പരിഭാഷ :
കൃഷ്ണകുമാര്‍ .എം
ചാര്‍ലി ചാപ്ലിന്‍
ചാര്‍ലി സ്പെന്‍സര്‍ ചാപ്ലിന്‍ 1889 ഏപ്രില്‍ 16 ന് ലണ്ടനില്‍ ജനിച്ചു. ലോകോത്തരനായ ആ ചലച്ചിത്രകാരന്‍ മാനുഷികമായ ആകാംക്ഷകളോടെ നടത്തിയ കലാപ്രവര്‍ത്തനങ്ങള്‍ ഇന്നും സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, ആവേശദായകമാണ്. 'ദി ഗ്രേറ്റ് ഡിക്റ്റേറ്റര്‍ ' എന്ന സിനിമയിലൂടെ നാസിസത്തെയും ' എ കിംഗ് ഓഫ് ന്യുയോര്‍ക്ക് ' എന്ന ചിത്രത്തിലൂടെ അമേരിക്കയുടെ ജനാധിപത്യവിരുദ്ധതയെയും അദ്ദേഹം തുറന്നു കാട്ടി. 1978 - ല്‍ ഈ അനശ്വരകലാകാരന്‍ ഈ ലോകത്തോട് വിട പറഞ്ഞു.
'ദി ഗ്രേറ്റ് ഡിക്റ്റേറ്ററി' ലെ ഉപസംഹാരപ്രഭാഷണമാണ് ' മഴവില്ലിലേക്ക് പറന്നുയരാം ...' എന്ന പേരില്‍ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.ഹോളിവുഡിലെ പ്രമുഖസംവിധായകരിലൊരാളായ ആര്‍ച്ചി.എല്‍ .മേയോ ' തന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രചോദനാത്മകമായ സന്ദേശം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
മഴവില്ലിലേക്ക് പറന്നുയരാം......
ക്ഷമിക്കണം.... എനിക്ക് ഒരു ചക്രവര്‍ത്തിയും ആയിത്തീരേണ്ട.അത് എന്റെ രംഗമല്ല. ആരെയെങ്കിലും കീഴ്പ്പെടുത്താനോ ഭരിക്കാനോ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ല.കഴിയുമെങ്കില്‍ എല്ലാവരെയും സഹായിക്കണം - ജൂതരെയും അല്ലാത്തവരെയും കറുത്തവരെയും വെള്ളക്കാരെയും എല്ലാം.
നാമെല്ലാവരും പരസ്പരം സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് - മനുഷ്യര്‍ അങ്ങനെയാണ്. മറ്റുള്ളവരുടെ സ്നേഹത്തിലും സന്തോഷത്തിലും കൂടി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് നാം - ദുരിതങ്ങളിലൂടെയല്ല.പരസ്പരം വിദ്വേഷിക്കുവാനും നിന്ദിക്കുവാനും നാം ആഗ്രഹിക്കുന്നില്ല. ഈ ലോകത്ത് ഏവര്‍ക്കും ഇടമുണ്ട്. ഈ നല്ലഭൂമി സമ്പന്നമാണ്;ഏതൊരാളെയും കരുതാനാവുംവിധം സമ്പന്നമാണ്.
