ചിരിപ്പൊട്ടുകൾ
സോക്രട്ടീസ്.കെ.വാലത്ത്
കേളികൊട്ടിന്റെ മാന്യവായനക്കാരേ, ഓരോരോ കാലത്ത് കണ്ടതും കേട്ടതുമായ കാര്യങ്ങൾ, അതിൽ, മനസ്സിൽ കുടുങ്ങി കിടന്നതിൽ ചിലത് 'ചിരിപ്പൊട്ടുകൾ' എന്ന പേരിൽ ഇവിടെ കുറിച്ചുപോവുകയാണ്. വായിച്ചിട്ട് ചിരിക്കണമെന്ന് പറയുന്നില്ല. ചത്താലും ചിരിക്കില്ല എന്നു വാശി പിടിക്കരുതെന്നു പറയും...സ്വന്തം വാഴ്‌വിന്റെ കലാശക്കൊട്ടു വരെ ഇതു കേളികൊട്ടിൽ തുടരാൻ കഴിയുമാറാവണേ പടച്ചോനേ എന്ന പ്രാർത്ഥനയോടെ-
ആ പൈലിയുടെ റോൾ.....
നല്ലൊരു അഭിനയമോഹി കൂടിയായ അസിസ്റ്റന്റ് ഡയറക്ടർ പയ്യൻ ഷൂട്ടിംഗ് അടുത്ത ദിവസങ്ങളിൽ ലൊക്കേഷൻ ക്യാമ്പിൽ ഡയറക്‌ടറുടെ കൺവെട്ടത്ത് തല ചൊറിഞ്ഞു കൊണ്ടൊരു ചുറ്റിക്കളി.
സഹികെട്ട് ഡയറക്‌ടർ കാര്യം തിരക്കി. വിനയഗുളികയുടെ ഓവർഡോസിൽ വില്ലു പോലെ വളഞ്ഞ് ശിഷ്യൻ ഉദ്ദേശ്യം വ്യക്തമാക്കി.
ഡയറക്ടർ നിസ്സഹായനായി. - "ഇതിലിനി റോളൊന്നുമില്ലല്ലോ. എല്ലാം നമ്മൾ ഫിക്സ് ചെയ്തു കഴിഞ്ഞില്ലേ. ചാർട്ടിങും തീർന്നു."
"പൈലിയോ ? അങ്ങിനെയൊരു കാരക്‌ടർ ഉണ്ടോ?"
സഹായി വിടുന്നില്ല.
"ഉണ്ട് സാർ.ചെറിയ കാരക്‌ടർ ആയതു കൊണ്ട് സാറിന് ഓർമ കിട്ടാത്തതാവും..."
ഡയറക്‌ടർ കൺഫ്യൂഷനിലായി. സ്വന്തം തിരക്കഥയിൽ താനറിയാത്തൊരു പൈലിയോ ...!
"ശരി. സ്ക്രിപ്റ്റ് കൊണ്ടുവാ. നോക്കട്ടെ."
സഹായി ശരവേഗത്തിൽ ഹോട്ടൽ റൂമിലേക്കോടി. ക്ഷണത്തിൽ തിരക്കഥ എടുത്തുകൊണ്ടു വന്നു. പേജുകൾ മറിച്ച്, പല സീനുകളിലായി വന്നു പോകുന്ന പൈലിയെ ഹാജരാക്കി.
ഡയറക്ടർ സ്ക്രിപ്റ്റു വാങ്ങി. കണ്ണട എടുത്തുവെച്ചു നോക്കി. ഫോട്ടോ കോപ്പിയാണ്. അക്ഷരങ്ങൾ അങ്ങിങ്ങ് വിട്ടും മാഞ്ഞും ..... അസിസ്റ്റന്റ് ചൂണ്ടിക്കാണിച്ച വരികൾ വായിച്ചതും ഡയറക്‌ടർ ...'ഭിർ'....ന്നു ചിരിക്കാൻ തുടങ്ങി. അതുകണ്ട് കൂടെ നിന്നവരും സ്ക്രിപ്റ്റിലേക്ക് എത്തിനോക്കാൻ തുടങ്ങി. അതോടെ കൂട്ടച്ചിരിയായി.
വിഷണ്ണനായി നിന്ന സഹായിയോട് ഒരു വിധം ചിരിയടക്കി ഡയറക്‌ടർ പറഞ്ഞു -
" കണ്ണു തുറന്നു വായിക്കെടോ.."
സഹായി കണ്ണു തുറന്നു തന്നെ വായിച്ചു. അബദ്ധം മനസിലായതും വേഗം സ്ഥലം കാലിയാക്കി.
സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത് ഇങ്ങനെ:
പൈലിങ് മെഷീൻ ഇറക്കി വയ്ക്കുന്നു. .......പൈലിങ് മെഷീൻ പൊക്കുന്നു. ...... പൈലിങ് മെഷീൻ കൊണ്ടുപോകുന്നു...
O
No comments:
Post a Comment
Leave your comment