ഡോ.ആര്‍ .ഭദ്രന്‍ |
5
സംസ്കാരകേരളമേ ജാഗ്രത! ജാഗ്രത!! ജാഗ്രത!!!
കേരളത്തിലെ ചില വാരികകൾ സാംസ്കാരിക രംഗത്ത് വിഷം ചീറ്റുകയാണ്.വാരികകളുടെ കോപ്പികൾ വർദ്ധിപ്പിക്കുന്നതിനും അതിലൂടെ ജേർണ്ണലിസ്റ്റുകളുടെ ശമ്പളം കൂട്ടുന്നതിനുമുള്ള കുതന്ത്രങ്ങളുമാണ് ഇതിനുപിന്നിലെന്നു പറയപ്പെടുന്നു .ലൈംഗികതയും ഭീകരവാദവുമാണ് ഇതിനു വേണ്ടി അവർ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്നതത്രേ! മൂല്യബോധവും പ്രതിബദ്ധതയും ജ്ഞാനവുമുള്ള പത്രാധിപന്മാരുടെ അഭാവമാണ് ഇതിനു കാരണം. ഇവിടെയാണ് എസ്.ജയചന്ദ്രൻ നായരെപ്പൊലുള്ള പത്രാധിപന്മാരുടെ മഹത്വം കേരളം തിരിച്ചറിയേണ്ടത് എന്ന് മറ്റൊരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ പറയുകയുണ്ടായി. ജീർണ്ണതയ്ക്കെതിരെ പോരാടേണ്ട വാരികകളുടെ ഓഫീസുകൾ ജീർണ്ണമാകുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.സംസ്കാരകേരളമേ ജാഗ്രത! ജാഗ്രത!! ജാഗ്രത!!!
ജപ്പാൻ ദുരന്തവും ഹൈക്കുവും
കോബയാഷി ഇസ്സയുടെ ഒരു ജാപ്പനീസ് ഹൈക്കു കവിത ഇങ്ങനെ.
ചെറിപ്പൂക്കൾ വിരിയുന്ന
ഇടമാണെങ്കിലും നമ്മുടേത്
ഒരു പ്രയാസമേറിയ ലോകമാണ്.
ജപ്പാനിലെ സുനാമിയുടെയും ഭൂകമ്പത്തിന്റെയും സമകാലിക പശ്ചാത്തലത്തിൽ ഈ ഹൈക്കുവിന്റെ പ്രവർത്തനം എത്ര ശക്തമായി തീരുന്നു എന്നു നോക്കുക. ഒരു മഹാകാവ്യം കൊണ്ടു നേടേണ്ട നേട്ടം മൂന്ന് വരികൾ കൊണ്ട് ഈ ഹൈക്കു നേടുന്നു.ഇതാണ് പ്രവർത്തനവിപ്ലവം.ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന ജപ്പാൻ ജനതയുടെ ആ ദുഃഖത്തിൽ 'സംസ്കാരജാലകവും' പങ്കുചേരുന്നു.
ഉപഭോഗമുതലാളിത്തം മനുഷ്യനെ എങ്ങനെ മാറ്റുന്നു.
1. സംഘടനാശക്തി ശിഥിലമാക്കുന്നു.
2. കാരുണ്യം,സ്നേഹം,തുടങ്ങിയ മൂല്യങ്ങൾ ചോർത്തിക്കളയുന്നു.സൗമ്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ട്രെയിനിൽ നിന്നു തള്ളിയിടുകയും ചെയ്തപ്പോൾ മനുഷ്യർ കൈയ്യും കെട്ടി നോക്കി നിൽക്കാൻ കാരണം മനുഷ്യരിൽ നിന്ന് മൂല്യങ്ങൾ ആരോ കവർന്നെടുത്തുകൊണ്ടു പോയതിനാലാണ് .ഉപഭോഗമുതലാളിത്തത്തിന്റെ ഉദ്ബോധനങ്ങൾ സൃഷ്ടിക്കുന്ന മാനസികാവസ്ഥകൾക്ക് ഇതിൽ നിന്ന് കൈകഴുകി മാറുവാൻ കഴിയില്ല.മാധ്യമങ്ങളിലൂടെ നിറയുന്ന പരസ്യങ്ങളും താൽപര്യസൃഷ്ടികളുമാണ് പുതിയ കാലത്തിന്റെ ജ്ഞാനപ്പാന!
