി വരുന്നു. ആഴ്ചയില്‍ ഒന്നെന്നു തുടങ്ങിയ കത്തിന്‍റെ വരവ് മാസത്തില്‍ രണ്ടെണ്ണമായി ചുരുങ്ങി, പിന്നെ വരവേയില്ലാതായപ്പോഴാണ് അവള്‍ മടിച്ചാണെങ്കിലും മറുകുറിപ്പയയ്ക്കാന്‍ തീരുമാനിച്ചത്.നന്ദിയും സന്തോഷവും സ്നേഹവും പറയുന്ന വെറും രണ്ടേ രണ്ടുവരി മറുപടിയായിരുന്നു അത്.


അന്നു തൊട്ട് മുടങ്ങാതെ കത്തുകള്‍ വന്നും പോയുമിരുന്നു. ഓണത്തിനും വിഷുവിനും ഈസ്റ്ററിനും, നിറയാത്ത വയറിന്‍റെയും നിറഞ്ഞുതുളുമ്പുന്ന കണ്ണുകളുടെയും ജയില്‍വാസദു:ഖത്തിന്‍റെയും ഓര്‍മ്മകള്‍ അയാളുടെ ഹൃദയം നനച്ചുകൊണ്ടിരുന്നതായി അവളറിഞ്ഞു.


ഓരോ കവിത എഴുതുമ്പോഴും അകലെയെങ്ങോ ഒരു വായനക്കാരന്‍റെ കണ്ണുകള്‍ അവളുടെ മുമ്പില്‍ തുറന്നിരുന്നു. തന്നെയോര്‍ത്ത് എവിടെയോ ഒരു അശാന്തഹൃദയം സ്പന്ദിക്കുന്നുണ്ടെന്ന് അവള്‍ വിശ്വസിച്ചു. ഇരുമ്പ് മണക്കുന്ന ജയിലഴികളില്‍ മുഖം ചേര്‍ത്തുവെച്ച് ഹൃദയത്തിലേക്ക് ഓരോ മുള്ളുകളായി വേദനകള്‍ കുത്തിയിറക്കുന്നുണ്ട്, ആ ജീവന്‍. കട്ടകെട്ടിയ ചോരയുടെ കടുംകറുപ്പുനിറമൊലിച്ചു വികൃതമാക്കപ്പെട്ട മുഖമുള്ള കൃശഗാത്രനായ ഒരാളെ അവള്‍ അന്ന് സ്വപ്നം കണ്ടു.


നേരിയ മഞ്ഞ് മൂടിപ്പുതച്ച് കാട്ടുമുല്ലകള്‍ അനങ്ങാതെ നിന്നിരുന്നു, ആ രാത്രിയില്‍. സര്‍പ്പക്കായകളില്‍ ഉമിനീര്‍ കക്കി എവിടേക്കോ ഇഴഞ്ഞു മറഞ്ഞുപോകുന്ന സര്‍പ്പങ്ങള്‍. ഇളംചുവപ്പും പച്ചയും കലര്‍ന്ന സര്‍പ്പക്കായകള്‍ അകം പഴുത്തുചുവന്ന്, തൊലി കറുത്ത് വീര്‍ത്തു കിടന്നിരുന്നു. നിലാവിന്‍റെ കണ്ണുകളില്‍ നോക്കാതെ, ഉറക്കം വരാതെ അവള്‍ തലകുമ്പിട്ടിരുന്നു. മുരിക്കിന്‍പൂവുകള്‍ വന്യമായ നിറം പുരട്ടി പിന്‍മുറ്റമാകെ  നിറഞ്ഞുകിടന്നു. പിറുപിറുത്തുകൊണ്ട് രാക്കാറ്റ് വീടും പറമ്പും വലംവെച്ച്‌ മുരിക്കിന്‍കൊമ്പില്‍ മെല്ലെയിരുന്ന് ഉറക്കം നടിച്ചു. ആ രാത്രി, തപാല്‍മുദ്രയുടെ കറുപ്പുവൃത്തത്തില്‍ നോക്കി അവള്‍ അയാളുടെ ജയിലും നഗരവും വീണ്ടും വീണ്ടും വായിച്ചെടുത്തു.

" ..... ഞാന്‍ നിങ്ങളെ കാണാന്‍ അങ്ങോട്ടു വരുന്നു . .. "
അവള്‍ കത്തെഴുതി മടക്കി.

കാട്ടുമുല്ലപ്പൂക്കള്‍ കൊഴിഞ്ഞു മണ്ണടിഞ്ഞ ഇടവഴി കടന്ന്, ആ  കത്ത് പോസ്റ്റ്‌ ചെയ്യാന്‍ പോയ ദിവസം  മാസങ്ങള്‍ ചിലത് കടന്നു പോയിട്ടും അവളുടെ ഓര്‍മ്മയില്‍ തെളിഞ്ഞുനിന്നു.


ദിവസങ്ങള്‍, അവള്‍ക്കും അയാള്‍ക്കുമിടയിലെ അകലം പോലെ നീണ്ട് ഇഴഞ്ഞ് കടന്നുപോയി. പരീക്ഷാകാലങ്ങള്‍ക്കിടയിലെ ഒരു ദിവസമാണത് സംഭവിച്ചത്. രസതന്ത്രലാബിലെ അവള്‍ക്കജ്ഞാതമായ ഏതോ പ്രതിപ്രവര്‍ത്തനത്തിനിടയില്‍ കൈയ്യിലിരുന്ന ടെസ്റ്റ്‌ട്യൂബ് ഒരു പൊട്ടിക്കരച്ചിലോടെ ചിതറിവീണതും, പൊള്ളിയും ഗ്ലാസ്‌ കഷ്ണങ്ങള്‍ തറച്ചും മുഖം വികൃതമായതും...
ഓര്‍മ്മകളില്‍ വെന്തുടഞ്ഞ അവളുടെ തലച്ചോര്‍, പലപ്പോഴും വര്‍ത്തമാനത്തോടു സമരസപ്പെടാതെ പിണങ്ങിനിന്നു.


