Saturday, March 10, 2012

എനിക്കും നിനക്കും ഒരേ മണം

കവിത
കൃഷ്ണ ദീപക്‌




നിക്കും നിനക്കും
ഒരേ മണമെന്നു പറഞ്ഞ്
ഇരുട്ടുമുറിയിൽ എന്നെ അടച്ചിട്ടത്
തികട്ടി വന്ന നിന്റെ മണത്തെ
തെക്കേ പറമ്പിൽ ഓക്കാനിച്ചപ്പോഴാണ്. 

 തിരത്തള്ളലിന്റെ ആവേഗത്തെ
മൂന്നാം ദിവസം ചുവപ്പിൽ കുളിപ്പിച്ച്
മുറുക്കിത്തുപ്പി പണിക്കത്തി
പാടവരമ്പത്ത് ചിതറിച്ച
നിന്റെ ചോരത്തുള്ളികളെ
അത്താഴ പാത്രത്തിലേക്കും പകർന്ന്
അച്ഛനും ആങ്ങളമാരും ഉറഞ്ഞുതുള്ളി.

ഇരുട്ടിന്റെ മറപറ്റിയെത്തിയ
അമ്മയുടെ കൈകളെന്നെ
നിന്റെ വീട്ടുപടിക്കലേക്ക് തള്ളിവീഴ്ത്തി.
നിനക്കറിയുമോ..?
മറവിയുടെ ആലസ്യത്തിലേക്ക്
നീ.. എത്രമാത്രം
കൂപ്പുകുത്തിയെന്നറിഞ്ഞപ്പോഴാണ്
മരുന്നു മണക്കുന്ന നിന്റെ മുറിയുടെ
ഇടനാഴിയിൽ നിന്നും
ചിത്താശുപത്രിയിലേക്കുള്ള
ദൂരം ഞാൻ അളന്നത്.

പാട കെട്ടുന്ന നിന്റെ ഓർമകളിലേക്ക്
ഇടയ്ക്കിടെ മരണത്തിന്റെ
മത്തുപിടിപ്പിക്കുന്ന മണം
പതുങ്ങി എത്തിയിരുന്നത്
തീർത്തും വെളിച്ചം കടക്കാത്ത
എന്റെ മുറിയുടെ
എനിക്ക് അജ്ഞാതമായ
വിടവിലുടെ ആയിരുന്നു. 

ഒരുനാൾ ....
നീലച്ച ഞരമ്പുകളിൽ
കൊളുത്തി വലിച്ച്
എനിക്ക് ചുറ്റും വലയം തീർത്ത്‌
ഇരുട്ടുമുറിയുടെ
ഇടുങ്ങിയ വിടവിലുടെ
നിന്നെയും വലിച്ചുകൊണ്ട്
നമ്മളെ ഒന്നിച്ചു ചേർത്ത്‌ ...
 ഇപ്പോൾ എനിക്കും നിനക്കും
ഒരേ മണം.

O


Illustration - AJITH.K.C



No comments:

Post a Comment

Leave your comment