3.പണമാണ് ഏറ്റവും വലിയ സാമൂഹ്യമൂല്യമെന്നും അടിച്ചുപൊളിക്കുകയാണ് മഹത്തായ ജീവിത ലക്ഷ്യമെന്നും അതു നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു; പ്രചാരണമാധ്യമങ്ങളിലൂടെ. ഉപഭോഗമുതലാളിത്തമാണ്‌ലോകത്ത് ഈ മതത്തെ സ്പോൺസർ ചെയ്തു കൊണ്ടിരിക്കുന്നത്.എല്ലാ മതങ്ങൾക്കുമപ്പുറം ചാർവാകമതമാണ് ലോകത്തിലെ ഏറ്റവും വലിയ മതം.അതുകൊണ്ടാണ് കൊടിയ അഴിമതി നടത്തുന്നവരെ വീരപുരുഷന്മാരായിക്കണ്ട് അവരെ രാജവീഥിയിലൂടെ ആനയിക്കുന്നത്. 1.76 ലക്ഷം കോടിയുടെ അഴിമതി എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് പുറത്തുകൊണ്ടുവന്ന ഗോപീകൃഷ്ണനെ ( പയനിയർ പത്രം) നാം ഗുരുതരമായി അവഗണിക്കുന്നു.ഇതൊരു സാമൂഹിക ദുരന്തമാണ്. ലജ്ജാവഹം!!!
മന്ദാക്രാന്താ
കണിമോൾ |
'ഗ്രന്ഥാലോക'ത്തിൽ വന്ന കണിമോളുടെ കവിത (ഒക്ടോബർ 2010) മികച്ച നിലവാരം പുലർത്തുന്നു.കവിതയുടെ പേര് മന്ദാക്രാന്താ'.നമ്മുടെ സമൂഹത്തിലെ മാതൃകാ സതീരത്നങ്ങളുടെ പിൻതുടരപ്പെടുന്ന ജീവിതത്തിന്റെയും സ്വത്വബോധത്തിന്റെയും കഥയില്ലായ്മ പിച്ചിച്ചീന്തുകയാണ് ഈ കവിത. പെണ്ണുങ്ങളുടെ(ആണുങ്ങളുടെയും) ഒട്ടും സർഗ്ഗാത്മകമല്ലാത്ത ജീവിതമാണ് കവിതയിൽനിന്ന് പായുന്ന അമ്പുകളേറ്റ് മുറിവേൽക്കുന്നത്. ചരിത്രബോധത്തോടെയും സ്വത്വബോധത്തോടെയും രാഷ്ട്രീയബോധത്തോടെയും ഉള്ള ജീവിതം നമ്മളിൽ നിന്നും ആരൊക്കെയോ തട്ടിപ്പറിച്ചുകൊണ്ടു പോയിരിക്കുന്നു. കവിതയിൽ പെണ്ണിനെയാണ് വിചാരണ ചെയ്യുന്നത്.കവിത വായിച്ചേ വിചാരണയുടെ തീവ്രത ബോദ്ധ്യമാവൂ.അതുകൊണ്ട് നമുക്ക് വായിക്കാം.
ഒരു മാതൃകാ സതീരത്നത്തിന്റെ
ദിനസരികളിൽ അച്ചട്ടായി ചിലതുണ്ട്.
പുലർച്ചെ കുളിച്ച്
ക്ഷേത്രദർശനം
മുടിക്കെട്ടിൽ തുളസി സമൂലം
തിങ്കളും വെള്ളിയും ഷഷ്ഠിയും
മുട്ടാവ്രതം
മൂർദ്ധാവിൽ രക്തസാക്ഷിത്വ സ്മാരകം.
