Sunday, March 11, 2012

നഷ്ടസ്വപ്നങ്ങൾ

കഥ
ജോസെലെറ്റ്‌.എം.ജോസഫ്‌










          ചന്ദ്രന്‍ എനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ്. "മിത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ തെളിയുന്നത് അവന്‍റെ മുഖമാണ്. രാവിലെ എണീറ്റ്‌ ടൂത്ത്‌ ബ്രഷുമായി വീടിന്‍റെ വേലി കടന്നാല്‍ പിന്നെ അവനോടൊപ്പമുള്ള ഒരു ദിവസം തുടങ്ങുകയായി. എന്നും സ്കൂളില്‍ പോകുന്നതിനു മുന്‍പുള്ള കുളി കഴിഞ്ഞു തോട്ടില്‍ നിന്നു കയറണമെങ്കില്‍ വീട്ടില്‍ നിന്നാരെങ്കിലും ചൂരലുമായി വരണം.

"കന്നു വെള്ളത്തിലിറങ്ങിയാല്‍പോലും ഇത്രയും കലങ്ങില്ലല്ലോടാ, കുറുന്തൈര് പോലായി വെള്ളം. കേറിവാ ഇങ്ങോട്ട് !"

നിത്യവും കേട്ടുപതിഞ്ഞ ശകാരം! എങ്കിലും ഒരു മാറ്റവുമില്ല. കുളി ഒരാഘോഷമാണ്. ചന്ദ്രന്‍ ഓട്ടത്തില്‍ കേമനായതുകൊണ്ട് മഷിയിട്ടു നോക്കിയാല്‍ പോലും പിന്നെ അവനെ കാണില്ല. അടുത്ത കടവിലേക്ക് മുങ്ങാംകുഴിയിട്ടു മറുകരയില്‍ നിക്കറുപേക്ഷിച്ച് അവന്‍ ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല. നനഞ്ഞ കാലില്‍ വന്നു വീഴുന്നത്‌ വള്ളുന്ന ചൂരലോ പേരക്കമ്പോ അതോ കൊന്നപ്പത്തലോ എന്നു നോക്കാനാവും മുന്‍പ് കണ്ണില്‍ നിന്നു പൊന്നീച്ച പറന്നിരിക്കും. കരഞ്ഞു കാറിക്കൊണ്ട് ഞാന്‍ ഓടുമ്പോള്‍ കൈത മറവില്‍ പതുങ്ങിയിരിക്കുന്ന അവനെ കണ്ണീരാല്‍ മങ്ങിയ എന്‍റെ ഇമകള്‍ തിരയാറുണ്ട്. 


ഇനി സ്കൂളിലേക്കുള്ള യാത്രയാണ്‌. ആഞ്ഞു നടന്നാല്‍ നാല്പത്തഞ്ചു മിനിട്ടുണ്ട് ദൂരം. അതാതു ദിവസത്തെ കുളിയുടെ സമയമാണ് നടപ്പിന്‍റെ വേഗത നിശ്ചയിക്കുന്നത്. എന്‍റെ പുസ്തകവും ചോറ്റുപാത്രവും ചെറിയ അലുമിനിയംപെട്ടിയിലാണ്. ചന്ദ്രന്‍റെ സാമഗ്രികള്‍ തോളിലെ തുണി സഞ്ചിയിലും. കാക്കത്തെറ്റാലി, കല്ലുവട്ട്, റബര്‍പന്ത്‌, കണ്ണിമാങ്ങ എന്നുവേണ്ട അതിലില്ലാത്ത സാധനങ്ങളില്ല. അച്ഛന്‍ ചായക്കട നടത്തുന്നതുകൊണ്ട് ആ വിഭവങ്ങള്‍ ഒക്കെ തന്നെയാണ് അവന്‍റെ തൂക്കുപാത്രത്തിലും. വീട്ടിലെ കറികളെക്കാളും എനിക്കിഷ്ടം അവന്‍റെ പാത്രത്തിലെ രുചികളാണ്.