കൊച്ചുമകളുടെ വടുക്കള്‍ പരന്ന കറുത്തമുഖം വീണ്ടും കരുവാളിക്കുന്നത് കണ്ട് അമ്മമ്മ  ആധിയോടെ വീടാകെ ഓടി നടന്നു.

" ഈ കത്തെഴുതുന്ന ആളെ എനിക്ക്....ന്തായാലും കണ്ടേ പറ്റൂ... അമ്മമ്മേ..."
അവള്‍ ദീനസ്വരത്തില്‍ ശഠിച്ചു.

" മിണ്ടാതെ കെടന്നോളൂ... മൊഖമനക്കണ്ടാ... മുറിവ് വലിഞ്ഞുപൊട്ടും."


കാണാന്‍ ചെല്ലുന്നുവെന്ന് അറിയിച്ചശേഷം അയാളുടെ കത്തുകളൊന്നും അവള്‍ക്കായി വന്നില്ല; അത് മാത്രമായിരുന്നു കൗമുദിയമ്മയുടെ ആശ്വാസം. എന്നാല്‍ കൊച്ചുമകളുടെ ദയനീയമായ നിര്‍ബന്ധത്തിനു മുന്നില്‍ അവര്‍ പതറി.
അച്ഛനുമമ്മയും ഇല്ലാത്ത കുഞ്ഞല്ലേ ?! അവളുടെ കരച്ചിലിന് മുമ്പില്‍ പകച്ച്‌, അവര്‍ക്ക് ഒരിക്കല്‍ തോല്‍ക്കേണ്ടി വന്നു.


ആദ്യമായാണ്‌ അവര്‍ ജയില്‍ കാണുന്നത്.
ഗേറ്റിനപ്പുറത്തെ ഇടനാഴിയുടെ ശ്വാസംമുട്ടിക്കുന്ന ഈര്‍പ്പം.
കൗമുദിയമ്മ അക്ഷമയോടെ കാത്തു നിന്നു.

" ... ഒരു മാസാവാറായീ മരിച്ചിട്ട്..... അപസ്മാരണ്ടാര്‍ന്നല്ലോ.... ആരും കണ്ടില്ല. കണ്ണുതുറിച്ച് പിടച്ചു പിടച്ച് തലയടിച്ചു തറയില് വീണു. മുഖം തകര്‍ന്നുപോയി. ചോരവാര്‍ന്നു തീരാറായപ്പോഴാ കണ്ടത് ...."
പോലീസുകാരന്‍റെ ഇത്തിരിക്കനിവൂറിയ കണ്ണുകളിലേക്ക് കൗമുദിയമ്മ നോക്കിനിന്നു.


കത്തുകള്‍ ചേര്‍ത്തുകെട്ടി ഭദ്രമാക്കിയ പൊതി, കൊച്ചുമകള്‍, നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു. വേപ്പുമരത്തിലിരുന്ന് മധുരഗാനം പാടുന്ന കാണാക്കിളിയെ തേടുകയായിരുന്നു അവളപ്പോള്‍‍.

" നിങ്ങള്‍ അയാള്‍ടെയാരാ ....? "

കാക്കിധാരി  പുരികമുയര്‍ത്തി, മുഖത്തു തെളിയുന്ന ചോദ്യചിഹ്നത്തോടെ ചോദിച്ചു.
കൗമുദിയമ്മ ഞെട്ടി.
അയാള്‍ടെ ആരാ നമ്മള്‍ ?! നമ്മടെ ആരാ അയാള്‍ ?!

" അല്ല.... ആര്വല്ല.... വെറുതെ,കാണാന്‍ വന്നതാ... ഞങ്ങടെ ആര്വല്ലാ..."

" ഭാര്യേനേം കുട്ടീനേം വെഷം കുടിപ്പിച്ചുകൊന്ന കേസാ. വയനാട്ടില് കൃഷിപ്പണിയാര്‍ന്നു അയാള്‍ക്ക്. കടം കേറി നാശായി. അയാളും വെഷം കുടിച്ചതാ പോലും. ചികില്‍സേല്‌ രക്ഷപെട്ടു. കോടതിക്ക് അതൊന്നുമറിയണ്ടാലോ.... ശിക്ഷിച്ചു !"

ആ വൃദ്ധമനസ്സ് നിര്‍ത്താതെ വിറച്ചു.
ഇനിയിവിടെ നില്ക്കണ്ടാ പൊയ്ക്കോളൂ  എന്ന്  വാര്‍ഡന്‍  മുരണ്ടപ്പോള്‍ അവര്‍ തിരികെ നടന്നു.

കൊച്ചുമകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്ന പൊതിക്കെട്ടിലുള്ള കത്തുകളിലെ സുന്ദരമായ അക്ഷരങ്ങള്‍, വിഷത്തിന്‍റെയും മരണത്തിന്‍റെയും കരിനീലനിറം തീണ്ടിയവയാണെന്ന് ഓര്‍ത്തപ്പോള്‍ അവര്‍ വിളറി.
തീപ്പൊരിവീണ നീറ്റലോടെ കണ്ണുനിറച്ച് കൗമുദിയമ്മ അവളെ നോക്കി. അവരുടെ  തൊണ്ട നിറഞ്ഞു.

" അയാളെ കണ്ടോ അമ്മമ്മേ ... ?"
അവള്‍ അമ്മമ്മയുടെ വിറയ്ക്കുന്ന മുഖത്തേയ്ക്കു നോക്കി.