സ്വയം
ഭർത്തൃപുത്രബന്ധുക്കളുടെ
കീർത്തിപ്രചാരണവാഹനം
സതി സാവിത്രി പുണ്യാളത്തി
സീരിയലുകളിൽ ദീർഘദർശനം
ഭൂമുഖത്ത് പാപിനികളൊഴിയുംവരെ
അന്നദാനം,വസ്ത്രദാനം
അടുക്കള മുതൽ കിടപ്പറവരെ
ഗഹനസഞ്ചാരം
കെട്ടിക്കാൻ വളർത്തുന്ന
പെണ്മക്കളിത്
നോക്കിപ്പഠിക്കണം
കന്യക,
കുലവധു,
വയറ്റുകണ്ണി,
പേറ്റുകാരി.....
എന്നിങ്ങനെ വിരുത്തങ്ങൾ!
മന്ദാക്രാന്താ മദനതിലകം
നാലുമാറേഴുമായ് ഗം....
മന്ദാക്രാന്താ ഒരു വൃത്തത്തിന്റെ പേരാണ്.വൃത്തം ഉറച്ചുപോകുന്ന നിശ്ചിതത്തെയാണ് കാണിക്കുന്നത്. ഉപരിപ്ലവമായ ചിട്ടവട്ടങ്ങളിൽ ഒതുങ്ങി പോകുന്ന ജീവിതം സർഗ്ഗാത്മകമാവുകയില്ല എന്നാണ് കവിതയുടെ ധ്വനി.ജീവിതത്തിന്റെ അർത്ഥം നാനാപ്രകാരേണ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.സ്ത്രീകളെ രക്ഷിക്കാൻ ആർക്കു കഴിയും? 'മന്ദാക്രാന്താ' പോലുള്ള കവിതകൾക്കേ അതു കഴിയൂ. അൽപം താമസിച്ചാണെങ്കിൽപോലും. അതാണ് ഈ കവിതയുടെ ചരിത്രബദ്ധതയും സാഹിത്യബദ്ധതയും.തകർന്നു പോയ സ്ത്രീസ്വത്വത്തെ വീണ്ടെടുക്കണം എന്ന് നിഗൂഡമായി നമ്മോടു പറയുന്ന ഈ രചനയ്ക്ക് ഒരു ഫെമിനിസ്റ്റ് കവിതയുടെ മിഴിവും ചന്തവും കൂടിയുണ്ട്.....കണിമോൾക്ക് അനുമോദനങ്ങൾ.
ചിന്ത
വൃക്ഷങ്ങളുടെ ചുവട്ടിലും നദിയുടെയും കടലിന്റെയും കായലിന്റെയും കരയിൽ ഇരുന്ന് കണ്ണടച്ച് പ്രാർത്ഥിക്കാൻ മനുഷ്യർക്ക് കഴിയണം. പ്രവാചകനായ ക്രിസ്തുവിന്റെ പ്രാർത്ഥനപോലും കുന്നിൻപുറങ്ങളിലുള്ള വൃക്ഷചുവടുകളിലായിരുന്നു എന്നു വായിച്ചിട്ടുണ്ട്.പ്രകൃതിയെ നശിപ്പിച്ച് വൻ ദേവാലയങ്ങളുണ്ടാക്കുന്നത് പ്രകൃതിവിരുദ്ധമാണ് എന്ന് എല്ലാ മതങ്ങളും പഠിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ അത് ദൈവവിരുദ്ധവുമാണ്. ദൈവവിരുദ്ധപ്രവർത്തനം നടത്തി അവിടെ ദൈവത്തെ കുടിയിരുത്തി പ്രാർത്ഥിക്കുന്നതിന്റെ വിരോധാഭാസത്തെക്കുറിച്ച് മനുഷ്യരാശി ആലോചിക്കണം.പ്രകൃതി തന്നെ ദൈവവും മതവും. ബസവണ്ണയുടെ ഒരു കന്നട കവിത കൂടി ഇതിനോടു ചേർത്തുവായിച്ചു കൊള്ളുക.
