കഥ
പ്രദീപ്കുമാർ
ഖരമാലിന്യവകുപ്പിന്റെ പ്രാദേശികമേധാവി എന്ന നിലയിലുള്ള എന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു തടസ്സമായി നിന്ന ചില ഛിദ്രശക്തികൾ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു ഡ്രൈവർ രാമൻകുട്ടി.
ട്രാക്ടർ ഓടിക്കുക എന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവൻ മറ്റ് പലകാര്യങ്ങളിലും തലയിടാൻ തുടങ്ങി. ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന ചില സ്ത്രീകളുമായി എനിക്കുണ്ടായിരുന്ന അവിഹിതബന്ധത്തെപ്പറ്റി വകുപ്പിന്റെ എം.ഡി.ക്കും ചെയർമാനും അവൻ 'കേശവൻ മണത്തറ' എന്ന കള്ളപ്പേരു വെച്ച് പരാതി അയച്ചു.
എം.ഡി യും ചെയർമാനും ഔദ്യോഗിക സന്ദർശനത്തിന് കോഴിക്കോട്ടു വരുമ്പോൾ ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജാനകിയെയും, സുമംഗലയെയും മലിനഗന്ധങ്ങളിൽ നിന്ന് കഴുകിയെടുത്ത്, സൗഭാഗ്യവതികളുടെ മണമുള്ള ലേപനങ്ങൾ പുരട്ടി, തിളക്കവും മിനുസവുമുള്ള വസ്ത്രങ്ങളണിയിച്ച് മുഗൾ റസിഡൻസിയിലെ എയർക്കണ്ടീഷൻഡ് സ്യൂട്ടിൽ എത്തിച്ചിരുന്നത് ഞാനാണല്ലോ. എന്നിലുള്ള അത്തരം നന്മകളുടെ ഫലമായി, പരാതി കിട്ടിയ ഉടൻ അവർ എന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സ്വകാര്യമായി വിവരം പറഞ്ഞു. കോവളത്തെ പഞ്ചനക്ഷത്രബാറിന്റെ കോണിലിരുന്ന് പരാതിയെഴുത്തിലെ അക്ഷരത്തെറ്റുകൾ ഓരോന്നും പെറുക്കിയടുത്ത് ഞങ്ങൾ വിലകൂടിയ മദ്യത്തോടൊപ്പം ചവച്ചരച്ചു.
അപ്രകാരം പരാതി അവസാനിപ്പിച്ചു എങ്കിലും എന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അവൻ തുടർന്നുകൊണ്ടിരുന്നു. എന്നോട് വ്യക്തിവിദ്വേഷം സൂക്ഷിച്ചിരുന്ന മറ്റു ചില ഛിദ്രശക്തികളും അവനോടൊപ്പം ചേർന്നതോടെ ഖരമാലിന്യവകുപ്പിന്റെ പ്രാദേശികമേധാവി എന്ന നിലയിലുള്ള എന്റെ പ്രവർത്തനങ്ങൾ ശരിക്കും താളം തെറ്റുകയുണ്ടായി.
ട്രാക്ടർ ഓടിക്കുക എന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവൻ മറ്റ് പലകാര്യങ്ങളിലും തലയിടാൻ തുടങ്ങി. ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന ചില സ്ത്രീകളുമായി എനിക്കുണ്ടായിരുന്ന അവിഹിതബന്ധത്തെപ്പറ്റി വകുപ്പിന്റെ എം.ഡി.ക്കും ചെയർമാനും അവൻ 'കേശവൻ മണത്തറ' എന്ന കള്ളപ്പേരു വെച്ച് പരാതി അയച്ചു.