" അയാള്‍ ഇവിടില്ല മോളേ ...എവിടെയോ പോയി. അയാള്‍ ആരോ ആര്ന്ന്... ആരോ..."
അവര്‍ അവളുടെ മുഖത്തെ ഉണങ്ങിയ വടുക്കളില്‍ അമര്‍ത്തി ഉമ്മ വെച്ചു.

മുക്കാലും നരച്ചമുടിയിഴകള്‍ ഒതുക്കിവെച്ച് പ്രായം തളര്‍ത്തിയ ശരീരത്തിന്‍റെ പാരവശ്യം ഒളിച്ചുവെച്ച് ആ വൃദ്ധ കൊച്ചുമകളെയും കൊണ്ട് നീണ്ടവഴിയിലേക്കിറങ്ങി.
ഉച്ചവെയില്‍ തിളച്ചു കൊണ്ടിരുന്നു.
അയാളെ കേള്‍പ്പിക്കാന്‍ ഓര്‍ത്തുവെച്ച വരികള്‍ അവള്‍ പതുക്കെ ചൊല്ലിത്തുടങ്ങുമ്പോള്‍, കനത്ത മതിലിനുപുറത്ത്, വേപ്പ്‌ മരച്ചില്ലയുടെ കാണാമറയത്തിരുന്ന് ഒരു കണ്ണില്‍പ്പെടാക്കിളി ഉറക്കെയുറക്കെ കരഞ്ഞു.     

                                                               O

ഫോണ്‍ - 9447276955

Saturday, January 29, 2011

മിത്തുകള്‍ക്കപ്പുറം

ആലപ്പാട്,ആറാട്ടുപുഴ - ഒരു ചരിത്രാന്വേഷണം

ചരിത്രം
അരുൺ.എസ്‌.കാളിശേരി




              







                       നമ്മുടെ ചരിത്രമെഴുത്തുകാരെപ്പോലെ ഇഷ്ടപ്രകാരം അതാതുകാലത്തെ താല്പര്യങ്ങള്‍ക്കനുസരിച്ച് വ്യക്തിപരവും സ്വാധീനിക്കപ്പെടുന്ന വിധത്തിലും ചരിത്രം എഴുതിവെയ്ക്കാമെന്ന ക്ലീഷേ എഴുത്തോടെ, ഒരന്വേഷണമാണ്‌ ഇത്.


പലവിധ ചരിത്രാന്വേഷണങ്ങള്‍ക്കൊടുവില്‍ എത്തപ്പെടുന്നതാവട്ടെ ഒരു പാതി നേരുപോലുമാവില്ല എന്നുറപ്പ്. പറഞ്ഞു തന്നവര്‍ക്കൊക്കെ  ഒരായുസ്സിന്‍റെ പങ്കുവെക്കല്‍  മാത്രമായിരുന്നു, ഒരു മിത്തുമായി കൂടിച്ചേര്‍ന്നുകിടക്കുന്ന ഭൂതകാലത്തിന്‍റെ പതംപറച്ചിലുകള്‍ . എത്രനേര് എന്നൊരു അന്വേഷണം നടത്തുന്നതിനേക്കാള്‍ ഒരു സമൂഹം മിത്തായി ചരിത്രം പറയുമ്പോള്‍ ആ സമൂഹത്തിന്‍റെ സാംസ്കാരിക പാപ്പരത്തമാണതെന്ന് ചില ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് എന്നത് മറന്നുകൂടാ. അതിനിടെ കാഞ്ച ഏലയ്യയൊക്കെ കയറി നമ്മുടെ പതിവ് ചരിത്രവായന തടസ്സപ്പെടുത്തും. പരശുരാമന്‍ മത്സ്യതൊഴിലാളികളെ ദൈവത്തെ ശുശ്രൂഷിക്കുന്നവരാക്കുകയും അദ്വൈതം പഠിപ്പിച്ചു കേരളബ്രാഹ്മണരാക്കുകയും ചെയ്തു എന്നൊരു പറച്ചില്‍ ചില സമയത്ത് കേട്ടതൊഴിച്ചാല്‍ - കേട്ട ചരിത്രം ചുരുക്കി പറയാം.


ഒരു മഹാപ്രളയത്തിന് ശേഷം ഉണ്ടായ ഭൂമിയാണ്‌ ഇന്ന് കാണപ്പെടുന്ന മലയാളമണ്ണ്. ഈ ഭൂമിശാസ്ത്രവസ്തുത കണക്കിലെടുത്ത്, പ്രവാസപ്പെട്ട് എത്തിയ ഒരു വന്‍ജനവിഭാഗമാണ്‌ ആദ്യം ഇവിടെ പാര്‍പ്പുതുടങ്ങിയത് എന്ന് അനുമാനിക്കണം. കാവേരിപൂംപട്ടണത്തില്‍ നിന്ന് വന്നവരാണ് ആലപ്പാട്ടുകാരെന്ന് പറയവെ തെളിവില്ലാത്തതിനാല്‍ അന്തിച്ചു നോക്കുമ്പോള്‍ അന്തിവാനം ചോന്നു തുടുത്തു കിടക്കുന്നു.