ഉള്ളവർ ശിവാലയം പണിയുന്നു.
ഞാനെന്തു പണിയാൻ?ദരിദ്രൻ അയ്യ!
എന്റെ കാലുകൾ തൂണുകൾ,ദേഹം ദേവാലയം
ശിരസ് പൊന്നിൻ കലശമയ്യാ
മൂലധനം സഹപ്രസ്ഥാനങ്ങൾ
ഡോ.ബി.ഇക്ബാല്‍ |
എൻ.ബി.എസ്സിന്റെ ബുള്ളറ്റിനിൽ ( മാർച്ച് 2011) ഡോ.ബി.ഇക്ബാലിന്റെ 'മൂലധനം സഹപ്രസ്ഥാനങ്ങൾ' വായിച്ചു.വളരെ ഇൻഫർമേറ്റീവ് ആണ് ഈ ചെറുലേഖനം.പുതിയ വിവരങ്ങൾ അതു നൽകുന്നു.മാർക്സിസം അവസാനിച്ചു എന്നു വിചാരിച്ചു നടന്നവർ ഈ ലേഖനം വായിക്കണം. മാർക്സിനെയും മാർക്സിസത്തെയും കുറിച്ചുള്ള പുസ്തകങ്ങൾക്ക് ലോകത്തിൽ വൻ ഡിമാന്റുണ്ടാവുന്നതിനെ സൂചിപ്പിച്ചുകൊണ്ട് മാർക്സ് ഇൻഡസ്ട്രി എന്ന വാക്ക് ലേഖനം നമുക്ക് പരിചയപ്പെടുത്തുന്നു. ഡോ.ബി.ഇക്ബാൽ ഇങ്ങനെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. 'ഇതെല്ലാം പ്രയോജനപ്പെടുത്തി പ്രത്യയശാസ്ത്രവ്യക്തത കൈവരിക്കാൻ പുതിയ തലമുറയിൽപ്പെട്ട യുവാക്കൾ പ്രത്യേകിച്ചും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു'.ഇക്ബാൽ മാഷ്,പ്രതീക്ഷ നല്ലത് തന്നെ.പക്ഷെ നമ്മുടെ യുവത്വത്തിന്റെ സമകാലിക അവസ്ഥകൂടി ഒന്നു ചിന്തിക്കണം.ഗുരുതരമാണ് സാഹചര്യം.പക്ഷെ പ്രതീക്ഷകളോടെ മുന്നേറിയേ മതിയാവൂ.
ബ്ലോഗ് രചനകൾ
കേളികൊട്ട് ബ്ലോഗ് മാഗസിനിൽ രവിവർമ്മത്തമ്പുരാൻ എഴുതിയ 'സഹകരണം'എന്ന കഥ ആഖ്യാനതലത്തിൽ മലയാളത്തിലെ രണ്ടു കഥകളെ ഓർമ്മിപ്പിക്കുന്നതാണ്.ഒന്ന് കാരൂരിന്റെ 'മരപ്പാവകൾ' മറ്റൊന്ന് സേതുവിന്റെ 'ദൂത്'.ഈ രണ്ട് കഥകളുടെയും ആഖ്യാനരീതി സംഭാഷണങ്ങളിലൂടെ വളരുന്നു.സെൻസസ് ഉദ്യോഗസ്ഥൻ വീട്ടുകാരോട് ചോദിക്കുന്ന രീതിയാണ് 'മരപ്പാവകൾ'ക്കുള്ളത്.കാരൂരിന്റെയും സേതുവിന്റെയും കഥകൾ വളരെ ഉയരത്തിലാണ് നിൽക്കുന്നത്. ഇപ്പോൾ സെൻസസ് എടുത്തുകഴിഞ്ഞ സമയമായതുകൊണ്ട് വർമ്മ ഈ കഥനതന്ത്രത്തെ ഒന്നു തൊട്ടുണർത്തിയിട്ടുണ്ട്. ഓണാട്ടുകരഭാഷയുടെ നിമ്ന്നോന്നതങ്ങള്‍ ഫലപ്രദമായി തൊട്ടറിയുന്നുണ്ട് ' സഹകരണം'. കഥാചരിത്രം തന്നെ കഥയ്ക്കുള്ളിൽ സ്പന്ദിക്കുന്നു. കഥാവസാനത്തിലെ വാക്യം എന്തായാലും ഭാഗ്യലക്ഷ്മിയുടെ ദുരന്താത്മകത കോറിയിടുന്നുണ്ട്.