എം.ഡി യും ചെയർമാനും ഔദ്യോഗിക സന്ദർശനത്തിന് കോഴിക്കോട്ടു വരുമ്പോൾ ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജാനകിയെയും, സുമംഗലയെയും മലിനഗന്ധങ്ങളിൽ നിന്ന് കഴുകിയെടുത്ത്, സൗഭാഗ്യവതികളുടെ മണമുള്ള ലേപനങ്ങൾ പുരട്ടി, തിളക്കവും മിനുസവുമുള്ള വസ്ത്രങ്ങളണിയിച്ച് മുഗൾ റസിഡൻസിയിലെ എയർക്കണ്ടീഷൻഡ് സ്യൂട്ടിൽ എത്തിച്ചിരുന്നത് ഞാനാണല്ലോ. എന്നിലുള്ള അത്തരം നന്മകളുടെ ഫലമായി, പരാതി കിട്ടിയ ഉടൻ അവർ എന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സ്വകാര്യമായി വിവരം പറഞ്ഞു. കോവളത്തെ പഞ്ചനക്ഷത്രബാറിന്റെ കോണിലിരുന്ന് പരാതിയെഴുത്തിലെ അക്ഷരത്തെറ്റുകൾ ഓരോന്നും പെറുക്കിയടുത്ത് ഞങ്ങൾ വിലകൂടിയ മദ്യത്തോടൊപ്പം ചവച്ചരച്ചു.
അപ്രകാരം പരാതി അവസാനിപ്പിച്ചു എങ്കിലും എന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അവൻ തുടർന്നുകൊണ്ടിരുന്നു. എന്നോട് വ്യക്തിവിദ്വേഷം സൂക്ഷിച്ചിരുന്ന മറ്റു ചില ഛിദ്രശക്തികളും അവനോടൊപ്പം ചേർന്നതോടെ ഖരമാലിന്യവകുപ്പിന്റെ പ്രാദേശികമേധാവി എന്ന നിലയിലുള്ള എന്റെ പ്രവർത്തനങ്ങൾ ശരിക്കും താളം തെറ്റുകയുണ്ടായി.
ഞാൻ പറയാം.
ഖരാവസ്ഥയിലുള്ള മാലിന്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കുക എന്നതാണ് ഞങ്ങളുടെ വകുപ്പിന്റെ സുപ്രധാനമായ ഉത്തരവാദിത്വം. ദ്രാവകാവസ്ഥയിലും വാതകാവസ്ഥയിലും ഉള്ള മാലിന്യങ്ങൾ ഞങ്ങളുടെ പരിഗണനയിൽ വരുന്നതല്ല - ഉദാഹരണമായി പേപിടിച്ചോടുന്ന കാലത്തിനു നേരേ കണ്ണുകളും പല്ലുകളും തുറന്നുകാട്ടി പുഴുവരിച്ച് ചത്തുമലച്ചു കിടക്കുന്ന ഒരു തെരുവുനായയുടെ ശരീരവും അവിടെ കടിച്ചു തൂങ്ങുന്ന പുഴുക്കളും ഞങ്ങളുടെ വകുപ്പിന്റെ പരിധിയിലാണ്. എന്നാൽ നിരന്തരം ആട്ടിയോടിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യപ്പെട്ട ഒരു ജീവിതത്തിന്റെ അവശേഷിപ്പായി അതിൽ നിന്നുയരുന്ന അസഹ്യമായ ഗന്ധം വാതകമാലിന്യ വകുപ്പിന്റെ പരിധിയിലേക്ക് മാറ്റപ്പെടും. അഴുക്കുചാലിലൂടെ ഒഴുകി വരുന്ന ഒരു ഇളംപൈതലിന്റെ ജഢം ഞങ്ങളുടെ പരിധിയിൽ വരുമെങ്കിലും അതോടൊപ്പം ഒഴുകിവരുന്ന ഒരമ്മയുടെ നിസ്സഹായതയുടെ കണ്ണീരുപ്പുകലങ്ങിയ കൊഴുത്തിരുണ്ട ജലം ദ്രാവക മലിനീകരണ വകുപ്പിന്റെ പരിധിയിലാണ് പരിഗണിക്കപ്പെടുക.