ആദിമമനുഷ്യരൊക്കെയും ആയുസ്സ് പലതുകൊണ്ട്  നടന്നുനടന്നും  ഇരയെ വേട്ടയാടിപ്പിടിച്ചും അല്ലെങ്കില്‍ മറ്റേതെങ്കിലും ശക്തികളാല്‍ വേട്ടയാടപ്പെട്ട്‌ ഓടി രക്ഷപെട്ടെത്തിയതോ ആവാം. അങ്ങനെ അന്നത്തെ തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍  നിന്നും വന്നു ചേര്‍ന്ന മലയാളിക്ക്, പെറ്റമണ്ണിനോട് കൂറില്ലാത്തത്തിന്‍റെ പൊരുള്‍ പിടികിട്ടുന്നതിവിടെവെച്ചാണ്. അന്യനാട്ടില്‍ നിന്നും ഓടിയെത്തിയവന് വന്നുനിന്ന മണ്ണിനോട് കിതപ്പ്മാറ്റിയ കടപ്പാട് മാത്രമേ കാണൂ. വീണ്ടും പ്രവാസപ്പെടാനുള്ള മനസ്സുമായി ജീവിക്കുമ്പോള്‍ കമിഴ്ന്നു വീണു കാപ്പാക്കേണ്ട ആവശ്യമില്ല. അത്ര തന്നെ. മലയാളമണ്ണിന്‍റെ കഷ്ടകാലത്തിന്‍റെ പൊരുളും അതാണ്‌. പെറ്റമ്മയൊന്നുമല്ലാത്ത മണ്ണ്. വെറും പോറ്റമ്മ. വെറുതെ വാരിവിറ്റിട്ടെങ്കിലും പത്ത് പുത്തനുണ്ടാക്കാന്‍ കൈചൊറിയുന്നത് അതു കൊണ്ടാകാം.


രാജഭരണകാലത്ത് ഓണാട്ടുകരയുടെ ഭാഗം തന്നെയായിരുന്നു ആലപ്പാടും ആറാട്ടുപുഴയും. പഴയ കാര്‍ത്തികപ്പള്ളി -കരുനാഗപ്പള്ളി താലൂക്കുകളില്‍ പെടുന്ന ഭാഗങ്ങള്‍ . കായംകുളം രാജാവിന്‍റെ കീഴിലായിരുന്നു ഇവിടം. ആറാട്ടുപുഴ ഭാഗം  ഒരു പ്രമുഖ വ്യാപാരമേഖല കൂടിയായിരുന്നു. അറബുനാടുകളില്‍ നിന്നും മുസ്ലീം വ്യാപാരികള്‍ ഉരുക്കളിലെത്തി മലഞ്ചരക്കുകള്‍ ശേഖരിച്ചിരുന്ന സ്ഥലം. എല്ലാ വിഭാഗം ജനങ്ങളും ഇവിടെ താമസിച്ചിരുന്നു. ഇന്ന് കാണുന്ന ആലപ്പാട്ടേക്കെത്തുമ്പോള്‍  മത്സ്യതൊഴിലാളികളായ ഹിന്ദുക്കളെ കൂടാതെ ക്രിസ്ത്യാനികളുടെ ചെറുവിഭാഗവുമുണ്ട്. 1500-കളിലെ പോര്‍ച്ചുഗീസ് അധിനിവേശത്തിന്‍റെ ബാക്കിപത്രവും കാണാനാവും. പണ്ടാരത്തുരുത്ത് എന്ന പ്രദേശത്ത്‌ ഒരു  പോര്‍ച്ചുഗീസ് പള്ളി പരിക്കുകളോടെ ഇപ്പോഴുമുണ്ട്.


പോര്‍ച്ചുഗീസ് പള്ളി - പണ്ടാരത്തുരുത്ത്


തിരുവിതാംകൂര്‍ ആക്രമണത്തില്‍ കായംകുളംരാജാവ് അഭയം തേടിയെത്തിയത്‌ ആറാട്ടുപുഴ ഭാഗത്താണെന്നും തെക്കുനിന്നുള്ള ആക്രമണം തടയാനായി രാജാവിന്‍റെ നിര്‍ദ്ദേശാനുസരണം കടലും കായലും ഒന്നിച്ചുചേര്‍ത്തു 'പൊഴി' രൂപപ്പെടുത്തി എന്നും ചരിത്രവായന. തുടര്‍ന്ന് ആറാട്ടുപുഴയുടെ കടല്‍ത്തീരവ്യാപാരം തകര്‍ത്ത് ആലപ്പുഴ തുറമുഖപട്ടണം സ്ഥാപിച്ചത് ദിവാനായിരുന്ന രാജാകേശവദാസ്. 1746ല്‍ കായംകുളം രാജ്യം തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. പഴയ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആദ്യ സ്കൂള്‍ ആലപ്പാട് അഴീക്കലായിരുന്നു. നല്ലൊരു ചന്തയും അഴീക്കലുണ്ടായിരുന്നു. സൂര്യന്‍റെ ചിഹ്നം പതിപ്പിച്ച ചെമ്പട്ട് ബ്ലൌസിടുന്ന പെണ്ണുങ്ങളുണ്ടായിരുന്നെന്നും ക്രയ-വിക്രയത്തിന് സ്വര്‍ണ്ണനാണയങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും സ്വപ്നം കാണുമ്പോലെ കേട്ടിരുന്നു മടങ്ങുമ്പോള്‍ , പഴയ ചന്ത നിന്ന സ്ഥലത്തിനു കുറുകെ ടാറിട്ട ഒരു റോഡ്‌ കിടക്കുന്നു.


ഒരിക്കല്‍ ഒരു ചാനല്‍ മാറ്റത്തിനിടയില്‍ അബദ്ധത്തില്‍ കാണുന്നത് ഒരു അമ്പലം - ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. തീപ്പെട്ട ക്ഷേത്രം പുതുക്കിപ്പണിതതും വിഗ്രഹം കൊണ്ടുവന്നു വെച്ചതും പെരുന്തച്ചനാണെന്നും; മറ്റൊരു കഥയായി കരുനാഗപ്പള്ളിയിലെ അരയന്മാര്‍ക്ക് വിഗ്രഹം കടലില്‍ നിന്നും കിട്ടിയതാണെന്നും പറയുന്നുണ്ട് ടി.വി.നരേറ്റര്‍ .



ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം


ക്ഷേത്രകഥകളും ഐതിഹ്യങ്ങളും ഇഷ്ടമുള്ള പോലെ ചമച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി, ആറ്റില്‍പ്പോയ വിഗ്രഹം മുങ്ങിയെടുത്തതാണെന്ന് പറയുമ്പോള്‍ ആലപ്പാട്ടുകാരായ മനുഷ്യരൊക്കെയും അത് അലമുറയിട്ടു നിഷേധിക്കും.1800 ലധികം വര്‍ഷങ്ങളുടെ കണക്കുകാണിച്ച് ആലപ്പാട് വാണ ആദിശ്ശമൂത്തരയന്‍റെ മകളായി പാര്‍വതീദേവി ജനിച്ച കഥ പറയും. ആ കഥ,പരിശ്ശംവെയ്പ്പോടെ ഇന്നും തുടരുന്നു. ഒരിക്കല്‍ ഭഗവാന്‍ ശ്രീമുരുകന്‍ ശനിയുടെ തുടക്കസമയത്ത്, അമ്മ പാര്‍വതിദേവിയും അച്ഛന്‍ പരമശിവനും സംസാരിക്കുന്നത് പരംപൊരുളിന്‍റെ അര്‍ത്ഥമാണെന്നു കരുതി അത് കേട്ടുമനസ്സിലാക്കാന്‍ ഒരു വണ്ടിന്‍റെ രൂപത്തില്‍ പാര്‍വതീദേവിയുടെ മുടിക്കെട്ടില്‍ ഒളിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പരമശിവന്‍ മകനെ ശപിച്ചു. വെറുക്കപ്പെടുന്ന   ഒരു മത്സ്യമായി തീരട്ടെ എന്നായിരുന്നു ശാപം. ആലപ്പാടിനടുത്തുള്ള കടലിലാണ് ഈ ഉഗ്രമത്സ്യം എത്തപ്പെട്ടത്. ശാപത്തില്‍ നിന്നും മകനെ രക്ഷിക്കണമെന്ന് പറഞ്ഞുകരഞ്ഞ പാര്‍വതീദേവിയോട് ശിവന്‍ തന്നെ ശാപമോക്ഷത്തിന്‍റെ കഥയും പറഞ്ഞു.


അങ്ങനെ പാര്‍വതീദേവി ആലപ്പാട്ട് ആദിശ്ശമൂത്തരയന്‍റെ മകളായി ജനിച്ചു. ശനിയുടെ അപാരതയില്‍ മുരുകനെന്ന മത്സ്യം വളര്‍ന്ന് ഭീമാകാരമായി, മത്സ്യബന്ധനത്തെ തടസ്സപ്പെടുത്താന്‍ തുടങ്ങി.കടലില്‍ തുഴയിറക്കാന്‍ തന്നെ തീരത്തുള്ളവര്‍ക്ക് ഭയമായി. തീരം പതിയെ പട്ടിണിയിലായി. അവര്‍ നാട്ടുരാജാവുമായി ആലോചിച്ചു. രാജാവായ ആദിശ്ശമുത്തരയന്‍ വിളംബരം ചെയ്തു - ഈ മകരമത്സ്യത്തെ പിടിച്ചുകെട്ടി കരയിലെത്തിക്കുന്നവര്‍ക്ക് തന്‍റെ പകുതിരാജ്യം  നല്‍കുകയും മകളെ വിവാഹം ചെയ്തുകൊടുക്കുന്നതുമായിരിക്കും. പലരും പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടു. ഒടുവില്‍ വടക്കുദേശത്തു നിന്നും ഒരു വൃദ്ധന്‍ എത്തുകയും കടല്‍ത്തീരത്തു കാണപ്പെടുന്ന 'അടുമ്പി' എന്ന വള്ളിച്ചെടി ഉപയോഗിച്ച് മത്സ്യത്തെ ബന്ധിക്കുകയും ചെയ്തു. താന്‍ ശിവനാണെന്നും ഭഗവാന്‍ മുരുകനാണ് മകരമത്സ്യമെന്നും വൃദ്ധന്‍ വെളിപ്പെടുത്തുകയും തുടര്‍ന്ന്  മുരുകനെ ആലപ്പാട്ട് പ്രതിഷ്ഠിച്ചശേഷം നടന്നു നീങ്ങിയ ശിവനും പാര്‍വതിയും 'ചെന്നു നില്‍ക്കുന്ന ഊരി'ല്‍ തങ്ങളെ  പ്രതിഷ്ഠിക്കണമെന്നുള്ള  ആഗ്രഹപ്രകാരം 'ചെങ്ങന്നൂരി'ല്‍ ക്ഷേത്രം നിര്‍മ്മിച്ചുവെന്നുമുള്ള കഥ ആലപ്പാട്ടെ ഏതൊരു കൊച്ചുകുട്ടിയും നീല അടുമ്പി പൂവിറുത്തു കാട്ടി പറയും.


കായംകുളം പൊഴിയില്‍ നിന്നുള്ള ദൃശ്യം


ഇന്നും വര്‍ഷാവര്‍ഷം തങ്ങളുടെ മകളുടെ വിവാഹത്തിനു സ്ത്രീധനവുമായി ആലപ്പാട്ടുകാര്‍ ചെങ്ങന്നൂര്‍ക്ക് പോകാറുണ്ട്. ഇതിന്‍റെ മറ്റു രൂപത്തിലുള്ള നിരവധി കഥകള്‍ പല സ്ഥലത്തും പ്രചരിച്ചിട്ടുണ്ട്. അതിലൊന്നാണ് വലവീശുപുരാണത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.