ചായക്കടയും പരിസരവും എപ്പോഴും മുതിര്‍ന്നവരുടെ വിഹാരകേന്ദ്രമായതിനാല്‍ കുട്ടികള്‍ തെല്ലകന്നേ നില്‍ക്കൂ. ചന്ദ്രന്‍റെ അച്ഛന്‍ കമ്യുണിസ്റ്റാണ്. പരപരാ വെളുപ്പിനെ ദോശയുടെ അരിമാവിനൊപ്പം പത്രം അരച്ചു കലക്കി, അന്നത്തേക്കു  വിളമ്പാന്‍ ഉള്ളില്‍ ആശയം സ്വരൂപിച്ചുവച്ച് അദ്ദേഹത്തിന്‍റെ മുഖം തെല്ലു ഗൗരവപ്രകൃതമായിപ്പോയി.  "ഇവിടെ രാഷ്ട്രിയം പറയരുത് " എന്ന് കരിപിടിച്ച ഭിത്തിയില്‍ വെളുത്ത ചോക്കുകൊണ്ട് എഴുതിവെച്ചിട്ടുണ്ടെങ്കിലും വെറുമൊരു ചായ കുടിക്കാന്‍ വരുന്നവരെ ബ്രേക്ക്ഫാസ്റ്റിലേക്കും പിന്നെ പത്തുമണിക്കുള്ള 'ചെറുകടി'യിലേക്കും വരെ പിടിച്ചിരുത്താന്‍ തക്ക ഒരു ചര്‍ച്ചക്കുള്ള രസകൂട്ടുകളില്‍ ആദ്യ ചേരുവ ചേര്‍ക്കുന്നത് ഉടമസ്ഥന്‍ തന്നെയാണ്. കോണ്‍ഗ്രസുകാരെയും കമ്മൂണിസ്റ്റുകളെയും കൂടാതെ നിഷ്‌പക്ഷവും ചൂടുചായക്കൊപ്പം ആവിപറക്കുന്ന ആ വാഗ്വാദങ്ങള്‍ ആസ്വദിക്കാറുണ്ട്. എങ്കിലും പിന്നീടുള്ള ചീട്ടുകളിയില്‍ ഒരു കയ്യായിരിക്കാനോ എതിര്‍പാര്‍ട്ടിക്കാരന്‍റെ കയ്യില്‍നിന്നും ഈര്‍ക്കിലില്‍ കോര്‍ത്ത വെള്ളക്കാകുണുക്ക്‌ വാങ്ങി അണിയാനോ അവര്‍ വൈമുഖ്യം കാട്ടാറില്ല. ഇതെല്ലാം കണ്ടു വൃത്തികെട്ട ചുമരില്‍ പതിഞ്ഞ എ.കെ.ജി. യും, വി.പി.സിംഗും, ഇ.എം.എസ്. നമ്പൂതിരിപ്പാടും ചിരിച്ചിരുന്നു.


ചന്ദ്രനെപ്പോലെ ഞാനും അവന്‍റെ അച്ഛന് പ്രിയപ്പെട്ടവനാണെങ്കിലും ഒരു കോൺഗ്രസ്‌ അനുഭാവ കര്‍ഷകമുതലാളിയോടുള്ള "പെറ്റി ബൂര്‍ഷാ" മനോഭാവം അയാള്‍ക്കുണ്ട് എന്ന് എന്‍റെ അപ്പന്‍ സംശയിച്ചിരുന്നു. പാടത്തു പണിയാളര്‍ക്ക് വൈകിട്ട് വേല അവസാനിപ്പിക്കാനുള്ള സൈറൺ, ആകാശവാണി ചലച്ചിത്രഗാനങ്ങള്‍ക്കു ശേഷമുള്ള മൂന്നുമണിയുടെ "ഓള്‍ ഇന്ത്യാ റേഡിയോ" ഇംഗ്ലീഷ് വാര്‍ത്ത ഉച്ചത്തില്‍ കേള്‍പ്പിക്കുന്നത് അയാളാണ് എന്ന് അപ്പന്‍ വീട്ടിലിരുന്നു പരിതപിക്കാറുണ്ട്. പത്താള്‍ പത്തു മിനിറ്റ് കൂടുതല്‍ പണിതാല്‍ ഏകദേശം രണ്ടുമണിക്കൂര്‍ കൂലി വെറുതെ ലാഭിക്കാം എന്ന അപ്പന്‍റെ വ്യാമോഹമാണ് ആ കമ്യുണിസ്റ്റ്‌ തകർത്തുകളയുന്നത്.