നമുക്ക് സ്വതന്ത്രവും സുന്ദരവുമായ ജീവിതരീതി ആവിഷ്ക്കരിക്കാവുന്നതേയുള്ളൂ - പക്ഷെ നാം വഴി മറന്നവരായിരിക്കുന്നു. ദുര മനുഷ്യാത്മാവില്‍ വിഷം നിറച്ചിരിക്കുന്നു. വെറുപ്പ് ലോകത്തിന്റെ ഗതി തടഞ്ഞിരിക്കുന്നു.അത് നമ്മെ സങ്കടങ്ങളിലേക്കും രക്തച്ചൊരിച്ചിലിലേക്കും തള്ളിവിട്ടിരിക്കുന്നു. നാം വേഗത വര്‍ദ്ധിപ്പിച്ചെടുത്തു;പക്ഷെ അതിനുള്ളില്‍ നമ്മെത്തന്നെ തളച്ചിടുകയും ചെയ്തു.സമൃദ്ധി നല്‍കുന്ന യന്ത്രസാമഗ്രികള്‍ നമ്മെ വറുതിയിലേക്ക് കൈയ്യൊഴിഞ്ഞുകളഞ്ഞു.നമ്മുടെ വിജ്ഞാനം നമ്മെ സംശയാലുക്കളാക്കിയിരിക്കുന്നു.നമ്മുടെ സാമര്‍ത്ഥ്യം നമ്മെ ദയാശൂന്യരും കഠിനഹൃദയരുമാക്കിയിരിക്കുന്നു. നാം വേണ്ടതിലധികം ചിന്തിക്കുന്നു;വേണ്ടതിലൊരംശം പോലും വൈകാരികത നമുക്കുണ്ടാകുന്നുമില്ല.യന്ത്രസാമഗ്രികളെക്കാള്‍ നമുക്കുവേണ്ടത് മാനവികതയാണ്. സാമര്‍ത്ഥ്യത്തേക്കാള്‍ കാരുണ്യവും സൌമ്യതയുമാണ് നമുക്കാവശ്യം. ഈ നന്മകളില്ലെങ്കില്‍ ജീവിതം കലുഷിതമാകും; കൈവിട്ടുപോകും.
വിമാനവും റേഡിയോയും നമ്മെ കൂടുതല്‍ അടുപ്പിച്ചു. ഇവയുടെ പ്രകൃതിതന്നെ മനുഷ്യന്റെയുള്ളിലെ നന്മയുടെ പ്രകാശനത്തിനായുള്ള അഭിവാഞ്ഛയാണ് പ്രകടമാക്കുന്നത്. സാര്‍വ്വലൌകിക സാഹോദര്യത്തിനുവേണ്ടി; നമ്മുടെയൊക്കെ ഐക്യത്തിനുവേണ്ടി. ഇപ്പോള്‍ പോലും എന്റെ ശബ്ദം ലക്ഷക്കണക്കിനാളുകളിലേക്ക് എത്തുന്നുണ്ട് - നിഷ്ക്കളങ്കരായ ആളുകളെ ജയിലിലടയ്ക്കുവാനും പീഡിപ്പിക്കുവാനും വ്യഗ്രമായൊരു വ്യവസ്ഥയുടെ ഇരകളായ നിരാശ്രയരും നിരാശരുമായ ലക്ഷക്കണക്കിനാളുകളിലേക്ക്. എന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നവരോട് ഞാന്‍ പറയട്ടെ,നിരാശരാകരുത്. നമുക്കുമേല്‍ പതിച്ചിരിക്കുന്ന ഈ വിപത്ത്, ദുരയുടെ, മാനവപുരോഗതിയുടെ പാതയെത്തന്നെ ഭയപ്പെടുന്നവരുടെ കടുംചെയ്തികളുടെ ഒഴിഞ്ഞുപോക്കാണ്. വിദ്വേഷം സമൂഹത്തില്‍ നിന്ന് ഒഴിഞ്ഞുപോകുക തന്നെ ചെയ്യും; സ്വേച്ഛാധിപതികള്‍ മരിക്കും. അവര്‍ ജനങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത അധികാരം ജനങ്ങളിലേയ്ക്കു തന്നെ തിരികെ എത്തും.മനുഷ്യകുലം നിലനില്‍ക്കുവോളം മനുഷ്യസ്വാതന്ത്ര്യവും നിലനില്‍ക്കും.