ഈ ഐതിഹ്യത്തിന്‍റെ ഏകദേശകണക്കും മറ്റു ചില കണക്കുകളും കൂട്ടിക്കിഴിക്കുമ്പോള്‍ കാഞ്ച ഏലയ്യ വന്നിരുന്നു നെഞ്ചിലൊരു ബല്ലേ ബല്ലേ അടിക്കുന്നു. ഏലയ്യ പറയുന്നത് ഹിന്ദുമതം തെക്കേഇന്ത്യയിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 2000 വര്‍ഷം ആകുന്നു എന്നാണ്. ഇതിന് ഉപോല്‍ബലകമായി 2000 വര്‍ഷം പഴക്കമുള്ള ക്രിസ്തുമതത്തിന്‍റെ ജനനവും വ്യാപനവും വായിച്ചെടുക്കുമ്പോള്‍ ഹിന്ദുമതം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കാന്‍ കാരണമായിട്ടുള്ളതെന്താണെന്ന് വ്യക്തമാകും. തെക്കേഇന്ത്യയിലെ ഐതിഹ്യങ്ങളുടെ പ്രായം 2000  വര്‍ഷത്തോളമാണെന്നുള്ള വസ്തുതയും രാമേശ്വരം,രാമനാഥപുരം,പഴനി,ആലപ്പാട് എന്നിവിടെ പ്രചരിക്കുന്ന കഥകളും ഇതിനോട് ചേര്‍ത്തു വായിക്കാം. ഏതായാലും ഇത്തരം കഥകളിലൂടെ സവര്‍ണ്ണഹിന്ദുക്കള്‍ വാസ്തവത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തിന് പുറത്ത് അധ:സ്ഥിതരായി കഴിഞ്ഞിരുന്ന ദളിതരെ കൂടി സവര്‍ണ്ണഹൈന്ദവവ്യവസ്ഥയുടെ ഭാഗമാക്കി നിലനിര്‍ത്തുന്നതിന്‍റെ ഒരു ചിത്രം ലഭിക്കും.


ആദ്യമായി ചെങ്ങന്നൂരമ്പലത്തില്‍ ചെല്ലുമ്പോള്‍ ദേവി തൃപ്പൂത്തായിരിക്കുകയാണ്. അമ്പലത്തിനു ചുറ്റും അകത്തും നോക്കി. ആലപ്പാട്ട് നിന്നാരെങ്കിലും വന്നിട്ടുണ്ടോ ? മകളുടെ കല്യാണത്തിന് സ്ത്രീധനവുമായി എത്തുന്ന ആലപ്പാട്ടെ പെണ്ണുങ്ങളുടെ മനസ്സാണെനിക്ക് പിടികിട്ടാനുള്ളത്. പെണ്ണിന് ആര്‍ത്തവമുണ്ടാവുമ്പോള്‍ പെണ്ണ് തന്നെ കൂട്ട് വേണ്ടേ എന്നിങ്ങനെ വേണ്ടാതീന വിചാരങ്ങളുമായി ഇത്തിരി നടക്കുമ്പോള്‍ കൊല്ലം പാസ്സഞ്ചര്‍ മലബാറിന് വേണ്ടി പിടിച്ചത് കൊണ്ട് കഷ്ടി രക്ഷപ്പെട്ടുകിട്ടുന്നു. എന്തായാലും കുടിച്ചു പൂസ്സായ 9.50 ന്‍റെ അഴീക്കല്‍- പൂക്കോട്ടുദേവി സ്റ്റേ ബസ്സിലിരിക്കുമ്പോള്‍ കവരിനൊപ്പം ചാടിയ വെണ്ണനിറത്തിന്‍റെ മീനിന് നേരറിയാമായിരിക്കും എന്ന് സമാധാനിച്ചു.

പൊഴിമുഖം



കായംകുളം രാജാവ് യുദ്ധത്തില്‍ തോറ്റ് മരണപ്പെടാതിരിക്കാന്‍ അറബ് നാട്ടിലേക്ക് തുഴവെച്ച് പോയ ഉരു പുറപ്പെട്ടുപോയ പൊഴിയിലൂടെ മത്സ്യബന്ധനയാനങ്ങള്‍ ഒഴുകിപ്പോകുന്നത് നോക്കിയിരിക്കുമ്പോള്‍ കടലാഴി ഇനി ഒന്നും തെളിയാത്ത ചരിത്രത്തിന്‍റെ നീലത്താള് !

                                                                                     O
 ഫോണ്‍ - 9388516033   


                                                               റഫറന്‍സ്

ഞാനെന്തുകൊണ്ട് ഹിന്ദുവല്ല            - കാഞ്ച ഏലയ്യ 
അരയപ്പെരുമ                                             - ബി.ശിവന്‍ 
നാട്ടറിവുകള്‍                                               - ടി.ടി.ശ്രീ കുമാര്‍
കടലറിവുകള്‍                                        -             "
മാധ്യമം ഓണപ്പതിപ്പ് 2009 
ഭാഷാപോഷിണി 2009 
വലവീശുപുരാണം 
ഐതിഹ്യമാല 
തിരുവാചകം 
കെ.കെ.കുന്നത്ത് 