രാഷ്ട്രീയ വൈപരീത്യമോ വിഭിന്ന മതവിശ്വാസമോ ഒന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേയല്ല.  ചന്ദ്രനെ കൂടാതെ ഒരു ദിവസം എനിക്കും, മറിച്ച് അവനുമില്ല. ശ്രീകൃഷ്ണജയന്തിദിനത്തിലെ ഘോഷയാത്രയില്‍ ഒത്തിരി ഉണ്ണിക്കണ്ണന്മാരോടൊപ്പം അവനും ഞാനും കൃഷ്ണവേഷം കെട്ടി. പള്ളിയിലെ കരോളിലും പെരുന്നാള്‍ നാടകത്തിലും ഞങ്ങള്‍ ആട്ടിടയനും മാലാഖയുമായി. ബാല്യം കടന്നു കൗമാരത്തിലും ഞങ്ങള്‍ വേര്‍പിരിയാത്ത കൂട്ടുകാരായി. സ്കൂളിലും, കളിസ്ഥലത്തും, പള്ളിയിലും, അമ്പലത്തിലും എല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്‍റെ ചേച്ചിയുടെ വിവാഹസദ്യക്ക് അമ്പലത്തിലെ ഊട്ടുപുരയില്‍ ഞങ്ങള്‍ ഒന്നിച്ചാണ് സദ്യ വിളമ്പിയത്. പക്ഷേ എന്നുമുതലാണ് ആ മതില്‍ ഉയര്‍ന്നു തുടങ്ങിയത്? പിന്നീടിന്നോളം ചാടിക്കടക്കാനാവാത്തവിധം തങ്ങള്‍ക്കിടയിലൂടെ അറിയാതെ പൊങ്ങി ഇരുവര്‍ക്കുമിടയിലെ കാഴ്ച മറച്ചത്? എന്നാണ് വളര്‍ന്നത്‌? വാക്കുകള്‍ക്ക് അർത്ഥം വച്ചുതുടങ്ങിയത് എപ്പോളാണ്? കൃത്യമായി ഓര്‍മ്മയില്ല. ചെറുപ്പം മുതലിങ്ങോട്ട് ഞങ്ങള്‍ കാട്ടിക്കൂട്ടുന്നതും കളിപറയുന്നതും കൗതുകത്തോടെ കണ്ടിരുന്ന ആളുകള്‍ പെട്ടെന്നൊരു ദിവസം വരികള്‍ക്കിടയില്‍ അര്‍ത്ഥം ചികയാന്‍ തുടങ്ങി. ആ ദിവസത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്നുമുതല്‍ ? ഏതു സമയത്തും ഞങ്ങളെ ഒന്നിച്ചിരുത്തി ഭക്ഷണം വിളമ്പിയിരുന്ന അമ്മ അന്നുമുതലാണോ ആദ്യമായി "ഉച്ചയൂണിനു സമയമായില്ലേ വീട്ടില്‍ പോണില്ലേ?" എന്ന് ചന്ദ്രനോട്‌ ചോദിച്ചുതുടങ്ങിയത്? എന്‍റെ വീട്ടിലെത്തുന്ന ബന്ധുക്കള്‍ "നമ്മുടെ പിള്ളേര്‍ ആരുമില്ലെടാ നിനക്ക് കൂട്ടിന്"? എന്നുചോദിച്ചതിന്‍റെ അര്‍ത്ഥം മനസിലാകാന്‍ അന്ന് അമ്പലത്തില്‍ ഊട്ടുപുരയില്‍  ഊണു വിളമ്പാനെത്തിയപ്പോള്‍ അതുവരെ കാണാത്ത മറ്റുള്ളവരുടെ മുറുമുറുപ്പും ആക്ഷേപവും സഹിച്ച് പിന്‍വാങ്ങിയ നാള്‍വരെ വേണ്ടിവന്നു. പള്ളിപരിപാടികളില്‍ ചന്ദ്രനെ കൂട്ടാന്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ "ഇല്ല അവന്‍ വരുന്നില്ല. കുഞ്ഞു പോയ്ക്കോളു" എന്നു പറഞ്ഞു അവന്‍റെ അമ്മ തന്നെ നിരാശനാക്കി തിരിച്ചയച്ചത് ആദ്യമായി അന്നുമുതലാണ്. അതുവരെ നിഴലായി നടന്നവര്‍ പതിയെ അകന്നകന്നു പോയി. അല്ല! അകറ്റപ്പെട്ടു എന്നതാണ് സത്യം! ഒരുനാള്‍വരെ എന്തും വിളിച്ചു കൂവാമായിരുന്നു.  പെട്ടെന്നൊരു ദിവസം നാവിന് കടിഞ്ഞാണ്‍ വീണു. ഇനി സൂക്ഷിച്ചു സംസാരിക്കണം, പ്രവര്‍ത്തിക്കണം. ബാല്യത്തിന്‍റെ, കൗമാരത്തിന്‍റെ, രസകരമായ നാളുകള്‍ അവസാനിച്ചിരിക്കുന്നു. ചുറ്റുമുള്ള സമൂഹം തന്നെ യുവാവായി അംഗീകരിച്ചത് അന്നുമുതലാണോ? അറിയില്ല.


