Saturday, March 24, 2012

മാവു പൂക്കാത്ത കാലം

കവിത
രാജൻ കൈലാസ്‌












മാവു പൂക്കാത്ത ഒരു കാലം വരും !
അന്ന്,
പൂങ്കുലതല്ലാൻ
തല്ലുകൊള്ളാൻ
ഉണ്ണികളുണ്ടാവില്ല
ഉണ്ണിമാങ്ങകളും...
(ദീർഘദർശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങൾ !)*

2

കറുത്തുപോയ ആകാശത്തേക്ക്‌
ഒരു തളിരില പോലും നീളില്ല
വിഷം കുതിർന്ന മണ്ണിൽ
ഒരു കുഞ്ഞുവേരും മുളയ്ക്കില്ല
പഴങ്ങൾ കൊത്തി, പക്ഷികൾ-
കൂട്ടത്തോടെ ചത്തുപോയി.
ഒരു പഴം പോലും
കുട്ടികൾ എടുക്കുന്നില്ല
ദൈവം അവരെയാകെ
തിരിച്ചുവിളിച്ചിരിക്കുന്നു.

3

മാവു പൂക്കാത്ത ഒരു കാലത്ത്‌
എങ്ങനെയാണ്‌ കവിത പൂക്കുക ?
നിശ്വാസങ്ങൾക്കും
നേർത്തുപോയ കരച്ചിലിനുമിടയിൽ
ആരാണിനി കവിത പാടുക ?
ഒരു ശ്വാസം
ഒരു തുള്ളി വെള്ളം
ഒരു പിടി മണ്ണ്‌
ഒരു പുഞ്ചിരി
വിഷം തീണ്ടാതെ ആരാണ്‌ തരിക ?

4

ഭീകരമായ നിശബ്ദതയിലേക്ക്‌
ഉണ്ണികൾക്കിനി തിരിച്ചുവരാനാവില്ല
ഉണ്ണികൾ വരാതെ
മാവുകൾ പൂക്കുന്നതെങ്ങനെ... ?


O


*വൈലോപ്പിള്ളിയുടെ വരികൾ (മാമ്പഴം)


PHONE : 9497531050




3 comments:

  1. വായിച്ചു. വരുംതലമുറ ഏറ്റുവാങ്ങാന്‍ പോകുന്ന മഹാ ദുരന്തത്തിലേക്ക് ഒരു എത്തി നോട്ടം. നന്നായി. ആശംസ.

    ReplyDelete
  2. കുട്ടികൾ
    അവരെയാകെ
    ദൈവം
    തിരിച്ചുവിളിച്ചിരിക്കുന്നു.

    ReplyDelete
  3. ലളിതമായ വരികളില്‍ ശക്തമായ ആശയം... !!

    പഴങ്ങൾ കൊത്തി, പക്ഷികൾ-
    കൂട്ടത്തോടെ ചത്തുപോയി.

    ഒരു ശ്വാസം
    ഒരു തുള്ളി വെള്ളം
    ഒരു പിടി മണ്ണ്‌
    ഒരു പുഞ്ചിരി
    വിഷം തീണ്ടാതെ ആരാണ്‌ തരിക ?

    ReplyDelete

Leave your comment