Saturday, January 22, 2011

കുടജാദ്രി നിറുകയില്‍

രാജേഷ് കടമാന്‍ചിറ
       9048066499


                               കുടജാദ്രി --- ദൈവിക  ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന പുണ്യഭൂമി. ഹരിതവനങ്ങളാല്‍ മൂടി, ആകാശം തൊട്ടു നില്‍ക്കുന്ന കുടജാദ്രിമലനിരകളുടെ വിദൂരദൃശ്യം പോലും ആരെയും ആകര്‍ഷിക്കുംവിധം മനോഹരമാണ്. എന്നാല്‍ കുടജാദ്രിയുടെ നിറുകയില്‍ എത്തിച്ചേരുക അല്പം ശ്രമകരമാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപത്തു നിന്നും ജീപ്പ് മാര്‍ഗം കുടജാദ്രിയിലേക്ക് യാത്ര ചെയ്യാം. ഏകദേശം രണ്ടര മണിക്കൂര്‍ നേരത്തെ യാത്ര വേണ്ടിവരും. മലമുകളില്‍ നിന്നും രണ്ടു കിലോമീറ്റര്‍ താഴെയായി  വാഹനപാത അവസാനിക്കുന്നു. വാഹനപാതയിലൂടെയല്ലാതെ കാടിനുള്ളിലൂടെ നടപ്പാതയുമുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് യാത്ര നടപ്പാതയിലൂടെയാക്കാം. വാഹനപാത അവസാനിക്കുന്നിടത്ത് രണ്ടു ചെറിയ ക്ഷേത്രങ്ങളുണ്ട്‌. അപൂര്‍വവും പുരാതനവുമായ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങളും മറ്റും ചെയ്യുന്ന രണ്ടു കുടുംബങ്ങള്‍ സമീപത്തായി താമസിക്കുന്നുണ്ട്. മലമുകളിലേക്ക് വരുന്നവര്‍ക്ക് ഇവര്‍ അത്യാവശ്യം താമസസൌകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.











ഇനി  നടന്നാണ് കയറേണ്ടത്. ചെങ്കുത്തായ കയറ്റങ്ങളും കുത്തനെയുള്ള ഇറക്കങ്ങളും പിന്നിട്ടുള്ള യാത്ര. ചിലയിടങ്ങളില്‍ നടപ്പാത വളരെ ഇടുങ്ങിയതാണ്. കാലൊന്നുതെറ്റിയാല്‍ പതിക്കുക അഗാധതയിലേക്കാവും. ഏറെ അപകടം പിടിച്ചതാണെങ്കിലും ഈ യാത്ര ഏതൊരു പ്രകൃതിസ്നേഹിയേയും അങ്ങേയറ്റം ആഹ്ലാദം കൊള്ളിക്കും.






ഒരുപാടു നിഗൂഡതകള്‍ കുടജാദ്രി മലനിരകളില്‍ ഒളിഞ്ഞു കിടക്കുന്നതായി പറയപ്പെടുന്നു. ഇല്‍മനൈറ്റ് അയിരുകള്‍ കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ മണ്ണ്. ബ്രിട്ടീഷ് ഭരണകാലത്ത്, ഖനനത്തിനുള്ള ചില മുന്നൊരുക്കങ്ങള്‍ ഉണ്ടായെങ്കിലും ശ്രമം പരാജയപ്പെടുകയാണുണ്ടായത്.





കുടജാദ്രിയുടെ ഉത്ഭവത്തെപ്പറ്റി പല പല കഥകളുണ്ട്. അവയില്‍ കൂടുതല്‍ പ്രചാരത്തിലുള്ള കഥ ഇതാണ്. രാമ-രാവണ യുദ്ധത്തില്‍ മൃതപ്രായനായ ലക്ഷ്മണനെ രക്ഷിക്കുവാന്‍ ഹനുമാന്‍  മൃതസഞ്ജീവനി തേടി ഹിമാലയത്തിലേക്ക് പോയി. എന്നാല്‍ മരുന്ന് കണ്ടുപിടിക്കാനാകാതെ കുഴങ്ങിയ ഹനുമാന്‍  മൃതസഞ്ജീവനി കാണപ്പെടുന്ന ചന്ദ്രധോണിഗിരി അപ്പാടെ അടര്‍ത്തിയെടുത്തുകൊണ്ടുവന്നു. ചികിത്സാശേഷം പൂര്‍വ്വസ്ഥാനത്തേക്ക് കൊണ്ടുപോയ ചന്ദ്രധോണിഗിരിയുടെ മുകള്‍വശത്തിന്‍റെ ഒരുഭാഗം അംബാവനത്തില്‍ അടര്‍ന്നുവീണു. മലയുടെ 'കൊടി'ഭാഗം തലകീഴായി വീണതാണത്രേ 'കൊടജാദ്രി'. ആ വാക്ക് പറഞ്ഞുപഴകി കുടജാദ്രിയായി. 






നടപ്പാതയിലൂടെ നടന്ന് ഗിരിമുകളില്‍ എത്തിച്ചേരുമ്പോള്‍ ഒരു ചെറിയ കല്‍മണ്ഡപം  കാണാം. മണ്ഡപത്തിനുള്ളില്‍ അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ഒരു ചെറിയ വിഗ്രഹമുണ്ട്. കലിയുഗത്തില്‍ ഇവിടെയിരുന്നാണ് അദ്ദേഹം സുപ്രസിദ്ധമായ 'സൌന്ദര്യലഹരി' രചിച്ചത്. 108 അദ്ധ്യായങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ദേവി അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായാണ് ഐതിഹ്യം. സംപ്രീതയായ ദേവിയോട് തന്‍റെ കൂടെവരുവാന്‍ ശങ്കരാചാര്യര്‍ ആവശ്യപ്പെട്ടു. തിരിഞ്ഞുനോക്കില്ല എന്ന വ്യവസ്ഥ പ്രകാരം ദേവി ശങ്കരാചാര്യരുടെ  കൂടെ ചെല്ലാം എന്ന് സമ്മതിച്ചു. ഇന്ന് കൊല്ലൂര്‍ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിയപ്പോള്‍, ദേവിയുടെ കാല്‍ചിലമ്പൊച്ച    നിലയ്ക്കുകയും, സംശയം തോന്നിയ ശങ്കരാചാര്യര്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. വ്യവസ്ഥ തെറ്റിച്ചത് മൂലം ദേവി തുടര്‍ന്നുള്ള യാത്ര അവസാനിപ്പിക്കുകയും കൊല്ലൂരില്‍ കുടികൊള്ളുകയും ചെയ്തു എന്നാണ്  ഐതിഹ്യം.