പോരാളികളേ....! ഈ കാപാലികര്‍ക്ക് മുമ്പില്‍ കീഴടങ്ങരുത് - നിങ്ങളെ വെറുക്കുകയും അടിമയാക്കുകയും ചെയ്യുന്ന,നിങ്ങളുടെ ജീവിതത്തെ പട്ടാളവല്‍ക്കരിക്കുന്ന, നിങ്ങളെന്തു ചെയ്യണമെന്നും ചിന്തിക്കണമെന്നും,എങ്ങനെ വികാരംകൊള്ളണമെന്നും കല്‍പ്പിക്കുന്ന,നിങ്ങളുടെ ഭക്ഷണക്രമവും വ്യായാമവും വരെ തീരുമാനിക്കുന്ന,നിങ്ങളെ കന്നുകാലികളായി മാത്രം കരുതുകയും കുരുതിയ്ക്കുഴിഞ്ഞിടുകയും ചെയ്യുന്ന, ഈ കാപാലികര്‍ക്ക് മുന്നില്‍ നിങ്ങള്‍ കീഴടങ്ങിക്കൂടാ. ഈ വിചിത്രജീവികള്‍ക്കു മുമ്പില്‍ , യന്ത്രമനസ്സും യന്ത്രഹൃദയവും മാത്രമുള്ള ഈ യന്ത്രമനുഷ്യര്‍ക്കു മുമ്പില്‍ നിങ്ങള്‍ കീഴടങ്ങരുത്. നിങ്ങള്‍ യന്ത്രങ്ങളല്ല; മനുഷ്യരാണെന്നറിയുക. മാനവികതയുടെ മഹത്തായ സ്നേഹം ഹൃദയത്തില്‍ കുടികൊള്ളുന്നവര്‍ . അരുത് ! - പരസ്പരം വെറുക്കരുത്. സ്നേഹിക്കപ്പെടാത്തവര്‍ക്കും പ്രകൃതിസഹജത്വം ഇല്ലാത്തവര്‍ക്കും മാത്രമേ,പരസ്പരം വെറുക്കുവാനും വിദ്വേഷിക്കുവാനും കഴിയൂ.
പടയാളികളേ ! അടിമത്തത്തിനുവേണ്ടി നിങ്ങള്‍ പൊരുതരുത്. മനുഷ്യസ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതൂ. ലൂക്കോസിന്റെ പതിനാലാം അധ്യായത്തില്‍ ദൈവരാജ്യം മനുഷ്യന്റെ ഉള്ളിലാണെന്ന് പറഞ്ഞിരിക്കുന്നു.ഒരു മനുഷ്യനിലല്ല; ഒരു കൂട്ടം മനുഷ്യരിലുമല്ല.എല്ലാവരിലും. അതെ ! നിങ്ങളിലോരോരുത്തരിലും. നിങ്ങള്‍ക്ക് - ബഹുജനങ്ങള്‍ക്ക് - യന്ത്രങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും; സന്തുഷ്ടി സൃഷ്ടിക്കുവാനുള്ള ശേഷിയുണ്ട്. ജീവിതം സ്വതന്ത്രവും സുന്ദരവുമാക്കാന്‍ ഈ ജീവിതത്തെ അതിശയകരമായൊരു സാഹസമാക്കുവാന്‍ തക്ക കരുത്ത് തീര്‍ച്ചയായും ജനങ്ങള്‍ക്കുണ്ട്. ജനാധിപത്യത്തിന്റെ പേരില്‍ നമുക്ക് ആ കരുത്തും അധികാരവും വിനിയോഗിക്കാം. നമുക്കേവര്‍ക്കും സംഘടിക്കാം. ഒരു പുതിയലോകം സൃഷ്ടിക്കുവാനായി നമുക്കു പൊരുതാം. മനുഷ്യര്‍ക്കെല്ലാം പ്രയത്നിക്കുവാന്‍ അവസരം നല്‍കുന്ന, യുവാക്കളുടെ ഭാവി ഭദ്രമാക്കുവാനും വൃദ്ധജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാനും സന്നദ്ധമാകുന്ന, മാന്യമായൊരു ലോകത്തിന്റെ സൃഷ്ടിക്കായി നമുക്കു പൊരുതാം.