കേളികൊട്ട് ബ്ലോഗ് മാഗസിനിൽ വന്ന നിധീഷിന്റെ 'കാവലാൾ' പോലീസ്ക്യാമ്പിന്റെയും സർപ്പസൂചനകളുടെയും പശ്ചാത്തലമുള്ള കഥയാണ്.അപൂർവ്വതയുടെ ഭംഗി പ്രകടിപ്പിക്കുന്ന കഥ. ഈ പശ്ചാത്തലത്തിലാണ് ജീവിതമരണങ്ങളുടെ സൗന്ദര്യം കഥാകാരൻ തോറ്റിയെടുത്തിരിക്കുന്നത്.ആധുനിക ജനാധിപത്യബോധത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംവിധാനവും ഉടച്ചുവാർക്കപ്പെടേണ്ടതാണ് എന്ന ധ്വനി കൂടി കഥയിൽ നിധീഷ് ഗോപ്യമാക്കിവെച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെ പോലീസ് വകുപ്പിലും പൊതുവ്യവഹാരങ്ങളിലും ചർച്ച ചെയ്യപ്പെടേണ്ട കഥയാണിത്.
പെയ്തൊഴിയാൻ എന്ന ബ്ലോഗിൽ വർഷിണി പോസ്റ്റ് ചെയ്ത 'ഒരു യാത്ര' എന്ന കവിതയും എന്റെ ലോകം ബ്ലോഗിൽ നികു കേച്ചേരി എഴുതിയ 'വട്ടങ്ങളും ചതുരങ്ങളും' എന്ന കവിതയും വായിച്ചു. ഇവർ കവിതയെഴുത്ത് മഹത്തായ ഒരു സംവേദനമായി തിരിച്ചറിഞ്ഞത് നന്ന്;പ്രത്യേകിച്ചും ഇക്കാലത്ത്. അനുഭവങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന എന്തും കവിതയിലുപേക്ഷിക്കണം എന്ന ലളിതമായ ഒരുപദേശം മാത്രം.
സുകുമാർ അഴീക്കോട്
അഴീക്കോടിന്റെ രണ്ടു പ്രസംഗങ്ങൾ അടുത്ത സമയത്ത് കേട്ടു. ഒന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പുത്തൻകാവ് മാത്തൻതരകൻ ചെയർ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗമായിരുന്നു.മറ്റൊന്ന് ടാഗോറിന്റെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം.രണ്ടു പ്രസംഗങ്ങളും നല്ല സാംസ്കാരിക അനുഭവങ്ങളായിരുന്നു. പ്രസംഗത്തിൽ ചിന്തകളെ നിശിതമാക്കിയെടുക്കാനുള്ള മാഷിന്റെ സവിശേഷമായ കഴിവ് ശ്രദ്ധിച്ചു. നല്ല ഒരു വിമർശനലേഖനം വായിക്കുന്ന അനുഭവം പ്രസംഗം തരുന്നു. നർമ്മത്തിന്റെ ധാരയുള്ളതു കൊണ്ട് പ്രസംഗം കൊഴുക്കുന്നു. ചിന്താശീലർക്ക് വേണ്ടി നിർമ്മിതമായി അതങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ഒരു കാസർ കോട് വിചാരം - കെ.ജി.എസ്
കെ.ജി.ശങ്കരപ്പിള്ള
ഒടുങ്ങാത്ത കവിതയാണെന്നാണ് 'ഒരു കാസർകോട് വിചാരം മധുരാജിന്' മലയാളത്തോട് വിളിച്ചു പറയുന്നത്. അന്തർപാഠാത്മകത ഒരു കവിതയായി പുഷ്പിച്ചു നിൽക്കുന്ന കാഴ്ച. പുതിയ തലമുറയിലെ കവികളോട് ഒരു വാക്ക്.പഴയ തലമുറയിലെ ഈ കവി സൃഷ്ടിക്കുന്ന വെല്ലുവിളിയെ സൂക്ഷ്മമായി ഹൃദയത്തിൽ ഏറ്റുവാങ്ങുക.ഈ കവിതയിലെ ഏതു വരികൾ ക്വോട്ട് ചെയ്യണമെന്ന് അമ്പരക്കുകയാണ്.എങ്കിലും ആദ്യഭാഗവും അവസാനഭാഗവും ഒന്നു വായിച്ചുകൊള്ളുക.