കരിങ്കല്‍ മണ്ഡപത്തിനപ്പുറം ചെങ്കുത്തായ ഇറക്കമാണ്. കഷ്ടിച്ച് ഒരാള്‍ക്ക്‌ മാത്രം  ഇറങ്ങാന്‍  കഴിയുന്ന കല്ലിടുക്കിലൂടെ താഴേക്കിറങ്ങിയാല്‍ ചിത്രമൂലയിലേക്കുള്ള നടപ്പാത കാണാം. തുടര്‍ന്നങ്ങോട്ട് പ്രകൃതി എല്ലാ സൌന്ദര്യങ്ങളോടും കൂടി തെളിവാര്‍ന്നു വരും. സുന്ദരദൃശ്യങ്ങളുടെ ഉത്സവം.






കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറക്കെട്ടിനു മുമ്പിലാണ് പാത അവസാനിക്കുന്നത് - ചിത്രമൂല. പാറക്കെട്ടിന്‍റെ ചുവട്ടില്‍ നിന്നും പത്തടിയോളം ഉയരത്തില്‍ ഗുഹാരൂപത്തിലുള്ള ഒരു വിള്ളലുണ്ട്. അവിടേക്ക് കയറുവാനായി ഒരു ഏണി  സ്ഥാപിച്ചിട്ടുണ്ട്. ശ്രദ്ധാപൂര്‍വ്വം ഏണിയിലൂടെ കയറി  ഗുഹയ്ക്കുള്ളില്‍  എത്തുമ്പോള്‍ ഒരു ചെറിയ ശിവലിംഗപ്രതിഷ്ഠ കാണാം. യോഗിവര്യനായ ബാബാജി ഈ ഗുഹയില്‍ തപസ്സനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു.








ചിത്രമൂലയ്ക്കപ്പുറം നിബിഡവനമാണ്. മനുഷ്യസ്പര്‍ശനമേറ്റിട്ടില്ലാത്ത ആ ഭാഗങ്ങളില്‍      ഒരുപാട് നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്നതായി തോന്നാം. 64 ഗുഹകളും 64 പുണ്യതീര്‍ത്ഥങ്ങളും 64  ദിവ്യൌഷദങ്ങളും പേറുന്ന പുണ്യഭൂമിയാണ്‌ കുടജാദ്രി എന്നാണ് പറയപ്പെടുന്നത്‌. മുകളിലുള്ള കല്‍മണ്ഡപത്തിന് അര കിലോമീറ്റര്‍ താഴെ കാണപ്പെടുന്ന ഗണപതിഗുഹ, ചിത്രമൂലയിലെ ഗുഹ എന്നിവ മാത്രമാണ് 64 ഗുഹകളില്‍  ദൃശ്യമാകുന്നത്. ഗണപതിഗുഹയ്ക്ക് താഴെയായി കാണുന്ന അഗസ്ത്യതീര്‍ത്ഥം, മൂലക്ഷേത്രത്തിന്  അര കിലോമീറ്റര്‍ താഴെയായി കാണുന്ന അര്‍ജ്ജുനതീര്‍ത്ഥം, ജീപ്പ്പാതയില്‍ ദൃശ്യമാകുന്ന ചക്രതീര്‍ത്ഥം, ദേവിയെ അഭിഷേകം ചെയ്യുവാനുള്ള ജലം ലഭിക്കുന്ന നാഗതീര്‍ത്ഥം, കുടിക്കുവാന്‍ ഉപയോഗിക്കുന്ന ജലം ലഭിക്കുന്ന കമണ്ഡലതീര്‍ത്ഥം, ഗൌരീതീര്‍ത്ഥം, ശങ്കരതീര്‍ത്ഥം, ഗോവിന്ദതീര്‍ത്ഥം എന്നിവ മാത്രമാണ് 64 തീര്‍ത്ഥങ്ങളില്‍ ദൃശ്യമാകുന്നത്. ഈ തീര്‍ത്ഥങ്ങള്‍ ഒഴുകി ഒന്നിച്ചു ചേരുന്നതാണ് 'സൌപര്‍ണിക'. 64   ദിവ്യൌഷധങ്ങളെ പറ്റിയുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ഇന്നും വ്യക്തമല്ല. വനാന്തര്‍ഭാഗങ്ങളില്‍ അമാനുഷികസിദ്ധികളുള്ള ഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിക്കുന്നുവെന്നും അവര്‍ക്ക് ഈ ഔഷധങ്ങളെപ്പറ്റി  അറിയാമെന്നും വിശ്വസിക്കുന്നവരുണ്ട്‌.
 









ഹൃദയത്തിന് കുളിരേകുന്ന കാഴ്ചകള്‍  തന്ന് മനം നിറച്ച് പ്രകൃതി ചുവപ്പണിയുമ്പോള്‍, മടങ്ങാന്‍  സമയമായി എന്ന് ആരോ വിളിച്ചു പറഞ്ഞു. ദുര്‍ഘടമായ ഇറക്കങ്ങളിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ മനസ്സ് ഇവിടെ എവിടെയോ നഷ്ടപ്പെട്ടതായി തോന്നിയെങ്കില്‍ സത്യമാണ്. അതു തിരികെയെടുക്കാന്‍ പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന ഈ പുണ്യഭൂമിയിലേക്ക്‌ വീണ്ടും വീണ്ടും വരാതിരിക്കാനാവില്ല.
                                                       O


 ചിത്രങ്ങള്‍ - രാജേഷ്‌ കടമാന്‍ചിറ,അനീഷ്‌
          
                                       THE CREW
  RAJESH,ARAVIND,ABHILASH