ഇത്തരം വിഷയങ്ങളിലുള്ള തീർപ്പുകൽപ്പിക്കുന്നതിൽ ഒരിക്കൽ ഉണ്ടായ ചെറിയ ആശയക്കുഴപ്പം രാമൻകുട്ടിയും അവനോടൊപ്പം ചേർന്ന ഛിദ്രശക്തികളും മുതലെടുക്കാൻ ശ്രമിച്ച സംഭവമാണ് ഞാൻ പറഞ്ഞു വരുന്നത്.
ഇത്തരം വിഷയങ്ങളിലുള്ള തീർപ്പുകൽപ്പിക്കുന്നതിൽ ഒരിക്കൽ ഉണ്ടായ ചെറിയ ആശയക്കുഴപ്പം രാമൻകുട്ടിയും അവനോടൊപ്പം ചേർന്ന ഛിദ്രശക്തികളും മുതലെടുക്കാൻ ശ്രമിച്ച സംഭവമാണ് ഞാൻ പറഞ്ഞു വരുന്നത്.
ഒരു പ്രഭാതത്തിൽ തെരുവുമദ്ധ്യത്തിൽ വന്നു നിന്ന്, നിരാലംബനായ ഒരു ചെറുപ്പക്കാരൻ തന്റെ ജീവിതാവസ്ഥയെക്കുറിച്ച് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് നിലവിളിക്കുവാൻ തുടങ്ങി. തെരുവ് ഉണർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം കാഴ്ചകൾ തെരുവോരങ്ങളിൽ പതിവായതുകൊണ്ട് ആരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അൽപനേരം കൂടി അങ്ങനെ നിലവിളിച്ച ശേഷം പെട്ടെന്ന് അയാൾ അഗ്നിനാളങ്ങളെ ഉള്ളിലൊളിപ്പിച്ച ഏതോ ദ്രാവകത്തിൽ സ്വയം നനഞ്ഞുകുതിരുകയും പൊടുന്നനെ അയാളുടെ ശരീരം ഒരഗ്നിഗോളമായി മാറുകയും ചെയ്തു.
ഇത്തരം ചെറുപ്പക്കാരുടെ പേശികളിൽ നിന്നും തലച്ചോറിൽ നിന്നും ഉയരുന്ന അഗ്നിജ്വാലകൾ വലിയ അപകടം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ളതുകൊണ്ട് അതിവേഗം ഫോൺകോളുകളും ഇ-മെയിലുകളും എസ്.എം.എസുകളും വകുപ്പുകളിലാകെ പ്രവഹിക്കുകയുണ്ടായി. അഗ്നി എന്ന മാലിന്യം ഖര-ദ്രാവക-വാതക വകുപ്പുകളുടെ പരിധിയിലൊന്നും വരാത്തതുകൊണ്ട് ഞങ്ങൾക്കൊക്കെ പ്രശ്നത്തിൽ ഇടപെടുന്നതിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. ഏതാനും നിയമപാലകരും അഗ്നിശമനവിഭാഗക്കാരും ഒടുവിൽ സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പായി പ്രത്യേകിച്ച് അപകടമൊന്നും ഉണ്ടാക്കാതെ അഗ്നിനാളങ്ങൾ സൗമ്യമായി കെട്ടടങ്ങുകയും ചെറുപ്പക്കാരൻ ഖരമാലിന്യമായി കരിഞ്ഞുവീഴുകയും ചെയ്തു.
ഞാനപ്പോൾ മനുഷ്യശവങ്ങൾ നീക്കം ചെയ്യുന്നതിൽ പ്രത്യേകവൈദഗ്ദ്യമുള്ള ശോഭനയുടെ ഉടലിന്റെ ഗന്ധം നുകർന്നു കൊണ്ട് ഗുരുവായൂരിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു.