ഏകാന്തത അഭിമാനത്തോടെ ഓർമ്മിച്ചു:എനിക്ക്
താമരപ്പൂവിന്റെ മണമെന്ന് ആർ.രാമചന്ദ്രൻ
പുഴയുടെ ഗതിയെന്ന് റിൽകെ.ഞാൻ
വായിച്ചുതീരാത്ത കൃതിയെന്ന് ടോൾസ്റ്റോയ്
കുളിക്കുന്നവളുടെ നഗ്നതയെന്ന് ഗൊഗാൻ
ഇന്നിവിടെ
വിഷമഴ നനഞ്ഞ്
തല ചീർത്ത്
ബോധം ചുരുണ്ട്
ഭാഷ കുരുടിച്ച്
ദൃഷ്ടി കോടി
വർഷങ്ങളായി എട്ടുവയസ്സുകാരിയായി
ദുർഗ്രഹയായി
ഞാനിരിക്കുന്നു തനിച്ച്
എന്റെ നേരത്തിന്റെ മൺതിണ്ണയിൽ
കാസർകോട്ടെ നല്ല ചിരികൾ
തിരിച്ചുവരുന്നതു കാണാൻ.
ഈ അടുത്ത കാലത്ത് മലയാള കവിതാവായനക്കാരെ കിടിലം കൊള്ളിച്ച രചനയാണിത്. സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും ദ്രോഹങ്ങളെ കവിതയുടെ പൊൻനൂലു കൊണ്ട് കൂട്ടിക്കെട്ടുകയാണ് കെ.ജി.എസ്. അതുകൊണ്ടാണ് ടൈഗ്രീസും ബുഷും സദ്ദാമും കാസർകോടും എൻഡോസൾഫാനുമെല്ലാം ഈ പൊൻനൂലിൽ കവി ചന്തത്തോടെ കോർത്തെടുത്തിരിക്കുന്നത്.സാമ്രാജ്യത്വത്തിന്റെ തടവറ ചാടി ക്രിസ്തുവും വേഷപ്രച്ഛ്ന്നനായ നബിയും ഈ കവിതയുടെ ആകാശത്ത് ഉദിച്ചിട്ടുണ്ട്.പ്രാദേശികമായ ഒരു ഗുരുതരപ്രശ്നത്തെ ആഗോളക്യാൻവാസിൽ വച്ച് കവിതയാക്കി കെ.ജി.എസ്.