കാലക്രമേണ വിദ്യ തേടി, പിന്നെ ജോലി തേടി നാടുവിട്ടപ്പോഴും അവന്‍ എന്‍റെയുള്ളിലെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. ചന്ദ്രന് മിലിട്ടറി ഇന്റർവ്വ്യൂകൾ ആവേശമായിരുന്നു. വേണ്ടുന്ന കായികക്ഷമത  ഉണ്ടായിരുന്നിട്ടും അവനതു വിദൂരമായ സ്വപ്നമായി അവശേഷിച്ചു. പിന്നെ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി, രക്തത്തിലലിഞ്ഞുചേര്‍ന്ന പ്രത്യയശാസ്ത്രങ്ങളാല്‍ വളര്‍ന്നു ട്രേഡ് യൂണിയൻ നേതാവായി. കാലം വഴിതെറ്റിയപ്പോഴും, കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ അപ്രത്യക്ഷമായപ്പോഴും, കൂടെനിന്നവര്‍ നോക്കുകൂലിയാല്‍ വിയര്‍പ്പറിയാത്ത അന്നം ആസ്വദിച്ചപ്പോഴും അവര്‍ക്കിടയില്‍ വേറിട്ടുനിന്നു തലയുയര്‍ത്തിപ്പിടിച്ച് അവന്‍ കറകളഞ്ഞ കമ്യുണിസ്റ്റായി. ആദ്യമായി വിദേശത്തുനിന്നും നാട്ടിലെത്തിയപ്പോള്‍ അവനായി കരുതിവെച്ചിരുന്നവയൊന്നും നല്‍കുവാന്‍ കവലയിലെ കോളാമ്പി മൈക്കില്‍ നിന്നും ഉയര്‍ന്നുകേട്ട അവന്‍റെ പ്രസംഗം തന്നെ അനുവദിച്ചില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സില്‍ പഴങ്കഥപോലെ ചായക്കടക്കാരനും കര്‍ഷകമുതലാളിയും തെളിഞ്ഞു നിന്നു. അവരുടെ മക്കള്‍ ഒരുകാലത്ത് മിത്രങ്ങളായിരുന്നെന്നും, ഇപ്പോള്‍ വിരുദ്ധചേരിയില്‍ സഞ്ചരിക്കുന്നവരാണെന്നും, അവന്‍റെയുള്ളില്‍ ഇന്നു താന്‍ അപ്പനെപ്പോലെ ഒരു പെറ്റിബൂര്‍ഷ മുതലാളിയാണെന്നതും തന്‍റെ തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് അവന്‍ തന്നെ ഗൗനിക്കാതെ നടന്നകന്നത്?