നന്മ നിറഞ്ഞ ഒരു പ്രഭാതത്തിന്റെ സൗമ്യതയിൽ, ഗഹനമായ ജീവിതതത്വങ്ങൾ ഉൾക്കൊള്ളുന്നതും, ആത്മീയവഴികളുടെ മഹത്വം വിളിച്ചോതുന്നതുമായ ചില ഗാനങ്ങൾ പുറത്ത് അലയടിക്കുന്നതു കേട്ടുകൊണ്ട് പ്രണയപൂർവ്വം ഞാൻ ശോഭനയെ ഉമ്മ വെക്കുകയായിരുന്നു. 'ആത്മീയമായ വഴിത്താരകളിലൂടെ മനുഷ്യനിൽ നന്മ നിറയുന്നത് എങ്ങനെ' എന്ന് ഞാൻ അവൾക്ക് പറഞ്ഞുകൊടുത്തു. തനിക്ക് 'ശമ്പളം കൂട്ടിത്തരാമോ, ജോലി സ്ഥിരപ്പെടുത്താമോ' എന്നിങ്ങനെ അവൾ എന്നെ തിരികെ ഉമ്മ വെച്ചുകൊണ്ട് ചോദിച്ചു. 'ഇത്തരം ഒത്തുചേരലുകളുടെ ഓർമ്മയ്ക്കായി തീർച്ചയായും ഞാൻ അപ്രകാരം ചെയ്യുന്നതാണ്' എന്ന് അപ്പോൾ അവളെ വീണ്ടും ഉമ്മ വെച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ആ വേളയിലാണ് എന്റെ മൊബൈൽ ഫോണിലേക്ക് തെരുവിൽ യുവാവ് ഖരമാലിന്യമായി വീണ വാർത്ത ഒരിളം മണിനാദമായി വന്നുചേർന്നത്.
അതൊടെ ശവം എത്രയും പെട്ടെന്ന് നീക്കം ചെയ്യുവാനായി ശോഭനയെ സ്ഥലത്തെത്തിച്ചില്ലെങ്കിൽ ഛിദ്രശക്തികൾ ഉണ്ടാക്കുവാൻ പോകുന്ന ആപത്തുകളെക്കുറിച്ച് ആലോചിച്ചുകൊണ്ട് ഞാൻ അസ്വസ്ഥനാവാൻ തുടങ്ങി. എന്നിലെ അനുരാഗമെല്ലാം കെട്ടടങ്ങുകയും ഞാൻ അവളെയും കൊണ്ട് അതിവേഗം കോഴിക്കോട്ടേക്ക് യാത്ര തിരിക്കുകയും ചെയ്തു.
കുന്ദംകുളവും എടപ്പാളും കുറ്റിപ്പുറത്തെ പാലവും താണ്ടി ഞങ്ങൾ യാത്ര ചെയ്യാനെടുത്ത സമയദൈർഘ്യം രാമൻകുട്ടിയും അവന്റെ ചുറ്റുമുള്ള ഛിദ്രശക്തികളും മുതലെടുത്തു.
രാമൻ കുട്ടി ട്രാക്ടർ ഓടിച്ചുകൊണ്ടുവന്ന് കരിഞ്ഞു ചുരുണ്ടു കിടന്ന ശവത്തിനരികിൽ നിർത്തിയിടുകയും, ശവമെടുത്ത് വണ്ടിയിലേക്ക് കയറ്റേണ്ട ജോലിക്കാരിയുടെ അഭാവം ചുറ്റുമുള്ളവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്തു. കരിഞ്ഞു വീണ മരണമുഖം കൗതുകത്തോടെ ഉറ്റുനോക്കി നിന്ന ചില നാട്ടുകാരും, മരണസംബന്ധിയായ കടലാസുപണികൾ പൂർത്തിയാക്കിക്കൊണ്ടിരുന്ന നിയമപാലനവകുപ്പിന്റെ ആളുകളും കേൾക്കെ - 'ശോഭന എവിടെ? ശോഭന എവിടെ ?' എന്നിങ്ങനെ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എനിക്കും വകുപ്പിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുവാൻ തുടങ്ങി.