ഇവ വാഗ്ദാനം ചെയ്തുകൊണ്ട് ദുഷ്ടന്മാര്‍ അധികാരത്തിലേക്കുയര്‍ന്നിരിക്കുന്നു. പക്ഷെ അവര്‍ വഞ്ചിക്കുകയാണ്. ഇല്ല - അവര്‍ ഒരിക്കലും വാഗ്ദാനം നിറവേറ്റുകയില്ല. സ്വേച്ഛാധിപതികള്‍ സ്വയം സ്വതന്ത്രരാകുകയും ജനങ്ങളെ അടിമകളാക്കുകയും ചെയ്യും.
ഇപ്പോള്‍ നമുക്ക് ഈ ലോകത്തെ സ്വതന്ത്രമാക്കാനായി പൊരുതാം. ദേശാതിര്‍ത്തികളും ദുരയും വിദ്വേഷവും അസഹിഷ്ണുതയും എല്ലാം ഒഴിഞ്ഞൊരു ലോകത്തിനായി പൊരുതാം. യുക്തിവിചാരത്തിലധിഷ്ഠിതമായൊരു ലോകത്തിനായി, ശാസ്ത്രവും പുരോഗതിയും നമ്മെയേവരെയും സന്തുഷ്ടിയിലേക്കു നയിക്കുന്നൊരു ലോകത്തിനായി നമുക്കു പൊരുതാം. പോരാളികളേ, ജനാധിപത്യത്തിന്റെ പേരില്‍ നമുക്കു സംഘടിക്കാം.
ഹന്നാ....! നീ കേള്‍ക്കുന്നുണ്ടോ ? ... നീ എവിടെയാണെങ്കിലും ശിരസ്സുയര്‍ത്തുക; ശിരസ്സുയര്‍ത്തൂ ഹന്നാ ! കരിമേഘങ്ങള്‍ , ഒഴിയുകയാണ് ... അവ പിളര്‍ന്ന് ആദിത്യകിരണങ്ങള്‍ തഴുകിയെത്തുകയാണ്... നാം ഇരുളില്‍നിന്നും വെളിച്ചത്തിലേക്ക് കടക്കുകയാണ് ! നാം ഒരു പുതിയ ലോകത്തിലേക്ക് - മനുഷ്യന്‍ അവന്റെ ദുരയെയും വെറുപ്പിനെയും വിദ്വേഷത്തെയും അതിലംഘിച്ചുയരുന്ന, കൂടുതല്‍ കരുണാര്‍ദ്രമായൊരു ലോകത്തേക്ക് - നാം കടന്നുവരികയാണ്. മനുഷ്യാത്മാവിന് ചിറകുകള്‍ കിട്ടിയിരിക്കുന്നു; ഒടുവിലതു പറക്കാന്‍ തുടങ്ങുന്നു.അത് മഴവില്ലിലേക്ക് പറന്നുയരുകയാണ്... പ്രകാശത്തിലേക്ക്, പ്രതീക്ഷകളിലേക്ക് പറന്നുയരുകയാണ് ....
O
ചാര്‍ലി ചാപ്ലിന്റെ 'THE GREAT DICTATOR ' എന്ന ചലച്ചിത്രകാവ്യത്തിന്റെ അന്ത്യത്തിലെ പ്രസംഗം. സ്വാതന്ത്ര്യത്തിന്റെ പ്രകാശവും പ്രതീക്ഷയും നിറഞ്ഞു നില്‍ക്കുന്ന ഈ പ്രസംഗം സാമൂഹികമുന്നേറ്റത്തിനായി ദാഹിക്കുന്നവര്‍ക്ക് ആവേശദായകമാണ്.
ഫോണ്‍ : 9447786852
Kollam
ReplyDeleteകാത്തിരുന്നു അവസാനം കണ്ടെത്തി... വളരെയധികം നന്ദിയുണ്ട്
ReplyDeleteതികച്ചും ആനുകാലിക പ്രസക്തിയുള്ള ഈ വിഷയം വൈകിയാണ് വായിച്ചതെങ്കിലും തികഞ്ഞ സംതൃപ്തിയുണ്ട്. ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കൃഷ്ണകുമാർ സാറിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി...
ReplyDelete