പ്രിസണർ 5990
ആർ.ബാലകൃഷ്ണപിള്ള ഒരു ആത്മകഥ എഴുതുന്നതിൽ തെറ്റില്ല. കാരണം അദ്ദേഹം നമ്മുടെ പൊതുവ്യവഹാരമണ്ഡലങ്ങളിൽ സജീവമായി ഇടപെട്ട ആളാണ്.എന്നാൽ അഴിമതിയ്ക്ക് പിടിക്കപ്പെടുകയും ജയിലിൽ ആകുകയും ചെയ്ത ഒരാൾ പൊതുസമൂഹത്തിൽ അസ്വീകാര്യനാണ്. പുസ്തക കച്ചവടക്കാരൻ ഇപ്പോൾ ആഘോഷിക്കാൻ ശ്രമിക്കുന്നത് രണ്ടാമത് പറഞ്ഞിരിക്കുന്ന സംഭവമാണ്.കച്ചവടം ചെയ്യാൻ കൊള്ളാവുന്നതെന്തും ആഘോഷിക്കാമെന്നാണ് അത് നമ്മെ പഠിപ്പിക്കുന്നത്. കല/ചരക്ക് എന്ന് ടെറി ഈഗിൾടൺ ചിന്തിച്ചത് ചേർത്തുവെച്ച് ഈ കാര്യത്തെയും കൂടുതൽ മനസ്സിലാക്കുക. നമ്മുടെ മൂല്യബോധത്തെ അറബിക്കടലിലേക്ക് വലിച്ചെറിയുവാനുള്ള ഒരു അജൻഡയും രാഷ്ട്രീയവും ഇതുപോലെയുള്ള സംഭവങ്ങൾക്ക് പിന്നിൽ ഉണ്ട്.
മാതാ അമൃതാനന്ദമയി
മാതാ അമൃതാനന്ദമയി ഒരു വലിയ സത്യം ലോകത്തോട് വിളിച്ചു പറഞ്ഞു - ആഗോളീകരണം മനുഷ്യന് നന്മ ചെയ്യുകയില്ല. ഇടപ്പള്ളി ബ്രഹ്മസ്ഥാനം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തിലായിരുന്നു ഈ ആശയം അമ്മ അവതരിപ്പിച്ചത് (09-04-2011 മാതൃഭൂമി ദിനപത്രം). സമ്പത്ത് കുന്നുകൂട്ടുന്നതിൽ വെമ്പൽ കൊള്ളുന്ന കോർപ്പറേറ്റ് മുതലാളിത്തവും അതിന് ഒത്താശ ചെയ്യുന്ന സാമ്പത്തികശാസ്ത്രജ്ഞരും അതിനെ പിൻതുണയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് ചെവി തുറന്ന് കേൾക്കുക.
ക്രിക്കറ്റ് - ധോണി - മാനാഞ്ചിറ ടെസ്റ്റ്
ക്രിക്കറ്റ് കണ്ട് ആനന്ദിക്കുന്നതും ലഹരി കൊള്ളുന്നതും ഒക്കെ നല്ലതുതന്നെ.മനുഷ്യരെ ക്രിക്കറ്റ് കളിയിൽ അകപ്പെടുത്തി കാര്യം കാണുന്ന മിടുമിടുക്കന്മാരെക്കുറിച്ച് ജാഗ്രത.ക്രിക്കറ്റ് വലിയ ഒരു സംസ്കാരം ആണെന്ന് ഓർക്കണം.നമ്മുടെ കുട്ടികൾ ക്രിക്കറ്റിലും കച്ചവടസിനിമയിലും മാത്രം അഭിരമിക്കുമ്പോൾ കാര്യങ്ങൾ കുഴപ്പത്തിലാവുമെന്ന് മാത്രം. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതിലും മഹേന്ദ്രസിംഗ് ധോണി 'മാൻ ഓഫ് ദ മാച്ച്' ആയതിലും യുവരാജ് ലോകകപ്പിലെ മികച്ച താരമായതിലും നമുക്ക് അഭിമാനിക്കാം. ഫൈനലിൽ കളിച്ച ആദ്യമലയാളി എന്ന നിലയിൽ ശ്രീശാന്തിനെ ഓർത്തും നമുക്കാഹ്ലാദിക്കാൻ വകയുണ്ട്.
ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയും ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയും ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയുമായി ചിരിച്ചുകൊണ്ട് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ നിൽക്കുന്ന ചിത്രംതന്നെ,ക്രിക്കറ്റ്,സൗഹൃദത്തിന്റെയും ഉയർന്ന സംസ്കാരത്തിന്റെയും കളിയാണെന്ന് നമ്മെ വിളിച്ചറിയിക്കുന്നു. ഇതിന് ചില എതിർസഞ്ചാരങ്ങൾ കൂടിയുണ്ട്. ചെറുപ്പക്കാർ ഇത് മനസ്സിലാക്കാൻ വി.കെ.എൻ.ന്റെ 'മാനാഞ്ചിറ ടെസ്റ്റ്' എന്ന കഥ കൂടി വായിക്കണം; ക്രിക്കറ്റ് കാണുന്ന അതേ ആവേശത്തോടെ.അത് നമ്മുടെ ചില രോഗങ്ങളെ ചികിത്സിച്ച് ഭേദമാക്കാൻ നല്ലതാണ്.ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില ചതികളെ കഥ മിമിക്രൈസ് ചെയ്യുന്നുണ്ട്.