തുടർന്നുള്ള ദിവസങ്ങളിൽ - 'ഖരമാലിന്യ വകുപ്പിലെ ഖരമാലിന്യത്തിന്റെ ആത്മീയ വഴികളും ലൈംഗികകേളികളും' എന്ന പുറംചട്ടയോടെ ലഘുലേഖകൾ അച്ചടിപ്പിച്ച് ബസ് സ്റ്റോപ്പുകളിലും, മിഠായിത്തെരുവിന്റെ പ്രവേശനകവാടത്തിലും മറ്റും അവർ ആരും കാണാതെ വിതറിയിട്ടു. യാത്രക്കാരും, വിദ്യാർത്ഥികളും ഞരമ്പുരോഗികളും മറ്റും അതിലെ എഴുത്തുകൾ വായിച്ച് പുളകം കൊണ്ട ശേഷം എനിക്കും വകുപ്പിനുമെതിരെ രോഷാകുലരായി.
കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പായി എം.ഡി യും ചെയർമാനും അതിവേഗം സ്ഥലത്ത് എത്തിച്ചേരുകയും, രാമൻകുട്ടിയെ മുഗൾ റസിഡൻസിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. വകുപ്പിന്റെ ശ്രേണീവിന്യാസങ്ങളിലുള്ള സ്ഥാനമാനങ്ങൾ ഒട്ടും പരിഗണിക്കാതെ അവർ സ്നേഹപൂർവ്വം അവനെ തങ്ങളോടൊപ്പം ഇരിക്കുവാൻ അനുവദിക്കുകയും വില കൂടിയ മദ്യം നൽകുകയും ചെയ്തു.
ഞാൻ അന്ന് ജാനകിക്കും, സുമംഗലയ്ക്കുമൊപ്പം ശോഭനയെക്കൂടി മുഗൾ റസിഡൻസിയിലേക്ക് പറഞ്ഞയച്ചു.
അപ്രകാരം എം.ഡിയുടെയും ചെയർമാന്റെയും അവസരോചിതവും ബുദ്ധിപരവുമായ ഇടപെടലുകളിലൂടെ രാമൻകുട്ടി എന്ന ട്രാക്ടർ ഡ്രൈവറെ നിശ്ശബ്ദനാക്കിയതോടെ എന്റെ പ്രവർത്തനങ്ങൾ സുഗമമായി എന്നു ഞാൻ ധരിച്ചെങ്കിലും ഛിദ്രശക്തികൾ വീണ്ടും തല പൊക്കുക തന്നെ ചെയ്തു.
ഒറ്റക്കണ്ണനായ ഒരുവനായിരുന്നു ഇത്തവണ അവരുടെ നേതാവ്. മനുഷ്യവിസർജ്യങ്ങളുമായി ബന്ധപ്പെട്ട ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവൻ മറ്റു പലകാര്യങ്ങളിലും തലയിടാൻ തുടങ്ങി. വകുപ്പിന്റെ വാഹനം എന്റെ മകളെ കോളേജിൽ കൊണ്ടു വിടുന്നത് അവൻ അതിവിദഗ്ദമായി, തന്റെ ഒറ്റക്കണ്ണു കൊണ്ട് കണ്ടുപിടിച്ചു. തികച്ചും മാരകവും സദാചാരവാദികളാൽ വെറുക്കപ്പെട്ടതുമായ പാൻപരാഗ് തരികൾ വായ നിറയെ ചവച്ചുകൊണ്ട്, തന്റെ വൃത്തികെട്ട പല്ലുകളിറുമ്മി അവൻ എനിക്കെതിരേ ചില ഗൂഢനീക്കങ്ങൾ നടത്തുകയുണ്ടായി.