ചില നിമിഷങ്ങളില്‍ ഏകാന്തത അനുഗ്രഹമാകാറുണ്ട്. അതോ ഉള്ളു പൊള്ളയായ പുതിയ സ്വാര്‍ത്ഥ സൗഹൃദങ്ങളില്‍ തോന്നിയ നഷ്ടബോധമോ എന്തോ, പഴയ കൂട്ടുകാരനിലേക്ക് മനസ് ഓടിയെത്തിയതും ഈ അവധിക്ക് അവനെ കാണണമെന്നും അതിയായി ആഗ്രഹിച്ചതും. പക്ഷേ എല്ലാത്തവണയും സംഭവിക്കുന്ന പോലെ, നാട്ടിലെത്തി ആദ്യ തിരക്കുകള്‍ തീര്‍ത്തു അവനിലേക്കൊടിയെത്താന്‍ താന്‍ വൈകിപ്പോയിരുന്നു. ജോലിയോടുള്ള ചന്ദ്രന്‍റെ ആത്മാര്‍ത്ഥത തനിക്ക് പണ്ടേ അറിവുള്ളതാണ്, അന്നും സംഭവിച്ചതതായിരിക്കാം. കൊയ്ത്തുകാലങ്ങളിലെ നെല്‍ ചുമടെടുപ്പില്‍ ത്രാസില്‍ 100 കിലോ തൂങ്ങുന്ന "കിന്റൽ" ചാക്കുകള്‍ കണ്ടു പകച്ച് മറ്റു തൊഴിലാളികള്‍ മാറിനില്‍ക്കുമ്പോള്‍ , വെല്ലുവിളിയായി കണ്ട്‌ അതെല്ലാം തലയിലേറ്റുന്ന അവനെ "കിന്റൽ ചന്ദ്രന്‍" എന്നാണ് വിളിച്ചിരുന്നത്‌. അന്ന് സായാഹ്നം എണ്ണത്തില്‍ കൂടുതല്‍ ചുമടെടുത്ത്, ജോലി തീര്‍ത്ത്, പുഴയില്‍ കുളിച്ച്, ഇളം കാറ്റുകൊണ്ടു കല്‍ക്കെട്ടില്‍ കിടന്നുറങ്ങിയ അവന്‍ പിന്നീടുണര്‍ന്നില്ല. ആരോ പറഞ്ഞു വീട്ടില്‍നിന്നും ഞാന്‍ ഓടിയെത്തുമ്പോള്‍ അവനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുകയായിരുന്നു. വായില്‍നിന്നും ചോര വാര്‍ന്നിരുന്നെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആളുകള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു. ആറുമാസം പ്രായമായ ഒരു കുഞ്ഞ് ആരുടേയോ കയ്യിലിരുന്നു എന്നെനോക്കി ചിരിക്കുമ്പോള്‍ അത് ചന്ദ്രന്‍റെ മകനാണെന്ന് ഒരാള്‍ തന്‍റെ ചെവിയില്‍ പിറുപിത്തു. അധികനേരം അവിടെ നില്‍ക്കാന്‍ കഴിയാതെ തിരിഞ്ഞുനടക്കുമ്പോള്‍ ഒരുപാട്‌ ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞു.


ഇന്നും പുഴയരികില്‍ നില്‍ക്കുമ്പോള്‍ .........സ്കൂള്‍വഴിയില്‍ കുട്ടികളെ കാണുമ്പോള്‍ ......... ആത്മാര്‍ത്ഥതയില്ലാത്ത പൊയ്‌മുഖങ്ങള്‍ കാണുമ്പോള്‍ .......... അവനെന്‍റെ തോളില്‍ ഒന്നു കയ്യിട്ട്‌ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.


O



3 comments:

  1. നന്നായി...
    ആശംസകള്‍...

    ReplyDelete
  2. പെട്ടെന്നൊരു ദിവസം നാവിന് കടിഞ്ഞാണ്‍ വീണു. ഇനി സൂക്ഷിച്ചു സംസാരിക്കണം, പ്രവര്‍ത്തിക്കണം. ..............................
    ................................
    ...............................
    വളരെ നന്നായിട്ടുണ്ട്....

    ReplyDelete
  3. പ്രശസ്തരായ ഒരുപാട് എഴുത്തുകാര്‍ അരങ്ങു വാഴുന്ന "കേളികൊട്ടില്‍" എന്റെ ഒരു ചെറുകഥ ഉല്പ്പെടുത്തിയതിനെ എങ്ങനെ വിവരിക്കണം എന്നെനിക്കറിയില്ല!

    ഇവിടെ വന്നു വായിക്കുന്നവരെയൊക്കെ നന്മകള്‍ വിളയുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന സ്വന്തം കൃഷിയിടമായ പുഞ്ചപ്പാടത്തേയ്ക്ക് ക്ഷണിക്കുന്നു.

    ReplyDelete

Leave your comment