ഖസാക്കിന്റെ ഇതിഹാസം വീണ്ടും ചർച്ച ചെയ്യപ്പെടുന്നു.
ഡോ.വി.രാജീവിന്റെ 'ജീവിതരതിയും ഉപനിഷത്തും' എന്ന ലേഖനമാണ് (ഗ്രന്ഥാലോകം,ജനുവരി 2011) ഖസാക്കിന്റെ ഇതിഹാസത്തെ വീണ്ടും ചർച്ചയ്ക്കെടുത്തിരിക്കുന്നത്.അസ്തിത്വചിന്തയും രതിയും ലൈംഗികതയും ആത്മീയതയും ഇടകലർന്ന് വരുന്ന സൗന്ദര്യത്തിന്റെ കടലിളക്കത്തെ ഈ ലേഖനം തൊട്ടുണർത്തിയോ? ലേഖനം ആളിക്കത്തി ഉയരുന്നോ കരിഞ്ഞുകത്തി അമരുന്നോ? ഈ വക കാര്യങ്ങളെക്കുറിച്ച് വായനക്കാർക്ക് അനുകൂല പ്രതികൂല അഭിപ്രായങ്ങൾ ഉണ്ടാവാം.ഉപനിഷത്തിന്റെ ആശയങ്ങൾ കൊണ്ട് നോവലിനെ അപഗ്രഥിക്കാൻ ശ്രമിച്ചതും നല്ല ഒരു കാൽവെയ്പ്പ് തന്നെ.എന്തായാലും മലയാളം കണ്ട മഹത്തായ ഈ നോവൽ ചർച്ചയ്ക്കെടുത്തു എന്നതിൽ ഒരു സാഹിത്യാദ്ധ്യാപകനെന്ന നിലയിൽ രാജീവ് അഭിനന്ദനമർഹിക്കുന്നു.പ്രത്യേകിച്ചും സാഹിത്യത്തെ തമസ്കരിക്കുന്നത് ഒരു കലയായി കൊണ്ടു നടക്കുന്ന നമ്മുടെ സാഹിത്യാദ്ധ്യാപകർക്കിടയിൽ.
അഭിനയപ്രതിഭ ഉപയോഗശൂന്യമായി പോകുന്നതിനെക്കുറിച്ച്
കച്ചവടസിനിമകളിൽ നമ്മുടെ അഭിനയപ്രതിഭകളായ നടന്മാരുടെയും നടിമാരുടെയും കഴിവുകൾ വ്യർത്ഥമായി തീരുകയാണ്. മഹത്തായ നിവേദനത്തിന് വേണ്ടി ദുരുപയോഗപ്പെടുന്നതിലെ വൈരുദ്ധ്യം ആലോചിച്ചുനോക്കുക. ഈയിടെ ജയരാജിന്റെ 'കളിയാട്ട'ത്തിലെ സുരേഷ്ഗോപി (പെരുമലയൻ) ഉൾപ്പെടെയുള്ള മലയാളത്തിലെ നടീനടന്മാരുടെ അഭിനയമികവ് കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയ ചിന്തയാണിത്. ഇവരുടെ അഭിനയജീവിതം മഹത്തായ കലാലക്ഷ്യങ്ങൾക്കു വേണ്ടിയാണ് ഇവിടെ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മാത്രമേ അഭിനയജീവിതം സായൂജ്യമടയുന്നുള്ളൂ.
O
ഫോണ്‍ : 9895734218
No comments:
Post a Comment
Leave your comment