'മാനവരാശിയുടെ നിലനിൽപ്പിന് ഹാനികരമായ വസ്തുക്കൾ നിരന്തരം ചവയ്ക്കുന്നവൻ; എന്ന ഗുരുതരമായ കുറ്റം ആരോപിച്ചുകൊണ്ട് വകുപ്പിൽ നിന്ന് പുറത്താക്കുന്നതാണ്' എന്ന വിവരം അറിയിച്ചതോടെ ഒറ്റക്കണ്ണൻ എന്നോട് ക്ഷമ ചോദിച്ചു. "അങ്ങൂന്നേ പൊറുക്കണം" എന്നു പറഞ്ഞു കൊണ്ട് അവൻ എന്റെ കാൽക്കൽ വീണു. ഞാനപ്പോൾ അവനോട് പൊറുത്തുകൊണ്ട് നിറഞ്ഞു കവിഞ്ഞ മുനിസിപ്പാലിറ്റി കക്കൂസിലെ മാലിന്യങ്ങൾ നീക്കം ചെയ്യുവാനായി അവനെ പറഞ്ഞയച്ചു. അതോടെ അവനോടൊപ്പം കൂടിയ ഛിദ്രശക്തികൾ തികച്ചും ഒറ്റപ്പെട്ടുപോകുകയും പ്രശ്നം അവസാനിക്കുകയും ചെയ്തു.
വകുപ്പിലേക്ക് ഇൻസിനറേറ്ററുകൾ വാങ്ങിയ ഇടപാടുകളിൽ ഞാൻ ചില കൃത്രിമങ്ങൾ നടത്തിയ വിഷയം ഉയർത്തിക്കൊണ്ട് മലിനവസ്തുക്കളുടെ നിക്ഷേപകേന്ദ്രത്തിലെ കാവൽക്കാരനായ മന്തുകാലനാണ് പിന്നീട് പ്രശ്നമുണ്ടാക്കിയത്.
'അവനാണ് യഥാർത്ഥ ഖരമാലിന്യം ! അവനാണ് യഥാർത്ഥ ഖരമാലിന്യം ! അവനെ ഇൻസിനറേറ്ററിന്റെ വറചട്ടിയിലേക്ക് വലിച്ചെറിയുവിൻ !' എന്നിങ്ങനെ മന്തുകാലൻ നിക്ഷേപകേന്ദ്രത്തിന്റെ മതിലിൽ എനിക്കെതിരെ എഴുതിവെച്ചു. ഛിദ്രശക്തികൾ അവനോടൊപ്പം ചേരുകയും 'അവനാണ് യഥാർത്ഥ ഖരമാലിന്യം ! അവനാണ് യഥാർത്ഥ ഖരമാലിന്യം ! അവനെ ഇൻസിനറേറ്ററിന്റെ വറചട്ടിയിലേക്ക് വലിച്ചെറിയുവിൻ !' എന്നിങ്ങനെ പലയിടങ്ങളിലും അവർ ചുമരെഴുത്ത് നടത്തുകയും ചെയ്തു.
എന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലേക്ക് ഛിദ്രശക്തികൾ അസ്വസ്ഥതകൾ വിതറുന്ന കഥ ആവർത്തിക്കുകയാണ്.
ഞാനിതാ മഞ്ഞു പെയ്യുന്ന ഈ പാതിരാവിൽ കടൽത്തീരത്തുള്ള മുഗൾ റസിഡൻസി എന്ന നക്ഷത്ര ഹോട്ടലിന്റെ വിശാലമായ അങ്കണത്തിലെ പൂന്തോട്ടത്തിലെ ചാരുബെഞ്ചിൽ അവർ മടങ്ങി വരുന്നതും കാത്ത് ഇരിക്കുന്നു. ഹോട്ടലിലെ ശീതീകരിച്ച സ്യൂട്ടുകളിലൊന്നിൽ എം.ഡി യും ചെയർമാനും മന്തുകാലനുമായി ചർച്ചയിലാണ്. ശോഭന അങ്ങോട്ടു പോയിട്ടുണ്ട്. കൂടെ ജാനകിയും സുമംഗലയുമുണ്ട്.
ഇവിടെ ഇരുന്നാൽ കടലും കടൽത്തിരകളും കാണാം. ദൂരെ പുറം കടലിൽ മീൻപിടുത്ത ബോട്ടുകളിലെ അരണ്ടവെളിച്ചം കാണാം. തിരകളിൽ നക്ഷത്രജാലങ്ങൾ തിളങ്ങുന്നതു കാണാം. സൗമ്യമായൊരു കരക്കാറ്റിന്റെ സുഖമറിയാം.
ആത്മീയമായ സുഖാനുഭൂതികൾ പകരുന്ന കാഴ്ചകളിൽ ലയിച്ച് അങ്ങനെ ഇരിക്കുമ്പോഴും, മലിനവസ്തുക്കൾ നീക്കം ചെയ്യുന്ന പലതരം ഉപകരണങ്ങളുമായി ചിലർ എനിക്കു ചുറ്റും അണി നിരന്നേക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് ഓർത്ത് ഞാൻ അസ്വസ്ഥനാവുന്നു.... ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുർഗന്ധം പ്രസരിപ്പിച്ചുകൊണ്ട് അവർക്കു നടുവിൽ ഞാൻ വീണുകിടക്കുകയാണ്. എന്നിൽ നിന്നുയരുന്ന ഗന്ധം സഹിക്കാനാവാതെ മൂക്കുപൊത്തിക്കൊണ്ട് അവരൊത്തുചേർന്ന് എന്നെ ട്രാക്ടറിലേക്ക് വലിച്ചു കയറ്റുകയാണ്....
മാലിന്യ സംസ്കരണകേന്ദ്രത്തിലെ ഇൻസിനറേറ്റർ ലക്ഷ്യമാക്കി വല്ലാത്ത കുലുക്കത്തോടെ നീങ്ങുന്ന ഒരു ട്രാക്ടറിനെക്കുറിച്ച് കടൽക്കാഴ്ചകളുടെ ആത്മീയ സുഖാനുഭൂതികൾക്കിടയിലും ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു.
O
PHONE : 9544106061
ഹോ, ഖരമാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്ന ഇന്നിന്റെ മുഖത്തേയ്ക്ക് തിരിച്ചുപിടിച്ച ഒരു ദര്‍പ്പണം. ശല്യങ്ങളെ ഒതുക്കുവാനും അനുനയിപ്പിക്കുവാനും മദ്യവും മദിരയും അധികാരവുമൊക്കെ കൂട്ടുചേര്‍ന്ന് മുഗള്‍ റസിഡന്‍സിയുടെ ശീതീകരിച്ച മുറികളില്‍....പാവങ്ങള്‍ ജനങ്ങള്‍. ആദ്യവായനയില്‍ തോന്നിയത് പെട്ടെന്ന് കുറിച്ചിട്ട് പോവുകയാണ്. വീണ്ടും വായിക്കേണ്ടതുണ്ടെന്ന് മനം പറയുന്നു.
ReplyDeleteഇന്ന് വീണ്ടും വായിച്ചു... ..
ReplyDeleteഈ കഥയിലൂടെയാണ് പ്രദീപ് മാഷിനെ അറിഞ്ഞത്... അതില്‍ പിന്നെ മുടങ്ങാതെ അവിടെ എത്താറുണ്ട്...
ഇനിയും നല്ല രചനകള്‍ പിറക്കട്ടെ...എന്നാശംസിക്കുന്നു...
മുമ്പ് വായിച്ചിരുന്നു. ശക്തമായ പ്രമേയം നല്ല വിവരണം...
ReplyDelete